04-03-2020

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ
ഇന്ന് ആദ്യം
🔹 കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ 🔸നിന്ന്
കൈപ്പാട്- 24
(ശശിധരൻ മങ്കത്തിൽ എഴുതിയ നോവൽ ഭാഗം)
വെങ്കിട്ടരമണ
(രാജി മുത്ത് അന്ധകാരനഴി, കാടകം)
പാട്ടുകാരി
(സുജ കാഞ്ഞങ്ങാട് എഴുതിയ കവിത)
ജോസഫ് കനകമൊട്ട
അനുസ്മരണം
(ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്)
കളിപ്പാട്ട നി൪മാണം
(സുനിൽ അടിയോടി)
അരിക്കൊണ്ടാട്ടം
(വിഷ്ണുദാസ് ഷേണായി)
♣♣♣♣♣
(തെങ്ങിൽ കയറുന്ന കൊട്ടൻ കുഞ്ഞിയുടെ വിശേഷങ്ങളാണ് ഈ ലക്കം)
കൈപ്പാട് -24
ശശിധരൻ മങ്കത്തിൽ
എമ്പ്രാക്കളേ ..... ദച്ച്മി എമ്പ്രാക്കളെ.... രാവിലെ തന്നെ വീടിനു മുന്നിലെ കളത്തിനപ്പുറത്തു നിന്നൊരു വിളി കേട്ട് അടുക്കളയിൽ ദോശ ചുടുകയായിരുന്ന ലക്ഷ്മി അമ്മ പുറത്തേക്കിറങ്ങി.
   കൊട്ടൻകുഞ്ഞി കത്യാളും തളയുമായി കളത്തിനപ്പുറത്ത് നിൽക്കുന്നു.
     "ചന്ദ്രാരൻ അന്നേ പറഞ്ഞിനിപ്പ ദച്ച്മി അമ്മ നിന്ന ചോയ്ച്ചിനീന്ന് ... ഒരായ്ച ഓണക്കുന്നിലെ ചിണ്ടൻ മാഷെ ബീട്ട്ളും കണ്ടത്തിലും നല്ലോണം തേങ്ങ പറിക്കാനിണ്ടായി.പിന്ന കൊറേ തെരക്കായിപ്പോയി. അതാന്ന് ബെരാൻ ബൈദത് "- കുറേ നാൾ തേങ്ങ പറിക്കാൻ വരാത്തതിനാൽ ലക്ഷ്മി അമ്മ എന്തെങ്കിലും പറയുമോ എന്നു കരുതി കൊട്ടൻ കുഞ്ഞി വന്നപാടെ ഉള്ള കാര്യം പറഞ്ഞു.  
തേങ്ങ ബീണിറ്റ് അടുക്കളേരെ നാല് ഓട് പൊളിഞ്ഞിറ്റിണ്ടല്ല" - കൊട്ടൻകുഞ്ഞി അടുക്കളയുടെ മുകളിലോട്ട് സൂക്ഷിച്ച്നോക്കിക്കൊണ്ട് പറഞ്ഞു.                           എന്തെങ്കിലും ബീശേഷൂണ്ട നാട്ടില് " - ലക്ഷ്മി അമ്മ തിരക്കി.
     "കാതിച്ചി കുമ്പേരെ മോളെ തെരണ്ടാങ്ങലുണ്ടായി മിനിയാന്ന്. ബീട്ട്ന്ന് എല്ലാരും പോയിനി. അഞ്ചരി ബെച്ചിനോലും. പിന്ന കുതിരുമ്മലെ രാമൻ മൂസോർക്ക് നന്നയിണ്ട്. ഇന്നോ നാളയോന്നെച്ചിറ്റ് നിക്കേന്ന്. എല്ലം ദൈവത്തിന്റെ കളി " - കൊട്ടൻ കുഞ്ഞി കൈമലർത്തി. സകല വീട്ടിലെയും വിശേഷങ്ങൾ നാടറിയുന്നത് കൊട്ടൻകുഞ്ഞി പറഞ്ഞിട്ടാണ്.
     കൈപ്പാട്ടുങ്കരയിലെ വീടുകളിലെല്ലാം തേങ്ങ പറിക്കുന്ന കൊട്ടൻകുഞ്ഞി വന്നില്ലെങ്കിൽ നാട്ടുകാരെല്ലാം കഷ്ടത്തിലാവും. തേങ്ങ പറിച്ച് ഓലയും മടലും വലിച്ചില്ലെങ്കിൽ ഓല ആരുടെയെങ്കിലും തലയിൽ വീഴും. മാത്രമല്ല തെങ്ങിന് തൊട്ട് താഴെയാണ് പത്തായപ്പുര വീടിന്റെ അടുക്കള. അതിനാൽ തേങ്ങ വീണ് ഇടയ്ക്കിടെ ഓട് പൊളിയുകയും ചെയ്യും
      പത്തായപ്പുര തറവാടിന്റെ മുന്നിലായി രണ്ട് വലിയ തെങ്ങുണ്ട്. നിറച്ചും തേങ്ങ പിടിക്കുന്ന കൂറ്റൻ തെങ്ങ്. കൈപ്പാട്ടുങ്കരയിലൊന്നും കൈയിലൊതുങ്ങാത്ത ഇത്ര വലിയ തെങ്ങില്ലെന്ന് കൊട്ടൻ കുഞ്ഞി പറയും. അടിഭാഗം ഒരാൾ പിടിച്ചാൽ എത്തില്ല. മൂന്നു കുട്ടികൾ കൈകോർത്തു നിന്നാൽ പോലും ചുറ്റും പിടിക്കാൻ പറ്റില്ല അടിഭാഗം അത്രയേറെ വലുതാണ്. ഏകദേശം ഒരാൾ ഉയരം വരെ രണ്ട് തെങ്ങിന്റെയും സ്ഥിതി ഇതാണ്.               ഉയരമാണെങ്കിൽ പറയണ്ട. കണ്ണെത്തില്ല. പടർന്ന് പന്തലിച്ച തെങ്ങിൽ മുകളിലോട്ട് നോക്കിഎത്ര കുല തേങ്ങയുണ്ടെന്ന് പോലും പറയാൻ കഴിയില്ല. ഈ രണ്ട് തെങ്ങിലും കയറി തേങ്ങ പറിക്കണമെങ്കിൽ കൊട്ടൻ കുഞ്ഞി തന്നെ വേണം. തെങ്ങിൽ നിറയെ മീറ് എന്നു വിളിക്കുന്ന ചുവന്ന ഉറുമ്പും താമസമുണ്ട്.
     ചിലപ്പോൾ കുട്ടികൾ കളിച്ച് തെങ്ങിന്റെ താഴെയെത്തും. വലിയ ചുവന്ന ഉറുമ്പിനെ പിടിച്ച് അതിന്റെ പിൻഭാഗം ഞെക്കി  മറ്റവന്റെ നെറ്റിയിൽ അമർത്തും. അത് അവസാനം പുണ്ണായി നെറ്റിയിൽ പൊട്ടു പോലെ ഒരു കലയായി മാറും.ഇത് തെങ്ങിൻ ചുവട്ടിലെ
പുള്ളറെ കളിയാണ്.
     സ്ക്കൂളില്ലാത്ത ദിവസം വലിയവർ കാണാതെ ഉറുമ്പിനെ പിടിക്കാൻ കൂട്ടികൾ വരും. പിള്ളറെ തലയിൽ തേങ്ങ വീണാലോ എന്ന ആധിയാണ് എന്നും ലക്ഷ്മി അമ്മയ്ക്ക്. അതു കൊണ്ട് മാസാമാസം കൊട്ടൻ കുഞ്ഞിയെക്കേറ്റി തെങ്ങ് വലിച്ച് വൃത്തിയാക്കി വെക്കും.
  മുമ്പൊരിക്കൽ കരുവൻ വന്ന് കൊട്ടൻ കുഞ്ഞി കിടപ്പിലായപ്പോൾ പൂച്ചോലെ തെങ്ങു കയറ്റക്കാരൻ രാഘവൻ വന്ന് പകുതി വരെ കയറി. ഉടൻ തന്നെ ചുവന്ന ഉറുമ്പ് രാഘവനെ പൊതിഞ്ഞു.  കയറിയതിന്റെ ഇരട്ടി വേഗത്തിൽ തിരിച്ചിറങ്ങി. മേലെല്ലാം മീറ് കടിച്ച് വീർത്തു. ക്ഷീണിച്ച് അവശനായ രാഘവൻ അവസാനം കുൾത്താള്ളവും  കുടിച്ചിട്ടാണ് മടങ്ങിയത്.
      രണ്ട് തെങ്ങിലും കയറി തേങ്ങ പറിച്ച് ഓലയും മട്ടലും കൊടങ്കല്ലും വൃത്തിയാക്കാൻ കൊട്ടൻ കുഞ്ഞിക്ക് ഒന്നൊന്നര മണിക്കൂർ വേണം. ചുരുങ്ങിയത് ആറ് കൊലതേങ്ങയെങ്കിലും കാണും. ഉണങ്ങിയതും ഉണങ്ങാൻ പാകമായി മഞ്ഞനിറം വന്നതുമായ ഓലയും കൊത്തണം.പാണും കൊരച്ചലും അടിച്ചുവാരയുമെല്ലാം ഓരോന്നായി വലിച്ച് വൃത്തിയാക്കണം.
          പണി കഴിഞ്ഞ് രണ്ട് ഇളനീരുമായാണ് വിജയശ്രീലാളിതനായി കൊട്ടൻ കുഞ്ഞി താഴേക്ക് വരുക. അത് കളത്തിന്റെ തുമ്പിലിരുന്ന് കൊത്തിക്കുടിച്ച് ദാഹം തീർത്ത് ഇളനീർ പൂളി തിന്നും. രണ്ട് തെങ്ങിലും കയറിയാൽ ക്ഷീണം വരും. പിന്നെ ഉച്ചയ്ക്ക് പണിയെടുക്കില്ല. നേരെ വീട്ടിലേക്ക് മടങ്ങും. അതാണ് ചിട്ട.
     ദച്ച്മി അമ്മെ.... നിങ ആ ബെണ്ണീറിന്റെ കലം ഇങ്ങെടുക്ക് .ഒരു ഗ്ലാസ് കുൾത്താള്ളും താ.....    കൊട്ടൻ കുഞ്ഞി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
   മെലിഞ്ഞുണങ്ങിയ ദേഹമാണ് കൊട്ടൻ കുഞ്ഞിയുടേത്. ചുവന്ന കോണകത്തിന് മുകളിൽ പേരിന് ഒരു തോർത്ത് ഉടുക്കും.ഈ മഞ്ഞതോർത്താണെങ്കിൽ ചുരുണ്ട് കയറിയിട്ടുണ്ടാകും. അരയിൽ ഒരു തൊടല് കാണും. ഇതിൽ കത്തിയാൾ തൂക്കിയിടും.
    ഞായറാഴ്ചയായതിനാൽ വലിയ മാവിന്റെ ചുവട്ടിൽ മാങ്ങ പറക്കാൻ വന്ന കുട്ടികളെല്ലാം കൊട്ടൻകുഞ്ഞിയെ കണ്ടു. തമാശക്കാരനായ കൊട്ടൻ കുഞ്ഞി കുട്ടികളോടും എന്തെങ്കിലും കെണി പറയും. അതിനാൽ കുട്ടികൾക്കും ഇഷ്ടമാണ് കൊട്ടൻകുഞ്ഞിയെ.
    ലക്ഷ്മിഅമ്മ വലിയ കോപ്പയിൽ കൊടുത്ത കുൾത്താളളം കൊട്ടൻ കുഞ്ഞി വലിച്ച് കുടിച്ചു. ആ വെള്ളമിറങ്ങുന്നത് ശോഷിച്ച ശരീരത്തിൽ കാണാം.
     കുടിച്ച കോപ്പ കഴുകി വെച്ച് കലത്തിൽ നിന്ന് വെണ്ണീറ് വാരി കാലിലും കൈയിലും മേത്തും തേച്ചു. പൗഡർ ഇടുന്ന പോല മുഖത്തും കുറച്ച്തേച്ചു. കൊട്ടൻകുഞ്ഞി ആളാകെ മാറിയിരിക്കുന്നു. ഇപ്പോൾ കണ്ടാൽ  മനസിലാവില്ല. ആകെ ഒരു കരി രൂപം !
    കൊട്ടൻകുഞ്ഞിയുടെ രൂപം കണ്ട് ചുറ്റും കൂടിയ കുട്ടികൾ ചിരിക്കാൻ തുടങ്ങി !
       എടാ... ഞാനിപ്പം നിന്ന പിടിച്ച് തിന്നും... പാഞ്ഞോ ബേഗം... ബത്ക്കിക്കോ.. കൊട്ടൻ കഞ്ഞി കുട്ടികളെ പേടിപ്പിച്ചു. കൈയിൽ വലിയ ചൂടിതളയിട്ട് കൊട്ടൻ കുഞ്ഞി തെങ്ങിൽ പിടിച്ചു കയറി. കുറച്ചു മുകളിലെത്തി കാലിലും തളയിട്ടു. പിന്നെ നല്ല വേഗത്തിതിൽ മുകളിലേക്ക് !
     ഒരു അണ്ണാൻ കയറുന്ന പോലെ ആ കറുത്ത രൂപം മുകളിലേക്ക് കയറിപ്പോയി. കുട്ടികളടക്കം ഈ കാഴ്ച കണ്ടു നിന്നു. മുകളിലെത്തി കൊട്ടൻ കുഞ്ഞി ഒരു പച്ചോല കൊത്തി താഴെയിട്ടു.കൊടങ്കല്ലിന് മുകളിലേക്ക് കയറാൻ വഴിയുണ്ടാക്കാനാണിത്.കൊടങ്കല്ല് മറിഞ്ഞതോടെ കൊട്ടൻകുഞ്ഞി തെങ്ങിനുള്ളിൽ മറഞ്ഞു. പിന്നെ തേങ്ങാക്കുല ഓരോന്നായി താഴെ വീഴാൻ തുടങ്ങി.
 ഒരു മാസത്തേക്കുള്ള ശുചീകരണം മുകളിൽ നടക്കുന്നതിന്റെ സൂചനയായി  പാണും അടിച്ചുവാരയും താഴെ വീണു കൊണ്ടേയിരുന്നു.
   ഇടയ്ക്ക് കൊട്ടൻ കുഞ്ഞി കൊടങ്കല്ല് മറിയുന്നത് കാണാം.
    ലക്ഷ്മി അമ്മ  നെഞ്ചു പിടച്ച് മുകളിലോട്ട് നോക്കി നിൽക്കുന്നുണ്ട് അങ്ങ് ദൂരെ.
    കൊട്ടൻ കുഞ്ഞി ഇനി
താഴേക്ക് ഇറങ്ങിയാലേ ലക്ഷ്മി അമ്മയ്ക്ക് സമാധാനമാകു.കായിക്കൊട്ട മടയാനുള്ളതു കൊണ്ട് പച്ചോല മടല് നല്ലോണം കൊത്തിയിട്ടു. കുറേ കഴിഞ്ഞ്  താഴേക്ക് ഇറങ്ങി വന്നു.
    "ഉറുമ്പ് കടിച്ചിനോ ''.... ലക്ഷ്മി അമ്മ ചോദിച്ചു.
    " യേ..... അപ്പ്യക്കൊന്നും എന്നെ തൊടാനാവൂല. ബെണ്ണീറല്ലെ മേത്ത്... ബെണ്ണീറ് മീറിന്റെ കണ്ണിലാവും. പിന്ന അയിനി കണ്ണ് കാണാതാവും അപ്പൊ പിന്ന കടിക്കൂല.... അതാന്ന് എന്റെ വിദ്യ"-കൊട്ടൻ കുഞ്ഞി വീരവാദം മുഴക്കി.
   പച്ചോലയും പാണും കൊരച്ചലുമെല്ലാം കയ്യാലക്കടുത്തായി അട്ടിവെച്ച് കൊട്ടൻകുഞ്ഞി തേങ്ങ പറക്കിക്കൂട്ടി.
     " ദച്ച്മി അമ്മെ....നൂറെണ്ണത്തിലധികൂണ്ട്.. മറ്റേ തെങ്ങിലും നൂറ് ഇണ്ടാവും. കൊപ്പരയാക്കാൻ ഒര് കെട്ടായി "-കൊട്ടൻകുഞ്ഞി പറഞ്ഞു.
വലിയ കൂട്ടയുമായി വന്ന മാധവി തേങ്ങ പെറുക്കി പടിഞ്ഞാറെ മുറിയിൽ കൊണ്ടിട്ടു. കുറച്ചു കഴിഞ്ഞ് കൊട്ടൻ കുഞ്ഞി മറ്റേതെങ്ങിലും കയറി.
    പണി കഴിഞ്ഞപ്പോൾ ലക്ഷ്മി അമ്മ ഒരു പാത്രം നിറയെ കുളുത്തും ചക്കക്കറിയും കൊടുത്തു. ഒരു പിഞ്ഞാണത്തിൽ ഉപ്പും പുളിയും പറങ്കിയും കൊടുത്തു. വിശന്ന് വലഞ്ഞ കൊട്ടൻ കുഞ്ഞി കുളുത്ത് ആർത്തിയോടെ ഊർത്ത് ഊർത്ത് കുടിച്ചു.
  പോകാൻ നേരത്ത് രണ്ട് തേങ്ങ വീതം എരച്ച് കെട്ടി തോളത്തിട്ടു. കൂലി കൊടുത്താലും തേങ്ങ കൊട്ടൻ കുഞ്ഞിയുടെ അവകാശമാണ്. അത് ചോദിക്കാതെ എടുക്കും
തേങ്ങയുമായി നേരെ കുളത്തിലേക്ക് നടന്നു.  കുളത്തിൽ മുങ്ങി ദേഹത്തെ കരിയെല്ലാം തുടച്ചു.തോർത്ത് വെയിലത്തിട്ട് ഉണക്കിയെടുത്തു പിന്നെ മണിയൻ പുഴ ലക്ഷ്യമാക്കി നടന്നു.
(തുടരും)
നാടൻ വാക്കുകൾ:
തൊടല് = വെട്ടുകത്തി തൂക്കിയിടുന്ന കൊളുത്ത്, കത്യാള് = വെട്ടുകത്തി, തെരണ്ടാങ്ങലം (തെരണ്ട മങ്ങലം) = പെൺകുട്ടികൾ ഋതുമതിയായാലുള്ള ആഘോഷം, കുൾത്താളളം =പഴങ്കഞ്ഞി, കരുവൻ = ചിക്കൻപോക്സ്, പാഞ്ഞോ = ഓടിക്കോ ,ബത്ക്കിക്കോ = രക്ഷപ്പെട്ടോ, കൊടങ്കല്ല് = തേങ്ങാക്കുല താങ്ങുന്നതെങ്ങിന്റെ ഭാഗം, പാണ് - കൊരച്ചല് - അടിച്ചുവാര = തെങ്ങിന്റെ കുലയോടനുബന്ധിച്ചുള്ള ഉണങ്ങിയ ഭാഗങ്ങൾ, എരച്ചു കെട്ടുക = തേങ്ങയുടെ തൊണ്ടിൽ നിന്നു തന്നെ ചകിരി വലിച്ചെടുത്ത് തമ്മിൽ കെട്ടുക

ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്

പാട്ടുകാരി ###**
നീയെന്ന അതിരില്ലാ ആകാശത്തിന്റെ ചുമരുകൾക്കുള്ളിൽ ചിത്രം വരച്ചു ചിത്രകാരി ആയവൾ ഞാൻ.....
കളളക്കുറുമ്പിന്റെ നാവേറുപാട്ടിൽ
നാണം പൊതിഞ്ഞൊരാ നാലുകെട്ടിൽ നെഞ്ചോരം പൊള്ളിയാ ഇന്നലെ മറയ്ക്കാൻ
ശ്രുതിയില്ലാ പാട്ടിന്റെ ഈരടിക്കുള്ളിൽ നിന്നെ നിറച്ചൊരു  പാട്ടുകാരിയും ഞാൻ....
ചേലൊത്ത ചേലാൽ അക്ഷരച്ചെപ്പിൽ
വൃത്തമില്ലാത്തൊരു കവിത കുറിച്ചപ്പോൾ
നിന്നോളമൊരു തൂലികതുമ്പും സപ്തവർണ്ണങ്ങൾ പകർന്നതില്ല
കവയത്രിയല്ലാതെ,
കവിതയായ് അവൾചൊല്ലി.....
ഞാനില്ലൊരിക്കലും നീയില്ലി മണ്ണിൽ
പേമാരിപോലെ ഞാൻ പെയ്തിറങ്ങും
സ്നേഹക്കടലായി നനഞ്ഞിറങ്ങും
വരുംജന്മമൊന്നായി പുനർജ്ജനിയ്ക്കാൻ.....
സുജ കാഞ്ഞങ്ങാട്

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടി പോയ ദിവസം ഉച്ചഭക്ഷണം കഴിക്കാനായി ഹോട്ടൽ നോക്കി നടന്നപ്പോൾ കണ്ണിലുടക്കിയതാണിദ്ദേഹത്തിൻ്റെ മുഖം... എല്ലാ ദിവസവും ഞാനദ്ദേഹത്തെ ശ്രദ്ധിക്കുമെങ്കിലും കന്നഡ ഭാഷ വല്യ പിടി ഇല്ലാത്തതിനാൽ ആ കടയിൽ കയറി സംസാരിക്കാൻ ചെറിയ മടിയായിരുന്നു , എന്നാൽ 5 മാസങ്ങൾക്ക് ശേഷം ഇദ്ദേഹത്തോട് സംസാരിക്കണമെന്ന്  ഉറപ്പിച്ച് ഒരു ദിവസം ഞാൻ കടയുടെ മുന്നിൽ നിന്നെങ്കിലും അരമണിക്കൂർ നേരം ചുളിവുകൾ വീണ കൈകൾ  മരത്തിലെ ചുളിവുകൾ നിവർത്തുന്ന തിരക്കിൽ എന്നെ കണ്ടതുപോലുമില്ല.... അങ്ങെ ചെയ്ത് കൊണ്ടിരുന്ന പണി തീർന്നപ്പോൾ മുഖമുയർത്തിയപ്പോൾ അവര് കണ്ടത് അന്തം വിട്ട് നിൽക്കുന്ന എന്നെയാണ്.. ഒന്ന് പുഞ്ചിരിച്ചിട്ട് എന്നോട് പറഞ്ഞത് എൻ്റെ ഈ പ്രായത്തിൽ പണി എടുക്കാമെന്ന് നിങ്ങളെപ്പോലത്തെ ബാല്യക്കാർക്ക് പറ്റീല... പണി എടുക്കുന്നത് പോയിറ്റ് ജീവിച്ചിരിക്കാനേ സാധ്യത ഇല്ല എന്നും പറഞ്ഞ് ഒരു സുന്ദരമായ ചിരിയും അത് 100 % അംഗീകരിച്ച് കൊടുക്കാനേ എനിക്ക് പറ്റു എന്നുള്ളതിനാൽ ഞാനും ചിരിച്ചു... ഇത്രയും പറഞ്ഞ ആളുടെ വയസ്സ് ചോദിച്ചിട്ടേ കാര്യമുള്ളു എന്ന് മനസ്സിൽ തോന്നുമ്പഴേക്കും ആ അപ്പൂപ്പൻ്റെ  ചോദ്യം 96 വയസ്സിലും പണി എടുക്കുന്നത് മനസ്സിൻ്റെ ഒരു സുഖത്തിന് വേണ്ടിയാണ് ആവുന്നത്ര കാലം ഇത് തുടരണം...  60 വർഷായിട്ട് ചെയ്യുന്ന പണിയാണ്; പക്ഷെ  പ്രായം കൂടിപ്പോയതിനാൽ വീടിൻ്റെ മോന്തായത്തിൻ്റെ പണിയൊന്നും ചെയ്യാൻ പറ്റാതായി... അല്ല ഈ വയസൻ മൂപ്പരോട് വർത്താനം പറയാൻ വന്നത് എന്തിനാപ്പ... നിങ്ങോ ഏട്ന്ന് വരുന്നത്... ഇപ്ലത്തെ പിള്ളർക്ക്  കൈയ്യിലൊരു കുന്ത്രാണ്ടം നോക്കാനേ സമയം ഇല്ലു... സ്റ്റേഷനിൽ പുതിയതായി വന്നത് എന്ന് പറഞ്ഞപ്പോൾ പോലീസുകാർക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് കുറെ സംസാരിച്ചു.. പഴയ പോലീസിനെക്കുറിച്ച് പറഞ്ഞു.. ഒരു സഹായിയെ കൂട്ടിക്കൂടെ എന്ന് ചോദിച്ചപ്പോൾ സ്ഥിരമായി സഹായിയെ നിർത്താനുള്ള ഭീമമായ കൂലി കൊടുക്കാനില്ല എന്നായിരുന്നു മറുപടി... ഇന്നത്തെ ഭക്ഷണ ക്രമമാണ്  പലരുടേയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം എന്നാണ്  ഇദ്ദേഹത്തിൻ്റെ അഭിപ്രായം... താൻ ഒരു സസ്യബുക്ക് ആണ് എന്ന് വച്ച് എന്തും എപ്പോൾ വേണേലും തിന്നരുത് ഓരോ തരം ഭക്ഷണത്തിനും അതിൻ്റേതായ സമയമുണ്ട് ആ ശീലത്തിൽ നിന്നും കിട്ടിയതാണ് ഈ ആരോഗ്യം... പഴയ കഥകൾ പറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ വല്ലാത്ത തിളക്കമായിരുന്നു... ഈ സംസാരത്തിനിടയിലും ആ കൈകളിൽ ഉളിയും ചുറ്റികയും യാന്ത്രികമായി പണി ചെയ്യുന്നുണ്ടായി... സംസാരിച്ചുകൊണ്ടിരിക്കെ ഒരു കസ്റ്റമർ വന്നപ്പോൾ ഞാൻ വീണ്ടും കാണാമെന്ന് പറഞ്ഞ് ഇറങ്ങി, അപ്പോഴാണ് പേര് ചോദിക്കാൻ മറന്നു പോയത് ഓർത്തത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിന് പകരം അന്നേരം തന്നെ തിരിച്ച് പോയി ചോദിച്ചു....
#വെങ്കിട്ടറമണ കൂടെ നല്ലൊരു പുഞ്ചിരിയും...
അനുവാദത്തോടെ എടുത്ത ഫോട്ടോകൾ കാണിച്ചപ്പോഴുള്ള  സന്തോഷം പകർത്താനുള്ള ക്യാമറ ഇല്ലാണ്ടായിപ്പോയി
പ്രായം കൂടുതലുള്ളവരെ  പലരും മന:പൂർവ്വമല്ലാതെയെങ്കിലും സംസാരിക്കാതെ ഒഴിവാക്കാറാണ് പതിവ്... പക്ഷെ സംസാരിക്കുമ്പോൾ  അവർക്ക് കിട്ടുന്ന സന്തോഷം അത് അവരുടെ മുഖത്ത് നമുക്ക് വായിച്ചെടുക്കാനാവും... ആ സന്തോഷം കാണുമ്പോൾ നമുക്ക് ഒരു കുളിരാണ് 💖
രാജി മുത്ത് അന്ധകാരനഴി, കാടകം
"വീട്ടില് പശു അമ്പ ഇണ്ടല്ലോ... കുത്തുന്ന പശു അമ്പ.."
ചെറുപ്പത്തിൽ ഇങ്ങനെ പ്ലാവിന്റെ ചപ്പില കൊട്ടീറ്റ് അമ്പ കാലീന ആക്കി കലിച്ചപ്യ ഇണ്ടോ ഗ്രൂപ്പില്..?
 ഇപ്പൊ മാർക്കറ്റിൽ കുട്ടികൾക്ക് കളിക്കാൻ ഏതു തരം മൃഗവും മേണിക്കാൻ കിട്ടും .. പ്ലാസ്റ്റിക്, റബ്ബർ എല്ലാം... പക്ഷേ നമ്മോ കളിച്ചു വലിച്ചെറിഞ്ഞ ഇൗ ഫോട്ടോയിൽ കാണുന്ന കളിപ്പാട്ടം പ്രകൃതിക്ക് ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല.. ഇത് പോലെ ഊയി (മുള വർഗ്ഗത്തിൽ പെട്ടത്) മുറിച്ചിട്ട് ഉണ്ടാക്കിയ തോക്ക്, അതിൽ ബുള്ളറ്റ് ആയി ഉപയോഗിക്കുന്ന കൊട്ടപ്പയം... എല്ലാം പ്രകൃതി സൗഹൃദം...
(രാവിലെ പ്ലാവില കണ്ടപ്പോൾ തോന്നിയത്)


ഇത് കാണുമ്പോ ആദ്യം മനസിൽ തോന്നുന്നത് എന്തായിരിക്കും!!?
ഇത് കൊണ്ടാട്ടം ആണ്,  അരിക്കൊണ്ടാട്ടം.. (വോടി/ഓടി- കൊങ്കണി)  ഗൗഡസാരസ്വത ബ്രാഹ്മണ സമുദായക്കാരുടെ ഒരു നി൪മ്മിതി.. ഇത് ചോറിനോടൊപ്പമോ കഞ്ഞിയുടെ കൂട്ടായോ കഴിക്കുന്നു.. പച്ചരി, ഉള്ളി, മുളക് എന്നിവ കൊണ്ട് ഇത് ഉണ്ടാക്കുന്നു..  കടുത്ത വേനൽക്കാലത്ത് ഇവ ഉണ്ടാക്കി അടുത്ത മഴക്കാലം കഴിയുന്ന വരെ ഉള്ളത് സ്റ്റോക്കാക്കുന്നു..
വളരെ സ്വാദിഷ്ടമായ ഇവ ഇപ്പോ കടകളിലും കിട്ടുന്നുണ്ട്..
വിഷ്ണുദാസ് ഷേണായി
🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനാലാം ഭാഗം) സ൪വ്വനാമങ്ങൾ
💮💮💮💮💮💮💮

വടക്കൻ മലയാളം അധ്യായം പന്ത്രണ്ട്  സ൪വ്വനാമങ്ങൾ

1.ഉത്തമപുരുഷൻ - ഏകവചനം

   ഞാൻ, ഏൻ എന്നീ പദങ്ങളാണ് ഉത്തമപുരുഷൻ ഏക വചനത്തെ കുറിക്കുന്ന മലയാള പദങ്ങൾ. തമിഴിൽ 'നാൻ' ആണിത്. കന്നടയിൽ 'നാനു'  ആണ്. വടക്കൻ കേരളത്തിൽ തുളു ഭാഷയിൽ  'യാന്' ആണ് ഉത്തമപുരുഷൻ ഏകവചനത്തെ കുറിക്കുന്നത്. വടക്കൻ മലയാളത്തിൽ 'ഞാൻ' എന്നു തന്നെ വ്യക്തമായി ഉച്ചരിക്കുന്നു.

2.ഉത്തമപുരുഷൻ - ബഹുവചനം

നമ്മൾ, ഞങ്ങൾ എന്നിവയാണ് മലയാളത്തിലെ ഉത്തമപുരുഷ ബഹുവചന പദങ്ങൾ. മലയാളത്തെ കൂടാതെ തുളുവിലും ഇത് നിലനിൽക്കുന്നു. /ള/കാരത്തിന്റെ ചില്ലുരൂപം ലോപിച്ച് 'ഞമ്മൊ', 'ഞങ്ങ' എന്നിങ്ങനെയാണവ. തുടക്കത്തിലെ /ന/ ഇവിടെ /ഞ/ ആയിമാറുന്നു.

3. മധ്യമപുരുഷൻ - ഏകവചനം

  ' നീ' ആണ് മാനകമലയാളത്തിലെ മധ്യമപുരുഷ ഏകവചനം. നീ എന്നത് അവസാനം ഒരു സ്വരരഹിതമായ /യ/ കാരത്തോടെ ഉച്ചരിക്കുമ്പോൾ 'നീയ്', അഥവാ ' നീയ്യ്' എന്ന രൂപം കിട്ടുന്നു. കാസർകോട്, കണ്ണൂ൪ ജില്ലകളിൽ മധ്യമപുരുഷ ഏകവചനം 'നീ' ആണ്. തുളുവിൽ മധ്യമപുരുഷ ഏകവചനം 'ഈ' ആണ്.

4. മധ്യമപുരുഷ -  ബഹുവചനം

വടക്കൻ മലയാളത്തിൽ നിങ്ങൾ എന്നതിലെ അവസാന സ്വരരഹിത /ള/ കാരം ലോപിച്ച് 'നി്ങ്ങോ' ആണ്.  പ്രതിഗ്രാഹികാ വിഭക്തിയിൽ ' നി്ങ്ങൊ, നി്ങ്ങളെ ആയി മാറുന്നു.

5. പ്രഥമപുരുഷൻ- ഏകവചനം - പുല്ലിംഗം

  അവൻ, ഇവൻ എന്നിവയാണല്ലോ മാനക മലയാളത്തിലെ പ്രഥമപുരുഷൻ പുല്ലിംഗം ഏകവചനം. അവൻ വടക്കൻ മലയാളത്തിൽ 'ഓൻ' ആയിമാറുന്നു. ഇവൻ കാസർകോട് ജില്ലയിൽ 'ജോൻ' ആയിമാറുന്നു.
  പ്രഥമപുരുഷൻ പുല്ലിംഗം ഏകവചനത്തിന്  'ജോനിൽ' നിന്ന് വ്യത്യസ്തമായ 'ഊവ്വൻ' എന്ന രൂപം കാസർകോട് ജില്ലയിലെ ചില ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

6. പ്രഥമപുരുഷൻ- ഏകവചനം- സ്ത്രീലിംഗം

അവൾ, ഇവൾ മാനകമലയാളത്തിലെ പ്രഥമപുരുഷൻ  ഏകവചനം സ്ത്രീലിംഗമായി നിലവിലുള്ളത്. അത്യുത്തര കേരളത്തിൽ ഇത് 'ഓള്', 'ജോള്' എന്നിവയാണ്. പ്രഥമപുരുഷൻ ഏകവചനം പുല്ലിംഗരൂപമായ 'ഊവ്വൻ' എന്നുപയോഗിക്കുന്ന ജനവിഭാഗങ്ങൾ അതിന്റെ സ്ത്രീലിംഗമായി 'ഊവ്വൾ' (ഉവ്വള്) ഉപയോഗിക്കുന്നു.

7. പ്രഥമപുരുഷൻ ബഹുവചനം

 അവ൪, ഇവർ എന്നാണ് സാധാരണയായി ഉപയോഗിക്കുന്നത്. അത്യുത്തര കേരളത്തിൽ ഇവയ്ക്ക് പകരം ' ഓറ്' 'ജോറ്' എന്നിവ ഉപയോഗിക്കുന്നു. ഇതുപോലെതന്നെ 'ഊവ്വൻ', 'ഊവ്വൾ' എന്നിവ ഉപയോഗിക്കുന്ന ജനവിഭാഗങ്ങൾ ബഹുവചനമായി 'ഊവ്വറ്' ഉപയോഗിക്കുന്നു.

8. പ്രഥമപുരുഷൻ - നപുംസകലിംഗം- ഏകവചനം

' അത്' , 'ഇത്' ആണല്ലോ മാനകമലയാളത്തിലുപയോഗിക്കുന്ന പ്രഥമപുരുഷൻ നപുംസകലിംഗം ഏകവചനം. വടക്കൻ മലയാളത്തിലും ഇവ മാറ്റമില്ലാതെ ഉപയോഗിക്കുന്നു.

9. പ്രഥമപുരുഷൻ നപുംസകലിംഗം - ബഹുവചനം

'അവ', 'ഇവ' എന്നിവയാണ് മുകളിൽ പറഞ്ഞ വചനത്തെ സൂചിപ്പിക്കുന്ന പദങ്ങൾ. അത്യുത്തര കേരളത്തിൽ ഇവ നിലനിൽക്കുന്നില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ 'അതെല്ലാം' 'ഇതെല്ലാം' എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. അവ കൂടാതെ 'അയ്റ്റ്ങ്ങോ', 'ഇറ്റ്ങ്ങൊ' എന്നിവ ഉപയോഗിക്കാറുണ്ട്. കന്നുകാലികൾക്കും മറ്റു ജീവജാലങ്ങൾക്കുമാണ് ഇവ ഉപയോഗിക്കാറുള്ളത്.

മാനകഭാഷയും ലിഖിതഭാഷയും കൈകാര്യം ചെയ്യുന്ന അഭ്യസ്തവിദ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ വാമൊഴികളായി മാത്രം നിലനിൽക്കുന്ന നാട്ടുഭാഷകളിലൂടെ ആശയവിനിമയം നടത്തുന്ന സാധാരണക്കാരും നിരക്ഷരരും വൈദേശിക ഭാഷകളുമായി ബന്ധം കുറഞ്ഞവരുമായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ മാതൃഭാഷയുടെ പല വിശേഷഭാവങ്ങളും മാനകമലയാളത്തേക്കാൾ കൂടുതൽ വടക്കൻ മലയാളം പോലുള്ള നാട്ടുമൊഴികളിൽ കാണുന്നത്. അത്തരം ചിലത് താഴെ സൂചിപ്പിക്കുന്നു.

1.സംസ്കൃത വിഭക്തികളിൽ പലതും മലയാളത്തിൽ ഉപയോഗമില്ലാത്തതാണ്. വടക്കൻ മലയാളത്തിലും സ്ഥിതി ഇതുതന്നെയാണ്.

2.ക൪മ്മണി പ്രയോഗവും അതിനുവേണ്ടിയുള്ള തൃതീയാ അഥവാ പ്രയോജികാ വിഭക്തിയും മാനകമലയാളത്തിന് കൃത്രിമത്വമാണ് പ്രദാനം ചെയ്യുന്നത്. ഇവയ്ക്ക് പ്രാമുഖ്യം കുറഞ്ഞ വടക്കൻ മലയാളം പോലുള്ള നാട്ടുമൊഴികളാണ് ഇവിടെ മലയാളത്തിന്റെ തനിമ നിലനിർത്തുന്നത്.

3.ദ്വിതീയാവിഭക്തിയുടെ ആവശ്യം സക൪മകക്രിയയിൽ ക൪മമായിരിക്കുന്ന അവസ്ഥ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രഥമാ (നി൪ദേശികാ) വിഭക്തി രൂപം നിലനിർത്തുകയും ദ്വിതീയ ( പ്രതിഗ്രാഹികാ) രൂപം വേണ്ടെന്നു വെക്കുകയുമാണ് മലയാളം ചെയ്തത്. ഇക്കാരണത്താൽ, അചേതനാവസ്തുക്കളുടെ പ്രതിഗ്രാഹികാ വിഭക്തി, നി൪ദേശികയുടെ പ്രത്യയം കൊണ്ടു തന്നെ സൂചിപ്പിച്ചാൽ മതി.

ഉദാ: രാമൻ കുട പിടിച്ചു. (രാമൻ കുടയെ പിടിച്ചു എന്നു പറയുന്നില്ല)

4. വടക്കൻ മലയാളത്തിൽ സചേതന വസ്തുക്കൾക്ക് മാത്രമേ ബഹുവചനരൂപമുള്ളൂ. അത്, ഇത് എന്നിങ്ങനെ വിദുരവാചിയും സമീപവാചിയുമായ രണ്ടു രൂപങ്ങൾ മാത്രമേയുള്ളൂ. മാനകമലയാളത്തിൽ ബഹുവചനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അവ, ഇവ എന്നിവയ്ക്ക് സമാനമായ രൂപങ്ങൾ അത്യുത്തരകേരളത്തിലെ മലയാളത്തിൽ ഇല്ല. മനുഷ്യരിൽ അവൻ, ഇവ൪ എന്നീ രൂപങ്ങളുണ്ട്. വടക്കൻ മലയാളത്തിൽ അവ   ഓറ്, ജോറ്, ഊവ്വർ എന്നിങ്ങനെയാണ്. എന്നാൽ മറ്റുള്ള ജീവികളെ സൂചിപ്പിക്കാൻ അയ്റ്റ്ങ്ങൊ, ഇറ്റ്ങ്ങോ എന്നിങ്ങനെ വിദൂരവാചിയും സമീപവാചിയുമായ രണ്ടു രൂപങ്ങൾ മാത്രമേയുള്ളൂ ; ലിംഗവ്യത്യാസമില്ല.
🍀🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.

പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട്  രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀