18-03-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം 🔹 കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന്🔅🔅🔅 ഷറഫ് എസ്എംകെ കാസർകോട് എഴുതിയ മാർച്ച് മാസത്തിലെ യാത്ര, ജയരാജൻ ജയന്റെ ഫോട്ടോ കാഞ്ഞങ്ങാട് ബീച്ച്, ചക്ക ഭക്ഷ്യസുരക്ഷയുടെ താക്കോൽ വിഷ്ണുദാസ് ഷേണായി യുടെ കുറിപ്പ്, സുജ കാഞ്ഞങ്ങാട് എഴുതിയ കവിത, പുനർജ്ജനി ലിൻസയുടെ കഥ, ശരത്കുമാ൪ പെരുമ്പള തയ്യാറാക്കിയ കുറിപ്പ്
🙏🙏🙏🙏🙏
✳✳✳
♣♣♣♣♣
#മാർച്ച്‌മാസത്തിലെയാത്ര_2020
മാർച്ച്‌ മാസത്തിലെ ലീവ് അടുത്തപ്പോൾ ആയിരക്കണക്കിന് രൂപയുടെ കടങ്ങൾ എന്നെ നോക്കി കളിയാക്കി. " ഇത്തവണ നീ എന്ത് ചെയ്യും". 
എവിടെയും പോവണ്ട എന്ന് തീരുമാനിച്ച എനിക്ക് പിന്നെ ഒരു വാശിയായി. എങ്ങോട്ടെങ്കിലും പോയെ പറ്റു🤨🤨.
ഒരു പ്ലാനും ഇല്ലാതെ പുറപ്പെടുക. എവിടെഎങ്കിലും പോവുക. തിരിച്ചു വരിക.
മാർച്ച്‌ മാസം ആദ്യ വാരം വെള്ളിയാഴ്ച ലീവ് ആയി. കോളേജിൽ മാഷ് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തെ കാര്യങ്ങൾ ഏൽപിച്ചു വ്യാഴം സന്ധ്യക്കുള്ള മാവേലി എക്സ്പ്രസ്സ്‌  ട്രെയിനിൽ കൊല്ലം ജില്ലയിലേക്കുള്ള ടിക്കറ്റ് എടുത്തു.
15 മിനിറ്റ് വൈകി മാവേലി എക്സ്പ്രസ്സ്‌ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ ചൂളമടിച്ചു നിന്നു.
വലിയ തിരക്ക് ഇല്ല. ഇരിക്കാൻ സീറ്റ്‌ കിട്ടി.മൊബൈലിൽ ഇന്റർനെറ്റ്‌ പാക്കേജ് റീചാർജ് ചെയ്യാത്തതിനാൽ മൊബൈൽ പോക്കറ്റിൽ തന്നെ ഇരുന്നു. (ബോറടിക്കുമ്പോൾ കേൾക്കാൻ വേണ്ടി റെയിൽവേ വൈഫൈ യിൽ കുറച്ചു പാട്ടുകൾ ഡൌൺലോഡ് ചെയ്ത് വെച്ചിരുന്നു).
സാധാരണ ട്രെയിനിൽ കയറിയാൽ ഇന്റർനെറ്റ്‌  ലോകത്തേക്ക് ഇറങ്ങി അവിടെ നീന്തി തുടിക്കാറാണ് പതിവ്. ഇപ്പോൾ അതില്ലാത്തതിനാൽ അടുത്തിരുന്ന പലരെയും പരിജയപ്പെട്ടു. കുറേ വിശേഷങ്ങൾ പങ്ക് വെച്ചു.  തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ  പോവുന്നവർ . കൊല്ലം കുടുംബവീട്ടിലേക്ക് പോവുന്നവർ . ജോലി ആവിശ്യാർത്തം എറണാകുളം പോവുന്നവർ.
ഇങ്ങനെ ഫാമിലി ആയും അല്ലാതെയും പോവുന്ന പലരുമാണ് എനിക്ക് ചുറ്റും.
കുറച്ച് കഴിഞ്ഞപ്പോൾ ചിലർ മൊബൈലിന്റെ ആഴങ്ങളിലേക്കും,  ചിലർ ഉറക്കത്തിന്റെ സുന്ദര ലോകത്തേക്കും വഴുതി വീണപ്പോൾ വിശപ്പിന്റെ വിളയാട്ടത്താൽ എങ്ങോട്ടും പോവാൻ കഴിയാതെ അവർക്കിടയിൽ ഇരുന്ന് വീർപ്പുമുട്ടാൻ തുടങ്ങി🤕🤕🤕.
കോഴിക്കോട് എത്തിയപ്പോൾ വല്ലതും കഴിക്കാൻ വാങ്ങിക്കാൻ ഇറങ്ങിയപ്പോൾ അടുത്തൊന്നും ഒരു സാധനവും ഇല്ല. പിന്നിലേക്ക് പോവാൻ സമയവും ഇല്ല. ഷൊർണുർ വരെ അഡ്ജസ്റ്റ് ചെയ്യണേ എന്ന് വയറിനെ പറഞ്ഞു മനസ്സിലാക്കി വീണ്ടും ട്രെയിനിൽ കയറിയപ്പോൾ നേരെ മുമ്പിൽ ഇരുന്ന 2 പേർ നല്ല മുട്ട ബിരിയാണി അടിച്ചു കയറ്റുന്നു.
എന്റെ സിവനെ😧😧😧.
കുറേ നേരത്തെ യാത്രക്ക് ശേഷം ഷൊർണുർ എത്തിയപ്പോൾ ചാടി ഇറങ്ങി ഓടി. എന്റെ ഓട്ടം കണ്ടവർ വായും പൊളിച്ചു നോക്കുന്നുണ്ടായിരുന്നു. എന്റെ ആവിശ്യമായിപ്പോയി.
വെറുതെ ഓടിയത് മിച്ചം. കഴിക്കാൻ ഫുഡ്‌ ഒന്നും കിട്ടിയില്ല. അവസാനം ഒരു കുപ്പി വെള്ളവും കുറച്ച് ബിസ്‌ക്കറ്റും വാങ്ങിച്ചു വീണ്ടും സീറ്റിൽ പോയിരുന്നു. ചുറ്റുമുള്ളവർ കൂർക്കം വലിച്ചുറങ്ങുന്നു. ഒരുത്തൻ എന്തോ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്നു.  അവനും കുറച്ചു ബിസ്ക്കറ്റ് കൊടുത്തു.
പുലർച്ചെ 1:30 മണി ആയപ്പോഴാണ് ഉറക്കം വന്നത്.
രാവിലെ 5:55 ന് ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തി
----തുടരും🥰🥰🥰
ഷറഫ് എസ്എംകെ കാസർകോട്

കാഞ്ഞങ്ങാട് ബീച്ച്.... ഫോട്ടോ... ജയരാജൻ  ജയൻ
വിഷ്ണു ദാസ് ഷേണായി. കെ
ഇങ്ങനെ ചില കാഴ്ചകൾ നമ്മുടെ ഗൃഹാന്തരീക്ഷത്തെ ഊഷ്മളമാക്കിയ കാലഘട്ടമുണ്ടായിരുന്നു .!
ചക്കയും
മാങ്ങയും
ആറ് മാസം ,
അങ്ങനെയും
ഇങ്ങനെയും
ആറ് മാസം...............!
എന്നതായിരുന്നു
പണ്ടത്തെ
അതിജീവന ശാസ്ത്രം .
കൂട്ടുകുടുംബം അണുകുടുംബമാകുകയും ആവശ്യങ്ങളെല്ലാം വൻകിട മാളുകളും ഓൺലൈൻ ഗൃംഖലകളും  നിറവേറ്റുകയും ചെയ്യുന്ന
ഈ കാലഘട്ടത്തിൽ കാർഷികാനുബന്ധ ഗ്രാമീണ ഭക്ഷണ രീതികളെല്ലാം പഴഞ്ചനായി മാറി .
സമൃദ്ധമായി ചക്ക വിളയുന്ന നാട്ടിൽ ഭൂരിപക്ഷവും
ഉപയോഗിക്കാതെ
പാഴായി പോകുകയാണ് .
പണ്ട് കാലത്ത്
ചക്ക പറിക്കലും മുറിക്കലും വെളഞ്ഞൽ എടുക്കലും ചക്കക്കറി ഉണ്ടാക്കലും കുടുംബത്തിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് . നാട്ടു വർത്തമാനവും
കൂനും കുഞ്ഞായ്മയും പരിഭവം പറയലുമെല്ലാം
ഒരു ചക്കയ്ക്കു ചുറ്റുമായി ചുരുങ്ങും.........!
കേവലം ചക്കക്കറിക്കൊപ്പം
സ്നേഹത്തിന്റെ ,
കരുതലിന്റെ ,
കൂട്ടായ്മയുടെ ,
പ്രാദേശിക
രുചിഭേദത്തിന്റെ
ആഘോഷം തീർക്കലാണ്
ഒരോ ചക്കവിഭവ കാലവും .......!
അതെ , ചക്ക
ഭക്ഷ്യ സുരക്ഷയുടെ
താക്കോലാണ് ...............!
ഫോട്ടോ .
.......................................
വിളഞ്ഞ് മൂത്ത
ചക്ക പുഴുക്കുണ്ടാക്കാൻ
മുറിച്ച് വൃത്തിയാക്കുന്ന
ബാര പാക്കടവിലെ മാധവിയമ്മയും മകൾ ശാരദയും ...............
.....................................
::
വിഷ്ണു ദാസ് ഷേണായി. കെ

പുനർജ്ജനി(കവിത) സുജ കാഞ്ഞങ്ങാട്
ഈ രാത്രിയിൽ ലോകം മിഴി പൂട്ടുമ്പോൾ
എനിക്കൊരു ധ്യാനത്തിലേക്ക് ഉൾവലിയണം
അമ്മേ, നിന്റെ ഉദരമാകുന്ന വാല്മീകം
നീ ഇന്നെനിക്കായി ഒരിക്കൽക്കൂടി തുറക്കുക
ഞാനതിലേക്ക് ഉൾപ്രവേശിച്ചീ രാവ് മുഴുവൻ
എന്നെ വീണ്ടും നിന്നോട് ചേർത്ത് വയ്ക്കട്ടെ
നിന്റെ പൊക്കിൾ കൊടിയിൽ എന്റെ
കുഞ്ഞിളം മേനി ഞാനിന്നു തുന്നി വയ്ക്കും
നിന്റെ സ്നേഹത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങും
എവിടെയോ നഷ്ടമായ എന്നെ തന്നെ ഞാൻ വീണ്ടെടുക്കും
നാളെ പുലരിയിൽ ലോകം മിഴി തുറക്കുമ്പോൾ
നിന്റെ ജീവ വാതിലിലൂടെ എനിക്ക് പുനർജനിക്കണം
നാളെ ഞാൻ ഒന്നു കൂടി നോവിപ്പിച്ചോട്ടെ നിന്നെ
നോവിലും വിരിയുന്ന നിൻ പുഞ്ചിരി കാണും ഞാൻ
നിന്നെയും ഏവരെയും നോക്കി മോണ കാട്ടി
നിഷ്കളങ്കമായി പുഞ്ചിരി തൂകണമെനിക്കു
നിന്റെയും ഏവരുടെയും സ്നേഹലാളനങ്ങൾ
ഒരിക്കൽ കൂടി ഏറ്റു വാങ്ങും ഞാൻ മനം നിറയെ
ഒടുവിൽ എന്നിലെ കുഞ്ഞിനെ നെഞ്ചിലെ ചെപ്പിൽ
കുടിയിരുത്തി ഞാനീ ധ്യാനം വിട്ടുണരും!!!
ഇനി വേണമെനിക്കു നനുത്ത പ്രഭാതങ്ങളിൽ
കറുത്ത ഹൃദയമുള്ള മനുഷ്യരെ നോക്കി 
വെളുത്ത പുഞ്ചിരി സമ്മാനിക്കാൻ !!!
സുജ കാഞ്ഞങ്ങാട്

 ലിൻസയുടെ കഥ ഇങ്ങനെ; 2001 ലാണ് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ രാജൻ മരിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലിന്‍സ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഇളയമകന്‍ ഒമ്പതാം ക്ലാസിലും. ലിന്‍സ ബിഎ പാസാവാത്തതിനാല്‍ വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്‌കൂളില്‍ തൂപ്പുജോലിക്കാരിയായി നിയമനം ലഭിച്ചു. അച്ഛന്റെ വരുമാനം നിന്നതോടെ വീടുനോക്കാന്‍ ജോലി അത്യാവശ്യമായതിനാല്‍ ലിന്‍സ ആ ജോലി സ്വീകരിച്ചു. 12 വര്‍ഷം സ്‌കൂളിലെ തൂപ്പുജോലിക്കാരിയായി.
തൂപ്പുജോലിക്കാരിയായി കയറിയതിന് ശേഷവും ലിന്‍സ  പഠനം തുടര്‍ന്നു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്നത് ഇവിടെ ജോലി ചെയ്ത കാലയളവിലാണ്. മറ്റൊരാളുടെ ഒഴിവിൽ ലിന്‍സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ ജോലി നല്‍കി. എന്നാല്‍ 2006ല്‍ അയാള്‍ ലീവ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ ഈ സമയത്ത് ബിഎഡ് പൂര്‍ത്തിയാക്കിയ ലിന്‍സ മറ്റ് സ്വകാര്യ സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി. 2012 ല്‍ ഇഖ്ബാല്‍ സ്‌കൂള്‍ തൂപ്പുജോലിക്കായി ലിന്‍സയെ വിളിച്ച്. അഞ്ച് വര്‍ഷത്തെ അധ്യാപികയുടെ റോളില്‍ നിന്ന് വീണ്ടും തൂപ്പുജോലിയിലേക്ക്.
ഇതിനിടെ സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രവീണയാണ് ടീച്ചര്‍മാര്‍ക്കായുള്ള എലിജിബിളിറ്റി ടെസ്റ്റിന് തയാറെടുക്കാന്‍ പറഞ്ഞത്. കേരള ടീച്ചര്‍ എലിജിബിളിറ്റി ടെസ്റ്റ് പാസാവുകയും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് ക്ലിയര്‍ ചെയ്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി.
ശരത്കുമാ൪, പെരുമ്പള

🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനാറാം ഭാഗം)  ലിിംഗം, വചനം, വാക്യഘടന തുടങ്ങിയവ
💮💮💮💮💮💮💮

വടക്കൻ മലയാളം
അധ്യായം 13


ലിംഗം, വചനം, വാക്യഘടന തുടങ്ങിയവ

ഏതുഭാഷയിലെ ഏതു വിഭക്തിയിലും ഏകവചന-ബഹുവചനങ്ങൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ടാകും. വിഭക്തി പ്രത്യയങ്ങൾ ഏകവചനത്തോടും ബഹുവചനത്തോടും ദ്വിവചനമുണ്ടെങ്കിൽ അതിനോടും ഒരേപോലെ ചേരുന്ന അവസ്ഥയുള്ള ഭാഷയുമുണ്ടാകും. വടക്കൻ മലയാളവും ഏകവചന-ബഹുവചനങ്ങളുടെ കാര്യത്തിൽ പലപ്പോഴും പുലർത്തുന്നത് മുകളിൽ പറഞ്ഞ പോലെ തന്നെയാണ്. പുല്ലിംഗം ഏകവചനപ്രത്യയമായ 'അൻ' ബഹുവചനത്തിൽ 'അർ'  ആയി മാറുകയോ അതല്ലെങ്കിൽ അതിന്റെ കൂടെ സലിംഗബഹുവചനപ്രത്യയമായ 'മാർ' ചേരുകയോ ചെയ്യുന്നതാണ് ഉദാഹരണം. ഇവിടെ ഒന്നാമത്തേതിൽ അവസാനത്തെ ൻ, ർ ആയിത്തീരുകയാണ് ചെയ്യുന്നതെങ്കിൽ രണ്ടാമത്തേതിൽ സ്വരരഹിത /ന/ കാരത്തിന്റെ കൂടെത്തന്നെ /മാ൪/ കൂടിച്ചേരുകയാണ് ചെയ്യുക. ഇവ രണ്ടും മാനകമലയാളത്തിലേതു പോലെത്തന്നെ വടക്കൻ മലയാളത്തിലും സുലഭമാണ്.

അ൪/മാർ
ഉദാ:
തീയ്യൻ~ തീയ്യ൪
ബ്രാഹ്മണൻ ~ബ്രാഹ്മണന്മാർ
ഇതേ രീതിയിൽ മാപ്പിളയുടെ ബഹുവചനം മാപ്പിളമാർ ആണ്. എന്നാൽ വടക്കൻ മലയാളത്തിന്റെ പല ഭാഗങ്ങളിലും 'മാപ്പി്ളാർ' ( മാപ്ലാ൪)
ആണുപയോഗിക്കുക. തെക്കൻ കേരളത്തിൽ കുട്ടി എന്നർത്ഥമുള്ള പിള്ളയുടെ ബഹുവചനമായി പിള്ളാർ (പിള്ളേ൪) എന്നുപയോഗിക്കുമ്പോൾ കാസർകോട് ജില്ലയിൽ ഉപയോഗിക്കുന്നത് "പുള്ളറോ',  'പുള്ളമ്മാറോ' ആണ്. ചിലപ്പോൾ  'പുള്ളൊ' മാത്രവുമാകും.

കൾ
സ്വരാന്തപദങ്ങളിൽ എല്ലാ ലിംഗങ്ങളിലും 'കൾ' എന്ന ബഹുവചനപ്രത്യയം വലിയ മാറ്റം കൂടാതെ മാനകമലയാളത്തൽ ചേരുന്നുണ്ടല്ലോ.
ഉദാ:
സ്ത്രീ ~ സ്ത്രീകൾ
കുട്ടി  ~ കുട്ടികൾ
കാള ~ കാളകൾ
പട്ടം  ~ പട്ടങ്ങൾ
മുസ്ലിം ~ മുസ്ലിങ്ങൾ
ഏകവചനം ഓഷ്ഠ്യസ്വരത്തിലോ ഓഷ്ഠ്യവ്യഞ്ജനത്തെ തുട൪ന്നു വരുന്ന സംവൃതോകാരത്തിലോ ആണ് അവസാനിക്കുന്നതെങ്കിൽ ബഹുവചനത്തിൽ /ക/ യ്ക്ക് ഇരട്ടിപ്പ് വരാം.
ഉദാ:
പശു~ പശുക്കൾ
അണു~ അണുക്കൾ
ബന്ധു ~ ബന്ധുക്കൾ
ജന്തു ~ ജന്തുക്കൾ
മാതാവ് ~ മാതാക്കൾ
പിതാവ് ~ പിതാക്കൾ
ഇതുപോലെ ഇരട്ടിപ്പ് മലയാളം പുല്ലിംഗപ്രത്യയമായ 'അൻ' - ൽ അവസാനിക്കുന്ന പദങ്ങൾക്കും ചിലപ്പോൾ വരാം.
ഉദാ:
തമ്പുരാൻ ~ തമ്പുരാക്കൾ
ഏകവചനം കേരളപാണിനി പ്രോക്തമായ സംവൃതോകാരത്തിലാണ് അവസാനിക്കുന്നതെങ്കിൽ 'ക' യ്ക്ക് മുമ്പ് 'ഉ' കാരത്തിന്റെ ആഗമമുണ്ടാവും. സംവൃതോകാരം പൂർണ്ണമായ 'ഉ' കാരമായി മാറുന്നതായും ഇതിനെ വിശേഷിപ്പിക്കാം.
ഉദാ:
ആട് ~ ആടുകൾ
കാട്  ~ കാടുകൾ
മേട്   ~ മേടുകൾ
കാറ്  ~ കാറുകൾ
ബസ്സ് ~ബസ്സുകൾ
മാനകമലയാളത്തിലെ ഈ 'കൾ' പ്രത്യയങ്ങൾ എല്ലാം അത്യുത്തര കേരളത്തിൽ പലപ്പോഴും 'ഒ'  ആയി മാറുന്നു.
ഉദാ:
മൂരി  - മൂരൃൊ
ആട് - ആട്വൊ
പയി/ പയ് (പശു) - പയ്യൊ
കുഞ്ഞി - കുഞ്ഞൃൊ
മുക്ക്വോത്തി (മുക്കുവത്തി) -മുക്ക്വോത്ത്യൊ
തീയത്തി - തീയത്ത്യൊ
മാപ്പൾച്ചി - മാപ്പൾച്ച്യൊ
ഉമ്മച്ചി - ഉമ്മച്ച്യൊ
തു൪ക്കത്തി - തു൪ക്കത്ത്യൊ

(മുക്ക്വോത്തി, തീയത്തി, മാപ്പൾച്ചി, ഉമ്മച്ചി, തു൪ക്കത്തി എന്നിവ വടക്കൻ കേരളത്തിലെ സമുദായ ബോധകസ്ത്രീലിംഗ ശബ്ദങ്ങളാണ്. മാപ്പൾച്ചി, ഉമ്മച്ചി എന്നിവ മലയാളി മുസ്ലിം സ്ത്രീകളെയും തു൪ക്കത്തി ഉ൪ദു സംസാരിക്കുന്ന മുസ്ലിം സ്ത്രീകളെയും പ്രതിനിധാനം ചെയ്യുന്നു)
സംവൃതോകാരം പോലുള്ള സ്വനിമങ്ങളിലാണ് ഏകവചനം അവസാനിക്കുന്നതെങ്കിൽ ശുദ്ധമായ ഓഷ്ഠ്യ /വ/ കാരം /ഒ/ യ്ക്ക് മുമ്പ് ആഗമമായി വരുന്നു.
ഉദാ:
ആട്  - ആട്വൊ ( ഓഷ്ഠ്യ പ്രധാനം)
എന്നാൽ താലവ്യപ്രധാനമായ സ്വനിമങ്ങളിൽ /യ/ കാരമാണ് വരിക.
ഉദാ:
കുഞ്ഞി - കുഞ്ഞ്യൊ (താലവ്യപ്രധാനം)
കൾ, ഓള് ആയി മാറിയത് അത്യുത്തര കേരളത്തിൽ എത്തുമ്പോൾ 'ഓ' ആയി മാറുകയാണ് ചെയ്യുക. കുട്ടികൾ കേരളത്തിന്റെ പലഭാഗങ്ങളിലും 'കുട്ട്യോള്'
ആണല്ലോ.
വടക്കൻ മലയാളത്തിൽ ഇത്തരത്തിൽ ബഹുവചനമായി മാറിയ പദങ്ങളുടെ കൂടെ നേരിട്ട് വിഭക്തി പ്രത്യയങ്ങൾ ചേരുകയാണ് പലപ്പോഴും ചെയ്യുക .
ഉദാ:
ആട്വോ ( നിർദ്ദേശികാ ബഹുവചനം) - ആട്വോക്ക്(ഉദ്ദേശികാ ബഹുവചനം)
കുഞ്ഞ്യൊ ( നിർദ്ദേശികാ ബഹുവചനം) - കുഞ്ഞ്യോക്ക് ( ഉദ്ദേശികാ ബഹുവചനം)
ഇവിടെ ബഹുവചനപ്രത്യയത്തിന്റെ അവസാനത്തിലിരിക്കുന്ന 'ഒ' കാരം ദീ൪ഘിക്കുന്നത് കാണാം. ബഹുവചനത്തിൽ ലോപം വന്ന /ള/ കാരം ചിലപ്പോൾ വിഭക്തിപ്രത്യയങ്ങൾ ചേരുമ്പോൾ വ്യക്തീഭവിക്കുന്ന സന്ദർഭങ്ങളുണ്ട്.
ഉദാ:
കുഞ്ഞി ( നിർദ്ദേശികാ ഏകവചനം) കുഞ്ഞ്യൊ ( നിർദ്ദേശികാ ബഹുവചനം) - കുഞ്ഞ്യോളെ - (പ്രതിഗ്രാഹികാ ബഹുവചനം)
മാനകമലയാളത്തിന്റെ അതേ കർത്താവ്- ക൪മ്മ-ക്രിയാക്രമം തന്നെയാണ് വടക്കൻ മലയാളത്തിനുമുള്ളത്. വ്യത്യാസമുള്ളത് മറ്റുചില കാര്യങ്ങളിലാണ്. സമീപസ്ഥ സ്വനിമങ്ങളുടെ സവ൪ണനം അവയിൽ പ്രാധാന്യമ൪ഹിക്കുന്നു. സംസാരഭാഷയായതിനാൽ സമീപസ്ഥ സ്വനിമങ്ങളുടെ സവ൪ണനം വടക്കൻ മലയാളത്തിൽ വളരെക്കൂടുതലാണ്. അതുപോലെ തന്നെയാണ് അനാവശ്യസ്വനിമങ്ങളുടെ ലോപത്തിന്റെ കാര്യവും. മാനകമലയാളത്തിൽ (കഠിന) താലവ്യ സ്വരങ്ങളായി നിലകൊള്ളുന്ന പലതും വടക്കൻ മലയാളത്തിൽ കണ്ഠ്യം/മൃദുതാലവ്യമാണ്.
🍀🔥🔥🍀🔥🔥🍀🔥
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.  പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥

ഇർഫാൻ കരയിൽ
തയ്യാറാക്കിയ ഒരു കൊറോണക്കുറിപ്പ്
മലയാളികൾ പൊതുവെ മടിയൻമാരാണ്... പ്രത്യേകിച്ച് കാസറഗോഡ് കാര്...  അത് പറയാൻ ചിലകാരണമുണ്ട്...    'ഒന്ന് പോ ബായ്.. ഇങ്ങൻതെ കൊറേ കണ്ടിന്.... ബെരാനുള്ളത് എങ്ങിനെ ആയാലും ബെരും'  ശരാശരി ഒരു കാസറഗോഡ് കാരന്റെ ഡയലോഗാണ് ഇത്.. 

മഴക്കാലത്ത് കുട കരുതാത്തവർ... മരം കോച്ചുന്ന തണുപ്പിൽ ജാക്കറ്റ് ധരിക്കാത്തവർ കത്തിയമരുന്ന വെയിലിനെ പ്രതിരോധിക്കാൻ sunglass / കൂളിംങ് ഗ്ലാസ് ധരിക്കാത്തവർ..   ധിക്കാരത്തിന്റെ പട്ടികകൾ വലുതാണ്.. തലപോയാലും ഹെൽമെറ്റ് വെക്കില്ല..  രണ്ട് പ്രളയം വന്നിട്ടും നിപ വന്നിട്ടും കാസറഗോഡിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന അഹങ്കാരവും..  ഇന്നിപ്പോ ലോകത്തെ വിറപ്പിക്കുന്ന മഹാമാരി വന്നു...  പൊതുപരിപാടികളും കൂടിച്ചേരുകളും ഒഴിവാക്കാൻ പറയുന്നു..  പൊതു നിരത്തിലിറങ്ങുമ്പോൾ മുൻകരുതലെന്നോളം മാസ്ക് ധരിക്കാനും  ഹാന്റ് സാനിറ്റൈസറോ സോപോ ഉപയോഗിച്ച് കൈ കഴുകാനും പറയുന്നു..  ഇതെത്രകേട്ടത്  വെറും പുച്ഛം മാത്രം.. ഗൾഫിൽ നിന്ന് അടുത്തിടെ വന്നവർ നിരീക്ഷണത്തിലിരിക്കാൻ പറഞ്ഞാലും ഒന്ന് പോ ബായ് നയം ആണ് നമ്മൾ കാസറഗോഡ് കാർക്കുള്ളത്...  

ഓർക്കുക ..ഇതു നല്ലതിനുളള പോക്കല്ല..  ഇത്തരം സമയങ്ങളിൽ നിയമത്തിന് വഴങ്ങാത്തവൻ പൊതു ശത്രുവാണ്... എത്ര അടുത്ത കൂട്ടുകാരാനായാലും തിരുത്തണം..  ഇവിടെ ഗൾഫിൽ ബസ്സിൽ പോകുമ്പോൾ പലരാജ്യക്കാരും അതിനകത്തുണ്ടാകും.. മുൻകരുതലെടുക്കേണ്ടത് നമ്മുടെ കടമയാണ്  മാസ്ക് ധരിച്ച് ഡ്യൂട്ടിക്ക് പോകുന്ന എന്നോട് ഒരു പുച്ഛഭാവത്തിൽ ഒരു നമ്മുടെ നാട്ടുകാരൻ..കൈ മലർത്തിയിട്ട്...  എന്ത് ബായ്..🤕  കളിതാമാശകൾ കാര്യമാകുന്ന സമയം വരുമ്പോൾ നിക്കും എല്ലാ തള്ളലും തുള്ളലും..  കൊറോണക്കെന്ത് കാസറഗോഡ്..എന്ത് KL14    ആശങ്കയല്ല വേണ്ടത്.. കരുതലാണ്... ഒന്നിച്ച് നിന്ന് തുരത്താം ഈ മഹാമാരിയെ..   
ഇർഫാൻ കരയിൽ