15-04-20

🔴🔵🔴🔵🔴🔵🔴

ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളംപംക്തിയിലേക്ക്  സ്നേഹപൂർവംസ്വാഗതം🙏🙏🙏

🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠

വടക്കൻ മലയാളത്തിൽഇന്ന് ആദ്യം⛔ കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ  നിന്ന്  🔹 കൊറോണക്കാലത്തെ ആസ്പത്രി വിചാരങ്ങൾ (അഷറഫ് MBM)🔸 ഒരു മരണവും ഐസ്ക്രീമും (അബൂബക്കർ ഗിരി)🔹 കൊറോണ കാലകഥകൾ (ശ്രീലേഖ ദിനേഷ്)🔹 ഉറുമ്പുകൾ (സുജ കാഞ്ഞങ്ങാട്)🔸 അയിഷാബി...സല്യൂട്ട് (ശരത് കായക്കുളം) 🔸🔹 എബി കുട്ടിയാനം, മുന്ന അരീക്കാടി , അനിൽ സീ ആ൪....


*⃣*⃣*⃣

കൊറോണക്കാലത്തെ
ജില്ലാ ആസ്പത്രി വിചാരങ്ങൾ

ഒരു ഞായറാഴ്ച ദിവസം.
രാവിലെ 7 മണി.
വീട്ടിൽ ഞാൻ മാത്രം.
ഡൈനിംഗ് ഹാളിലെത്തിയപ്പോൾ വാഷ്ബേസിനിൽ നിന്ന് വെള്ളം ലീക്കായി നിലത്ത്  പടരുന്നു. നോക്കിക്കളയാം എന്നു കരുതി അങ്ങോട്ട് നടന്നു.

നിലത്ത് വെള്ളമുണ്ടായിരുന്നത് കൊണ്ട്‌ വാഷ്ബേസിനടുത്ത് എത്തിയതും കാല് തെന്നി. മലർന്നടിച്ച് വീണു. വീഴ്ചയിൽ ഡൈനിംഗ് ടേബിളിൽ ശക്തിയായി തലയിടിച്ചു. തരിപ്പ് കേറി കുറച്ച് സമയം ഒന്നുമറിഞ്ഞില്ല. എണീറ്റിരുന്ന് നോക്കുമ്പോൾ തലയുടെ പിൻഭാഗത്ത് മുറിഞ്ഞ് രക്തം പൊടിയുന്നു.

ഉടനെ ഞാൻ സ്വാമിയെന്ന് വിളിക്കുന്ന സുഹൃത്ത് മുകുന്ദ് പ്രഭുവിന് ഫോൺ ചെയ്തു. ഓടിയെത്തിയ സ്വാമി പറഞ്ഞു. നമുക്ക് ജില്ലാ ആസ്പത്രിയിലേക്ക് പോവാം. ജില്ലാ ആസ്പത്രിയെന്ന് കേട്ടതേ എന്റെ മുഖം ചുളിഞ്ഞു. കാരണം പഴയ തലമുറ ധർമ്മാസുപത്രി എന്നു വിളിക്കുന്ന ഗവ. ആസ്പത്രിയുടെ  നിലവാരം എന്തെന്ന് ഊഹിക്കാനല്ലേയുള്ളൂ...

എന്റെ ഭാവമാറ്റം ശ്രദ്ധിച്ച സ്വാമി പറഞ്ഞു.'' കേരളത്തിലെ 14 ജില്ലകളിൽ വച്ച് ഏറ്റവും നല്ല ജില്ലാ ആസ്പത്രിക്കുള്ള 'കായകൽപം' അവാർഡ്, കേന്ദ്ര ആരോഗ്യവകുപ്പിന്റെ ദേശീയ ഗുണനിലവാര പരിശോധനയിൽ വിജയം നേടിയ ഗവ. ആസ്പത്രികളിൽ ഒന്ന്...'' ഇതൊക്കെ കേട്ടിട്ടും മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. കാർ ആസ്പത്രിയിലെത്തി.

രാവിലെ ആയതിനാൽ തിരക്ക് തുടങ്ങിയിട്ടില്ല. ഞങ്ങൾ കാഷ്വാലിറ്റിയിലേക്ക് നടന്നു. അഞ്ചു രൂപയുടെ ഒ.പി.ടോക്കണെടുത്ത് അത്യാഹിത വാർഡിലേക്ക് കടന്നതും ഒരു നിമിഷം സ്വാമിയുടെ കൈ മുറുക്കെ പിടിച്ച് ഞാൻ സ്തംഭിച്ചു നിന്നു. ഒരു ഫൈവ്സ്റ്റാർ ഹോസ്പിറ്റലി ലേക്ക് കയറിയ പ്രതീതി... ആധുനിക രീതിയിലുള്ള പുതുതായി സജ്ജമാക്കിയ കട്ടിലും ഉപകരണങ്ങളും. ശുചിത്വത്തെക്കുറിച്ചാണെങ്കിൽ സ്വകാര്യമേഖലയിലെ ഒന്നാംകിട ആസ്പത്രികളോട് കിടപിടിക്കുന്നത്.

ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചു. സാരമുള്ള മുറിവല്ല. ഡ്രസ്സ് ചെയ്താൽ മതി. തുടർന്ന് ഡ്രസ്സിംഗ് റൂമിലേക്ക്. അവിടെയും എല്ലാം ആധുനിക സജ്ജീകരണങ്ങൾ. ഡ്രസ്സിംഗ് ടേബിളിൽ കിടക്കാൻ പോയ എന്നെ സ്റ്റാഫ് വിലക്കി. ''ഇപ്പോ ഒരു പേഷ്യന്റ് ഉണ്ടായിരുന്നു. എന്നിട്ട് അണുനശീകരണം ചെയ്തില്ല. ഞാൻ ഒന്ന് അണുനശീകരണം ചെയ്തതിനു ശേഷം കിടക്കാം.'' ഒരു ലായനി കൊണ്ട് ടേബ്ൾ മുഴുവൻ വൃത്തിയാക്കിയ ശേഷം  എന്റെ ഡ്രസ്സിംഗ് നടത്തി. കഴിഞ്ഞപ്പോൾ സ്റ്റാഫിനോട് ഞാൻ ചോദിച്ചു. ''ഇനിയൊരാൾ വന്നാൽ?''
''വീണ്ടും തുടച്ചു വൃത്തിയാക്കിയേ കിടത്തൂ.... അങ്ങനേ ചെയ്യാവൂ..'' മറുപടി.

T T എടുത്ത് ആവശ്യമായ ഗുളികകളുമായി പുറത്തിറങ്ങിയപ്പോൾ ഓർത്തത് ചെലവാണ്. ആകെ അഞ്ചു രൂപ!! മനസ്സിൽ നന്ദി പറഞ്ഞ് ഞാൻ കാറിൽ കയറിയത് കേരളത്തിലെ പൊതു ജനാരോഗ്യസ്ഥാപനങ്ങളെ കുറിച്ച് പുതിയ ധാരണയുമായി...
സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ളപ്രവര്‍ത്തനങ്ങൾ എന്നൊക്കെ പറയുന്ന വെറും വാചകമടിയല്ല എന്നതിന് സാക്ഷിയായി...

ഇപ്പോളിത് ഓർക്കാൻ കാരണം ഈ കൊറോണക്കാലത്ത് സംസ്ഥാന പൊതുജനാരോഗ്യ പരിപാലന സംവിധാനം ലോകത്തിനാകെ മാതൃകയാവുന്നു എന്ന അഭിമാനം കൊണ്ടാണ്. വകുപ്പിന്റെ  ഭരണകർത്താക്കളും ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും രാപകലില്ലാതെ യുദ്ധകാലത്തെന്ന പോലെ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ കണ്ടാണ്. 

ജാഗ്രതയുടെ ഭാഗമായി നാം വീട്ടിനകത്ത് ഇരിക്കുമ്പോൾ ഉറ്റവരെ വിട്ട് നിന്ന്, ചുട്ടുപൊള്ളുന്ന വെയിലത്ത് പൊടിയും കൊണ്ട്, എപ്പോഴെങ്കിലും എന്തെങ്കിലും കിട്ടിയത് കഴിച്ച് ഈ ദുരിതകാലത്ത് സമർപ്പണമനസ്സോടെ പോരാടുന്ന നിങ്ങൾ ഓരോരുത്തർക്കുമൊപ്പം ഈ നാടുണ്ടാവും. സ്നേഹവും ആദരവും അഭിമാനവും മനസ്സിൽ നിറച്ച്....

✍️ അഷ്റഫ് MBM

ഒരു മരണവും🛌 ഐസ്ക്രീമും🍧
1980 ന് ശേഷമെന്നാണോർമ്മ. ആദ്യമായാണ് കാസറഗോട്ടേക്ക് പോകുന്നത്. മനസ്സിൽ അതിന്റേതായ പേടിയും കൗതുകവുമൊക്കെയുണ്ട്. പോരാത്തതിന് 🏥ആശുപത്രിയിലേക്കും കൂടിയാണെന്നറിയുമ്പോൾ അതിനല്പം കടുപ്പം കൂടി. പലപ്പോഴായി ഉണ്ണാത്തതിനും കുരുത്തക്കേടിനും എന്നെ പറഞ്ഞു പേടിപ്പിച്ച സ്ഥലം കൂടിയാണ് ആശുപത്രിയും🏥👩‍⚕️ ഡോക്ടറുമൊക്കെ. ആശുപത്രിയിൽ കണ്ണിന് അ സുഖമായി കിടക്കുന്ന ഉമ്മൂമ്മയ്ക്ക് കൂട്ട് നിൽക്കാൻ ഉമ്മയോടെപ്പം നാളെ രാവിലെ ആശുപത്രിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ റെഡിയാക്കി തലേദിവസം രാത്രി ഉറങ്ങാൻകിടന്നു. നഗരത്തിലേക്കുള്ള ആദ്യയാത്രയായത് കൊണ്ടൊ എന്തെന്നറിയില്ല അതിന്റെ ആഹ്ലാദത്തിൽ കുറേനേരം ഉറക്കമൊന്നും വന്നില്ല. രാവിലെ പതിവിലും വേഗം ആരും വിളിക്കാതെ തന്നെ ഉണരുകയും ചെയ്തു. ഒരുക്കങ്ങളെല്ലാം റെഡിയായി പുറത്തിറങ്ങാൻ നേരം ഉപ്പ ഒരു രൂപയെടുത്ത് എന്റെ കയ്യിൽ തന്നു. ഞാനത് സന്തോഷത്തോടെ വാങ്ങി കയ്യിൽ ചുരുട്ടിപ്പിടിച്ചു. പള്ളി മദ്രസ്സയിൽ നബിദിന ദിവസം മാത്രം സൈക്കിൾ വണ്ടിയിലെത്തുന്ന ഐസു കച്ചവടക്കാരനോട് പാലൈസ് വാങ്ങി തിന്നാറാണ് അന്നത്തെ പതിവ്. കാസറഗോട്ട് ഐസ്ക്രീം കടയുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ പോയി ഐസ്ക്രീം വാങ്ങാനുള്ള കൊതി എനിക്കുമുണ്ടായിരുന്നു. അവിടെയെത്തിയിട്ട് ആ ആവശ്യം പറയാമെന്ന് മനസ്സിലുറപ്പിച്ച് ഉമ്മയ്ക്കും ഉപ്പയ്ക്കും കൂടെ റോഡരികിലേക്ക് നടന്നു പോയി. അന്ന് ആ റോഡിലൂടെ ഒരു ബസ്സ് മാതമേ ഉണ്ടായിരുന്നുള്ളു. (ഉദയ,ഹബീബ്) ഇതിലേതോ ഒന്നാണെന്നാണോർമ്മ. ഞങ്ങളതിനെ🚃 ചോന്ന ബസ്സ് എന്നാണ് പറയാറ്. ബസ്സിൽ കയറി ചെമ്മൺ പാതയിലൂടെ പൊടി പറത്തിയും ആടിയുലഞ്ഞും ബസ്സ് ഓടിത്തുടങ്ങി. മുൻവശത്ത് ഉമ്മയോടൊപ്പം സീറ്റിലിരിക്കാൻ സ്ഥലമുണ്ടായിട്ടും ഡ്രൈവർക്കരികിലുള്ള എഞ്ചിൻ ബോക്സിൽ കയറിയിരിക്കാനായിരുന്നു എന്റെ മോഹം. ഞാനവിടെ അതിൽ കയ്യൂന്നിപ്പിടിച്ച് ആടിയുലഞ്ഞ് കുറേ നേരം നിന്നു. ഇടയ്ക്ക് ഡ്രൈവറെന്നെ നോക്കി ചിരിച്ചു. അതൊരനു വാദമായി എനിക്കു തോന്നി. അതോടെ ഞാൻ മെല്ലെ അതിൽ കയറിയിരുന്നു. അവിടെയിരുന്ന് ഞാൻ വാനോളം ഉയരുകയായിരുന്നു. ആ കാലയളവിൽ ബസ്സിൽ കയറിയാൽ അവിടെയൊന്ന് ഇരിക്കാൻ പല പ്രാവശ്യം ആഗ്രഹിച്ചതാണ്. പക്ഷെ ഉപ്പയ്ക്കൊപ്പമാവുമ്പോൾ അതിനവസരം കിട്ടിയിരുന്നില്ല. ഇന്ന് അത് സാധിച്ചിരിക്കുന്നു. ഞാനവിടെയിരുന്ന് ഡ്രൈവർ ഗിയർ മാറ്റുന്നതും വളയം തിരിക്കുന്നതും നോക്കി കൊതിതീർത്തു.
കാസറഗോടെത്തി എവിടെയോ ഇറങ്ങി. ഉമ്മയുടെ ബുർഖാതലപ്പ് പിടിച്ച് ഉപ്പയോടൊപ്പം കുറച്ച് നടന്നു. അവിടെ ഒരു ഓടിട്ട കെട്ടിടം "റാവുവിന്റെ🏠 ആശുപത്രി " ഞങ്ങളതിനകത്തേക്ക് പോയി. ഉമ്മുമ്മ ഒരുകണ്ണു മുഴുവൻ പരുത്തി കൊണ്ട് പൊതിഞ്ഞു കെട്ടി കട്ടിലിൽ കിടപ്പുണ്ട്. തൊട്ടപ്പുറത്ത് വേറെയും പല ആളുകളുമുണ്ട്. കുറച്ചു സമയം കഴിഞ്ഞ് ഉപ്പ നാട്ടിലേക്ക് തിരിച്ചു. ഞാൻ ആശുപത്രി വരാന്തയുമായി ഇണങ്ങിചേർന്ന് അങ്ങോട്ടുമിങ്ങോട്ടും കളിച്ചു നടക്കാൻ തുടങ്ങി. അപ്പോഴും എന്റെ ഒരു കൈ ആ ഒരു രൂപയെ ബലമായി ചുരുട്ടി പിടിച്ചു തന്നെയിരുന്നു. സമയം വൈകുന്നേരമാവാറായി. തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കുറേ ആളുകൾ കൂടിനിൽക്കുന്നുണ്ട്. അവർക്കിടയിൽ ഒരു സ്ത്രീ കരയുകയാണ്. ഞാൻ മെല്ലെ എത്തിനോക്കി ഒന്നും മനസ്സിലായില്ല. നേരെ ചെന്ന് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു. ഉമ്മയോടൊപ്പം ഞാൻ വീണ്ടും അവിടെ ചെന്നു. കൂടി നിന്ന ആളുകൾക്കിടയിലൂടെ ഉമ്മ മെല്ലെ അകത്തു കയറി. അവിടെ ഒരു പെൺകുട്ടി കട്ടിലിൽ കിടന്നു വേദന കൊണ്ട് പുളയുകയാണ്. ഒരു കൈ മുഴുവൻ വീങ്ങി ത്തടിച്ചിട്ടുണ്ട്. ശ്വാസം കിട്ടാത്ത രീതിയിലുള്ള വെപ്രാളവും അവൾ കാണിക്കുന്നുണ്ട്. അപ്പോഴേക്കും ഒരു ഡോക്ടറും നഴ്സും കൂടി വന്ന് എന്തൊക്കെയോ പരിശോധനകൾ നടത്തി കൊണ്ടിരുന്നു. അവരുടെ പരിശ്രമങ്ങളെ വിഫലമാക്കി കൊണ്ട് ആ പെൺകുട്ടി മരണത്തിനു കീഴടങ്ങി. ആ സ്ത്രീയുടെ കരച്ചിലിനു ശബ്ദം കൂടി വന്നു പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞ് രണ്ടുമൂന്ന് നഴ്സുമാർ ഞങ്ങളുടെ റൂമിലേക്ക് കയറി വന്നു. ഉമ്മ അവരോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. കുറെ നാളുകൾക്ക് മുമ്പ് എന്തോ കയ്യിൽ കടിച്ചതാണത്രെ. പണമില്ലാത്തത് കൊണ്ട് അപ്പോൾ ആശുപത്രിയിൽ കാണിച്ചില്ല. എന്തോ വിഷം തീണ്ടിയതാണെന്നു തോന്നുന്നു. വളരെ പാവങ്ങളാണ് ആരും സഹായിക്കാനില്ലാത്ത കുടുംബം. ഇപ്പോൾ മൃതശരീരം കൊണ്ടുപോവാൻ പോലും കാശില്ലെന്ന് പറയുന്നു. ഞങ്ങൾ കയ്യിലുള്ളതൊക്കെ സ്വരുക്കൂട്ടിയിട്ടും തികയുന്നില്ല. ആരെങ്കിലും സഹായിച്ചെങ്കിൽ നന്നായിരുന്നു. അവർ പറഞ്ഞു നിർത്തി. ഉമ്മ അത് കേട്ട് കയ്യിലുള്ള തൂവാല പ്പൊതി മെല്ലെ അഴിച്ചു. അതിൽ നിന്നും ഒരു നോട്ടെടുത്ത് അവർക്കു നേരെ നീട്ടി. അതു കണ്ട് അതുവരെ ചുരുട്ടിപ്പിടിച്ചിരുന്ന എന്റെ കൈ അവർക്കു നേരെ നീണ്ട് ഞാനറിയാതെ തുറന്നു പോയി. എന്റെ കുഞ്ഞു കൈ വെള്ളയിൽ നിന്നും ആ മാലാഖമാർ👩‍⚕️👩‍⚕️ ചിരിച്ചു കൊണ്ട് ആ ഒരു രൂപ വാങ്ങിയപ്പോൾ എന്റെ ശ്വസനനാളിയിലൂടെ ഐസ്ക്രീമിന്റെ🍧 പരിമളം എന്റെ മനസ്സിൽ കയറി എന്നെ വല്ലാതെ കൊതിപ്പിച്ചു കൊണ്ടെയിരുന്നു.😢
    ✍️അബൂബക്കർ ഗിരി

#കൊറോണ കാലകഥകൾ -1

#അവസ്ഥാന്തരം....

വാഹനങ്ങളുടെ ചീറി പാഞ്ഞു പോകുന്ന ശബ്ദം  ദിവസങ്ങളായി  കാട്ടിനകത്തേക്കു  കേൾക്കുന്നില്ല എന്താണ് സംഭവിച്ചത് എന്നറിയാനായി   "മൗഗ്ലി"  കാട്ടിൽ നിന്നും ഒന്നു   പുറത്തേക്കിറങ്ങി.

വാഹനങ്ങൾ ചീറി പാഞ്ഞിരുന്ന കറുത്ത പരവതാനി പോലുള്ള റോഡിൽ  ആരെയും കണ്ടില്ല... മൗഗ്ലി വലിയ വിശാലമായ ബസ്‌സ്റ്റേഷനിൽ കയറി നോക്കി . കുറച്ചു പട്ടികൾ മാത്രം വിശന്നു തളർന്നു  കിടന്നു ഉറങ്ങുന്നു.
അവിടെ നിന്നിറങ്ങിയ മൗഗ്ലി നഗരത്തിലെ  കൂറ്റൻ ബഹുമുഖ വ്യാപാരാ സമുച്ചയം ലക്ഷ്യ മാക്കി നടന്നു.   മൗഗ്ലിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല,  കവലയിലെ റോഡുകളിൽ  അങ്ങിങ്ങായി  വളർത്തു മൃഗങ്ങൾ ആരെയും  കൂസാതെ  നടന്നു നീങ്ങുന്നു.
മൗഗ്ലി വല്ലാത്ത ആശയകുഴപ്പത്തിൽ മുന്നോട്ട് നീങ്ങി
വ്യപാര സമുച്ഛയങ്ങൾ  അടഞ്ഞു  കിടക്കുന്നു. തൊട്ടടുത്ത  റെയിവേ സ്റ്റേഷനിൽ ആണെങ്കിൽ , പൂച്ച  കുഞ്ഞുങ്ങൾ  ഓടി കളിക്കുന്നു.    ഒറ്റ മനുഷ്യ കുഞ്ഞിനെ  പോലും  കാണാൻ ഇല്ല. യുദ്ധം  വന്നാൽ പോലും ചില കുലം കുത്തികൾ രക്ഷപെട്ടു നടക്കും....  എന്ന്  പണ്ട് കരടി മാമൻ പറഞ്ഞതായി ഓർക്കുന്നു.
അങ്ങനെ ചിന്താനിമഗ്നനായി നടന്നു  പോകവേ  മൗഗ്ലി  ഒരു പോലീസിനെ കണ്ടു,   മൗഗ്ലിക്ക് സംശയം ഇരട്ടിച്ചു..  ആരോടെന്നില്ലാതെ പറഞ്ഞു, വിജനമാം ഇവിടെ എന്തിനാ നിയമ പാലനം? മൗഗ്ലിയെ കണ്ടതും  അടുത്ത് വന്നു  അതിശയോക്തി യിൽ പോലീസ് ചോദിച്ചു
 ,"എവിടെക്കാ  മൗഗ്ലി " ?  "
ഒന്നു നാട് കാണാൻ ഇറങ്ങിയതാണ്" മൗഗ്ലിയുടെ മറുപടി.
പോലീസ്  ചിരിച്ചു കൊണ്ട്  പറഞ്ഞു,'
അയ്യോ പാടില്ല,  നാട്ടിലെ നിയമം അറിയില്ലേ?
എവിടെ ആണോ  താമസം അവിടെ  തന്നെ  തുടരുക, പുറത്തിറങ്ങിയാൽ കൊറോണ  പിടിക്കും.
അപ്പോൾ അവിടെ എത്തിയ വെള്ള മാലാഖ മൊഴിഞ്ഞു "എന്തായാലും മൗഗ്ലി ഇവിടെ വരെ വന്നതല്ലെ , നാട്ടിലെ  നിയമം പാലിക്കണം.  കൈകൾ സോപ്പ്  ഇട്ടു  കഴുകൂ  മാസ്ക് ധരിക്കൂ, എന്നിട്ടു തിരിച്ചു പോകൂ .ഇതു ഇടയ്ക്കിടയ്ക്ക്  ചെയ്യാൻ മറക്കരുത്. " കൈ കൂപ്പി അവർക്ക് അഭിവാദ്യങ്ങൾ നേരാതിരിക്കാൻ മൗഗ്ളി മറന്നില്ല.

മനുഷ്യർക്ക്‌  മനുഷ്യരെ തന്നെ പേടിച്ചു വീട്ടിനുള്ളിൽ കഴിയേണ്ട ഒരു അവസ്ഥാന്തരം  വന്നിരിക്കുന്നു."
മൗഗ്ലി സങ്കടത്തോടെ  പറഞ്ഞു. ..
വൈറസ് മനുഷ്യനകത്താണ്  ഉള്ളത്. അതു എത്രയും  പെട്ടെന്നു തുടച്ചു കളയാൻ മനുഷ്യൻ തന്നെ വിചാരിക്കണം. "ലോകസമസ്ഥ സുഖിനോ  ഭവന്തു". പ്രാർത്ഥനയോടെ  മൗഗ്ലി കാട്ടിലേക്കു  തിരിച്ചു   നടന്നു.

ശ്രീലേഖ ദിനേഷ്


ഉറുമ്പുകൾ

ചുമരിന്റെ ഏതോ കോണിൽ വെച്ച് പരസ്പരം കണ്ടു മുട്ടുന്ന കുറെ ഉറുമ്പുകൾ എന്റെ ഉറക്കം കെടുത്തുന്നു …
അവർ പറയുന്നതെന്ത് ? അവർ കൈ മാറുന്ന രഹസ്യമെന്ത് ? അവരുടെ ഭാഷയെന്ത് ?
ഓരോ പകലിലും ഞാനവരെ കണ്ടു, അവരുടെ മുഖങ്ങൾ ഒരു പോലായിരുന്നു…
പേരില്ലാ ഉറുമ്പുകൾ, എങ്കിലും ഞാനവർക്ക് പേരിടാൻ ശ്രമിച്ചു, കുഞ്ഞനുറുമ്പ്, പോന്നുറുമ്പ് ചോണോൻ ഉറുമ്പ്..
പേരിടാതെ മനുഷ്യനായ എനിക്ക് സമാധാനമുണ്ടാകില്ല…
ഞാൻ കാതോർത്തു അവരുടെ രഹസ്യം പറച്ചിലിന്…
അവ്യക്തമായി ഞാൻ എന്തൊക്ക കേട്ടു
ചിലപ്പോൾ പുറത്തെ ബഹളങ്ങളിൽ ഞാനും ഉറുമ്പുകളുടെ ഭാഷയും മുങ്ങി പോയി …
മറ്റു ചിലപ്പോൾ എന്റെ തന്നെ ചിന്തകൾ ഒച്ചപ്പാടുകളുണ്ടാക്കി…
ഇല്ല....എനിക്കൊരിക്കലും മനസിലാകില്ല, ഒരിക്കലും കേൾക്കാനാകില്ല, അവരുടെ ഭാഷ …
ഞാൻ മറ്റൊരു ലോകത്താണ്......ഉറുമ്പുകളുടെ ലോകത്തിൽ ഞാനില്ല,
അത് പേരില്ലാത്തവരുടെ ലോകമാണ്..
അവിടെ
മതമില്ല..
ജാതിയില്ല..
ദൈവമില്ല...
ഭാഷകളനേകമില്ല.
പേരുകളും ഭാഷകളും ദൈവങ്ങളും വേണമെന്നത് നമ്മൾ മനുഷ്യരുടെ ഒരു നിർബന്ധം മാത്രമാണല്ലോ !
ആക്രോശിക്കാൻ നൂറു കണക്കിന് ഭാഷകൾ ഉള്ള നമുക്ക് അവരുടെ മൃദുവായ ഭാഷ നമ്മുടെ പരിധിക്കും അപ്പുറത്താണ്…
ലിപിയില്ലാത്ത ഉറുമ്പുകളുടെ ഭാഷ നമ്മുടെ ഭാഷകളുടെ മുത്തച്ഛനാകാം ചിലപ്പോൾ  !

Suja Kanhangad
 അയിഷാബി,, കാസർഗോഡ് ആശുപത്രി നഴ്സ്.

Proud to be a kasaragodian ❤️..... ഇത് എെഷാബി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്നു ഇത്രയും ദിവസം അവരുടേ അനുഭവ കുറിപ്പാണ്
ആയിഷത്ത ഹൃദയം തൊട്ടൊരു സലൃൂട്ട്

ഇന്ന്  എന്റെ ഒന്നാം ഐസൊലേഷൻ  ദിവസം  ആണ്     ഇന്നലെ  വരെ  ഞാൻ  മറ്റേതോ  ലോകത്തു  ആയിരുന്നു ... എന്നെ തന്നെ മറന്നു  പോയ  നിമിഷങ്ങൾ  ആയിരുന്നു  കടന്നു  പോയത് .... ആദ്യം  കാസർഗോഡ്  ഹോസ്പിറ്റലിൽ  ഒരു  കൊറോണ  രോഗി  നിരീക്ഷണത്തിൽ  വന്ന  ദിവസം  തന്നെ  പേ  വാർഡിൽ  നിന്നും  ആളുകളെ  മാറ്റി  ഐസൊലേഷൻ  വാർഡ്  ആക്കി  മാറ്റി ... പിന്നെ  അവർ  3 പേര്  ആയി .. മൂന്നു പേരും  നെഗറ്റീവ്  ആണെന്ന്  അറിഞ്ഞതോടെ  ഡിസ്ചാർജ്  ആയിപോയി ... അപ്പോഴും  ഞങ്ങൾ  ആരും  പ്രതീക്ഷിച്ചില്ല  ഇനി  ഈ ഹോസ്പിറ്റലിൽ  മൊത്തം  കൊറോണ  രോഗികൾ  ആയിരിക്കും  എന്ന് ... 
അമീർ  എന്ന  ഏരിയാൽ  ഉള്ള  ആൾ  വന്ന  ശേഷം  ആണ്  ഐസൊലേഷൻ  വാർഡിൽ  ഡ്യൂട്ടി  ഇട്ടത് ... ആദ്യം  ഒന്ന്  പകച്ചുപോയി .. വഹട്സപ്പിലും പത്രത്തിലും ഒക്കെ അയാളുടെ  ധികാര  കഥകൾ  വർണിച്ചു jആഘോഷിക്കുന്ന  സമയം.. എന്റെ  മനസ്സിൽ  വല്ലാത്ത  ഭയം  ആയിരുന്നു ..... അയാൾ  വല്ലതും  ചെയ്താലോ..... അപ്പോൾ  വേറെ  8 രോഗികൾ  കൂടി  എട്ടു  റൂമിൽ  ആയി  അവിടെ ഉണ്ട്... രാവിലെ  8 മണിക്കാണ് ഡ്യൂട്ടി  ഇട്ടത് .. രാത്രി  തിരിഞ്ഞും  മറിഞ്ഞും  കിടന്നിട്ടും  ഉറക്കം  വന്നില്ല  .. ലോകത്തിൽ ഉള്ള  എല്ലാ  പ്രവാസികളെയും  ശപിച്ചു ...
പുലർച്ച  4മണിക്ക്  എഴുന്നേറ്റു    ഭക്ഷണം  ഒന്നും  കഴിക്കാൻ  തോന്നിയില്ല... തൂക്കുമരത്തിലേക്ക്  പോകുന്ന  ഒരാൾക്ക്  ഉണ്ടാകുന്ന  ഭയം ... ഇനി  ഒരിക്കലും  എനിക്കെന്റെ  മക്കളെ  കാണാൻ  പറ്റില്ലേ  എന്ന  തോന്നൽ ...  മക്കളോടും  ഐസൊലേഷൻ  വാർഡിൽ  ആണെന്ന്  പറഞ്ഞില്ല ... 
PPE എന്ന  ഡ്രസ്സ്  അതുവരെ ഉപയോഗിച്ചിട്ടില്ല ...നിപ്പ യുടെ സമയം  ഇടയ്ക്കിടെ അതു  ധരിക്കുന്നതിനെ  കുറിച്ച്  ട്രെയിനിങ്  കിട്ടിയിരുന്നു ... ആദ്യം  വലതു  കാൽ  വെച്ചു  പേ  വാർഡിനകത്ത്  കയറി ... അവിടെ  വാതിലിനു  അടുത്ത്  തന്നെയാണ്  ഡ്യൂട്ടി  room... തൊട്ടപ്പുറം  ഒരു  റൂമിൽ PPE  ഡ്രസ്സ്  അടുക്കി  വെച്ചിട്ടുണ്ട്..ശരീരത്തിന്  ആകെ  ഒരു  വിറയൽ  .. കാൽ  ഒന്നും  നിലത്തു ഉറക്കുന്നില്ല.... ദാഹിക്കുന്ന  പോലെ  തോന്നി    . ഒരു  കുപ്പി  വെള്ളം  ഒറ്റയടിക്ക്  വലിച്ചു  കുടിക്കാനുള്ള  ദാഹം ... പാടില്ല ... കുടിച്ചാൽ  ബാത്‌റൂമിൽ പോകാൻ  തോന്നും ... PPE ഇട്ടാൽ  പിന്നെ  അതു  ഊരി മാറ്റി  കുളിച്ചു മാത്രമേ വെള്ളം  കുടിയും  ബാത്ത് റൂമിൽ  പോക്കും  ഒക്കെ  നടക്കൂ.. 
ആദ്യം  PPE കയ്യിൽ  എടുത്ത്  കവർ  പൊട്ടിച്ചു     അതിനകത്തു  നീളം  കൂടിയ  ഒരു  ഉടുപ്പ് ... ഒരു  ജോഡി  ഗ്ലൗസ്.  മാസ്ക്   കണ്ണട ,  ഷൂ  കവർ  എന്നിവ ... ആദ്യം  നന്നായി  ഹാൻഡ്  വാഷ്  ഇട്ടു  കൈ  കഴുകി ,  പിന്നെ  ഹാൻഡ്  റബ്ബ്  ഇട്ടു  കൈ  ഒന്നുകൂടി  വാഷ്  ചെയിതു .. ppe യിലെ  ഒരു  ജോഡി  ഗ്ലൗസ്  കയ്യിൽ  ധരിച്ചു .. എന്നിട്ട്  വീണ്ടും  ഹാൻഡ്  റബ്ബ്  ചെയിതു ..പേപ്പർ  സെല്ലോ   ടാപ്  വെച്ചു  ഗ്ലൗസ്  ഒന്നുകൂടി  മുറുക്കി .... പിന്നെ  ഒരു  കസേരയിൽ  ഇരുന്നു  പ്ലാസ്റ്റിക്ക്  കാലുറ ചെരുപ്പിന്റെ  മുകളിൽ  ഇട്ടു ... നീളൻ  ഉടുപ്പിന്റെ സിബ്ബ്  തുറന്നു  ചുരുട്ടി  പിടിച്ചു  രണ്ടു  കാലും  അതിനകത്തു  കയറ്റി  ശേഷം  രണ്ടു  കയ്യും ഉടുപ്പിനുളളിൽ കയറ്റി സിബ്ബ്  അടച്ചു  വെച്ചു ... വീണ്ടും  ഹാൻഡ്റബ്ബ്  ചെയിതു  സാധാരണ  മാസ്ക്  രണ്ടെണ്ണം  മൂക്കിന്  മുകളിൽ  കെട്ടിവെച്ചു .. എന്നിട്ട്  PPE യിലെ  N95 mask  ധരിച്ചു ... നീളൻ  കുപ്പായം  തലയിലേക്ക്  വലിച്ചു  കേറ്റി ... ഗൂഗിൾ  വെച്ചു ... പിന്നെ  കണ്ണാടിയിൽ  നോക്കി ശരീരഭാഗം  എവിടെയെങ്കിലും  പുറത്തു  കാണുന്നുണ്ടോ  എന്ന്  ഒന്നുകൂടി  ഉറപ്പ്  വരുത്തി ... കാണുന്ന  ഭാഗം  പേപ്പർ  സെല്ലോ  ടാപ്  വെച്ചു ഒട്ടിച്ചു .. വീണ്ടും  നീളൻ  കുപ്പായത്തിന്റെ  കയ്യുടെ  അറ്റത്തു  ഉടുപ്പ്  ചേർത്ത്  വെച്ചു  വീണ്ടും  രണ്ടു  ഗ്ലൗസ് .. അതും  ഒട്ടിച്ചു  വെച്ചു  .  എന്റെ പവർ  ഗ്ലാസ്സുള്ള  കണ്ണടയുടെ  മുകളിൽ  കൂടി  വേറൊരു  പ്ലാസ്റ്റിക്ക്  കണ്ണട   വെച്ചതോടെ പിന്നെ ഒന്നും  കാണാത്ത  പോലെ  ആയി ... ആകെ മങ്ങൽ ... വെള്ളം  കുടിക്കാൻ തോന്നി ... വിയർക്കാൻ  തുടങ്ങി .... .. ഹൈ  സ്പീഡിൽ  കറങ്ങുന്ന  ഫാൻ  വരെ എന്റെ അവസ്‌ഥ  കണ്ടു  കരഞ്ഞു  പോയിട്ടുണ്ടാകും ... ആ റൂമിൽ  നിന്നും ഇറങ്ങി ... ഇനി  എവിടെയും  തൊടാൻ  പാടില്ല ... വിയർത്തു  വിയർത്തു  മാസ്കിൽ  നിന്നും  വെള്ളം  താഴേക്ക്  ഒഴുകാൻ  തുടങ്ങി  .. വസ്ത്രം  ദേഹത്തു  ഒട്ടിപിടിക്കാൻ  തുടങ്ങി ... ഇത്  ഊരി  എറിഞ്ഞു  ഓടാൻ  തോന്നി ... പിന്നെ നേരെ  രോഗിയുടെ  അടുത്തേക്ക്....  അമീറിന്റെ  റൂമിൽ  ആണ്  ആദ്യം  കയറിയത് ....  അമീർ  വല്ലതും  ചെയ്താലോ ... ഹൃദയം  പടപാടാ   മിടിക്കുന്നു ..  അമീർ മാസ്ക്  കെട്ടി    പുറം  തിരിഞ്ഞു  കൊണ്ട്  സിസ്റ്ററെ  എനിക്ക്  ഒരു  ഗ്ലാസ്  കട്ടൻ  ചായ  കൊണ്ട്  തരുമോ  എന്ന്  വളരെ ദയനീയമായി   ചോദിച്ചപ്പോൾ   അയാളെ  കുറിച്ചുള്ള  എല്ലാ മുൻവിധി യും മാറ്റി  ഞാൻ   കട്ടൻ  ചായ  ക്യാന്റീനിൽ  വിളിച്ചു  പറഞ്ഞു  എത്തിച്ചു  കൊടുത്തു ..ഒന്നുരണ്ടു    പ്രാവശ്യം  വീട്ടിൽ  നിന്നും  കട്ടൻ   ചായ  ഉണ്ടാക്കി    ഫ്ലാസ്ക്കിൽ ഒഴിച്ച്  കൊണ്ട്  കൊടുത്തു താങ്ക്സ്  സിസ്റ്ററെ ... കുറച്ചു  മാറി  നിന്നോ  ഞാൻ  കാരണം  ഒരാൾക്കും  രോഗം  വരാൻ  പാടില്ല ..    ബ്ലീച്ചിങ്  വെള്ളം  കലക്കി  വെച്ചു ബാത്ത്  റൂമിൽ  ഒഴിച്ച്  കഴുകി  കൊടുത്തപ്പോൾ  വേണ്ട  സിസ്റ്ററെ  ഞാൻ  ചെയ്‌തോളാം .... . ഇടിയപ്പവും  കറിയും   കൊണ്ടുകൊടുത്തപ്പോൾ സന്തോഷത്തോടെ  വാങ്ങി...  പാല്  വേണ്ട ... പഴം  പൊരി  വേണ്ട... 11 മണിക്ക്  കൊടുക്കുന്ന  lassy  ജ്യൂസും  വേണ്ട .....ഞാൻ  ഓരോന്ന്  ചോദിച്ചു  അടുത്ത്  നിന്നപ്പോൾ  ഭയങ്കര  സന്തോഷമായി ... സിസ്റ്റർക്ക്  പേടിയൊന്നും  ഇല്ലേ ആരും  മിണ്ടാൻ   വരാറില്ല...എല്ലാവരും  കുറ്റപ്പെടുത്തി ..ഒറ്റപെടുത്തിയപ്പോൾ  സിസ്റ്റർക്ക്  മാത്രം  എന്തെ പേടിയില്ലാത്തത്... ഒറ്റപെട്ടു  പോകുന്ന മനുഷ്യരുടെ വേദന  എനിക്കറിയാം  അത്കൊണ്ട് അമീർ  പേടിക്കേണ്ട ...എന്നും  ഞങ്ങൾ എല്ലാവരും  കൂടെ ഉണ്ടാകും ... എന്ത്  ആവശ്യമുണ്ടെങ്കിലും  പറയാം  അതോടെ അമീർ  ഹാപ്പി  ആയി  ഞാനും  ഹാപ്പി  ആയി ..... പേര്  പറ  സിസ്റ്ററെ  എന്ന്  പറയും .. ഞാൻ  അവസാന  ദിവസം  ആണ്  പേര്  പറഞ്ഞത്
     തൊട്ടപ്പുറത്തെ  റൂമിൽ  ഉള്ളആൾക്ക്  എന്നും  പരാതി  മാത്രമേ  ഉള്ളൂ... ബെഡ്  ഷീറ്റ്  വേണം  സോപ്പ്  പൊടി വേണം  പഞ്ചസാര  വേണം .. എല്ലാം  എത്തിച്ചു  കൊടുക്കും.. അതോടെ അവനും  എന്നെ  വലിയ  കാര്യമായി ... ഓരോ  സങ്കടങ്ങളും  പറയും  ഉമ്മയുടെ ഉമ്മ  മരിച്ചു  ഗൾഫിൽ  നിന്നും  വന്ന  പിറ്റേന്ന്  അവിടെ പോയ് .. 6 പേർക്ക്  കൂടി  രോഗം  ഉണ്ടാക്കി കൊടുത്ത  മഹാ പാപി  യായി  പോയ് ... ഞാൻ സമാധാനിപ്പിക്കും  സാരമില്ല  രോഗം  എല്ലാവര്ക്കും  വരും .. ഇനി  ഒന്നിനെ  പറ്റിയും  ദുഖിച്ചിട്ട് കാര്യമില്ല   . അവനു  സന്തോഷം  ആകും . ചേച്ചി  എന്നു  മാത്രമേ വിളിക്കൂ ... ചേച്ചിക്കു  ഡ്യൂട്ടി  തീരുന്നതിനു  മുമ്പ്  ഹോസ്പിറ്റലിൽ  നിന്നും  പോകാൻ  പറ്റുമോ  എന്ന്  ചോദിക്കും  അവൻ  ഇന്നലെ   ഡിസ്ചാർജ്  ആയി ... ഒരു  പാട്  കരഞ്ഞു .... നിങ്ങളൊക്കെ  ദൈവം  ആണോ  എന്നൊക്ക   ചോദിച്ചു .... 
തൊട്ടപ്പുറത്തെ  റൂമിൽ  ഉണ്ടായ  ഗഫൂർ.... ഞാൻ  ഇച്ചാ  എന്ന്  വിളിച്ചാൽ  മോളെ എന്ന്  വിളി  കേൾക്കും  . വൃത്തിയുടെ  കാര്യത്തിൽ  ഗഫൂർച്ചാനെ  തോല്പിക്കാൻ  വേറെ  ആരും  ഉണ്ടാവില്ല .. ഒരു  ദിവസം  3 പ്രാവശ്യം  ബെഡ്  ഷീറ്റ്  മാറ്റണം .... ബ്ലീച്ചിങ്  പൌഡർ  ഇടയ്ക്കിടെ എടുത്ത്  ബാത്ത് റൂമിൽ  ഇടും ... എന്നിട്ട്  ബ്ലീച്ചിങ്  പൌഡർ  വേണം  എന്നു  പറയും .. ഇച്ച  എന്താ  ഈ ബ്ലീച്ചിങ്  പൌഡർ  തിന്നുകയാണോ  എന്ന്  ചോദിച്ചാൽ  പറയും  അണുക്കൾ  ചാവട്ടെ  എന്ന് ...
തൊട്ടപ്പുറത്തെ  റൂമിൽ  ഉള്ള  അബ്ദുള്ള  ആദ്യമൊന്നും  മിണ്ടില്ല .. പുറംതിരിഞ്ഞു  കിടക്കും ... ഒരു  mindum  ഇല്ല ... ഞാൻ  വിളിച്ചോണ്ടിരിക്കും ...പിന്നെ  പിന്നെ  മിണ്ടാൻ  തുടങ്ങി  സംസാരിക്കാൻ  തുടങ്ങി  ഓരോ  സങ്കടങ്ങൾ പറയാൻ  തുടങ്ങി ...കുടുംബം  പോറ്റാൻ  ഗൾഫിൽ  പോയത് ... സഹോദരിമാരെ  കെട്ടിച്ചു  വിടാൻ  അറബിയുടെ  മക്കളുടെ എച്ചിൽ പാത്രം  വരെ  കഴുകിയത് ... ഇപ്പോൾ  രോഗം  വന്നു .. ആർക്കും  വേണ്ട ... എല്ലാവരും  നികൃഷ്ട  ജീവിയെ പോലെ  നോക്കുന്നു .... സമാധാനിപ്പിക്കാൻ  ഒരുപാട്  ബുദ്ദിമുട്ടി .. അടുത്ത് പോയ്  പുറം  തടവി  കൊടുത്തു  ആശ്വസിപ്പിക്കാൻ  ഒക്കെ തോന്നി ... പക്ഷെ  പാടില്ല ... രോഗിയിൽ  നിന്നും  അകലം  പാലിച്ചല്ലെ  പറ്റൂ ... നാളെ ബറാ അ ത്തു ആണ്  മോളെ  എനിക്ക് നോമ്പ്  നോക്കണം   അതിനു  പറ്റില്ലേ എന്ന്  വളരെ സങ്കടത്തോടെ  പറഞ്ഞപ്പോൾ .... നോക്കി കോളൂ അതിനെന്താ  കുഴപ്പം  എന്ന്  പറഞ്ഞപ്പോൾ  മുഖത്തു  ഉണ്ടായ  സന്തോഷം... പിറ്റേന്ന്  നോമ്പ്  തുറക്കാനുള്ള  ഈത്തപ്പഴം  കൊണ്ട്  കൊടുത്തു  ...
തൊട്ടടുത്ത റൂമിൽ  ഉള്ള  ഭാര്യയും  ഭർത്താവും ...ഭർത്താവ്  ഒരു പാവം ഭാര്യ  ഓരോ  കാര്യത്തിനും  ഭർത്താവിനെ കുറ്റപ്പെടുത്തി  കൊണ്ടിരിക്കും ...ഇങ്ങനെയാണെങ്കിൽ  രണ്ടാളെയും cരണ്ടു  റൂമിൽ  ആക്കും  എന്ന് പറഞ്ഞപ്പോൾ ഓറേ  പിരിഞ്ഞിരിക്കാൻ  പറ്റില്ല എന്ന്   ഭാര്യ ... അവർ  കോൺടാക്ട്  വഴി  രോഗം  വന്നവർ  ആണ്  .. അവസാന  ദിവസം  ഞാൻ  യാത്ര  ചോതിച്ചപ്പോൾ  രണ്ടാളും  കൂടി  അവിടെ ഉണ്ടായ  ആപ്പിളും  മുന്തിരി യും  ഒക്കെ  പൊതിഞ്ഞു  കെട്ടി  എനിക്ക്  തന്നു    ഞാൻ  വാങ്ങിയില്ല  .. എനിക്ക്  വാങ്ങാൻ  പറ്റില്ലഎന്ന്  പറഞ്ഞപ്പോൾ  സുഖമില്ലാത്ത  കാര്യം  മറന്നുപോയി  എന്ന്  പറഞ്ഞു  കരഞ്ഞു ... എനിക്ക് സങ്കടം  വന്നുപോയി

ആദ്യമൊക്കെ  5 മണിക്കൂർ  ആയിരുന്നു  ഡ്യൂട്ടി  ... piന്നെ അതു  4 മണിക്കൂർ  ആക്കി  ഈ 5 മണിക്കൂർ  ppe ഡ്രെസ്സിൽ  കഴിച്ചു കൂട്ടിയ ഓര്മ  വരുമ്പോൾ  തന്നെ എനിക്കിപ്പോൾ  വിയർക്കാൻ  തുടങ്ങുന്നു .. ആ  ഡ്രസ്സ്  ഊരി  മാറ്റാൻ  ഒരു room  വേറെ  ഉണ്ട് .   അവിടെ മഞ്ഞ  കവർ  വെച്ച  ബക്കെറ്റ്  ഉണ്ട് ... ആദ്യം ഒരു  ഗ്ലൗസ്  ഊരി  ഹാൻഡ് റബ്ബ്  ചെയ്യുന്നു ... അതിനു  ശേഷം  ppe ഗൂഗിൾ  ഊരി  മാറ്റുന്നു  .. വീണ്ടും  ഹാൻഡ്  റബ്ബ്  ചെയ്യുന്നു ... തലയിലെ  നീളൻ  കുപ്പായത്തോടു  കൂടിയുള്ള  തൊപ്പി  ഉള്ളിൽ  കയ്യിട്ട്  താഴേക്ക് വലിക്കുന്നു .. പിന്നെ ഡ്രെസ്സിന്റെ പുറം  ഭാഗം  എവിടെയും  സ്പർശിക്കാൻ പാടില്ല....ppe. ഡ്രെസ്സിന്റെ ഉള്ളിൽ  കൈ  ഇട്ടു  കൊണ്ട്  തന്നെ  ഒരു കൈ  ഊരി  മാറ്റി  ഉൾവശം  പുറത്തു  വരാവുന്ന  രീതിയിൽ  പതുക്കെ  പതുക്കെ  മറ്റേ  കയ്യും  ഊരി ചുരുട്ടി  കാലും  ഊരി  മാറ്റുന്നു ... പുറം  ഭാഗം  മൊത്തം  ഉള്ളിൽ  വരുന്ന cരീതിയിൽ  ചുരുട്ടി  മഞ്ഞ  കവറിൽ  ഇടുന്നു ...  കാലിന്റെ പ്ലാസ്റ്റിക്  ഷൂ   പുറം  വശം  ഉള്ളിൽ  വരുന്ന  രീതിയിൽ ഊരി  മഞ്ഞക്കവറിൽ ഇടണം   പിന്നെ ഒരു  ഗ്ലൗസ് കൂടി  അഴിച്ചുമാറ്റി  ഹാൻഡ്  റബ്ബ്  ചെയിത  ശേഷം   covid  മാസ്ക്  ഊരി  മാറ്റി  മഞ്ഞ  കവറിൽ  ഇടുന്നു ... ഹാൻഡ് റബ്ബ്  ചെയിതു  നന്നായി  കവർ  കെട്ടി  വെച്ചു  മറ്റേ  രണ്ടു  മാസ്കും  ഊരി  തൊട്ടപ്പുറത്തുള്ള  മഞ്ഞ  കവറിൽ  ഇടുന്നു ... ഹാൻഡ്  റബ്ബ്  ചെയിതു  അവസാന  ഗ്ലൗസും  ഊരി  തൊട്ടപ്പുറത്തെ റൂമിൽ  പോയ്  കുളിച്ചു ഉപയോഗിച്ച  ഡ്രസ്സ്  ബ്ലീച്ചിങ്  വെള്ളത്തിൽ  ഇട്ടു   അര  മണിക്കൂർ കഴിഞ്ഞു അലക്കി  എടുക്കണം .. ചെരുപ്പ്  ബ്ലീച്ചിങ്  വെള്ളത്തിൽ  അര  മണിക്കൂർ  മുക്കി  വെക്കണം...പിന്നെ അവിടെ നില്ക്കാൻ  പാടില്ല ... വേറെ  ഡ്രസ്സ്  ഇട്ടു  മാസ്ക്  ഇട്ടു പുറത്തിറങ്ങണം .. എന്തൊരു  ആശ്വാസം ..കൊറോണ ഡ്യൂട്ടി  എടുക്കുന്ന . സ്റ്റാഫിന് ഭക്ഷണം  ഫ്രീ  ആണ്...  രോഗികൾക്ക്  വേണ്ടി ക്യാന്റീനിൽ  തന്നെയാണ് ഭക്ഷണം .... മീൻ  കിട്ടാത്ത  ഈ സമയത്തു പോലും തോണിയിൽ പിടിക്കുന്ന ചെറിയ മീൻ  അവിടെ കിട്ടാറുണ്ട് ... അല്ലാത്ത  ദിവസം  ഉണക്ക മീൻ  ഉണ്ടാകും ...സാമ്പാർ  പുളിശ്ശേരി   അച്ചാർ  പപ്പടം  തോരൻ  ഒക്കെ  അടങ്ങിയതാണ് ഭക്ഷണം ... വൈകുന്നേരം  പഴം പൊരി  ചായ ...രാത്രി  ചിക്കെൻ  കറി   ചപ്പാത്തി  ചോറ് ...രോഗി കൾ  അവശ്യ പെടുന്ന  ഭക്ഷണം  നേരത്ത  ചോദിച്ചു  മനസ്സിലാക്കി  ഉണ്ടാക്കി  കൊടുക്കുന്നു    ഇടയ്ക്കിടെ ബിരിയാണി ...
കടപ്പാട് :നമ്മുടെ കാസറഗോഡ്
Happy vishu ❤️

ശരത് കായക്കുളം

 മുന്ന അരീക്കാടി


കളർപെൻസിലുകൊണ്ട് ഒന്ന് പൊടി പാറ്റിയത് ...പാങ്ങായാൽ  ഒരു ചെറ്യേ ലൈക്ക് 🙄🙄   അനിൽ സീ ആ൪
🔰🔰🔰🔰🔰🔰🔰

ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (ഇരുപതാം ഭാഗം) വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ
(തുടരുന്നു)

♓♓♓♓♓
വടക്കൻ മലയാളം
(അധ്യായം: പതിനാല്)
വാങ്മയത്തിലെ കേരളീയ ഭാവങ്ങൾ  ( തുടരുന്നു)

പറ്റുക - പറ്റിക്കുക
മാനകമലയാളത്തിൽ പറ്റിക്കുകയെന്നത് ഒരു തരം വഞ്ചനയാണ്. പറ്റുക യ്ക്ക് പിൽക്കാലത്ത് ഉണ്ടായ ഒരു അ൪ഥമാണ് അമളി, അക്കിടി,തെറ്റ് തുടങ്ങിയവ പറ്റുകയെന്നത്. പറ്റുകയുടെ സക൪മകരൂപം ( പറ്റിക്കുക) മൊത്തത്തിൽ പ്രതിനിധാനം ചെയ്യുന്നത് ഈ അ൪ഥത്തെ മാത്രമാണ്. ഒട്ടുക, ഇണങ്ങുക തുടങ്ങിയ അ൪ഥങ്ങളാണ് വടക്കൻ മലയാളത്തിൽ പറ്റുകയ്ക്കുള്ളത്. പറ്റിക്കുക എന്നാൽ അതിന്റെ സക൪മകരൂപമായ ഒട്ടിക്കുകയെന്ന൪ഥം.
2) തെക്കൻ മലയാളത്തിലും മാനകമലയാളത്തിലും നിലനിൽക്കുന്ന പദങ്ങളുടെ ധാതുക്കളിൽ നിന്നുതന്നെ നിഷ്പന്നമായതും എന്നാൽ തെക്കൻ മലയാളത്തിൽ ഉപയോഗിക്കാത്തതും തികച്ചും വ്യത്യസ്തവുമായ
രൂപങ്ങളുപയോഗിക്കുക.
മാനക മലയാളത്തിൽ തന്നെ ഉപയോഗിക്കുന്ന ധാതുക്കൾക്ക് മാനകമലയാളത്തിലെ രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപങ്ങളുണ്ടാകുകയെന്നത് വടക്കൻ മലയാളത്തിന്റെ പ്രത്യേകതയാണ്. മാനകമലയാളത്തിൽ ഉപയോഗിക്കുന്ന ധാതുവിൽ നിന്നു തന്നെ വ്യത്യസ്തമായ ക്രിയാരൂപങ്ങൾ, നാമങ്ങൾ, നാമവിശേഷണങ്ങൾ, ക്രിയാവിശേഷണങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ വടക്കൻ മലയാളത്തിലുണ്ടാവുന്നു.
1) ക്രിയകൾ
കീയുക
വടക്കൻ മലയാളത്തിന്റെ സ്വത്വഭാവങ്ങളിൽ തന്നെ ഒന്നായി കണക്കാക്കാവുന്നതാണ് 'കീയുക' എന്ന പ്രയോഗം. കോഴിക്കോട് ജില്ലയിലെ വടകര മുതൽ കാസർഗോഡ് ജില്ലയുടെ വടക്കേ അറ്റം വരെ ഈ ക്രിയാപദം ഉപയോഗത്തിലുണ്ട്. 'കീഴ്' എന്ന ശുദ്ധമായ ദ്രാവിഡ ധാതുവിൽ നിന്നുണ്ടായ ഇതുമായി ബന്ധപ്പെട്ട മറ്റു രൂപങ്ങൾ കേരളത്തിൽ മുഴുവനും തമിഴ്നാട്ടിലും ഉപയോഗത്തിലുണ്ട്. മാനകമലയാളത്തിലും തെക്കൻ മലയാളത്തിലും ഉപയോഗിക്കുന്ന 'കീഴെ'യുടെ അ൪ഥം താഴെ എന്നാണ്. 'ഇറങ്ങ്' എന്ന൪ഥത്തിൽ വടക്കൻ കേരളത്തിൽ 'കീ' എന്നുപയോഗിക്കുന്നു. ഭാവികാലത്തിൽ ' കീയും' എന്നും ഭൂതകാലത്തിൽ  'കീഞ്ഞു' എന്നും ഉപയോഗിക്കുന്നു. നാമരൂപം 'കീച്ചം' ചെങ്കുത്തായ ഇറക്കത്തിന്നു കാസർഗോഡ് ജില്ലയിൽ ഉപയോഗിക്കുന്നു. ' കീച്ചത്തിൽ ജാറു' മെന്ന് കാസർകോട്ടുകാരൻ പറഞ്ഞാൽ 'ഇറക്കത്തിൽ വഴുതു'മെന്നാണ൪ഥം. കീയുക എന്ന രൂപത്തിന്റെ കാസർഗോഡ് ജില്ലയിലെ സക൪മകരൂപം 'കീക്കുക' എന്നാണ്. ഇറക്കുക എന്ന൪ഥം.
ചാടുക
മാനകമലയാളത്തിൽ to jump എന്ന൪ഥത്തിലുള്ള ഒരു അക൪മക ക്രിയ. വടക്കൻ മലയാളത്തിൽ എറിയുക, കളയുക എന്ന൪ഥത്തിലുള്ള ഒരു സക൪മകക്രിയയാണിത്.
തല്ലുക - തച്ചു - തയ്ചു
തല്ലുക എന്നതിന്റെ ഭൂതകാലരൂപം മാനകമലയാളത്തിൽ തല്ലി എന്നാണ്. എന്നാൽ വടക്കൻ മലയാളത്തിൽ അത് തച്ചു എന്നാണ്. വടക്കൻ കേരളത്തിൽ തന്നെ ചില പ്രദേശങ്ങളിലും ചില സമുദായങ്ങളിലും ഇതിന്റെ ഉച്ചാരണം തയ്ച്ചു എന്നാണ്. മാനകമലയാളത്തിൽ തയ്ച്ചു എന്നത് (വസ്ത്രം) തയ്ക്കുക എന്ന൪ഥത്തിലുപയോഗിക്കുന്ന പദവും.
തട്ടുക
തട്ടുകഎന്ന പദത്തിന് മാനകമലയാളത്തിൽ മുട്ടുക,മോഷ്ടിക്കുക, ആൾക്കാരെയും മറ്റും തട്ടിക്കൊണ്ടു പോവുക എന്നൊക്കെയാണ് അ൪ഥം. കൂടാതെ കൊല്ലുക എന്ന അ൪ഥവും ഇപ്പോൾ വന്നുചേർന്നിട്ടുണ്ട്. ഈ പദത്തിന്റെ വടക്കൻ മലയാളത്തിലെ അ൪ഥം കുഞ്ഞുങ്ങളെ ഒക്കത്തിരുത്തുക എന്നുള്ളതാണ്.

🍀🔥🔥🍀🔥🔥🍀🔥

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്പ്രസിദ്ധീകരിച്ചഡോ: പി. എം. അബൂബക്കർഎഴുതിയവടക്കൻ മലയാളംഎന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്. പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏


🍀🔥🔥🍀🔥🔥🍀🔥