08-04-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ
ഇന്ന് ആദ്യം
⛔ കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ  നിന്നും     കാസർഗോഡ് മെഡിക്കൽ കോളജ് ഖാദ൪ ടി ഐ തൈവളപ്പ് എഴുതിയ കുറിപ്പ് ഫാറൂഖ് വേറെ ലെവലാണ്  (എബി കുട്ടിയാനം)  പൂരോത്സവം(സോന അബി എഴുതുന്നു)  ജാക്ക്ഫ്രൂട്ട് ബോൾസ്(അബ്ദുള്ളക്കുഞ്ഞി)  എരിക്കുളം  (വിനോദ് എം വി എരിക്കുളം)
ഖാദ൪ ടി ഐ, തൈവളപ്പ്
♦♦♦
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍
പകുതി തസ്തികകളില്‍ ഉടന്‍ നിയമനം
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് ഈ ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. അതായത് കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരും. ഈയൊരു പ്രത്യേക സാഹചര്യത്തിലും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒ.പി. ആരംഭിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കാസര്‍ഗോഡിന് നല്‍കുന്നത്. അതിനാലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം 4 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കില്‍ 7 കോടി ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ഇതുകൂടാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തരമായി ജീവനക്കാരുടെ തസ്തികള്‍ 273 സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.
91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 4 അസോസിയേറ്റ് പ്രൊഫസര്‍, 35 അസി. പ്രൊഫസര്‍, 28 സീനിയര്‍ റസിഡന്റ്, 24 ജൂനിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. 1 ലേ സെക്രട്ടറി & ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), 1 ജൂനിയര്‍ സൂപ്രണ്ട്, 3 സീനിയര്‍ ക്ലാര്‍ക്ക്, 3 ക്ലാര്‍ക്ക്, 1 ടൈപ്പിസ്റ്റ്, 1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 1 ഓഫീസ് അറ്റന്‍ഡന്റ്, 1 സര്‍ജന്റ് ഗ്രേഡ് രണ്ട്, 3 ഫുള്‍ ടൈം സ്വീപ്പര്‍, 5 പാര്‍ട്ട് ടൈം സ്വീപ്പര്‍, 1 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 5 ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 10 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 1 ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, 3 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 6 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, 2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, 5 റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, 2 തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 2 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, 2 മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, 2 പവര്‍ ലോണ്ട്രി അറ്റന്റര്‍, 1 ഇലക്ട്രീഷ്യന്‍, 1 റെഫ്രിജറേഷന്‍ മെക്കാനിക്, 2 സി.എസ്.ആര്‍. ടെക്‌നീഷ്യന്‍, 2 ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, 4 ഇ.സി.ജി. ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത്.


ഫാറൂഖ് കുമ്പഡാജെ
എന്നും അങ്ങനെയായിരുന്നു
എബി കുട്ടിയാനം
9995416999
ഉള്ളതുമുഴുവന്‍ വാരികോരി തരാന്‍ അധികമാര്‍ക്കും കഴിയില്ല. അത് ചിലര്‍ക്കുമാത്രം കഴിയുന്ന ഒന്നാണ്.
അതുകൊണ്ട് തന്നെയാണ് ഫാറൂഖ് കുംബഡാജയെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടുപോകുന്നതും. കഴിഞ്ഞ ദിവസാണ് ഫാറൂഖ് വിളിച്ചത്. നിങ്ങളുടെ കിറ്റ് വിതരണമൊക്കെ കാണുന്നുണ്ട്. എന്റെ ഭാഗത്തുനിന്ന് എന്തു സഹായമാണ് വേണ്ടത്. ഞാന്‍ തമാശയ്ക്ക് പറഞ്ഞു. ഏക്കറുക്കണക്കിന് സ്ഥലത്ത് കപ്പ കൃഷി ചെയ്തു മാതൃക പകര്‍ന്ന ആളല്ലെ. വെറുതെ വീട്ടിലിരിക്കുന്ന പാവങ്ങള്‍ക്ക് കപ്പ തിന്നാന്‍ കൊതിയുണ്ടാവും, നിങ്ങള്‍ കുറച്ച് കപ്പ തന്നേക്ക്.
പറഞ്ഞ മാത്രയില്‍ ഫാറൂഖ് പറഞ്ഞു അതിനെന്ത തരാലോ....
സന്തോഷത്തോടെ ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ നാളെ വണ്ടിയുമായി വരാം.
വണ്ടിയുമെടുത്ത് പോകുമ്പോഴേക്ക് ഫാറൂഖ് കപ്പയൊക്കെ കിളച്ച് ചാക്കില്‍ കെട്ടി കാത്തിരിക്കുകയായിരുന്നു.
ഞാന്‍ കരുതിയത് ചുരുങ്ങിയത് ഒരു നൂറ് കുടുംബത്തിന് കൊടുക്കാനുള്ള കപ്പയുണ്ടാകുമെന്നായിരുന്നു. എന്നാല്‍ എന്റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് നൂറിന്റെ എത്രയോ ഇരട്ടി അതായത് ക്വിന്റല്‍ കണക്കിന് കപ്പയായിരുന്നു ഫാറൂഖ് ഞങ്ങള്‍ക്കുവേണ്ടി കരുതിവെച്ചത്.
പ്രിയപ്പെട്ട ഫാറൂഖെ...
നാളെ അഞ്ഞൂറിലേറെ പാവങ്ങളുടെ വീട്ടിലേക്ക് നിങ്ങള്‍ തന്ന കപ്പ ഞങ്ങള്‍ എത്തിക്കും. കടയില്‍ നിന്ന് പോലും സാധാനം വാങ്ങാന്‍ കിട്ടാത്ത കാലത്ത് നിങ്ങളുടെ കപ്പ അവര്‍ക്ക് അമൃതായി മാറും. നന്ദി ഫാറൂഖ് ആ മഹാമനസ്‌ക്കതയ്ക്ക്...
ചെറിയ പ്രായത്തില്‍ തന്നെ കഠിനാധ്വനം കൊണ്ട് ബിസ്സിനസ്സ് രംഗത്ത് ഉയരങ്ങളിലെത്തിയ ഫാറൂഖ് പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ്. ആ ഹൃദയ വിശാലതയായിരിക്കാം ഫാറൂഖിന്റെ വിജയത്തിന്റെ രഹസ്യവും.
ഒരിക്കല്‍ കൂടി നന്ദി...
അല്ലെങ്കിലും കപ്പ എന്ന് പറഞ്ഞാല്‍ ജീവനാണ് പലര്‍ക്കും.

പൂരമോ,അത് അങ്ങട് തൃശൂർ അല്ലേ.... എപോളും കേക്കുന്നത്... എന്നൽ ആ പൂരമല്ല ഇത്... ഞങളു വടക്കൻസിന് മാത്രം ഉള്ളതാ, സ്പെഷ്യൽ ആയി ഇങ് കാസർഗോഡും കണ്ണൂരും മാത്രം.... ഞങ്ങളു രണ്ടുപേരും തിരിച്ചരിവ് ആകുന്ന കാലം വരെയും മുടങ്ങാതെ പൂവിട്ടുണ്ട്..എന്നൽ അതിന് ശേഷം ഇപ്പോ ഞങളുടെ കുഞ്ഞി പെണ്ണിന് വേണ്ടിയാണ് വീട് പൂരത്തിന് ഒരുങ്ങിയത്....വലിയ ആഘോഷങ്ങളും ആർപ്പു വിളികളും ഇല്ലാതെ ഇത്തവണയും പൂരം കഴിഞ്ഞു..കൊറോണ ആയത് കൊണ്ടും പൂക്കൾക്ക് ക്ഷാമം ആയത് കൊണ്ടും ചടങ്ങ് മാത്രം ആയി കുഞ്ഞിമോളുടെ പൂരം...... പൂക്കളുടെ
രണ്ട്  ഉൽത്സവങ്ങളുണ്ട് ഉത്തര കേരളത്തിൽ.  ഒന്നാമത്തേത് ഓണമാണെങ്കില്‍ രണ്ടാമത്തെതാണ് പൂരോത്സവം.
മീന മാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നക്ഷത്രം വരെയുള്ള ഒമ്പത് ദിവസമാണ് കോലത്തുനാട്ടിലും അള്ളടം നാട്ടിലും (നീലേശ്വരം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍) പൂരം ആഘോഷിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളുടെ ആഘോഷമാണ്‌ പൂരോൽസവം.  ശിവനും കാമദേവനുമായി കോര്‍ത്തിണക്കിയ മിത്താണ് പൂരോത്സവത്തിന്‍റെ അടിസ്ഥാനം. സതീയുടെ വിയോഗത്താൽ മനം നൊന്തു തപസ്സിൽ കഴിയുകയാണ് ശിവന്‍. ആ ശിവന്‍റെ മനസില്‍ പാർവതിയെ കുറിച്ചുളള ഓര്‍മ്മകളും പ്രേമവും വികാരവും ജനിപ്പിക്കാൻ ദേവന്മാരുടെ അഭ്യർത്ഥിച്ചതനുസരിച്ച് പോയ കാമദേവൻ ശിവനെ ഉണർത്താൻ കാമബാണം പ്രയോഗിക്കുന്നു. കാമബാണമേറ്റുണർന്ന ശിവൻ കോപത്താൽ തൃക്കണ്ണു തുറക്കുന്നു. കാമദേവന്‍ ഭസ്‌മമാകുന്നു. അങ്ങനെ ഭസ്മമായിപ്പോയ തന്‍റെ ഭര്‍ത്താവിനെ ജീവിപ്പിക്കാന്‍ കരഞ്ഞപേക്ഷിച്ച രതീദേവിയോട് മഹാവിഷ്ണു പൂക്കൾ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ ആവശ്യപ്പെട്ടു. ഇതാണ് കഥ.
പൂരോത്സവത്തിന്റെ പ്രധാന ചടങ്ങ് കാമദേവനെ ആരാധിക്കലാണ്. ഋതുമതികളാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ പൂക്കൾ ഇട്ടു കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കും.  ചിലയിടങ്ങളിൽ മണ്ണുകൊണ്ടും ചിലയിടങ്ങളിൽ പൂ മാത്രവും ഉപയോഗിച്ചാണ് കാമനെ ഉണ്ടാക്കുന്നത്. ചടങ്ങുകളില്‍ ആദ്യത്തേത് പൂരം നോമ്പാണ്. തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവനു നേദിക്കുന്ന ചടങ്ങാണിത്. തുടര്‍ന്നുള്ള ഒമ്പത് ദിവസങ്ങളിലും ഈ ചടങ്ങ് നീളും. പൂജാമുറിക്കു പുറമെ കിണര്‍, കുളം എന്നിവയ്ക്ക് സമീപവും പൂവിടും. കാമദേവന്റെ പുനർജനനത്തിനു വേണ്ടിയുളള സങ്കല്പമാണ്‌ പൂവിന്‌ വെളളം കൊടുക്കൽ. കാമനെ ഉണ്ടാക്കുകയും പൂവിടുകയും പൂവിന്‌ വെളളം കൊടുക്കുകയും ചെയ്യുന്ന വ്രതമെടുത്ത കൊച്ചുകുട്ടികളെ പൂരക്കുട്ടികളെന്നാണ്‌ വിളിക്കുക.
 മീനച്ചൂടിലും പൂത്തുലയുന്ന പൂക്കള്‍ തന്നെയാണ് പൂരോത്സവത്തിന്‍റെ പ്രധാന സവിശേഷത. പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ പൂത്തുലഞ്ഞങ്ങനെ നില്‍ക്കും. പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. പച്ച നിറത്തിലുള്ള അപൂര്‍വ്വം പൂക്കളിലൊന്നാണ് ജഡപ്പൂവ് എന്ന പൂരപ്പൂക്കള്‍, ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിക്കിന് പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിക്കുക. മുരി ക്കിൻ പൂക്കൾ കൊണ്ട് കാമന് നഖവും എറിക്കിൻ പ്പൂ കൊണ്ട് കാമനു മാലയും ഉണ്ടാകും....അവസാന ദിവസത്തില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കുന്നു. മീനം ആദ്യവാരത്തിലാണ് പൂരമെങ്കില്‍ ചെറിയ കാമരൂപവും, മധ്യവാരത്തിലാണ് പൂരമെങ്കില്‍ യുവാവിന്റെ രൂപവും മാസാവസാനമാണ് പൂരമെങ്കില്‍ വൃദ്ധരൂപവുമാണ് തീര്‍ക്കുക.  പലപ്പോഴും മീനമാസത്തില്‍ തന്നെയാവും പൂരോത്സവം നടക്കുക. പക്ഷേ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കുംഭമാസത്തിലും പൂരമെത്തും.
പൂരപ്പൂക്കള്‍
ഒന്‍പതാംനാളാണ് പൂരംകുളി. ക്ഷേത്രങ്ങളിലും ഭഗവതിക്കാവുകളിലും ഈ ദിവസം ആഘോഷങ്ങളും ചടങ്ങുകളും നടക്കും. പൂരക്കളി, മറത്തുകളി, തുടങ്ങിയ നാടന്‍ കലകള്‍ അരങ്ങേറും. ഈ ദിവസമാണ് വീടുകളിലെ കാമനെ അയക്കല്‍ ചടങ്ങ്. ഉച്ചയ്ക്ക് കാമന് നിവേദിക്കാന്‍ കാമക്കഞ്ഞി ഉണ്ടാക്കും. കുടുംബാംഗങ്ങളെല്ലാം കാമക്കഞ്ഞി കഴിക്കും. വൈകിട്ട് കാമന് നിവേദിക്കാന്‍ പൂരഅടയുണ്ടാക്കും. സന്ധ്യയോടെ പൂക്കള്‍കൊണ്ട് തീര്‍ത്ത കാമദേവരൂപം വാരി പൂക്കൂടയിലാക്കും. തുടര്‍ന്ന് അരിയും അടയും തേങ്ങയും പഴവും ഇതോടൊപ്പം വച്ചു തൊടിയിലെ വരിക്ക പ്ലാവിന്‍ ചുവട്ടില്‍ നിക്ഷേപിക്കും.  കാമനെ അയക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കണം. കുരവയിട്ട് ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന ചടങ്ങിനോടൊപ്പം മുന്നറിയിപ്പുകളോടെയും പ്രാര്‍ത്ഥനകളോടെയുമാണ് കാമനെ പറഞ്ഞയക്കുക.
‘ നേരത്തെ കാലത്തെ വരണേ കാമാ, നേരത്തെ കാലത്തെ വരണേ കാമാ, കിണറ്റിന്‍ പടമ്മല്‍ പോകല്ലെ കാമാ....'
കാഞ്ഞിരങാട് അമ്പലത്തിനു പോലെ കാമ..
തുടങ്ങിയവയാണ് മുന്നറിയിപ്പുകൾ...
പൂരംകുളി ആണ് പൂരത്തിന് പ്രധാനം.. പൂരത്തിന്റെ അന്ന് പഴം തേച്ചു , എണ്ണ തേച്ചു കുളിച്ചു പുത്തൻ ഉടുപ്പിട്ട്‌ പെൺകുട്ടികൾ കാമനേ പൂജിക്കും...
ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളിൽ പൂരം ആഘോഷിക്കും.
 കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും ഒത്തുചേരുന്ന ഒരുമയുടെ ആഘോഷം. കാമം എന്ന വാക്കിന് കേവലം ലൈംഗിക സുഖത്തിനപ്പുറം സ്നേഹവും കരുതലുമൊക്കെ ഊട്ടിയുറപ്പിക്കുന്ന ആചാരം. ഓരോ തവണയും മുന്നറിയിപ്പുകളോടെ കാമനെ യാത്രയാക്കി അടുത്ത പൂരോത്സവത്തിനായി ഉത്തരകേരളം കാത്തിരിക്കും. ഐശ്വര്യവും സമാധാനവും കൈ നിറയെ സ്നേഹവുമായി നേരത്തെ കാലത്തെ വരണേ കാമാ എന്ന പ്രാര്‍ത്ഥനയുമായി.......
:_ വിവരങ്ങൾക്കും ഫോട്ടോയ്ക്ക് കടപ്പാട്.,.
സോന അബി

Delicious Roasted jack fruit  balls..( ചക്ക കിള്ളിയിട്ടത് അതാണ്)
Recipie:(ksd slang)
രണ്ട് ബാറ് പൊഉത്തെ ബെരിക്കെ ചക്കേന്ന്  തൊല്ലീറ്റെട്തെ ചക്കച്ചോളെ,
ഒരിക്കൊണ്ടെ പച്ചേരി,
ഒരി മുറി നല്ലെ ഒൺക്ക് തെങ്ങ,
കല്ല്ല് ഇട്ട്റ്റ് അര്ചിറ്റ് (കൊറെനേരം അര്ക്കണ്ട)നല്ലെ മുദ്ദെ മുദ്ദെ ആയ്റ്റാംബൊ കല്ല്ന്നെട്ക്കണം,
അട്പ്പ്ല് എണ്ണെ ബീതീറ്റ്  ബെച്ചെ ചീനച്ചട്ടി നല്ലെ ചൂടാംബൊ മുദ്ദെ പ്ട്ട്നെ ചെർങ്ങനെ ചെർങ്ങനെ നുള്ളീറ്റ് ചീൻചട്ടിക്ക് ഇട്ട്റ്റ് നല്ലെ തൗട് നെറം ബെര്ംബൊ കണ്ണങ്കയ്ൽല് കോരീറ്റ് പാതർത്ത്ല് ഇടണം,
അസർക്കത്തെ ചായക്ക് കൂട്ടാന് നല്ലെ ചേല്ള്ളെ ഒരി സീസണൽ ഡിഷ്..
recipie copied: Abdulla Kunhi

 വിനോദ് എം വി എരിക്കുളം

🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ  ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പത്തൊമ്പതാം ഭാഗം)  വടക്കൻ മലയാള നിഘണ്ടു ( മൂന്നാം ഭാഗം)
💮💮💮💮💮💮💮
വടക്കൻ മലയാളം
വടക്കൻ മലയാള നിഘണ്ടു (മൂന്നാം ഭാഗം)


ഈച്ചക്കടന്തൽ - തേനീച്ച
ഈറ്റ്കാ(യി) രിത്തി - പ്രസവിച്ച സ്ത്രീയുടെ ശുശ്രൂഷയ്ക്ക് നിൽക്കുന്ന സ്ത്രീ
ഈത്ത്  - നുകവുമായി ബന്ധിപ്പിക്കുന്ന തടി
ഈന്ത്  - ഒരു മരം. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ Cycas വ൪ഗത്തിൽ പെട്ട സസ്യങ്ങൾക്കാണ് ഈ പദം ഉപയോഗിക്കുന്നതെങ്കിൽ കാസർഗോഡ് ജില്ലയിൽ ഈ പേരിൽ കൂടുതലായി അറിയപ്പെടുന്നത് Karyota urens ആണ്.
ഈൻ്റപ്രം - ഇതിന്റെ അപ്പുറം
ഈന്  - ഇതിന്
ഈനോടെ  - ഇതോടുകൂടി
ഈന്റെ  - ഇതിന്റെ
ഈമ്പുക, ഊമ്പുക - വലിച്ചു കുടിക്കുക, ഊറ്റുക
ഈയട്ട  - അറപ്പ്
ഈരുക  - ചികുക, ( ഓലയിൽ നിന്ന് ഈർക്കിൽ വേ൪തിരിക്കുക,മരത്തടി ഈ൪ന്നെടുക്കുക.
ഈ൪ച്ച ( നാമം)
ഈല്  - ഇതില്
ഈലെ  - ഇതിലെ
ഇ്
ഇ്ട്ക്ക്മുർക്ക് - ഇടുങ്ങിയതും സൌകര്യമില്ലാത്തതുമായ (ഇടുങ്ങിയതും മുറുകിയതുമെന്ന് വാക്ക൪ഥം)
ഇ്ടി - ഇടി
ഇ്ടി/ഇ്ടീ - മുഴുവൻ
ഇ്ടിക്കൈൻ്റെ കുപ്പായം - ഫുൾക്കൈയൻ ഷ൪ട്ട്
ഇ്ടിയപ്പം - നൂൽപ്പുട്ട്, ഇടിയപ്പം
ഇ്ടിമുട്ടി - നിലം ഉറപ്പിക്കുന്ന വസ്തു
ഇ്ടി മുട്ടുക - ഇടി വെട്ടുക
ഇ്ടി ബാള്/ ഇ്ടിബാളം- ഇടിമിന്നൽ ഭൂമിയിൽ ഏൽക്കുന്ന സമയത്ത് പതിക്കുന്നുവെന്ന് പണ്ടുള്ളവ൪ വിശ്വസിച്ചിരുന്ന സ്വ൪ണവസ്തു. ഇത് സാധാരണഗതിയിൽ ഭൂമിയിൽ താഴ്ന്നുപോകുമെന്നും ചില വസ്തുകളിൽ വീണാൽ താഴ്ന്നു പോകില്ലെന്നുമാണ് വിശ്വാസം. ഇത് കൈയിൽ കിട്ടുന്നത് നിധി കിട്ടുമെന്നതിന് സമാനമാണെന്ന് വിശ്വസിച്ചിരുന്നു.
ഇ്ടുക -
  1. വസ്ത്രം ധരിക്കുക
  2. വസ്തുക്കൾ താഴെയിടുക
ഇ്ട്ടം  - മച്ച്
ഇ്ട്ട / ഇ്ട്ടെ - അരികിൽ
ഇ്ട്ടാണി - ഏണി
ഇട്ടെ/ ഇ്ട്ടെ - വരമ്പ്, കെട്ടി ഉയർത്തിയ സ്ഥലം
ഇ്ട്ടെക്ക് - അറ്റത്ത്
ഇ്ണ്ട്  - ഇണ്ട്
ഇ്ളി - സ്വയം പരിഹാസ്യനായിക്കൊണ്ടുള്ള ചിരി
ഇ്ളിക്കുക - സ്വയം പരിഹാസ്യനായിക്കൊണ്ട് ചിരിക്കുക
ഇ്൪ട്ട് - ഇരുട്ട്
ഇ്൪ക്കി -  1.ക്ലിപ്പ് ( ഇറുക്കിപ്പിടിക്കാനുള്ള ഉപകരണം)
2.പിശുക്കൻ(പണം ചെലവഴിക്കാതെ ഇറുക്കിപ്പിടിക്കുന്നവൻ)
ഇ്ർക്കിപ്പണ്ഡാരം - അറുപിശുക്കൻ
ഇ്ർക്കീസ്  - പിശുക്കൻ
ഇ്൪ക്കുക - ഞെരുക്കുക, ഇറുക്കിപ്പിടിക്കുക, പിശുക്കുക
ഇ്ർങ്കെ്ണി - സാമ൪ഥ്യം
ഇ്൪ങ്കണ്ണ് - ഇറുകിയ കണ്ണ്, പകുതി അടച്ച കണ്ണ്
ഇ്ർങ്കണ്ണടിക്കുക - രഹസ്യ സന്ദേശം നൽകാനായി കണ്ണിറുക്കി കാണിക്കുക, ശൃംഗാരഭാവത്തിൽ കണ്ണിറുക്കുക
ഇ്ർങ്കണ്ണൻ - ഏതെങ്കിലും വൈകല്യത്തിന്റെ ഫലമായോ മറ്റോ ഇറുകിയ കണ്ണുള്ള വ്യക്തി
ഈ്
ഈ്ട്ത്തേക്ക് - ഇവിടുത്തേക്ക്
ഈ്ടെ - ഇവിടെ
ഈ്ട്ട്  - (മണ്ണിന്റെ) ഫലഭൂയിഷ്ടത
ഈ്൪ക്കി്ളി - ഈ൪ക്കിൽ
ഈ്ള് - തുണിയും മറ്റും നേ൪മയിൽ കീറിയെടുക്കുന്നത്, ചീള്
ഈ്൪മാങ്ങണ്ണി/ ഈ്൪മാങ്കണ്ണി - തെങ്ങോലയിൽ നിന്നെടുക്കുന്ന നേ൪ത്ത നാര്


ഉക്കൻ/ ഊക്കൻ - ഉഗ്രൻ
ഉഗ്റ്  - നഖം ( കന്നഡ)
ഉച്ളി/ഉച്ചി്ളി/ഇച്ചുളി- കക്ക(ത്തോട്), ചിപ്പി
ഉട്മ്പ്  - ഓടാമ്പൽ, ഉടുമ്പ്
ഉണില്/ഉണല്- ചെറിയ കുരു
ഉണ്ട - ഉരുള, ഒരു പലഹാരം
ഉണ്ടി  - കുഴൽപ്പണം (ഹുണ്ടി - ഉർദു)
ഉണ്ടിപ്പൈസെ - കുഴൽപ്പണം
ഉറ്റിക്കുക - ഇറ്റിക്കുക
ഉറ്റുക  - ഇറ്റുക
ഉത്തിരാടം - ഉത്രാടം
ഉത്തെരം - വാസ്തുവിദ്യയുമായി ബന്ധപ്പെട്ട ഒരു സംജ്ഞ, ത൪ക്കുത്തരം, ഉത്തരക്കല്ല്
ഉദ്റ് - ഒഴിവുകഴിവ് ( ഉ ദ്റ് -അറബി)
ഉദ്റുക - ഉതിരുക
ഉന്നം - പരുത്തി
ഉപ്പി ്ടീര് /ഉപ്പി ്ടീല് - കുറച്ച്
ഉപ്ലി /ഉപ്പി്ളി - പാമ്പും മറ്റും പടം പൊഴിക്കുന്നത്
ഉപ്ലി കയിക്കുക, ഉപ്ലിയൂരുക - Ecdysis, moulting
ഉപ്പപ്പ  - ഉപ്പാപ്പ,മുത്തച്ഛൻ (മുസ്ലിം ഭാഷാഭേദം)
ഉപ്പൊ/ഇപ്പൊ - ഇപ്പോൾ
ഉപ്പുത്തുള്ളൻ/ഉപ്പുത്തുള്ളി - ഒരു പ്രാണി, പുൽച്ചാടി
ഉപ്പേരി  - അച്ചാറ്
(ഉപ്പിലിട്ടത്- മാനകമലയാളം)
ഉപ്പിനിക്കായി ( കന്നഡ)
ഉമ്പം - കുടിക്കുന്ന വെള്ളം
ഉമ്പായി - ഒരു പേര് (ഇബ്രാഹീം- അറബി)
ഉമ്പിച്ചി -
1) ഓമന, കൊച്ചുകുട്ടി (ശിശുഭാഷ)
2) ഒരു സ്ത്രീ നാമം
ഉമ്പു -
1) മുറിവ്, വ്രണം, പുണ്ണ് ( ശിശുഭാഷ)
2)കുട്ടികളുടെ ഓമനപ്പേർ
3) ഒരു വിളിപ്പേര്, ഉമ്പായി
ഉമ്പ്രാശാൻ - എമ്പ്രാന്തിരി
ഉമ്മട്ടം മുട്ടുക/ഉമ്മട്ടം മി്ട്ടുക - വീ൪പ്പുമുട്ടുക
ഉമ്മമ - ചേച്ചി ( ചില പ്രദേശങ്ങളിൽ മാത്രം) (മുസ്ലിം ഭാഷാഭേദം)
ഉമ്മാ/ഉമ്മാപ്പാ
അമ്മാ/അമ്മാപ്പാ -
എനിക്കൊന്നുമറിയില്ലെന്നു സൂചിപ്പിക്കുന്നതിനായുള്ള പദം
ഉമ്മാമ - വല്യമ്മ ( കണ്ണൂർ ജില്ലയിലെ മുസ്ലിങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു)
ഉമ്മി/ഉമ്പി - മൽസ്യം ( ശിശുഭാഷ)
ഉമ്മിന്റെ പൂള് - മീനിന്റെ കഷ്ണം
ഉമ്മി്ണി - കുറച്ച്, ചെറിയ
ഉര്തുക/ ഉരുന്തുക - വഴുതുക  ( ജാറുക- പര്യായ പദം)
ഉര്മ്പുക - ഉരുമ്മുക, ശാഖകളിൽ നിന്നും കുലകളിൽ നിന്നുമൊക്കെ ഇലകളും കായകളും ഉതി൪ത്തെടുക്കുക
ഉരുക്ക്/ ഉരുക്കല്/ ഉരുക്കിയത് - പ്രത്യേക തരത്തിലുള്ള കറി, ഉപ്പേരി (ബറവ് - പര്യായ പദം)
ഉൽക്കോട്ട് - മൺവെട്ടി
ഉലക്കുണ്ട്/ഉലക്കോട്/ഒലക്കോട്/ഒലക്കുണ്ട് - നെല്ല് കുത്താനുള്ള സ്ഥലം, നെല്ല് കുത്താനുള്ള കുഴി
ഉലരുക /ഒലരുക- വിരിയുക
ഉലിയുക - പഴങ്ങളുടെയും മറ്റും തൊലി കളയുക
ഉലിക്കുക -
1) (തേങ്ങ) പൊതിക്കുക
2) അസ്വാഭാവികമായ അളവിൽ ദാനം ചെയ്യുക(പരിഹാസ സന്ദർഭങ്ങളിലാണ് ഈ പദം ഈ അർഥത്തിൽ ഉപയോഗിക്കുന്നത്)
ഉൾട്ടെ - എതിര്, വിപരീതം (ഉൽടാ - ഉറുദു)
ഉ൪ള് - വാഹനങ്ങളുടെ ടയർ ( ഉ൪ഡതു- കന്നഡ)
ഉ൪മാല് - തൂവാല ( റുമാൽ -ഉർദു)
ഉർളി - ഉരുളി
ഉറൂളി - ഊറാമ്പുലി, എട്ടുകാലി


ഊഞ്ചാലെ/ ഇഞ്ചായലെ
 - ഊഞ്ഞാൽ
ഊടെ - ഇവിടെ (ബ്യാരി)
ഊട്ട - ഊൺ ( കന്നഡ)
ഊട്ടം - പ്രാവശ്യം, വട്ടം
(ഒന്നാം വട്ടത്തിന് ഒരൂട്ടം എന്നു എല്ലാ പ്രദേശങ്ങളിലും സാധാരണ പറയാറില്ല.പിന്നീടുള്ളവയ്ക്ക് രണ്ടൂട്ടം (രണ്ടു വട്ടം), മൂന്നുട്ടം ( മൂന്നു വട്ടം), നാലൂട്ടം (  നാലു വട്ടം) എന്നീ വിധത്തിൽ വളരെയധികം ഉപയോഗിക്കുന്നു
ഈങ്കാട്ട്/ പൂങ്കാട്ട് - ഒരു തരം മൺവെട്ടി
ഊതിപ്പൊന്തി - ബലൂൺ
ഊത്ത കേറുക - മഴക്കാലത്ത് ഉറവപ്രദേശത്ത് മീൻ കയറുക
ഊദോത്തി - ചന്ദനത്തിരി (ഊദ്-അറബി, ബത്തി - ഉർദു)
ഊപ്പൻ - കൊള്ളരുതാത്തവൻ
ഊമ്പുക - വലിച്ചു കുടിക്കുക, (ഒരു അശ്ലീല പദം, മൂഞ്ചുക - പര്യായ പദം)
ഊയി - മുള
ഊരായി - വാതിലുകളുടെയും മറ്റും കൊളുത്ത്
ഊവൻ - ഇവൻ: (ഊവ൪- ബഹുവചന രൂപം, ഊവള്- സ്ത്രീ- ചില സമുദായങ്ങളിൽ പെട്ടവ൪ മാത്രമേ ഈ പദം ഉപയോഗിക്കുന്നുള്ളൂ)
ഊവണി - വെള്ളം തേവാനുള്ള ഉപകരണം
ഊവുക - ഉഴുത് മറിക്കുക
ഊതു/ഊത് - ഭൂതകാലം
ഊവല് - നാമം
ഊതോട്ടെ - ഉഴുത് മറിച്ച ചാല്
ഊവിയിടുക / ഊബിയിടുക - ചൂളം വിളിക്കുക
ഊസ് - അധോവായു ( ഹൂസ്- കന്നഡ)
ഊളിക്കം - സഹായം
ഊ൪ക്കുക - ഊറ്റിക്കുടിക്കുക
( ഊ൪ക്കല് - നാമം)
ഊ൪ച്ച - ദുസ്വാദ്


🍀🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.  പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀