18-12-19

🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
ആദ്യം
കാസ്രോട്ടപ്യ
എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..
ഈന ചമ്ച്ച് ചമ്ച്ച് കൊട്ടേരെ ചാവെടുത്ത ആര്ണ്ട് ഈട...🤪😂😂
ചോറിന് ന്ത്യേ അമ്മേ കൂട്ടാൻ ഇല്ലത്!?
ന്ത്യേ അമ്പൂ..."തോര പുളി വെള്ളും ബപ്പങ്ങായി ഉരുക്കും.." 
യ്യോ അമ്മേ 😟 എപ്പളും  ഇങ്ങനത്തെ ഓരോന്ന്...
  ന്തെങ്കിലും ആയി താ ന്നാൽ...🙁
  അമ്മെയ്ക്കന്നലും പിണക്കമില്ല😔
   ഒന്നാമത്തെ തീർന്നിറ്റ് പിന്നേം....ഓട്ത്തു അമ്മെ കൊറച്ചു ചോറ്..? "നല്ലോണം പൈച്ചു"
  രണ്ടാമതും ബെളമ്പുമ്പോ 'അമ്മ പറയും ഒരിക്കാലായിറ്റ്  ബെളമ്പിക്കൂടാ ന്ന്.. 
അത് 'അമ്മ😘
   കഴിക്കുന്നത് നോക്കി അങ്ങനെ ഇരിക്കും അമ്മ..☺ പിന്നേം ചോദിക്കും കൊറച്ചും കൂടി ബെയ്ക്ക് അമ്പൂ ന്ന്... 😒
   എല്ലാം കഴിഞ് അമ്മയോട് പറയും നല്ല പാങ്ങ്ണ്ടായിന് അമ്മേ കൂട്ടാൻ ന്ന്....❤
  അപ്പൊ അമ്മെരെ മീട്ടത്ത് ബെരുന്ന സന്തോഷം മറ്റെടെയും  ഇത് വരെ  കാണാൻ കയിഞ്ഞിറ്റാ..😘
   ഇന്ന് പ്രവാസത്തിൽ ഒരു കറി ആക്കിയാൽ റൂമിൽ ഉള്ളവരോട് ചോദിക്കും
"കറി എങ്ങനെ ഇണ്ട്?" ന്ന്...
   'അമ്മ ഇത് വരെ  ചോദിക്കാത്ത ചോദ്യം.
കാണുമ്പോൾ മുഖം ചുളിച്  എനക്ക് ബേണ്ട ന്ന് പറഞ്ഞു...
പിന്നേം.. പിന്നേം..
 കൊറച്ചു കൊറച്ന്ന് പറഞ്ഞു  മേണിക്കുന്ന
ഒരുപാട് ഇഷ്ടമുള്ള  അമ്മ വിളമ്പി തരുന്ന ചോറും കൂട്ടാനും...
  പാകം ചെയ്യുന്നതിനോടൊപ്പം  ഞങ്ങളോടുള്ള "സ്നേഹം" ആണ് അതിന്റെ മുഖ്യ ചേരുവ ആണ് എന്ന് വേണം അനുമാനിക്കാൻ..
മുമ്പ് എവിടെയോ വായിച്ച പോലെ...!
'അമ്മ' ഒരു പാഠമല്ല, അനേകായിരം പാഠങ്ങൾ ഉൾകൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ്...
മനസ്സിൽ നന്മയുള്ള മക്കൾക്ക് മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം😘❤
'അച്ഛൻ❤ 'അമ്മ❤👍

🎄🌸🌸🎄🌸🌸🎄🌸🌸🎄
ആറുമലയാളിക്ക് നുറു മലയാളം
എന്ന ഭാഷാഭേദം പംക്തിയിൽ
ഡോ.പി.എ.അബുബക്കർ
എഴുതിയ
വടക്കൻ മലയാളം
രണ്ടാം ഭാഗം
ഭൂമിശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും
🎄🌸🌸🌸🎄🌸🌸🌸🎄🌸🌸🌸🎄
വടക്കൻ മലയാളം
അധ്യായം 2 ( ഭൂമിശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും)

   ഇന്നത്തെ കേരളത്തിന്റെ തെക്ക് വടക്കു നീളത്തിന്റെ ഒത്ത നടുക്ക് വെച്ച് രണ്ടായി വിഭജിച്ചാൽ വടക്കുള്ള പകുതി കേരളീയസംസ്കാരത്തിന്റേതായ ഭാവങ്ങളിൽ ഒട്ടും പിറകിലല്ല. ചേരനാടിന്റെ തലസ്ഥാനമായി കുറേക്കാലം നിലനിന്നിരുന്ന വഞ്ചി എന്ന കൊടുങ്ങല്ലൂർ അഥവാ മുസിരിസ് വടക്കൻ സംസ്കാരത്തിന്റെ ഭാഗം തന്നെ. ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്മദേശവും തിരൂരായിരുന്നു. കൃഷ്ണഗാഥയുടെ കർത്താവായ ചെറുശ്ശേരിയുടെ തട്ടകം വടക്കൻ കേരളത്തിലെ കോലത്തുനാടായിരുന്നു എന്ന നിഗമനത്തിനാണ് കൂടുതൽ സ്വീകാര്യത.

വടക്കൻ സവിശേഷതകളെന്നു പറയാവുന്ന പ്രത്യേകതകളുടെ ബാഹുല്യത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ ഭാഷയ്ക്ക് ചില അതിർത്തികൾ നിർണയിക്കാവുന്നതാണ്. ഇന്നത്തെ മലബാർ തന്നെയാണ് ഒന്നാമത്തെ അതിർത്തി. മലബാർ ആണ് വടക്കൻ കേരളമെന്ന പ്രസ്താവനയോട് വിയോജിപ്പ് ഉള്ളവരുണ്ടാകും. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെയെല്ലാമാണ് മലബാർ എന്ന  പദം കൊണ്ട് അവരുദ്ദേശിച്ചത്.

തിരു-കൊച്ചി ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ മലബാറിലെ ഭാഷ മൊത്തത്തിൽ വടക്കൻ ഭാഷയാണ്. മലബാറിലെ തന്നെ മലപ്പുറം ജില്ലയിലെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട് ജില്ലയിലെ സംസാരഭാഷ വടക്കൻ മലയാളമാണ്. മലബാറിന്റെ വടക്കുഭാഗം കോലത്തുനാടാണ്. കോലത്തുനാടൻ ഭാഷയിലേക്കുള്ള പരിണാമത്തിന്റെ അതിർത്തിയായി നിലകൊള്ളുന്നത് വടകര പ്രദേശമാണ്. കടത്തനാടൻ ഭാഷ കോഴിക്കോട് ജില്ലയിലെ തെക്കൻ ഭാഗങ്ങളിലെ ഭാഷയേക്കാൾ വടക്കനാണ്. പിന്നീടുള്ളത് കണ്ണൂർ ഭാഷയാണ്. കണ്ണൂർ ഭാഷയെ സാമാന്യമായി കോലത്തുനാടൻ ഭാഷയെന്നു വിളിക്കാം. പക്ഷേ ചിറയ്ക്കൽ ഭാഷയെന്നു ഗോദവർമ്മ വിശേഷിപ്പിച്ച ഭാഷാരൂപത്തിന്റെ സ്വഭാവങ്ങളിൽ ചിലത് വടക്കോട്ട് പോകുന്തോറും ശക്തി പ്രാപിക്കുകയും മറ്റു ചിലതിന് ശക്തി കുറയുകയും ചെയ്യും. കോലത്തുനാടിന്റെയും തുളു നാടിന്റെയും അതിർത്തിയായി കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് സ്ഥിതി ചെയ്യുന്നു. കാസർഗോഡ് താലൂക്ക് തുളു നാടിന്റെ ഭാഗമാണ്.

മലപ്പുറം ഭാഷയിൽ നിന്ന് കണ്ണൂർ ഭാഷയിലേക്കുള്ള സംക്രമണം കോഴിക്കോട് ജില്ലയിലെ സംസാരഭാഷയിൽ കാണാം. വടകര ഭാഗങ്ങളിൽ എത്തുമ്പോൾ വടക്കൻ ഭാവങ്ങൾക്കു തന്നെയാണ് ആധിപത്യം. കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശങ്ങൾ ചെറിയ തോതിൽ മലപ്പുറം ഭാഷയോടും പടിഞ്ഞാറൻ ഭാഗങ്ങൾ കണ്ണൂർ ഭാഷയോടും ചായ് വു പുല൪ത്തുന്നതായി കാണാം. തെക്കൻ മലയാളത്തിന്റെ വ്യക്തിത്വം നിർണയിക്കുന്നത് തമിഴുമായുള്ള അടുപ്പവും വടക്കൻ മലയാളത്തിന്റേത് തമിഴിൽ നിന്നുള്ള അകൽച്ചയുമാണ്. സ്വനിമങ്ങൾക്കാണ് ഇത് ഏറ്റവും കൂടുതൽ ബാധകമായിട്ടുള്ളത്. ഖരങ്ങളുടെയും മൃദുക്കളുടെയും സ്ഥാനങ്ങളുടെ കാര്യത്തിൽ മലയാളത്തിന്റെ വടക്കൻ മൊഴിഭേദങ്ങളും തെക്കൻ മൊഴിഭേദങ്ങളും തമ്മിലുള്ള വ്യത്യാസം ഇതിന്റെ നല്ല ഉദാഹരണങ്ങളാണ്. തെക്കൻ മൊഴിഭേദങ്ങളിൽ  / ഴ / കാരം പരിണമിക്കുന്നത്  / ള / കാരമായിട്ടാണെങ്കിൽ ( കിഴവൻ ~ കെളവൻ ഉദാഹരണം) . വടക്കൻ മൊഴിഭേദങ്ങളിൽ അത് മറ്റു ചില സ്വനിമങ്ങളായിട്ടാണ്. ഇക്കാര്യങ്ങളിലെല്ലാം തെക്കൻ മലയാളം പുല൪ത്തുന്നത് തികഞ്ഞ തമിഴ് ചായ് വാണെങ്കിൽ വടക്കൻ മലയാളത്തിന്റേത് തമിഴ് സ്വഭാവങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്.

വടക്കൻ മലയാളത്തിന്റെ ഊടും പാവും നിർണയിക്കുന്നതിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ സാമൂഹ്യ ഘടന വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. വടക്കൻ മലയാളമെന്ന് വ്യവഹരിക്കപ്പെടുന്ന ഭാഷാപ്രതിഭാസത്തിന്റെ പ്രത്യേകതകൾ ഏറ്റവുമധികമുള്ളത് കാസർഗോഡ് ജില്ലയിലെ സംസാരഭാഷയിലാണല്ലോ. ഇതിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ജില്ലയുടെ സാമൂഹ്യഘടനയാണ്. ജനവൈവിധ്യത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലയാണിത്. ഗോത്രവ൪ഗമൊഴികൾക്കു പുറമെ ഏഴു ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്. മലയാളം, തുളു, കന്നഡ, ഉർദു  (ഹിന്ദുസ്താനി) , കൊങ്കണി, മറാഠി, ബ്യാരി എന്നിവയാണ് ഇപ്പറഞ്ഞ ഏഴു ഭാഷകൾ.

കണ്ണൂർ ജില്ലയുടെ ഭൂരിപക്ഷം ഭാഗങ്ങളിലും കാസർഗോഡ് ജില്ലയിലെ മലയാളി ജനത മൊത്തത്തിലും തിരുവനന്തപുരം മുതൽ ഏറണാകുളം വരെയുള്ള പ്രദേശങ്ങളിലെന്ന പോലെ നീ എന്നു തന്നെ ഉപയോഗിക്കുന്നു. മധ്യകേരളത്തിലെ മധ്യമപുരുഷനിലെ  / ന  / കാരലോപം ബഹുവചനത്തിലുമുണ്ട്. നിങ്ങൾ എന്നത് പലപ്പോഴും  " ... ങ്ങൾ " ആയി മാറുന്നു. എന്നാൽ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ഇങ്ങനെ സംഭവിക്കുന്നില്ല. വടക്കൻ കേരളത്തിൽ, വിശിഷ്യാ കാസർഗോഡ് ജില്ലയിൽ. മധ്യമപുരുഷൻ ബഹുവചനത്തിന് വല്ല മാറ്റവും സംഭവിക്കുന്നുണ്ടെങ്കിൽ അത് അവസാനത്തിലുള്ള / ള / കാരത്തിന്റെ ചില്ലിനും അതിന് മുമ്പുള്ള സ്വരത്തിനുമാണ്. മറ്റു ചില പദങ്ങളുടെ കാര്യത്തിലും / യ / കാര / ജ / കാര വിനിമയം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൊത്തം സംഭവിക്കുന്നുണ്ട്. അനുജൻ ആണ് ഉദാഹരണം. തെക്ക് തിരുവിതാംകൂറിലെയും വടക്ക് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെയും സംസാരഭാഷകളിൽ ഈ പദം അനിയൻ ആണ്. അനുജൻ, അൻസൻ എന്നൊക്കെയേ മലപ്പുറത്തെ ഏതു സാധാരണക്കാരനും പറയൂ.

കോഴിക്കോട്ടെയും കണ്ണൂരിലെയും തീയസമുദായത്തിന്റെയും തെക്കൻ കേരളത്തിലെ ഈഴവ സമുദായത്തിന്റെയും ഭാഷ ഒന്നല്ല. അതുപോലെ തന്നെയാണ് മുസ്ലിം സമുദായത്തിന്റെയും അവസ്ഥ. കാസർകോട്ടെയും മലപ്പുറത്തെയും ഏറണാകുളത്തെയും കൊല്ലത്തെയും മുസ്ലിങ്ങളുടെ സംസാരഭാഷ ഒന്നല്ല. മതപരമായ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന ചില അറബി പദങ്ങളൊഴിച്ചു നിർത്തിയാൽ സംസ്ഥാനത്തെ മുസ്ലിം ഭാഷയ്ക്ക് പൊതു ഭാവങ്ങളില്ല.

ഭാരതപ്പുഴയുടെ വടക്കേ തീരങ്ങൾ മുതൽ ചന്ദ്രഗിരിപ്പുഴ വരെയുള്ള പ്രദേശമാണ് തെക്ക്, വടക്ക് എന്നിങ്ങനെ രണ്ടായി മാത്രം കേരളത്തെ വിഭജിക്കുന്ന നിഗമനമനുസരിച്ച് വടക്കൻ മലയാളത്തിന്റെ ഭൂമിശാസ്ത്രപരമായ ഇടമായി നിലകൊള്ളുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണവും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുമുൾപ്പടെ മലയാളലിഖിത സംസ്കൃതിയുടെ ആദ്യ ചുവടുവെപ്പുകളായി കരുതപ്പെടുന്ന പല സാഹിത്യ കൃതികളും പിറന്നു വീണത് ഈ ഭൂഭാഗത്താണ്. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തോളം തന്നെ പഴക്കമുള്ള കാളി മുഹമ്മദിന്റെ മുഹ് യിദ്ദീൻ മാല പിറന്നതും ഇതേ മണ്ണിലാണ്. ഇന്നു നാം ഉപയോഗിക്കുന്ന ആധുനിക മലയാള ലിപിമാലയുടെ തുടക്കവും വടക്കൻ കേരളത്തിലായിരുന്നു. ഗ്രന്ഥാക്ഷരത്തിന്റെ ഒരു വകഭേദമായ തുളു - മലയാളം ലിപിമാലയിൽ നിന്നാണല്ലോ ആധുനിക മലയാള ലിപിമാല രൂപം കൊണ്ടത്. വടക്കൻ കേരളത്തിൽ നിന്നു കണ്ടുകിട്ടിയ പയ്യന്നൂർ പാട്ട് മലയാള ഭാഷയുടെ ഏറ്റവും പഴയ ഭാവങ്ങളിൽ പലതിനെയും പ്രതിനിധാനം ചെയ്യുന്നു. മലയാള നാട്ടു സാഹിത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ടു ശാഖകളായ വടക്കൻ പാട്ടുകൾക്കും മാപ്പിള സാഹിത്യത്തിനും ജന്മം നൽകിയതും ഈ ദേശമായിരുന്നു. വടക്കൻ പാട്ടുകൾ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടുവെങ്കിൽ മാപ്പിള സാഹിത്യം ഒരു വികസിത ഭാഷയിൽ ആവശ്യമുള്ള എല്ലാ സാഹിത്യ ശാഖകളോടും കൂടി പട൪ന്നു പന്തലിച്ച സാഹിത്യമായിരുന്നു.

കോലത്തുനാടൻ ഭാവങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാവുന്നത് ഹോസ്ദുർഗ് താലൂക്കിലാണ്. മുസ്ലിം ജനവിഭാഗങ്ങളാണ് ഇവിടത്തെ മലയാളികളിൽ കൂടുതൽ. കോലത്തുനാടൻ സംസ്കാരവുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് ഇവിടുത്തെ തീയജനവിഭാഗമാണ്. തുളു നാടിന്റെ തെക്കു പടിഞ്ഞാറു ഭാഗമാണ് കാസർഗോഡ് താലൂക്ക്. തൌളവ ജനവിഭാഗങ്ങൾക്ക് ഇവിടുത്തെ മലയാള ഭാഷാഭേദങ്ങളുടെ ഭാവം നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുണ്ട്. പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗങ്ങളും ബ്രാഹ്മണരുമെല്ലാം ഇവിടുത്തെ തൌളവ ജനവിഭാഗങ്ങൾക്കിടയിലുണ്ട്. പട്ടികജാതികളിൽ ഉൾപ്പെടുന്ന മൊഗ൪ വിഭാഗം കാസർഗോഡിന്റെ പലഭാഗങ്ങളിലും അധിവസിക്കുന്നുണ്ട്. കോളനികളിൽ ഇവ൪ താമസിക്കുന്നു. തുളു ഇല്ലം സമ്പ്രദായമാണ് പിന്തുടരുന്നത്.  തെയ്യം കെട്ടും വൈദ്യവൃത്തിയും കുലത്തൊഴിലാക്കിയ ഒരു ജനവിഭാഗമാണ് കോപ്പാളന്മാർ. മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന തുളു വിഭാഗമാണ് മൊകയ/ മൊഗവീര്യ. കേരളത്തിലെ തീയ്യ൪ക്ക് തുല്യമായ തുളു ജനവിഭാഗമാണ് ബില്ലവ൪.മൺപാത്രങ്ങളുണ്ടാക്കുന്ന തുളു ജനവിഭാഗമാണ് മുല്യ. ശിവള്ളി ബ്രാഹ്മണർ എന്ന പേരിലാണ് തുളു ബ്രാഹ്മണർ പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇതര നാമങ്ങളും പ്രചാരത്തിലുണ്ട്. കന്നഡിഗ൪, ഉ൪ദു സംസാരിക്കുന്ന മുസ്ലിം ജനവിഭാഗങ്ങൾ, കന്നഡ വിഭാഗമായ ചേരിയക്കാർ/ ചേലിയക്കാർ, കോട്ടയാറു സമുദായം, ചക്ലിയ സമുദായം എന്നിങ്ങനെ ഒരുപാട് വിഭാഗങ്ങൾ കന്നഡിഗ൪ക്കിടയിലുണ്ട്.

ഉത്തരേന്ത്യയിൽ നിന്നു വന്ന യാദവവിഭാഗമാണെന്ന് വിശ്വസിക്കുന്ന മണിയാണികൾ എന്ന വിഭാഗം ഇവിടെയുണ്ട്. ചൂളിയാ൪ ഭഗവതിയും മുച്ചിലോട്ട് ഭഗവതിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ചാലിയ, ബാണിയ വിഭാഗങ്ങൾ മറ്റൊരു ജനവിഭാഗമാണ്. അലക്കുജോലി പരമ്പരാഗതമായി ചെയ്യുന്ന ബണ്ണത്താൻ സമുദായത്തിന് വടക്കൻ മലയാളത്തിന്റെ സ്വന്തം സമുദായസംജ്ഞ നിലവിലുള്ളവരാണ്. വൈദ്യവൃത്തി കുലത്തൊഴിലായുള്ള ബണ്ണാൻ സമുദായം ഇവിടെയുണ്ട്. മലബാറിലേതു പോലെ മാപ്പിള  (മാപ്പെ്ളെ )എന്ന പേരിൽ തന്നെയാണ് കാസർഗോഡ് മുസ്ലിങ്ങളും അറിയപ്പെടുന്നത്.
വടക്കൻ മലയാളത്തിലെ അതിന്റെ ബഹുവചനം മാപ്പെ്ളാർ ആണ്. മാപ്പെ്ൾച്ചി ആണ് സ്ത്രീലിംഗം. കാസർഗോഡ് ജില്ലയിൽ മലയാളി മുസ്ലിങ്ങൾക്കുള്ള മറ്റൊരു സംജ്ഞയാണ് ഇച്ചാമാർ. ഇച്ചയുടെ സ്ത്രീലിംഗം ഇഞ്ഞ.കുടിയേറി പാ൪ത്ത ക്രൈസ്തവർ കിഴക്കൻ മലയോര പ്രദേശങ്ങളിലാണ് കൂടുതലായി അധിവസിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഭാഷയിൽ അവരുടെ സ്വാധീനം കാണാം.

ബൈര,മുവാരി, ഓജി, തുടങ്ങി ഇനിയും ഒരുപാട് വിഭാഗങ്ങൾ വിവിധ ഭാഷാസമൂഹങ്ങൾക്കിടയിലുണ്ട്. മലയാളം, കന്നഡ, തുളു, ഉർദു, കൊങ്കണി, മറാഠി, ബ്യാരി - സപ്തഭാഷകൾക്കു പുറമെ ഗോത്രവർഗ്ഗ ഭാഷകൾ വേറെയുമുണ്ട്. ഈ പ്രദേശങ്ങളിലെ വൈവിധ്യമാർന്ന ജനസഞ്ചയം വടക്കൻ മലയാളത്തിന്റെ സ്വതം നിർണയിക്കുന്നതിൽ അവരുടേതായ പങ്കു വഹിക്കുന്നു.

കന്നഡിഗ൪ക്കിടയിലെ ബ്രാഹ്മണർ ഹവ്യക് ബ്രാഹ്മണന്മാർ എന്ന പേരിൽ അറിയപ്പെടുന്നു. ഉ൪ദു സംസാരിക്കുന്ന  തു൪ക്കർ മുസ്ലിം ജനവിഭാഗങ്ങൾ ജില്ലയിലെ പല ഭാഗങ്ങളിലും അധിവസിക്കുന്നു. അവരിൽ ടിപ്പുവിന്റെ കൂടെ വന്നവരുടെ പിൻഗാമികളായ പലരും കോട്ടയുടെ സമീപം താമസിക്കുന്നു. അവരുടെ കൂടെ വന്ന അമുസ്ലിം കന്നഡ വിഭാഗമാണ് ചേരിയക്കാർ/ ചേലിയക്കാർ എന്ന കോട്ടയാറു സമുദായം. ചക്ലിയ വിഭാഗവും കന്നഡിഗരായി ഇവിടെയുണ്ട്. കൊങ്കണി വിഭാഗത്തിലുൾപ്പെടുന്നത് പൊതുവേ ബ്രാഹ്മണരും ക്രൈസ്തവരുമാണ്. കമ്മത്ത്, ഷേണായ്, പ്രഭു തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു, കൊങ്കണി ബ്രാഹ്മണർ. മറാഠികൾ കൂടുതലും പട്ടികവർഗ്ഗ വിഭാഗമാണ്.ഇവരിൽ  നായിക്ക് വിഭാഗമാണ് പ്രബലം.മറാഠി സംസാരിക്കുന്ന ബ്രാഹ്മണരാണ് കരാഡസ്ഥ വിഭാഗം. തുളു പ്രദേശങ്ങളിലെ മുസ്ലിം ജനവിഭാഗമാണ്, ബ്യാരികൾ.ഉ൪ദു മുസ്ലിങ്ങൾ ഹനഹി മദ്ഹബ് പിന്തുടരുമ്പോൾ മലയാളി - ബ്യാരി വിഭാഗങ്ങൾ ശാഫിഈ മദ്ഹബാണ് പിന്തുടരുന്നത്. കാസർഗോഡ് ജില്ലയിൽ തെയ്യം കെട്ടുന്ന തുളു വിഭാഗത്തിലെ കോപ്പാളൻമാർ എന്ന് മലയാളികൾ വിളിക്കുന്ന നെലിക്കദായ സമുദായവും പ്രബലമാണ്.
🎄🌸🌸🌸🎄🌸🌸🌸🎄🌸🌸🌸🎄
 🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥