01-01-20

🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴


🔥🌼🌼🔥🌼🌼🔥🌼
ഇന്ന്
വടക്കൻ മലയാളത്തിൽ
ആദ്യം
കാസ്രോടപ്യ
എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന്.
കാസർഗോഡ് കല്ല്യോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട വിശേഷങ്ങൾ
എഴുത്തുകാരനും
കോളജ് അധ്യാപകനുമായ
ബി  ഇഫ്തികാർ അഹമ്മദ്
എഴുതുന്നു.
കൂടാതെ
തെയ്യ വിശേഷങ്ങൾ
ചിത്രസഹിതം
🔥🌼🌼🌼🔥🌼🌼🌼🔥
#കല്യോട്ട് #പെരുങ്കളിയാട്ടം..
"നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര ചൊവ്വറെ, നീങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര" എന്ന, പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ തട്ടിവീണാണ്, ഉത്തര കേരളത്തിലെ സാംസ്കാരികതയുടെയും മാനവികതയുടെയും സമഭാവനയുടെയും അടയാളപ്പെടത്തലുകളിലേക്ക് ഞാൻ വീണുപോകുന്നത്.
അണിയലങ്ങുകളുടെ കിലുക്കം, ഓലക്കീറുകളുടെ ശീല്ക്കാരം, വ്യത്യസ്ത ആവൃത്തിയിലുള്ള സംഗീതം, മേളങ്ങളുടെ പശ്ചാത്തലത്തിൽ ഉയിരാർന്ന് വരുന്ന ദൈവികപ്രഭ - ഇവയൊക്കെ തെയ്യങ്ങളുടെയും കാവുകളുടെയും മണ്ണിലൂറുന്ന ഗന്ധമായി ആസ്വദിക്കുമ്പോൾ അതിന്റെ കാഴ്ചകൾക്കപ്പുറത്ത് ഒരു ജനത നേടിയെടുത്ത സാംസ്കാരികതയുടെ പൊലിമയും, ജൈവികത ജീവിതത്തിന്റെ കോന്തലയിൽ കൂട്ടിക്കെട്ടിയ ജനതയുടെ തുടികൊട്ടിപ്പാട്ടുകളും ഇവിടെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. 
തെയ്യവും തിറയും ഗ്രാമീണമായ അനുഷ്ഠാന കലകളിൽ ഏറ്റവും പ്രാധാന്യമേറിയതാണ് എന്നതാണ് കാവുകളെയും കളിയാട്ടങ്ങളെയും പ്രസക്തമാകുന്നത്. മനുഷ്യൻ ദേവതാരൂപം കൈക്കൊണ്ട് നടത്തുന്ന ഇത്തരം അനുഷ്ഠാന നർത്തനങ്ങളിൽ, അതുകൊണ്ട് തന്നെ,  കാഴ്ചകൾക്കപ്പുറത്ത് ചേക്കേറിയിരിക്കുന്ന നിരവധി അർത്ഥതലങ്ങൾ പ്രത്യക്ഷപ്പെടുന്നു..
കാവുകളുടെയും കളിയാട്ടങ്ങളുടെയും കാഴ്ചകൾക്കപ്പുറം എന്നും തെളിമയാർന്ന നിൽക്കുന്നത്, ഒരു ജനത, അതിന്റെ ബഹുസ്വരതയെ പരിപോഷിപ്പിച്ച് നിർത്താൻ എത്രയധികം ജാഗരൂഗരായിരിക്കുന്നു എന്ന വൃത്താന്തം തന്നെയാണ്..
മതനിരപേക്ഷത   എന്ന  ജനാധിപത്യ  അനിവാര്യതയെ  വാരിപ്പുണരുന്നതാണ് കല്യോട്ട് അടക്കമുള്ള കളിയാട്ടപ്പറമ്പുകൾ. ജാതീയമായ ഉച്ചനീചത്വങ്ങളെ ദൈവികതയുടെ ആധ്യാത്മിക ചൈതന്യം കൊണ്ട് അതിജീവിക്കുന്ന സുന്ദരമായ ഇടങ്ങൾ.
ദൈവരൂപങ്ങളായി മാറുന്ന പെരുമലയരുടെ തെയ്യക്കോലങ്ങൾ സൃഷ്ടിക്കുന്ന ശബ്ദവിന്യാസങ്ങളെയും, അതിനിടയിലൂടെ ഊർന്ന് വീഴുന്ന നിശ്ശബ്ദതയെയും ശ്രവ്യാനുഭൂതികളാക്കി മാറ്റി, നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ ദൈവചൈതന്യമുള്ള ഒന്നാക്കി  പരിവർത്തിപ്പിക്കുമ്പോൾ പാശ്ചാത്യ ചിന്തകർ അദ്‌ഭുത പരതന്ത്രത അനുഭവിച്ച 'ആന്ത്രോപോമോർഫോസിസ്' എന്ന പ്രതിഭാസം കൂടിയാണ് ഇതിലൂടെ യാഥാർഥ്യമാക്കുന്നത്.
തെയ്യങ്ങൾ ഏതുമാവട്ടെ, അതിന്റെ ദൃശ്യ ചാരുതയ്ക്കപ്പുറം എന്നും പ്രോജ്വലിച്ച് നിൽക്കുന്നത്, മനുഷ്യ സ്നേഹത്തിന്റെയും മാനവിക വീക്ഷണത്തിന്റെയും മധുരമാർന്ന കാഴ്ചകളാണ്.. കാവുകളുടെയും കളിയാട്ടത്തിന്റെയും കാഴ്ചകൾക്ക് അപ്പുറത്തുള്ള ഉത്തമമായ ഉൾക്കാഴ്ച.
52 തെയ്യങ്ങളുടെ കെട്ടിയാടലുകൾക്ക് നേർസാക്ഷിയാകാൻ, ഞാനും കല്യോട്ടേക്ക്...
Efthikar Ahamed B.


പൊട്ടൻ തെയ്യം
ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്.തീയിൽ വീഴുന്ന പൊട്ടനും, തീയ്യിൽ വീഴാത്ത പൊട്ടനും ഉണ്ട്.ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.
ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു.എട്ടാം നൂറ്റാണ്ടിൽ,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്ക്കുന്നു.
എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്.ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം.പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ,കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും ,ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് സരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.
തോറ്റം നടക്കുന്നതിനു മുൻപായി പൊട്ടൻ തെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കു മുന്നിൽ ഉണക്കലരി,പുഴുങ്ങലരി, തേങ്ങ, മലർ,വെറ്റില, അടയ്ക്ക തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻ തെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി .) നിലവിളക്കിനു മുന്നില് വയ്ക്കും. ചില തറവാടുകളിലും കാവുകളിലും പൊട്ടൻ തെയ്യത്തോടൊപ്പം പൊലാരൻ തെയ്യവും കെട്ടാറുണ്ട്. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്നപതിവുണ്ട്
സാധാരണ തെയ്യങ്ങൾക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്.വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും , അരയിൽ ധരിക്കുന്ന കുരുത്തോലകളും പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂർമൻ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ അർത്ഥഭംഗിയുള്ള വരികൾ പലതും കൂട്ടി ചേർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, പിന്നെന്ത് ചൊവ്വറു കുലം പിശക് ന്ന്, തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക് ന്ന്
എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.
പൊട്ടൻ തെയ്യത്തിൻറെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരൻ(പുലമാരുതൻ ) തെയ്യം. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട , പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്.കൂടാതെ ചില തറവാടുകളിൽ പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന,പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള പുലച്ചാമുണ്ഡി തെയ്യവും കെട്ടിയാടാറുണ്ട്.
#Theyyakazhichakal #kasaragod


തെയ്യം ഒരു അനുഷ്ഠാന കലയാണ്, എന്നാൽ വിശ്വാസികളുടെ ആശ്രയവും, അഭയവുമാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പ്, അതായത് ജന്മിത്വവും, അടിമത്വവും നിലനിന്നിരുന്ന കാലത്ത് നടന്നിരുന്ന ഒരു സംഭവ കഥ ഇന്ന് തെയ്യക്കോലങ്ങളിൽ അരങ്ങിൽ തകർന്നാടുമ്പോൾ വിശ്വാസികൾ മാത്രമല്ല, അവിശ്വാസികൾ പോലും അമ്മയെ കണ്ട് തൊഴുതി വണങ്ങി പോകും,
ജന്മിമാർ കൊടികുത്തിവാണിരുന്ന കാലത്ത് കലഹം മൂത്തതിനെ തുടർന്ന് ഒരു യാദവ കുടുംബം ഒന്നടങ്കം 70 ഓളം കൈ കുഞ്ഞുങ്ങളുമായി തൃക്കണ്ണാലപ്പന്റ് സഹായത്താൽ, പൊടവടുക്കം ക്ലായി എന്ന സ്ഥലത്ത് താമസമാരംഭിക്കുകയും ചെയ്തത്രേ....
അങ്ങനെയിരിക്കെ, തൃക്കണ്ണലപ്പന്റ പടയാളികളും, ഈ കുടുംബക്കാരും തമ്മിൽ ഏറ്റമുട്ടുകയും ,പടയാളികൾ ഈ കുടുoബത്തെ ഒന്നടങ്കം വധിക്കുകയും ചെയ്യുമ്പോൾ ഓടി രക്ഷപെട്ട രണ്ട് പെൺകുട്ടികൾക്ക് ക്ലായിയിലെ വേങ്ങതറവാട്ടിലെ കാരണവർ ആ കുട്ടികൾക്ക് അഭയസ്ഥാനം നൽകിയെന്നും, പിന്നാലെവന്ന പടയാളികളോട് തൃക്കണ്ണാലപ്പനെ വിളിച്ച് "ഇവിടെ ആരും വന്നില്ലെന്ന്" പറഞ്ഞ് കള്ളസത്യം ചെയ്തുമെന്നാണ് പറയപെടുന്നത്,
ആ പെൺകുട്ടികൾ വളർന്ന് വന്നപ്പോൾ മൂത്തവളെ "  കല്യോട്ടിലേക്കും ,അനിയത്തിയെ കല്യാണം കഴിപ്പിച്ചയച്ചതാണെന്നാണ് ഐതിഹ്യം,
പിന്നിടാണ് ദൈവിക ചൈതന്യമുള്ള ഈ പെൺകുട്ടികൾ," മുളവന്നൂർ ഭഗവതിയായും, കല്യോട്ടമ്മയായും രൂപാന്തരം പ്രാപിച്ചത്.കഥയോടൊപ്പം അവിടെയുള്ള തെളിവുകളുടെ അവശിഷ്ടങ്ങൾ കൂടി കാണുമ്പോൾ വിശ്വാസികൾക്ക് മാത്രമല്ല, അവിശ്വാസികൾക്ക് പോലും വരും തലമുറയ്ക്ക് കൈമാറാനുള്ള ഒരനുഭവമായിരിക്കും,
ഏകദേശം 719 വർഷങ്ങൾക്ക് മുമ്പ് കെട്ടിയാടി മുഴുമിപ്പിക്കാനാവാതെ മനുഷ്യ കെടുതി മൂലം പാതിവഴിയിൽ വെച്ച് നിർത്തിവെക്കേണ്ടി വന്ന 57 തെയ്യക്കോലങ്ങൾ ആണ്  ഇന്ന്ഭക്തരുടെ മുന്നിൽ ഉറഞ്ഞാടുന്നത്,
ഇത്രയും ഞാൻ കേട്ടറിഞ്ഞ കഥകൾ... അറിയാനിരിക്കുന്നത് അതിലേറെ,,,,
അമ്മയുടെ അനുഗ്രഹങ്ങൾ വാങ്ങി, പ്രസാദവും കഴിച്ച് പിരിഞ്ഞു പോകുന്ന ഭക്തരുടെ മനസ്സിൽ ഒരു വിങ്ങലായി മാറുകയാണ് ക്ഷേത്രത്തിന് അഭിമുഖമായി നിൽക്കുന്ന ,ഒരു പറ്റം രാഷ്ട്രീയകിരാതന്മാരുടെ വെട്ട്കത്തിയ്ക്കിരയായ ശരത് ലാലിന്റെയും, കൃപേഷിന്റേയും ഫോട്ടോ പതിച്ച ഫ്ളക്സ്.
"അമ്മയുടെ തിരുമുടി ഉയർന്നു കാണാൻ ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ മുന്നിലായിരുന്നഈ രണ്ട് സഹോദരങ്ങളുടെ സ്മൃതി മണ്ഡപത്തിൽ പൂക്കളർപ്പിച്ചതിന് ശേഷമേ ഓരോ ഭക്തരും മടങ്ങാറാള്ളു എന്നത് ഇവിടെ ശ്രദ്ധേയമാണ്.
ഞായറാഴ്ച രാത്രി വരെ അമ്മയെ കാണാനുo അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം ഭക്തർക്ക് ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരും ഈ അനുഭവം നേരിട്ടറിയുക
ആശംസകളോടെ,...
പത്മിനി നാരായണൻ,🙏


ഏയ് കുഞ്ഞ്യോളേ....ഒട്ടാളായി  ഇങ്ങോട്ടൊരിക്ക ചവിട്ടീറ്റ് , എല്ലാരും സുഖത്തില്ണ്ടോപ്പാ...?
ഗ്രഹണോല്ലം എല്ലാരും പാങ്ങില് കണ്ടിറ്റ്ണ്ടാവുംന്ന് നെനക്ക്ന്ന് .
കല്യോട്ട് തമ്പാച്ചി നോക്കാന്‍ പോയപ്പ്യല്ലം ബിശേഷങ്ങളെല്ലം ഒരിക്ക തായ പര്‍ഞ്ഞറ് .
പുരുഷോത്തമൻ, പെരിയ👆






🌟🌸🌸🌟🌸🌸🌸🌟🌸🌸🌟
ആറുമലയാളിക്ക് നൂറു മലയാളം
എന്ന ഭാഷാഭേദപംക്തിയിൽ
ഡോ: പി. എ.അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
(അഞ്ചാം ഭാഗം)
സ്വനിമങ്ങൾ തെക്കും വടക്കും
🌟🌸🌸🌟🌸🌸🌸🌟🌸🌸🌟








വടക്കൻ മലയാളം
(അധ്യായം 4)

സ്വനിമങ്ങൾ തെക്കും വടക്കും
    മലയാളത്തിന്റെ ഗോത്രപരമായ സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മൃദുക്കൾ സ്വരമധ്യത്തിലും ഖരങ്ങൾ സ്വരമധ്യങ്ങളല്ലാത്ത സ്ഥാനങ്ങളിലും മാത്രമേ വരികയുള്ളൂവെന്നത്. മറ്റുള്ള പ്രത്യേകതകൾ മലയാളി മെല്ലെ കൈവിടുമ്പോഴും ഇത് മുറുകെ പിടിക്കുന്നത് കാണാം. ഖരങ്ങൾ സ്വരമധ്യത്തിൽ വരില്ലെന്ന തത്വമാണ് മലയാളി ഏറ്റവും കൂടുതലായി മുറുകെ പിടിക്കുന്നത്.

ഗോത്രപരമായ സവിശേഷതകൾ താഴെ പറയുന്ന രീതിയിൽ വിശദമാക്കാം.
1. മൃദുക്കൾ സ്വരമധ്യത്തിൽ മാത്രമേ വരികയുള്ളൂ.
2. ഖരങ്ങൾ സ്വരമധ്യങ്ങളല്ലാത്ത സ്ഥാനങ്ങളിൽ മാത്രമേ വരികയുള്ളൂ.
ഈ ഉപവിഭാഗങ്ങൾ പരിഗണിച്ചു കൊണ്ട് ഇപ്പറഞ്ഞ തത്വങ്ങൾ മൂന്നായി വീണ്ടും തരം തിരിക്കാം.

1. മൃദുക്കൾ പദാദിയിൽ വരില്ല.
  ഗ, ജ,ഡ,ദ,ബ എന്നിവയാണല്ലോ മൃദുക്കൾ. ഇവ കൂടാതെ വ൪ത്സ്യ വ൪ഗത്തിലെ മൃദുവുമുണ്ട്. മലയാളി ദ്രാവിഡ ഭൂമികയിൽ നിൽക്കുന്ന കാലത്തോളം മാത്രമേ ഈ തത്വങ്ങൾ പാലിക്കുന്നുള്ളൂ. നിരക്ഷരനായ മലയാളി അന്യഭാഷാപദങ്ങൾ ഉച്ചരിക്കേണ്ടി വന്നാൽ പോലും അവയുടെ തുടക്കത്തിൽ മൃദുവ൪ണം വരികയാണെങ്കിൽ അതിനെ ഖരമാക്കിയായിരിക്കും ഉച്ചരിക്കുക.

2.മൃദുക്കൾ ( പദാദിയല്ലാത്ത സ്ഥാനങ്ങളിൽ പോലും) കൂട്ടക്ഷരങ്ങളിൽ വരില്ല.
   വിജ്ഞാനം എന്ന പദം ശ്രദ്ധിക്കുക. മലയാളികൾ ഇതിനെ വിച്ഞാനം എന്നാണുച്ചരിക്കക. ഇവിടെ ഉച്ചാരണത്തിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. എന്നാൽ പദ്മനാഭൻ, പദ്മകുമാരി, പദ്മേക്ഷണൻ തുടങ്ങിയ പേരുകളിൽ പദ്മ ശബ്ദം ആണ് വരുന്നത്. ഇതിനെ പത്മ  ശബ്ദമാക്കിയാണി മലയാളി എഴുതുന്നതും വായിക്കുന്നതും.

3.ഖരങ്ങൾ സ്വരമധ്യങ്ങളല്ലാത്ത സ്ഥാനങ്ങളിൽ മാത്രമേ വരികയുള്ളൂ ; അഥവാ, ഖരങ്ങൾ സ്വരങ്ങൾക്കിടയിൽ വരികയില്ല.

സംസ്കൃതം, ഇംഗ്ലീഷ്, അറബി എന്നീ വൈദേശിക ഭാഷകളിൽ നിന്നു വന്ന താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ മലയാളി ഉച്ചരിക്കുന്ന രീതി ശ്രദ്ധിക്കുക.

സംസ്കൃതം
  മതം, സൂചന, വിചാരം, ആചാരം
 മതത്തിൽ രണ്ടാമത്തെ അക്ഷരം  "ത" യെ " ദ" യായിട്ടാണ് മലയാളികൾ ഉച്ചരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളിയുടെ ഉച്ചാരണത്തിൽ നിന്ന് മതത്തെയും മദത്തെയും വേർതിരിച്ചു മനസ്സിലാക്കാനാവില്ല. തുടർന്നു കൊടുത്ത പദങ്ങളിൽ ചകാരത്തെ ജകാരമായാണ് മലയാളികൾ ഉച്ചരിക്കുന്നത്. 

ഇംഗ്ലീഷ്
 book, pope, photo തുടങ്ങിയ
പദങ്ങൾ മലയാളത്തിൽ ബുക്ക്, പോപ്പ്, ഫോട്ടോ എന്നിങ്ങനെ ക,പ,ട, ഇരട്ടിച്ചാണ് എഴുതുന്നത്. സ്വരമധ്യത്തിൽ ഖരങ്ങൾ വരില്ലെന്നത് തന്നെയാണ് കാരണം. 

അറബി
 അബൂബക്കർ, ഫാത്തിമ എന്നീ വ്യക്തിനാമങ്ങൾ മലയാളത്തിൽ എഴുതിയത് ശ്രദ്ധിക്കുക. ഇവയിൽ ക,ത എന്നീ ഖരങ്ങളുടെ ഇരട്ടിപ്പ് മുകളിൽ പറഞ്ഞ കാരണം കൊണ്ടുണ്ടായതാണ്.

ഗണപതി എന്ന സംസ്കൃതപദം  സാധാരണ ഗതിയിൽ തമിഴനും മലയാളിയും ഉച്ചരിക്കേണ്ടത് കണപതി എന്നാണ്. ഗണപതി എന്നെഴുതിയാലും ഗെണപതി എന്നാണ് ഉച്ചരിക്കുന്നത്.
ജന്തു ജെന്തു എന്നും ജമാൽ ജെമാൽ എന്നും ഉച്ചരിക്കുന്നു.
ദന്തം എന്നെഴുതിയാൽ ദെന്തം എന്നുച്ചരിക്കുന്നു.
ബലത്തെ ബെലമെന്നും ബസ്സിനെ ബെസ്സെന്നും വായിക്കുന്ന മലയാളിയുണ്ട്.
രക്തം   ~ രെക്തം
രവി   ~ രെവി
ലജ്ജ ~ ലെജ്ജ
എന്നിങ്ങനെയും ഉച്ചരിക്കുന്നു.
വടക്കൻ മലയാളത്തിൽ " ഫ " ഇംഗ്ലീഷ്, അറബി ഭാഷകളിലെ പോലെ Fa  എന്നു തന്നെ ഉച്ചരിക്കുന്നു. തെക്കൻ മലയാളത്തിൽ " ഫ " യും "ഭ" യും കൃത്യമായും വ്യക്തമായും ഉച്ചരിക്കാൻ പറ്റാത്ത അവസ്ഥ യുണ്ട്. "ഫാര്യ ഫാനുമതിയാണ് ; അവൾ ഗ൪ഫിണിയുമാണ് " എന്ന ഫലിതം നിലനിൽക്കുന്നു.

തമിഴിൽ നിന്നും തെക്കൻ മലയാളത്തിൽ നിന്നും വടക്കൻ മലയാളത്തിലുള്ള വ്യത്യാസം അടയാളപ്പെടുത്തുമ്പോൾ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് സ്വനിമവ്യതിയാനം. തെക്കൻ മലയാളത്തിലും തമിഴിലും ഇല്ലാത്ത ചില സ്വനിമങ്ങൾ വടക്കൻ മലയാളത്തിൽ നിലനിൽക്കുന്നതാണ് ഈ വ്യതിയാനത്തിന് കാരണം. ദ്രാവിഡ ഭാഷകളിൽ എല്ലാ വ൪ണങ്ങളും എല്ലായിടത്തും വരില്ല. ഖരങ്ങളുടെ സ്ഥാനം എല്ലായ്പോഴും പദാദിയും സവ൪ണമായ ഇരട്ടിപ്പും അവ൪ണമായ കൂട്ടക്ഷരങ്ങളുമാണെങ്കിൽ മൃദുക്കളുടേത് സ്വരമധ്യമാണ്. തമിഴിലും തെക്കൻ മലയാളത്തിലും ഈ സ്വഭാവം വളരെക്കൂടുതലാണ്. ഇതിൽ നിന്നു വ്യത്യസ്തമായി വടക്കൻ മലയാളം പുല൪ത്തുന്ന സ്വനിമശാസ്ത്രപരമായ വ്യക്തിത്വമെന്നു പറയാം. സ്വനിമശാസ്ത്രപരമായി മലയാളം പുല൪ത്തുന്ന തമിഴിൽ നിന്നു വ്യത്യസ്തമായ വ്യക്തിത്വം പൂർണ്ണമാവുന്നത് വടക്കൻ മലയാളത്തിലാണ്.














🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥