11-12-19

🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
ആദ്യം
കാസ്രോട്ടപ്യ
എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..
രാവിലന്നെ എണീച്ചിറ്റ് ബണ്ടിയും എട്ത്തിറ്റ് മിറ്റത്തെക്ക് എറങ്ങുമ്പോ പൂച്ച അഡ്ടം പാഞ്ഞെന് ഇന്നത്തെ ദവസം പറ്റ  പോയിന്ന് പറഞ്ഞിറ്റ് ബീട്ടിലെക്ക് മടങ്ങി പോന്ന ആൾക്കാർ ഇപ്പോളും ഈ കാലത്തും ഇണ്ട്ന്ന് അറിയുമ്പോ ബെജാർ ആന്ന്...
°
°
°
"കർത്ത പൂച്ച പാഞ്ഞത് അതെങ്കിൽ പറയാര്ന്നു...ഇതിപ്പോ ബീട്ടിലെന്നെ പൂച്ച..."😬
നമ്മ ഊർ കാസറഗോഡ്
കാസറഗോഡിന് ഇങ്ങനെയൊരു പേര് കിട്ടിയതെങ്ങിനെയെന്നറിയോ...
പണ്ട്‌ പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നതിന്നും കുറച്ചൂസം മുമ്പ് ഊരു ചുറ്റുകയായിരുന്ന ഒരു യൂറോപ്യൻ യാത്രക്കാരൻ കേരളത്തിൽ നിന്ന് മംഗലാപുരം സന്ദർശിക്കുന്ന വഴി തുളു നാട്ടിലെ ഞമ്മടെ നാട്ടിലും എത്തി. ചെറിയ പെരുന്നാൾ ദിവസമായിരുന്നു വിദേശി ഇവിടെ എത്തിയത്. സ്ഥലത്തെ ഒരു മണ്ടൻ ഹാജിയാരുടെ വീട്ടിൽ പാവങ്ങൾക്ക് അരി വിതരണം ചെയ്യുന്ന നീണ്ട ക്യൂ കാണാനിടയായ മ്മടെ വിദേശി, 'ഈ നാടിന്റെ പേരെന്താണെന്ന്' അവിടെയുള്ളവരോട്‌ ഇംഗ്ളീഷിൽ ചോദിച്ചു. ബ്ലഡി കാസ്രോടൻ മല്ലൂസ്.. ഇംഗ്ലീഷ് അറിയില്ലാ ല്ലോ 😒 ഉത്തരം കിട്ടാതെ വിദേശി അണ്ണൻ പോകാനും തയ്യാറല്ല.
ക്യൂ നിൽക്കുന്ന ഭാഗത്ത്‌ പമ്മി പരുങ്ങി നിൽക്കുന്ന വിദേശിയെ കണ്ട ഹാജിയാർ കരുതി ഞമ്മൾ ദാനമായി കൊടുക്കുന്ന അരിക്ക് വേണ്ടിയാണ് ആ വെള്ളക്കൂറ അവിടെ ചുറ്റിക്കളിക്കുന്നത് ന്ന്. ഇത് കണ്ട പൂമുഖപ്പടിയിലിരുന്ന ഹാജ്യാർ ഉച്ചത്തിൽ തന്റെ ജോലിക്കാരനോട്‌ വിളിച്ച്‌ പറഞ്ഞു.
'കാ സേർ കൊട്‌'
ഈ സ്ഥലത്തിന്റെ പേർ കാ സേർ കൊട്‌ എന്ന് തെറ്റിദ്ധരിച്ച വിദേശി തന്റെ 'മലബാർ നോവലിൽ' സോറി മാനുവലിൽ ഇങ്ങനെയെഴുതി..
"പ്രകൃതിരമണീയവും സ്നേഹസമ്പന്നരും അതിലുപരി സുന്ദരന്മാരുമായ ജനങ്ങൾ പാർക്കുന്ന 'കാസേർകൊട്‌' എന്ന പ്രദേശത്ത്‌ ഞാനിന്ന് സഞ്ചരിച്ചു. സ്നേഹവും അനുകമ്പയും മുഖമുദ്രയാക്കിയ ആ നാട്ടിൽ പോയി എന്ത്‌ സംശയം ചോദിച്ചാലും 'ധാന്യം' ദാനമായി നൽകും. ഒരു സംശയം ആരാഞ്ഞ എനിക്കും കിട്ടി 312 ഗ്രാം അരി.
കാ = കാല് (quarter)
സെർ = അരി അളക്കുന്ന ചെറിയ പാത്രം
ചിത്രത്തിന് കടപ്പാട് വിക്കീപീഡിയ
🦚🌺🌺🦚🌺🌺🦚
ആറു മലയാളിക്ക് നൂറു മലയാളം
പംക്തിയിൽ
വടക്കൻ മലയാളം
ഡോ.പി.എം.അബൂബക്കർ
എഴുതിയ പുസ്തകത്തിൽ
നിന്ന്
കാസർഗോഡ് ഭാഷാഭേദം
ഒന്നാം ഭാഗം
🦚🌺🌺🦚🌺🌺
അധ്യായം 1. നാട്ടുമൊഴിയും മാനകമൊഴിയും
  മൃതഭാഷയിൽ നിന്ന് ജീവൽഭാഷയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടത് മൊഴിഭേദങ്ങളുടെ നിലനിൽപ്പാണ്. മൃതഭാഷയയ്ക്ക് അത് മരിച്ച കാലത്ത് നിലനിന്നിരുന്ന മാനകലിഖിതരൂപം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ ഒരു ഭാഷ മരിക്കുമ്പോൾ ആദ്യം മരിക്കുക അതിന്റെ ഉപഭാഷകളും നാട്ടുമൊഴികളുമായിരിക്കും. ഭാഷ മരിച്ചതിനു ശേഷം ലിഖിതരൂപത്തിൽ ലഭ്യമാകുന്നത് മാനകഭാഷ  മാത്രമായിരിക്കും. ഏതെങ്കിലും നാടൻപാട്ടോ മറ്റോ ജനമനസ്സുകളിൽ അവശേഷിച്ചാൽ മാത്രമേ ഇതല്ലാത്ത അവസ്ഥ വരുന്നുള്ളൂ.

മലയാളത്തിന്റെ ഓരോ നാട്ടുരൂപവും ശുദ്ധമലയാളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. കാരണം, മാനകലിഖിതഭാഷയെ അപേക്ഷിച്ച് ഭാഷാപരമായ അധിനിവേശത്തിനുള്ള സാധ്യത നാട്ടുമൊഴികളിൽ കുറവായിരിക്കുമെന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ അച്ചടിഭാഷ നാട്ടുമൊഴികളിൽ കലരുന്നത് അവയുടെ ശുദ്ധി ഇല്ലാതാക്കാനും മാനകഭാഷയിൽ ആധിപത്യം പുലർത്തുന്ന കൃത്രിമഭാവങ്ങൾ നാട്ടുഭാഷയിലേക്ക് കൂടി സംക്രമിക്കാനുമാണിടയാകുക. ഓരോ മൊഴിഭേദവും അതിന്റെ വ്യാകരണപരമായ ആവാസവ്യവസ്ഥയിൽ നിലനിൽക്കുന്നതിനെയാണ് ഭാഷാശുദ്ധിയെന്നു പറയുന്നത്.

വടക്കൻ മലയാളമടക്കമുള്ള കേരളത്തിലെ നാട്ടുമൊഴികൾ അപ്രത്യക്ഷമാവുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് ഇലക്ട്രോണിക് മാധ്യമങ്ങൾക്കാണുള്ളത്. അച്ചടി മാധ്യമങ്ങളുപയോഗിക്കുന്നത് സാക്ഷരരും വിദ്യാസമ്പന്നരുമായ വിഭാഗങ്ങളായിരിക്കും. എന്നാൽ ടി വി കൂടുതൽ കാണുന്നത് വിദ്യാഭ്യാസം കുറഞ്ഞവരാണ്. സാധാരണക്കാ൪ എല്ലാ ദിവസവും സന്ധ്യ മുതലുള്ള രണ്ടു മൂന്നു മണിക്കൂർ ടി വി യുടെ മുമ്പിലായിരിക്കും. ഇത്തരക്കാർ ഗണ്യമായൊരു സമയം ടി വി യുടെ മുമ്പിൽ കഴിച്ചു കൂട്ടുന്നതോടുകൂടി മാനകമലയാളത്തിലെ പല പദങ്ങളും അവ൪ ഉപയോഗിച്ചു തുടങ്ങുന്നു. അവയ്ക്ക് പകരം മുമ്പുപയോഗിച്ചിരുന്ന നാടൻപദങ്ങൾ ക്രമേണ തിരോഭവിക്കുന്നു. കുട്ടികൾ നാട്ടുഭാഷയിലെ പദങ്ങൾ കേൾക്കേണ്ടത് സംഭാഷണങ്ങൾ ശ്രവിച്ചാണ്.
കൂടുതൽ നേരം ടി വി യുടെ മുന്നിലാകുന്നതോടെ കേൾക്കുന്ന സംഭാഷണം മുഴുവനും അച്ചടിഭാഷയിലുള്ളതായി തീരുന്നു.

ഒരു ഭാഷയുടെ സൌന്ദര്യമെന്നു പറയുന്നത് അതിനകത്തെ നാട്ടുമൊഴികളികളുടെ ബാഹുല്യമാണ്. ഒരൊറ്റ അച്ചടി രൂപം മാത്രം നിലനിൽക്കുന്ന ഭാഷ ചത്ത ഭാഷയാണ്. ലിഖിതമായ കാര്യങ്ങൾക്കും പൊതു വ്യവഹാരത്തിനും വേണ്ടി മാത്രമാണ് മാനകഭാഷ രൂപപ്പെടുത്തിയിരിക്കുന്നത്.

വ്യത്യസ്തമായ കാലദേശങ്ങളിലേക്കു വേണ്ടി ഭാഷയെ സൂക്ഷിച്ചു വെക്കാനുള്ള ഉപ്പാണ് അക്ഷരമാല. ഉപ്പിലിട്ടു സൂക്ഷിച്ച ഫലവർഗങ്ങൾക്ക് സ്വാഭാവികമായ രുചിയും മറ്റുള്ള ഗുണങ്ങളും നഷ്ടപ്പെടുന്നതുപോലെ ലിപിമാലയുടെ സൌകര്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട മാനകമൊഴിക്ക് ഭാഷയുടേതായ പല സ്വാഭാവികതകളും നഷ്ടപ്പെടും. നാട്ടുമൊഴികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഇതാണ്. മലയാളമുൾപ്പടെ മിക്കവാറും ഇന്ത്യൻ ഭാഷകളിലുപയോഗിക്കുന്ന ലിപിമാലകളുടെ ചില പ്രത്യേകതകൾ അവയിലെ മാനകഭാഷകളെ കൃത്രിമമാക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. നമ്മുടെ ഭാഷയിൽ നിലവിലുള്ള ചില സ്വനിമങ്ങളെ, വിശിഷ്യാ സ്വരങ്ങളെ, സൂചിപ്പിക്കാൻ നമ്മുടെ ലിപിമാല അപര്യാപ്തമാണെന്നാണ് വാസ്തവം. സംവൃതസ്വരങ്ങളെന്ന് കേരളപാണിനി വിശേഷിപ്പിച്ച സ്വരങ്ങളാണ് ഉദാഹരണം. അവയിൽ സംവൃത/ഉ/കാരമെന്ന് കേരളപാണിനിയും അരയുകാരമെന്ന് ഹെർമൻ ഗുണ്ടർട്ടും വിശേഷിപ്പിച്ച സ്വരത്തെ സൂചിപ്പിക്കാൻ അടുത്ത കാലംവരെ ലിപി ചിഹ്നമുണ്ടായിരുന്നു. തമിഴിലെ കട്ടുക എന്ന പദം മലയാളത്തിൽ കെട്ടുക എന്ന് മാറിയതിനെക്കുറിച്ച് കേരളപാണിനി പറയുന്നുണ്ട്. എന്നാൽ ഇത് കെട്ടുക അല്ലെന്നും / ക/ കാരം കഴിഞ്ഞതിന് ശേഷമുള്ള സ്വരത്തെ സൂചിപ്പിക്കാൻ നമ്മുടെ ലിപിമാലയിൽ ചിഹ്നമില്ലെന്നും അറിയുമ്പോൾ മാത്രമേ പ്രാദേശിക മൊഴിഭേദങ്ങളുടെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ.

മാനകഭാഷയ്ക്കും നാട്ടുമൊഴികൾക്കും നിർവ്വഹിക്കാനുള്ള ധർമങ്ങൾ ഒരേ തരത്തിലുള്ളതല്ലെന്നതാണ് കാരണം. മാനകഭാഷയെ അപേക്ഷിച്ച് നാട്ടുമൊഴികൾ ജൈവമാണ്.അനൌപചാരികവേളയിൽ അവ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ അവ ശുദ്ധമായിരിക്കും. എന്നാൽ മാനകഭാഷ അങ്ങനെയല്ല. ശാസ്ത്ര സാഹിത്യം ഉൾപ്പടെയുള്ള ഔപചാരിക വ്യവഹാരങ്ങൾക്ക്, ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് വേണ്ടി വൈദേശിക വാങ്മയത്തെയാണ് അവ ആശ്രയിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കുന്ന ഭാഷകൾ നിരന്തരം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ പരിണാമം ഒരു പരിധി കഴിയുമ്പോൾ പുതിയ ഭാഷകൾ തന്നെ പിറക്കുന്നു. അബുഗിഡ ലിപി വ്യവസ്ഥിതി പിന്തുടരുന്ന ഇന്ത്യൻ ഭാഷകളിൽ പൌരാണിതകയുടെ അമിതസ്വാധീനം മൂലമുള്ള പ്രശ്നവും അൽപം കൂടുതലാണ്. സംസാരഭാഷയെ സുഗമവും സുന്ദരവുമാക്കുന്നത് വർണങ്ങളുടെ അഥവാ (ആധുനിക ഭാഷയിൽ സ്വനിമങ്ങളുടെ) ലോപവും സങ്കരവുമൊക്കെയാണ്. ഇതില്ലാതിരിക്കുമ്പോൾ അവ മുഴച്ചിരിക്കും. മാനകഭാഷയിലെ എൺപത് എന്ന പദത്തേക്കാൾ നാട്ടുഭാഷയിലെ എമ്പത് സുന്ദരവും സ്വനിമശാസ്ത്രപരമായി കൂടുതൽ ശരിയുമായിരിക്കുന്നത് അടുത്തടുത്തിരിക്കുന്ന സ്വനിമങ്ങളുടെ സാവ൪ണ്യം കൊണ്ടാണ്. നാട്ടുമൊഴികൾ ചെറിയ ഭൂമിശാസ്ത്ര ഏകകങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതിനാൽ തന്നെ വർണങ്ങളുടെ ലോപത്തിനും സങ്കരത്തിനും സന്ധിക്കുമൊക്കെ വ്യക്തമായ നിയമങ്ങളുണ്ട്. അവയേക്കാൾ വിശാലമായ ഭൂമിശാസ്ത്രപരിധിക്കുള്ളിൽ ഉപയോഗിക്കപ്പെടുന്ന മാനകഭാഷയിൽ വർണങ്ങൾ മുഴച്ചുനിൽക്കുക സ്വാഭാവികമാണ്. കാസർഗോഡ് മുതൽ കോഴിക്കോട് വരെ ഉപയോഗിക്കുന്ന 'ആടെ', മലപ്പുറത്തെ  ' ഔടെ' എന്നിവ സുഗമമായി ഉച്ചരിക്കപ്പെടുമ്പോൾ മാനകഭാഷയിലെ  ' അവിടെ ' യിൽ വ൪ണങ്ങൾ മുഴച്ചുനിൽക്കുന്നത് അതുകൊണ്ടാണ്. ഈ പദത്തിന്റെ മധ്യത്തിലുള്ള  ' വ' കാരം ഓഷ്ഠ്യ - ദന്ത്യമായാണ് ഉച്ചരിക്കുന്നതെങ്കിൽ ഇപ്പറഞ്ഞ മുഴച്ചുനിൽക്കൽ വളരെക്കൂടുതലായിരിക്കും.

ഡൈഗ്ലോസിയ ലോകത്തിലെ മിക്ക ഭാഷകളിലുമുണ്ട്. സംസാരഭാഷയും മാനകഭാഷയും വ്യത്യസ്തമായിരിക്കുന്ന അവസ്ഥയാണിത്. എന്നാൽ ചില ഭാഷകളിലാവട്ടെ ഇവയ്ക്ക് പുറമെ ഒരു പൌരാണിക മാനകരൂപവും നിലനിൽക്കുന്ന ട്രൈഗ്ലോസ്സിയ എന്ന അവസ്ഥയുണ്ടാവാം. ഇവയിലെല്ലാം വാമൊഴികളുടെ പ്രാധാന്യം അവഗണിക്കാനാവില്ല.
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥