11-03-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ  ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം 🔹 കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന്🔅🔅🔅 അബ്ദുള്ള ദ്രോസ൪ എഴുതിയ കൃഷിഭവനുകൾ അഭിമാനം കാസർഗോഡ് കുള്ളൻ പശു വളർത്തൽ കേന്ദ്രം .... ഒരു റിപ്പോർട്ട് കാസ്രോട്ടുകാരി ജസീല അഭിമാനം "കോഴിപ്പോര്" എന്ന സിനിമയിലെ നായകൻ
നവജിത്ത് നാരായണൻ ലത്തീഫ് ലത്തു പൈക്ക എഴുതിയ  'ചപ്പ' കാസർകോട്ടുകാരന്റെ ഐഡന്റിറ്റി
✴✴✴✴
♣♣♣♣♣
കൃഷിഭവനുകൾ അഭിമാനം
തെങ്ങോലയുടെ അടിഭാഗത്ത് വെളുത്ത നിറത്തിൽ എന്തോ ബാധിച്ചു ഓലകൾ ഉണങ്ങിവീണു തെങ്ങുകൾ ശോഷിക്കുന്നത് കണ്ടപ്പോൾ കൃഷിഭവൻ കയറിക്കളയാമെന്ന് തീരുമാനിച്ചു. ദോഷം വരരുതെന്ന് കരുതി വലതുകാൽ വെച്ചു തന്നെയാണു കയറിയത്. ചെന്നപാടെ കണ്ട, മറ്റൊരു പൗരനുമായി സംസാരത്തിലായിരുന്ന ഇരിപ്പിടത്തിലിരിക്കുന്ന ആളുടേയും എന്റെയും കണ്ണുകൾ കോർത്തപ്പോൾ, അദ്ദേഹം അകത്തേക്ക് ആംഗ്യം കാണിച്ചു.
     അകത്തെ മുറിയിൽ മൊബൈലിൽ വ്യാപൃതനായിരിക്കുന്ന ഓഫീസർ, ഇരിക്കാൻ എന്നോട് പൊട്ടൻ ഭാഷ തന്നെ ഉപയോഗിച്ചു. ഫോൺ സംഭാഷണത്തിലെ സ്വകാര്യം സൗജന്യമായി ശ്രവിച്ചു ഞാൻ ഉറക്കം തൂങ്ങുന്ന ഘട്ടത്തിലെത്തിയപ്പോൾ, 'എന്താ വന്നതു് ?' എന്നു ഓഫീസർ എന്നോട് അന്വേഷിച്ചു. ഞാൻ ചുരുങ്ങിയ വാക്കുകളിൽ തെങ്ങോലയിൽ കണ്ട പ്രതിഭാസം വിവരിച്ചു. അപ്പോൾ ഓഫിസർ എനിക്ക് ചെറിയൊരു ക്ലാസ്സ് എടുത്തു.
     'ഇതാണു വെള്ളീച്ച ആക്രമണം. നിങ്ങൾ ശ്രദ്ധിച്ചാൽ തെങ്ങിനിടയിലുള്ള സസ്യങ്ങൾ കറുത്തിരിക്കുന്നത് കാണാം. ഈ ഈച്ചകളുടെ കാഷ്ഠം വീണാണു ചെടികളുടെ ഇലകൾ അങ്ങനെ കറുക്കുന്നത്. പ്രഭാതത്തിൽ ഓലയിൽ നിന്നു വെളുത്ത പൊടി താഴേയ്ക്കു വീഴുന്നതായി കാണാം. ഇതു ഒരു പകർച്ചാവ്യാധിപോലെ ഒരു പ്രദേശത്തെ എല്ലാ തെങ്ങുകളേയും ബാധിക്കും.'
      ഞാൻ ഇടയക്കു കയറി ചോദിച്ചു : ഇതിനുള്ള മരുന്നു?
     'മരുന്നില്ല. മരുന്നു എന്നു പറഞ്ഞാൽ കെമിക്കൽ. അതായത് വിഷം. അത് ഞങ്ങൾ നിർദ്ദേശിക്കാൻ പാടില്ല. നിങ്ങൾക്ക് വേണമെങ്കിൽ കഞ്ഞി വെള്ളം ഓലകളിൽ തളിക്കാം. പിന്നെ ചെയ്യാവുന്നത് പുലർച്ചെ തെങ്ങിനടിയിൽ ചെറിയ തോതിൽ തീ ഇടുക എന്നതാണു. അതിന്റെ ചൂടേറ്റ് ഈച്ചകൾ ചത്തുകൊള്ളും. കുറച്ചു കൂടി ഫലപ്രദമായിട്ടുള്ളത് മഞ്ഞ നിറമുള്ള ബോർഡോ, ഫ്ലക്സ്സോ തെങ്ങിനടിയിൽ സ്ഥാപിച്ചു അതിൽ പശ പുരട്ടി വെക്കുക. മഞ്ഞക്കളറിനെ ആകർഷിച്ചു വന്നു പശയിൽ പറ്റിപ്പിടിച്ചു ഈച്ചകൾ ചത്തുകൊള്ളും.'
     'നിങ്ങൾ ഒരു കടന്നൽ ആയി പറന്നു ചെന്നു ഓലയിൽ പറ്റിക്കിടക്കുന്ന ഒരോ വെള്ളീച്ചയേയും കുത്തിക്കൊല്ലുക,' എന്നാണ് ഇനി അദ്ദേഹം പറയാൻ പോകുന്നതെന്നു് ഞാൻ വിഭാവനം ചെയ്തു. പക്ഷെ, അദ്ദേഹം അങ്ങനെ പറഞ്ഞില്ല.
    'സർ, ഓല ഇങ്ങനെ അമിതമായി ഉണങ്ങി വീണു തെങ്ങ് ചത്തു പോകുമോ എന്ന ബേജാറിലാണ് ഞാൻ.'
     ' തീർച്ചയായും കർഷകനു വിഷമം കാണും. തെങ്ങു ചത്തു പോകില്ല. ഒരു രണ്ടു വർഷത്തേക്ക് വിളവു കുറയും.'
     മാർക്കറ്റിൽ എന്തെങ്കിലും മരുന്ന് കിട്ടുമോ എന്ന എന്റെ സംശയത്തിന്, മരുന്നുകൾ പറഞ്ഞുതരുന്നതിൽ  പരിമിതികളുണ്ട് എന്ന അദ്ദേഹത്തിന്റെ നിലപാട് ആവർത്തിച്ചപ്പോൾ ഞാൻ ഇരിപ്പിടത്തിൽ നിന്ന് ചന്തി മെല്ലെ പൊക്കി.
 അപ്പോൾ ഓഫീസർ, 'മിസ്റ്റർ, ഒരു 100 രൂപ എടുക്കണം.'
 ഞാൻ ഞെട്ടാനൊന്നും പോയില്ല. അദ്ദേഹത്തിൽ നിന്നു വിശദീകരണം വന്നു:
 ' കൈക്കൂലിയൊന്നുമല്ല. കൈക്കൂലി കൊടുക്കാൻ പാടില്ല എന്ന കറുത്ത അക്ഷരത്തിലെഴുതിയ മഞ്ഞ ബോർഡ് നിങ്ങൾ പുറത്തു കണ്ടതല്ലേ...
'കേര കർഷകൻ' എന്ന മാസിക കൃഷിവകപ്പ് ഇറക്കുന്നുണ്ട്. അത് ഒരു വർഷത്തേക്ക് നിങ്ങളുടെ വീട്ടിൽ എത്തിക്കൊള്ളും. അതു വായിച്ചു പഠിച്ചു കർഷകൻ ബോധവാനായിക്കൊള്ളണം. അപ്പോൾ ഇത്തരത്തിലുള്ള സംശയങ്ങൾ ഉടലെടുക്കില്ല.'
    ഞാൻ പഴ്സ് തുറന്നു നൂറു രൂപ പുറത്തെടുത്തപ്പോൾ, പുറത്തിരിക്കുന്ന, എനിക്ക് അകത്തേക്ക് വഴി കാണിച്ച ദേഹത്തിന്റെ അടുത്ത് കൊണ്ട് വിട്ടു. മാന്യദേഹത്തെ ഞാൻ നൂറു രൂപ ഏല്പിച്ചപ്പോൾ, അദ്ദേഹം എന്റെ ഊരും പേരും അവിടെ ഒരു പുസ്തകത്തിൽ കുറിച്ചു വെച്ചു. പോകാനൊരുങ്ങി ഒരു നിമിഷം ഞാൻ ശങ്കിച്ചു നിന്നു. ആ ശങ്കയ്ക്ക് കാരണമുണ്ട്. മുമ്പ് രണ്ടു മൂന്ന് പ്രാവശ്യം ഈ ഭവൻ ഞാൻ കയറി ഇറങ്ങിയിട്ടുണ്ടു്. ഗ്രോബാഗ്, കശുമാവു തൈകൾ തുടങ്ങിയവ കൃഷി ഭവനിലൂടെ വിതരണം ചെയ്യന്നുണ്ടു എന്ന പത്രവാർത്ത കണ്ടാണ് ഞാനന്നങ്ങോട്ട് കയറിയതു. പക്ഷെ, സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും വിളിച്ചു കൊടുത്തതിനാലാകണം, ഞാനെത്തുമ്പോഴേയ്ക്കും അവയെല്ലാം തീർന്നു പോയിരുന്നു. എങ്കിലും അന്നവർ അഞ്ചു രൂപയ്ക്ക് മാർക്കറ്റിൽ കിട്ടുന്ന പച്ചക്കറിവിത്ത് പാക്കറ്റ് സൗജന്യമായി തന്നു എന്നെ സന്തോഷിപ്പിച്ചിരുന്നു. അത് കിട്ടിയതിനു എന്റെ പേരെഴുതി ഒരു പുസ്തകത്തിൽ ഒപ്പുവെക്കണം. ഒന്നിൽ കൂടുതൽ കിട്ടുമോ എന്നു ചോദിച്ചപ്പോൾ, രണ്ടെടുക്കാം, രണ്ടു പേരുടെ പേരെഴുതണം എന്നു അന്നു കല്പനയുണ്ടായി. കല്പന പുറപ്പെടുവിച്ച ആൾ തിരക്കിലാണെന്നു മനസ്സിലായപ്പോൾ, എന്റെ ആജന്മ ശത്രുക്കളായ മമ്മുട്ടി, മോഹൻലാൽ, യേശുദാസ് എന്നിവരുടെ പേരെഴുതി രണ്ട് പാക്കറ്റ് അധികം അന്നു ഞാൻ അടിച്ചു മാറ്റിയിരുന്നു.
    ഇന്നിപ്പോൾ എന്റെ പരുങ്ങൽ കണ്ടു, നമ്മുടെ കാസർകോടിനു മാത്രമല്ല ലോകത്തിനു തന്നെ അഭിമാനമായ, തെങ്ങ് തലകീഴായി നട്ടാൽ മുകൾ ഭാഗത്തെ മൂട്ടിലും തേങ്ങ പിടിക്കും എന്നു കണ്ട് പിടിച്ച, പരശ്ശതം കോടികൾ മാത്രം നല്കി സർക്കാർ തീറ്റിപ്പോറ്റുന്ന സി.പി.സി.ആർ.ഐ.യിലെ ലോകോത്തര ശാസ്ത്രജ്ഞർ പുറത്തിറക്കിയ ആംഗലേയത്തിലുള്ള Package of Practices for Organic Farming in Coconut  എന്ന പുസ്തകം എനിക്ക് സൗജന്യമായി തന്നു അവർ എന്നെ കോൾമയിർ കൊള്ളിച്ചു !
      ആ ഓഫീസിന്റെ പടി ഇറങ്ങുമ്പോൾ, നാടുനീളെ കൃഷിഭവനുകൾ സ്ഥാപിച്ചു, കോടികൾ ശംബളം കൊടുത്ത്, അതിനെ നിലനിർത്തുന്ന മാറി മാറി വന്ന സർക്കാറുകളോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിപ്പോയി. ശുഭം.
അബ്ദുള്ള ദ്രോസ൪


ഇരിഞ്ഞിപ്പുഴ ബ്രിഡ്ജ് ഗ്രൂപ്പ് തയ്യാറാക്കിയത്

കേരളത്തിന്റെ തനതു ഇനമായ കാസറഗോഡ് കുള്ളൻ പശുക്കൾ കാസറഗോഡ് ജില്ലയിലെ മലപ്രദേശത്താണ് കൂടുതലായി കണ്ടുവരുന്നത്.തരിശുനിലങ്ങളിൽ സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന ഇവയ്ക്ക് പ്രത്യേക തീറ്റക്രമം ആവശ്യമായി വരുന്നില്ല.പരമാവധി ഒരുമീറ്റർ വരെ ഉയരമുള്ള ഈപശുക്കൾക്ക് രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്.ഏകദേശം രണ്ടു രണ്ടര ലീറ്റർ പാലാണ് പ്രതിദിന ഉത്പാദനം. വർഷങ്ങൾക്ക് മുമ്പ് എണ്ണത്തിൽ വളരെ കൂടുതലായി കാണപ്പെട്ടിരുന്നവ ഇന്ന് നാമമാത്രമായി വംശനാശ ഭീഷണിയിലാണ്.
നമ്മുടെ തനത് ഇനമായ കാസറഗോഡ് കുള്ളൻ പശുക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി കേരള സർക്കാർ 2014ൽ ബദിയടുക്ക ബേളയിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രം ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പശുവളർത്തൽ കേന്ദ്രം ഇന്ന് ജില്ലക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. ഏകദേശം 150-ാളം പശുക്കൾ,50-ാളം കന്നുകുട്ടികൾ,അത്യാധുനീക രീതിയിലുള്ള തൊഴുത്തുകൾ,തീറ്റപ്പുൽകൃഷിത്തോട്ടം, ബയോഗ്യാസ് പ്ളാന്റ്, മുതലായവയുള്ള മനോഹരമായ ഫാം ദിവസേന സ്കൂൾ കോളേജ് വിദ്യാർത്ഥികളടക്കം നിരവധി പേർ സന്ദർശിക്കുന്നുണ്ട്.
- thanks Dairy dept.kasaragod
കാസ്രോട്ടുകാരി ജസീല അഭിമാനം👍🌹

'ചപ്പ', കാസർകോട്ടുകാരന്റെ ഐഡൻന്റിറ്റി.
കോഴിക്കോട്ട് തിരക്കില്ലാത്ത ഒരു ചെറിയ ചായഹോട്ടലിൽ കയറി ഒരു ചപ്പച്ചായ വേണമെന്ന് പറഞ്ഞു. മുതലാളി തന്നെ സപ്ലൈയർ ആയുള്ള ആ ഹോട്ടലിലെ ടേബിളിൽ ഒരു ഗ്ലാസ്സ് ചായകൊണ്ട് വെച്ചു മുതലാളി എന്നോട് ചോദിച്ചു :
കാസർകോട് എവിടെയാണ് ?
ഞാൻ എന്റെ നെറ്റി തടവി നോക്കി. എന്റെ നെറ്റിയിൽ കാസർകോടുകാരൻ എന്നോ മറ്റോ എഴുതി വെച്ചിട്ടുണ്ടോ...
ഞാൻ അദ്ദേഹത്തോട് ചോദിച്ചു : ഞാൻ കാസർകോട്കാരൻ എന്ന് നിങ്ങൾക്കെങ്ങിനെ മനസ്സിലായി ?
അദ്ദേഹം പറഞ്ഞു : മധുരമില്ലാത്ത ചായയ്ക്ക് കാസർകോടുകാർ മാത്രമെ ചപ്പച്ചായ എന്നു പറയൂ.
" അപ്പോൾ മധുരമില്ലാത്ത ചായയ്ക്ക് നിങ്ങൾ എന്താണു പറയുക ?"
" വിത്തൗട്ട് ചായ."
ചപ്പ മലയാള പദമല്ല എന്നു എനിക്ക് ഇതുവരേയും അറിയില്ലായിരുന്നു. ഏതായാലും 'മധുരമില്ലാത്ത ' എന്ന വിശേഷണത്തിനു 'ചപ്പ' എന്ന നാമ പദം കണ്ടു പിടിച്ച കാസർകോട്ടുകാരനു തന്നെ എന്റെ പ്രശംസ.
ലത്തീഫ് ലത്തു പൈക്ക

🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനഞ്ചാം ഭാഗം)  വടക്കൻ മലയാള നിഘണ്ടു
💮💮💮💮💮💮💮
വടക്കൻ മലയാള നിഘണ്ടു ആദ്യഭാഗം ഇന്ന് പോസ്റ്റ് ചെയ്യുന്നു.
ഒന്നിടവിട്ട് കുറിപ്പുകളും നിഘണ്ടുവും പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു.

💮💮💮💮💮💮💮
💮💮💮💮💮💮💮
വടക്കൻ മലയാളം
വടക്കൻ മലയാളനിഘണ്ടു

ഒന്നാം ഭാഗം

(അ)
അകല് - ബുദ്ധി, സാമാന്യ ബുദ്ധി (അറബി.അകല്)
അക്കൻ/ അക്കാള്- ചേച്ചി (ചില വിഭാഗങ്ങളിൽ മാത്രം)
അക്കാപുക്കാ ജമ്മാങ്ങണ്ണി- സമ്പത്തെല്ലാം ദൂ൪ത്തടിച്ചു കളഞ്ഞ
അക്രോട്ട് - ഒരു മിഠായി
അഗ്ഗിത്തായ- ഒരു തുളു ബ്രാഹ്മണ വിഭാഗം
അങ്ക്ളു/അങ്കി ്ളു- ഒരു ഹാസ്യ കഥാപാത്രം
അങ്ങൻത്തെ- അതുപോലുള്ള (അങ്ങനത്തേത്- രൂപഭേദം)
അങ്ങി ്ട്ട് - അയൽപക്കം, അവിടംവരെ
അങ്ങന്നെ- അങ്ങനെ തന്നെ
അച്ചപ്പം- ഒരു പലഹാരം
അച്ചാലും പിച്ചാലും- അങ്ങോട്ടും ഇങ്ങോട്ടും
അച്ചി ്ൾ-ഒച്ച്
അച്ചു- ഒരു വിളിപ്പേര്, അച്യുതൻ, അശ്റഫ്,അശ്വതി തുടങ്ങി പല പേരുകളുടെയും സ്വനിമഘടന അച്ചുവായി ചുരുക്കപ്പെടാവുന്ന തരത്തിലുള്ളതാണ്. ദ്രാവിഡഭാഷകളുടെ ഗോത്രസ്വഭാവവുമായി ബന്ധപ്പെട്ട ഈ പ്രവണത കേരളത്തിൽ മൊത്തം നിലനിൽക്കുന്നുണ്ട്.
അച്ചോട്ട്/അചോട്ടി-  ഒരു കളി
അജ്ജൻ - അപ്പൂപ്പൻ
(ചില വിഭാഗങ്ങളിൽ മാത്രം, പ്രാകൃതം)
അജ്ജ്- ഹജ്ജ് (അറബി-ഹജ്)
അജ്ജുമ്മ- ഹജ്ജ് ചെയ്ത സ്ത്രീ
അഞ്ഞായി- അഞ്ച് നാഴി
അടപ്പൻ  - ചുണ്ണാമ്പ് പാത്രം
അടിക്കലം- കഞ്ഞിക്കലം( കഞ്ഞിവെള്ളം ഊറ്റിയെടുക്കാനായി ഉപയോഗിക്കുന്ന പാത്രം)
അടിച്ചോല/അടിച്ചാര/അരച്ചാലെ- തെങ്ങിന്റെ മണ്ടയിലെ വലപോലുള്ള ഭാഗം
അടിച്ചാറ്റുക- വൃത്തിയാക്കി വെള്ളം തളിക്കുക ( അടിച്ചാറ്റൽ, നാമരൂപം)
അടിച്ചട്ടി/അടിച്ചൂറ്റി- കഞ്ഞി വാ൪ക്കാൻ ഉപയോഗിക്കുന്ന വട്ടത്തിലുള്ള മരപ്പലക
അടിമൻ - കരു
അടിയും ബള്ളും- പണ്ടു കാലത്ത് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കയറ്റി അയച്ചിരുന്ന കാസർകോടൻ തൊപ്പിയുടെ നി൪മാണത്തിലുപയോഗിക്കുന്ന രണ്ടു ഭാഗങ്ങൾ
അടുപ്പുമ്മ- അടുപ്പത്ത് (അടുപ്പിന്  മേൽ, രൂപഭേദം)
അട്- ഒരു മത്സ്യം
അടിമെ - അടിമ
അട്ടക്കൂട് - കക്ക
അട്ടപ്പം ചുട്ടപ്പം- ഒരു കളി
അഡ്ഡത്തിൽ  - കുറുകെ (കന്നഡ)
അണക്കുക- കത്തിയും മറ്റും ചാണയിട്ട് മൂ൪ച്ച കൂട്ടുക
അണങ്ങ്  - പ്രേതം
അണ്ണാങ്കൊട്ടൻ- അണ്ണാൻ
അണേബാറം/ അണേബാരം- തലയിലെഴുത്ത്, നി൪ഭാഗ്യം
(ഹണേബാറ ~ നെറ്റിയിലെഴുതുക - കന്നഡ)
അണേബാറം കെ്ട്ടോൻ- ഭാഗ്യമില്ലാത്തോൻ
അണ്ടെ- കുറ്റി, ഗ്യാസ് കുറ്റി , കമ്മലിന്റെയും മറ്റും പിന്നിലെ മുറുക്കുന്ന ഭാഗം, സ്ക്രൂവിന്റെ നട്ട് (ഹണ്ടെ- കന്നഡ)
അറ്റക്കൊടി - അറ്റം
അത്ത് - ശരീരത്തിലെ അഴുക്ക് കളയാനായി കുളിക്കുമ്പോഴുപയോഗിക്കുന്ന വസ്തു
അത്തായക്കൊട്ട് - നോമ്പുകാലത്ത് അത്താഴത്തിന് ആൾക്കാരെ വിളിച്ചുണ൪ത്തിയിരുന്ന ബാന്റ് സംഘം
അത്തിലുംണ്ട് താളിലുംണ്ട്- മര്യാദയില്ലാതെ എവിടെയും വലിഞ്ഞു കയറുന്നവരെപ്പറ്റിയും ആദ൪ശബോധമില്ലാതെ പരസ്പരവിരുദ്ധമായ നിലപാട് എടുക്കുന്നവരെപ്പറ്റിയുള്ള പ്രയോഗം
അത്തും ബിത്തും- വാർധക്യത്താലെ മറ്റോ സ്വബോധം നഷ്ടപ്പെടുക, പിച്ചും പേയും പറയുക
അത്തെരെ - അത്ര
അദ്രാളം- അടയാളം
അദ്ള - ഒരു പേര് (അബ്ദുള്ള-അറബി)
അദലെത്തിയ - അവസാനത്തെ, മരണസമയത്തോടടുത്ത
അദ്ദ്- ബുദ്ധിമുട്ട്, കഷ്ടപ്പാട്, ശിക്ഷ
(ഹദ്ദ് : അനുവദനീയതയുടെ അതിര് - അറബി)
അന്തം - തിരിച്ചറിവ്, അവസ്ഥ
അന്താജെ - ഏകദേശം, ഏതാണ്ട് (അന്ദാസ~പേ൪ഷ്യൻ, ഉറുദു, കന്നഡ പദം)
അന്തായം- ചുരുങ്ങിയ തവണ സംഖ്യ
അന്തിരിച്ചൻ- സന്ധ്യയ്ക്ക് അമ്പലത്തിൽ തിരി കൊളുത്തുന്നവൻ
അന്ത്രാളം - വരാന്ത
അന്ത്രു- ഒരു പേര് ( അബ്ദുറഹ്മാൻ: തത്ഭവം)
അപ്യ/അപ്യേര്- അൻ/അവ൪
അപ്പം - അപ്പോൾ
അപ്പം തുന്നിറ്റ് ചപ്പെലെ ചാടുമ്പം- അപ്പം തിന്ന് അതു പൊതിഞ്ഞ ഇല കളയുമ്പോലെ എന്നർത്ഥം. എപ്പോൾ എന്നർത്ഥമുള്ള എപ്പം എന്ന ചോദ്യത്തിനുള്ള ത൪ക്കുത്തരം
അപ്പം മങ്ങലം- സ്ത്രീകൾക്ക് ആദ്യ ഗർഭത്തിൽ നടത്തുന്ന ചടങ്ങ് ( പുങ്ങൻ മങ്ങലം)
അപ്പക്കുഞ്ഞി- ഒരു പേര്
അപ്പച്ചെമ്പ് - ആവിയിൽ അപ്പം ചുട്ടെടുക്കുന്ന പാത്രം
അപ്പറം - അപ്പുറം
അപ്പാട് - ഉടനെ
അപ്പാപ്പം/അപ്പാപ്പൊ-.ഇടയ്ക്കിടയ്ക്ക്
അപ്പാപ്പൻ- ഇളയച്ഛൻ
അപ്പിച്ചി- കുട്ടികൾക്കുള്ള പലഹാരം (ശിശുഭാഷ)
അപ്പിഞ്ഞിക്കഞ്ഞി- കുട്ടികൾക്കുള്ള കഞ്ഞി
അപ്പുഡു/അപ്പുടു - ഒരു പേര്
അപ്പ്യേരെ - അവരെ, അവരുടെ
അപ്പോന്ന്യെ- അപ്പോൾ തന്നെ
അപ്ലെ- അപ്പോൾ
അബിൽ/അബില്- അവിൽ
അബെ- ശരി, ഓകെ
അബെൽശെണം പുടിച്ച- അവലക്ഷണം പിടിച്ച
അബ്ബെ- വിഡ്ഢി, ഇളിഭ്യൻ
അംക്ക് - ഒരു തെറിവിളി(ഹംക്: അറബി)
അമ്പെ/അമ്പ - പശു, കാള (ശിശുഭാഷ)
അമ്പാച്ചി-ദൈവം (ശിശുഭാഷ )
അമ്പാച്ചു- ഒരു പേര്, ഒരു ഓമനപ്പേർ, (അബ്ബാസ്, അറബി തത്ഭവം)
അമ്പാളപ്പ് - അപ്പുറത്തെ വളപ്പ്
അമല്(1)- കാമം, സത്ക൪മം (മുസ്ലിം ഭാഷ, അമൽ - അറബി)
അമല്(2)- അവിൽ
അമ്മാ/അമ്മാപ്പാ- എനിക്കറിയില്ലല്ലോ
അമ്മായി- അമ്മാവന്റെ ഭാര്യ, മുസ്ലിം സമുദായത്തിൽ ജ്യേഷ്ഠന്റെ ഭാര്യ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു.
അമ്മിഞ്ഞി- അമ്മിഞ്ഞ
അയക്കുടി/അയങ്ങടി - അയൽവീട്
അയല് (1) - ചൂടുകുരു
അയല്(2) - വസ്ത്രങ്ങളിടാനുള്ള അയ
അയലോതി- അയൽക്കാരൻ
അയസ്സ് - ആയുസ്സ്
അയസ്സിന്റെ പൊ൪ദി-.ആയുസ്സിന് പകരം വെക്കാവുന്ന
അയറ്/ആയറ്-.ഫലഫൂയിഷ്ഠ, നാര്, ആര്
അയ൪ച്ചെടി- ശീമക്കൊന്ന
അയ൪ത്തോല് - പച്ചിലവളം
അയിനോടെ- അതോടുകൂടി
അയ്റ്റ്ങ്ങൊ/അയ്റ്റ്ങ്ങോ-.അവറ്റകൾ(ജന്തുജാലങ്ങളെ സൂചിപ്പിക്കുന്ന പദം )
അയ്രി- അരി
അരച്ചാല/അര്ച്ചാല/അരച്ചാലക്കൊടി- തെങ്ങിന്റെ മണ്ടയിലെ വല പോലുള്ള ഭാഗം
അരപ്പ്- മുളകും ധാന്യങ്ങളുമൊക്കെ അരച്ചു കഴിഞ്ഞതിനു ശേഷമുള്ള രൂപം
അരഞ്ഞക്കയ൪-.അരയിൽ കെട്ടുന്ന കയ൪ 
അരമനക്കുഞ്ഞി/അര്മ്മനക്കുഞ്ഞി- ഓമനിച്ചു വള൪ത്തപ്പെടുന്ന കുട്ടി
അരിക്കാണി- കരിക്കാണി
അരിക്കൂട്ട്- അരിമാവ്
അരിയിരിക്കല്- അനുഗ്രഹിക്കൽ
അരിയം- അരിക്
അരിയത്ത്/അരുവത്ത്- അടുത്ത്
അരീസ്-ഒരു ഭക്ഷണപദാർത്ഥം ( ഹരീസ്: അറബി)
അരുള്ളി- വെളുത്തുള്ളി
അലപ്പ്/അൽപ്പാസ/അൽപ്പെച്ചം - കൊതി, ആക്രാന്തം
അലസി/അൽസി- ബുദ്ധിമുട്ട്, കഷ്ടപ്പാട്
അലിക്കത്ത്- ഒരു ആഭരണം
അലാക്ക്- ശല്യം, അവസാനം, നശിച്ച ( ഹലാക്: അറബി)
അലാമത്ത് - അടയാളം (അറബി)
അലാമിക്കളി/ആലാമിക്കളി- ഒരു അനുഷ്ഠാന കല
അലിച്ചാമുണ്ഡി/ആലിച്ചാമുണ്ഡി- ഒരു തെയ്യം
അൽന്നത്/അൽന്നെ- വിശന്നു വലഞ്ഞ, ഭോഗതൃഷ്ണയുള്ള, അലഞ്ഞു തിരിയുന്ന
അൽന്നെ നായി- വിശന്നു വലഞ്ഞ നായ
" അൽന്നെ നായിക്ക് പൊവ്ന്നെ തോല" ( പഴഞ്ചൊല്ല്)
(വിശന്നു വലഞ്ഞ നായയ്ക്ക് ചവയ്ക്കാൻ നനഞ്ഞ തുകൽ മതി)
അല് പച്ചം- ആക്രാന്തം, കൊതി
അല് പാസെ- അത്യാഗ്രഹം, കൊതി, ആക്രാന്തം
അൽപ്പുക്ക്- മദ്രസയിലെ ബാലപാഠപുസ്തകം (അലിഫ് കിതാബ്: അറബി)
അൽമാസ്- കീറിപ്പറിഞ്ഞത്
അൽസ- സേമിയ കൊണ്ടുള്ള ഒരു ആഹാരം
അൽസുക/ അലസുക- കളിയിലും മറ്റും പറ്റിക്കുക ( അൽച്ചുണ്ടി- പറ്റിക്കുന്നവൻ: കന്നഡ)
അൽസി(1) - അൽസുക; ഭൂതകാലം
അൽസി/അലസി (2) -കഷ്ടപ്പാട്
അസ൪പ്പൂ- 1) നാലുമണിപ്പൂവ്
2) അശ്റഫ് ( തത്ഭവം, അറബി)
അസാസല് ലക്ഷണം കെട്ടവൻ, എന്നും ഉപദ്രവം ചെയ്യുന്നവൻ
അൾക്ക്/അള്ക്ക്- കഴുത്ത്
അൾക്ക് പുടിക്കുക- കഴുത്തിൽ പിടിക്കുക, ധൃതിയിൽ ബുദ്ധിമുട്ടിച്ച് കാര്യം നേടുക
അൾമാറ- അലമാര
അളു/ അളുവം -.ഡപ്പി, മൂടിയുള്ള  ചെറിയ പാത്രം
അള്ളി - ഗ്രാമം
(ഹള്ളി:കന്നഡ, പള്ളി: പാലി)
അയിന് - അതിന്
അയിലേ -അതിലെ
അള്ളുക- മൂക്കുമുട്ടെ തിന്നുക
അർച്ചിപ്പിക്കുക- പരിശ്രമം ഉണ്ടാക്കുക, കണ്ണഞ്ചിപ്പിക്കുക
അർജി- ഹ൪ജി
അറക്കല്ലെ ബീവി(പരിഹാസ പദം) -തലക്കനം പ്രകടിപ്പിക്കുന്ന സ്ത്രീ
അറാത്തി/ അറാത്തിക്കുട്ടി- ജാരസന്തതി ( ഹറാം+ : അറബി)
അറാമി- ജാരസന്തതി (ഹറാം+ : അറബി)
അറാമ്പെ്ർന്നോൻ- കുരുത്തംകെട്ടവൻ, ജാരസന്തതി (ഹറാം + : അറബി).
അറാമ്പെ്൪പ്പ്- കുരുത്തം കെട്ടത്, അനാവശ്യ കാര്യം (ഹറാം+ : അറബി)
അറാം- നിഷിദ്ധം ( ഹറാം: അറബി)
🍀🔥🔥🍀🔥🔥🍀🔥
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.
പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട്  രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏

🍀🔥🔥🍀🔥🔥🍀🔥