19-02-20


🙏🙏🙏
🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം 🔹 കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ 🔸നിന്ന് വിഷ്ണുദാസ് ഷേണായി കെ എഴുതിയ  കൊട്ടൊ...  ഫഫീസ് ചൂരി തയ്യാറാക്കിയ ഉമ്മയ്ക്കെന്താ ജോലി  !!? പൊട്ടൻ തെയ്യം വിശേഷങ്ങളുമായി കൈപ്പാട് (നോവൽ, 22ാംഭാഗം)  എഴുത്ത്: ശശിധരൻ മങ്കത്തിൽ പെരുമ്പട്ട- താഴത്തിടം വിഷ്ണുമൂർത്തി തെയ്യം കവി-  ലിനീഷ് കുണ്ടൂർ  കാസ്രോട്ടിന്റെ ഹീറോ, അബ്ദുല്ലാക്ക എബി കുട്ടിയാനം, മധു അരമങ്ങാനം
♣♣♣♣♣

കൊട്ടൊ
വിഷ്ണുദാസ് ഷേണായി


കൊട്ടൊ...  ഇത് കൊങ്ങണിയ൯
വിഭവം.. പ്രാതലിന് ആണ് മുഖ്യമായും ഇത് ഉപയോഗിക്കുക..
പ്ലാവിന്റെ ഇലയില് ആണ് ഇത് ഉണ്ടാക്കുക..  പച്ചരിയും ഉഴുന്നും  അരച്ച് മാവുണ്ടാക്കി, പ്ലാവില പ്രത്യേക രീതിയില് മെടഞ്ഞ് കൂട രൂപത്തിലാക്കി നേരത്തെ തയ്യാറാക്കിയ മാവ് ഈ കൂടയില് നിറച്ച് ആവിയില് വേവിക്കുന്നു..  വിശേഷ ദിവസങ്ങളില് (ഓണം,  വിഷു,  ആഷാഡ ഏകാദശി,  തുളസിപൂജ തുടങ്ങിയ വിശേഷാവസശങ്ങളില് ഇത് ഒഴിവാക്കാറില്ല.. കൊട്ട + ചമ്മന്തി  + സാമ്പാ൪..  ഇതാണ് കോമ്പിനേഷ൯..
വിഷ്ണുദാസ് ഷേണായി. കെ

ഉമ്മയ്ക്കെന്താ ജോലി  !!?
ഫഫീസ് ചൂരി

ഉമ്മ  ♥♥♥
ഉമ്മയ്ക്കെന്താ ജോലി !!?
        നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത്‌ ആദ്യമായി ക്ലാസിലെത്തുമ്പോൾ ടീച്ചർ എല്ലാവരോടും പേരു ചോദിക്കും...ഉമ്മയും ബാപ്പയും എന്ത്‌ ചെയ്യുന്നു എന്ന് ...പലരുടെയും ഉത്തരം ഉമ്മയ്ക്ക്‌ ജോലിയൊന്നുമില്ല വീട്ടിൽ തന്നെയാണു....ശരിക്കും ഉമ്മയ്ക്ക്‌ ജോലിയൊന്നുമില്ലെ !!?...
" എന്റെ ഉമ്മ ഡോക്ടറാണു "
പിച്ച വെച്ച നാൾ മുതൽ ഇന്ന് വരെ ഞാനൊന്നു തെന്നി വീണാൽ ചതവ്‌ പറ്റിയാൽ ഉമ്മ ഓടി വന്ന് അതിനുള്ള പൊടിക്കൈ മരുന്നുകൾ കൊണ്ട്‌ അസുഖം ഭേദമാക്കും...ചെറുതായൊന്നു ജലദോശം വന്നാൽ ആവിപിടിക്കാൻ നിർബന്ധിക്കും...മറ്റ്‌ വല്ല അസുഖങ്ങളും വന്നാൽ അതും സുഖപ്പെടുത്തും അതാണെന്റെ ഉമ്മ...
" ഉമ്മ ടീച്ചറാണു "
ചെറുപ്പം തൊട്ട്‌ ഇന്ന് വരെ ജീവിതത്തിലെ ശരിയും തെറ്റും എന്നെ പഠിപ്പിക്കുന്ന എന്റെ ടീച്ചറാണു പൊന്നുമ്മ...നന്മകളിലേക്ക്‌ നയിക്കാനും തിന്മകളെ അകറ്റാൻ പഠിപ്പിക്കാനും ഉമ്മ കഴിഞ്ഞേ മറ്റൊരു ടീച്ചറുള്ളൂ എനിക്ക്‌...
" ഉമ്മ നല്ലൊരു ഷെഫാണു"
നല്ല രുചിയുള്ള ഭക്ഷണം കഴിക്കാൻ ആരുണ്ടാക്കിയാലും അത്‌ എന്റെ ഉമ്മച്ചിയുടെ കൈപുണ്യം കഴിഞ്ഞേ മറ്റർക്കുമുള്ളൊ...ഏത്‌ വലിയ ഹോട്ടലുകളിൽ ചെന്നാലും എത്ര വലിയ ഷെഫ്‌ പാകം ചെയ്താലും ഉമ്മച്ചിയുടെ അടുത്തെങ്ങാനും ആരുമെത്തില്ല എന്നതാണു സത്യം....
" ഉമ്മ നല്ലൊരു ഹൗസ്‌ കീപ്പറാണു"
രാവിലെ തന്നെ വീട്‌ അടിച്ച്‌ വൃത്തിയാക്കി തുടച്ച്‌ , തുണികളൊക്കെ അലക്കി ഉമ്മറത്ത്‌ ഉണക്കാനിട്ട്‌ ഭക്ഷണം കൃത്യസമയത്ത്‌ പാകം ചെയ്യുന്ന ഏത്‌ ഹൗസ്‌ കീപ്പറാണു ലോകത്തുള്ളത്‌....അത്‌ എന്റെ ഉമ്മച്ചിയാണു....
" ഉമ്മ അക്കൗണ്ടന്റാണു "
വരുമാനത്തിനനുസരിച്ച്‌ ചിലവുകൾ കൈകാര്യം ചെയ്യാനും കടക്കുകൾ കണ്ണടച്ച്‌ കൂട്ടാനും കിഴക്കാനുമുള്ള കഴിവ്‌ എന്റെ ഉമ്മച്ചിയെ കഴിഞ്ഞേ മാറ്റാരുമുള്ളൂ...
ഇത്രയൊക്കെയായിട്ടും ആരേലും ഉമ്മയ്ക്കെന്താ ജോലി എന്ന് ചോദിച്ചാൽ പറയാറുള്ളത്‌  ....
"ഉമ്മയ്ക്ക്‌ ജോലിയൊന്നുമില്ല
ഉമ്മ വീട്ടിൽ തന്നെയാണു "
ഹഫീസ്‌ ചൂരി

കൈപ്പാട് (പൊട്ടൻ തെയ്യ വിശേഷങ്ങൾ)
ശശിധരൻ മങ്കത്തിൽ

പൊട്ടൻ തെയ്യത്തിന്റെ വിശേഷങ്ങളാണ്
 ഈ ലക്കത്തിൽ
കൈപ്പാട് -22
ശശിധരൻ മങ്കത്തിൽ
കൂരിരുട്ടിൽ സുകു ആഞ്ഞു വീശി കത്തിക്കുന്ന ചൂട്ടിന്റെ വെളിച്ചത്തിൽ രഘുനാഥ കൈമൾ നടന്നു. ഇടവഴികൾ പലതും പിന്നിട്ടു. വഴിപരിചയമില്ലാത്തതിന്നാൽ കൈമൾക്ക് സുകുവിനൊപ്പം നടന്നെത്താൻ കഴിയുന്നില്ല. പല ഇടവഴികളിലും ചൂട്ടിന്റെ വെളിച്ചമുണ്ട്. എല്ലാവരും പൊട്ടൻ തെയ്യം കാണാൻ തണ്ടാൻ രാമന്റെ വീട്ടിലേക്കാണ്.
     തണ്ടാൻ തോട് കടക്കുമ്പോൾ സുകു കൈമളിന്റെ കൈ പിടിച്ചു. കുറച്ചു ദൂരം കണ്ടത്തിൽ വരമ്പില്ല. മഴക്കാലത്ത് വെള്ളമൊഴുകുന്ന വഴിയാണ് ഈ തോട്. തോടും കണ്ടവും കഴിഞ്ഞാൽ പിന്നെ നിറയെ വീടുകളാണ്.
   ചൂട്ടുപിടിച്ചു പോകുന്ന ആളുകളുടെ കൂട്ടത്തിൽ നായ്ക്കളുമുണ്ട്.പല വീടുകളിലുമായി അലഞ്ഞു തിരിയുന്ന നായ്ക്കൾ ആളുകൾ പോകുന്നതിനു പിന്നാലെ നടക്കുകയാണ്. വഴിയിൽ പലയിടത്തും കാൽ പൊക്കി മൂത്രമൊഴിച്ചു കൊണ്ടാണ് നടപ്പ്. ചിലപ്പോൾ ആളുകളുടെ മുന്നിലായും നായ്ക്കൾ നടക്കും. ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിച്ചാൽ പിന്നെ പോയ വഴിയിലൂടെ മണം പിടിച്ച് ഇവ മടങ്ങും.
     രാമന്റെ വീട്ടുപറമ്പിനു ചുറ്റും ആൾക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. ഒരാൾ ഉയരത്തിൽ വിറക് കൂട്ടിയിട്ട് ഉണ്ടാക്കിയ നിരുപ്പിന്
തീ കൊടുത്തിരിക്കുന്നു. തിങ്ങിക്കൂടിയ ആളുകളുടെ മുഖത്ത് പ്രകാശം പരത്തി
തീ ആകാശത്തേക്ക് ഉയർന്നു കത്തിക്കൊണ്ടിരിക്കുകയാണ്.
   പറമ്പിലെ വലിയ പ്ലാവിനടുത്തായിട്ടാണ് നിരുപ്പ് കൂട്ടിയിട്ടിരിക്കുന്നത്. പൊട്ടന്റെ പ്ലാവ് എന്നാണ് ഈ പ്ലാവിനെ വിളിക്കുന്നത്. പ്ലാവിന് താഴെയായി വാഴത്തടയും കുരുത്തോലയും കൊണ്ട് ചെറിയപള്ളിയറയുണ്ടാക്കി അകത്തും പുറത്തുമായി നിലവിളക്കുകൾ നിരത്തിയിരിക്കുന്നത് കാണാൻ നല്ല ഭംഗി.
   ബലൂണും കളിപ്പാട്ടവും വിൽക്കുന്നവർ ഒരു ഭാഗത്ത് നിരന്നിരിക്കുന്നു. ഐസ്, കടല വില്പനക്കാരുമുണ്ട്.ഇവരെയെല്ലാം ചുറ്റിപ്പറ്റി കൈയിൽ പൈസയില്ലാത്ത കുട്ടികളുമുണ്ട്. അവരിൽ ചിലർ കളിപ്പാട്ടം നോക്കി വെള്ളമിറക്കികൊണ്ടിരിക്കുകയാണ്. ഊതിപ്പൊന്തി ഗോപാലന്റെ ബലൂൺ തട്ട് കാണാൻ നല്ല ചന്തം.ഒരു തെയ്യത്തിന്റെ തിരുമുടി പോലെ മാലമാലയായി കോർത്ത് കെട്ടിയിരിക്കുകയാണ് ചെറുതും വലുതുമായ കളിപ്പാട്ടങ്ങൾ.
     ഏറ്റവും മുകളിലായി പലതരത്തിലുള്ള ബലൂണുകൾ. നീണ്ട ബലൂണിൽ കൈപമ്പ് കൊണ്ട് കാറ്റടിച്ചു കയറ്റി അറ്റം കെട്ടിയ ശേഷം ഗോപാലൻ ഇത് പിരിച്ച് നിമിഷ നേരം കൊണ്ട് പല രൂപങ്ങൾ ഉണ്ടാക്കും. കുരങ്ങ്, ആന ,പൂവ്... ഇങ്ങിനെ കാണാൻ ഭംഗിയുള്ള രൂപങ്ങൾ.
    ചുറ്റും കൂടി നിന്ന് ആളുകൾക്ക് കളിപ്പാട്ടങ്ങൾ കാണാൻ പറ്റാതായതോടെ കുട്ടികളെ ഗോപാലൻ കണ്ണുമിഴിച്ച് പേടിപ്പിച്ച് ഓടിച്ചു.
 "കൈമ ഒറ്റ പൈസീല്ലാതെ മോന്തിക്ക് ബന്നിറ്റ് ഇങ്ങനെ മോൾളോട്ട് നോക്കിറ്റ് എന്ത് കാര്യം. ബേഗം പോയ്ക്കോ ഈട്ന്ന് " - ഗോപാലൻ കുട്ടികളെയെല്ലാം മുന്നിൽ നിന്ന് നീക്കി.
രണ്ട് മണിക്കൂറിനുള്ളിൽ പൊട്ടൻ തെയ്യത്തിന്റെ വിറക് കത്തിത്തീരും.അതുവരെ സമയം ചെലവഴിക്കണമല്ലോ എന്നു കരുതി. സുകു രഘുനാഥ കൈമളേയും കൂട്ടി ജയരാജൻ മാഷിന്റെ അടുത്തേക്ക് പോയി. തെയ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ് ജയരാജൻ മാഷ്. എവിടെ തെയ്യമുണ്ടെങ്കിലും നല്ല സംഘാടകൻ കൂടിയായ ജയരാജൻ മാഷ് മുന്നിലുണ്ടാകും. കൈമളെ കണ്ടപ്പോൾ ജയരാജൻ മാഷിനും സന്തോഷമായി.പൊട്ടൻ തെയ്യത്തിന്റെ ഉത്ഭവം തൊട്ട് മാഷ് വിവരിച്ചു കൊടുത്തു.            പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന തെയ്യത്തിന്റെ പുരാവൃത്തം കൈമൾക്ക് ഇഷ്ടമായി. ശ്രീപരമേശ്വരൻ ചണ്ഡാല വേഷം ധരിച്ച് ശങ്കരാചാര്യരെ പരീക്ഷിച്ചു എന്ന ഐതിഹ്യത്തിൽ നിന്നുണ്ടായ പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ വരികൾ കൈമളെ വല്ലാതെ ആകർഷിച്ചു.
     എന്റെയും നിങ്ങളുടെയും ദേഹത്ത് ഓടുന്നത് ചോര തന്നെയല്ലേ എന്ന അർത്ഥത്തിൽ
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന് ?....
എന്ന വരികൾ വളരെ അർത്ഥവത്തായി കൈമൾക്ക് തോന്നി.
ചെറുപ്പക്കാരനായ കണ്ണൻ പണിക്കരാണ് പൊട്ടൻ തെയ്യത്തെ കെട്ടുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് തെയ്യച്ചമയത്തിനുള്ള ഓലപ്പന്തലിൽ പണിക്കർ. പ്ലാവിന് താഴെയുള്ള പള്ളിയറയ്ക്കു മുന്നിൽ ചെണ്ടകൊട്ടിക്കൊണ്ടുള്ള പൊട്ടന്റെ തോറ്റം മുഴങ്ങുന്നുണ്ട്.
     പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. നല്ല തണുപ്പണ്ടെങ്കിലും നിരുപ്പ് കത്തുന്നതു കൊണ്ട് തണുപ്പ് അറിയുന്നില്ല. പൊട്ടൻ പുറപ്പെടാറായി എന്നറിയിച്ച് മാലപ്പടക്കം പൊട്ടി. വാണം ആകാശത്ത് ചെന്ന് പൊട്ടാൻ തുടങ്ങിയപ്പോൾ വീടുകളിൽ നിന്ന് പിന്നെയും ആളുകൾ വന്നുകൊണ്ടിരുന്നു. നെഞ്ചിൽ അരിച്ചാന്ത് തേച്ച് അരയോട ചുറ്റി കൈവളകൾ അണിഞ്ഞ് പള്ളിയറക്കു മുന്നിലെ പീഠത്തിൽ പണിക്കർ ഇരുന്നു.
       ചെണ്ടകൊട്ട് മുറുകി.ഒപ്പം വെടിക്കെട്ടും.തെയ്യത്തിന് ചിത്രപ്പണിയുള്ള മുഖപ്പാളവെച്ചു കെട്ടി കൈയിൽ മണിക്കത്തിയും കൊടുത്തു. പൊട്ടൻ പീഠത്തിൽ നിന്ന് എഴുന്നേറ്റ് ചൂട്ടിന്റെ വെളിച്ചത്തിൽ ഉറഞ്ഞു തുള്ളി. പിന്നെ ചുവന്ന് കത്തുന്ന കനൽ കട്ടയുള്ള നിരുപ്പിൽ പോയി ഇരുന്നു.
    "ഓ... ഭയങ്കര തണുപ്പ്... ബെറക്ക്ന്ന തണുപ്പ്....ഇത് ഒന്ന് നല്ലോണം കത്തിക്ക് തണുപ്പ് കൂടട്ട് " - പൊട്ടൻ വിളിച്ചു പറഞ്ഞു.           കനൽ കത്തിജ്വലിക്കുന്നുണ്ടെങ്കിലും പൊട്ടൻ എഴുന്നേൽക്കണ്ട ഭാവമില്ല. ചുറ്റുമുള്ള കൈയ്യാളുകൾ പൊട്ടനെ എഴുന്നേൽപ്പിക്കാൻ ശമിച്ചു കൊണ്ടേയിരുന്നു. "ഇപ്പൊ ഞാൻ എണീക്ക... പക്ഷെ ഈ സുഖശയ്യക്ക് ഞാൻ എന്നും ബെരും കേട്ടോ... അപ്പൊ എന്ന
പിടിക്കണ്ട " - ഈ ഉറപ്പോടെ പൊട്ടൻ എഴുന്നേറ്റു. പിന്നീട് ചെണ്ടമേളത്തിനൊത്ത് ചുവടു വെച്ചു.
    " ആൾക്കൂട്ടത്തിൽ ജീൻസും ജുബ്ബയും ധരിച്ച രഘുനാഥനെ കൈമളെ കണ്ടപ്പോൾ പൊട്ടൻ ഒരു നിമിഷം നിന്നു. അടുത്തു പോയി മുന്നിൽ കുത്തിയിരുന്നു.
 "ബെല്യെ രണ്ടാക്ക് കൂടണ്ട നീളാന കുപ്പായല്ല... ഒന്ന് എനക്ക്ണ്ട തെരാൻ. അല്ലേങ്കില് ഞാനും ഈന്റുളളില് കൂട "- പൊട്ടൻ കുപ്പായം പിടിച്ചു നോക്കി.
    ചുറ്റും കൂടിയ കുട്ടികൾ ആർത്തു ചിരിച്ചു. ചിരി കണ്ടപ്പോൾ പൊട്ടൻ വിളിച്ചു പറഞ്ഞു. "ചിരിക്കണ്ട... ചിരിക്കണ്ട ഞാൻ ആ
തണുപ്പ്ള്ള നിരുപ്പിൽ കൊണ്ടിരുത്തും."    ഇത്രയും പറഞ്ഞ് നേരെ പോയി പൊട്ടൻ പ്ലാവിന്റെ ചെറിയ കൊമ്പിൽ കയറിയിരുന്ന് ഇരുന്ന കൊമ്പ് മുറിക്കാൻ കത്തിയോങ്ങി. "കൊത്തി കൊത്തി അവസാനം ഞാൻ തായ ബീവും. നിങ്ങ നോക്കി ചിരിക്കും. അത് വേണ്ട മക്കളെ " - പൊട്ടൻ പ്ലാവിൽ നിന്ന് താഴെയിറങ്ങി വീണ്ടും നിരുപ്പിൽ പോയി ഇരുന്നു. കൈ രണ്ടും മുന്നിൽ കെട്ടി സുഖത്തിൽ കിടന്നു.
     പിന്നീട് എഴുന്നേറ്റ് പോയി കിണറിനു ചുറ്റും നടന്ന് അകത്തേക്ക് എത്തി നോക്കി."ഈ പാത്രത്തിന്റെ മൂടി ഓടുത്തു. ഈ ബെള്ളൂല്ലെ പാത്രം ഇങ്ങനെ തൊറന്ന് ബെക്കറ്... പൊടി
ബ് വും... എന്ന് വീട്ടുകാരോട് വിളിച്ചു പറഞ്ഞു. നേരെ വാഴക്കുട്ടത്തിലേക്ക് ഓടിക്കയറി എല്ലട്ത്തും ഭയങ്കര കാടല്ലോ എന്ന് വിളിച്ച് പറഞ്ഞ് കുലച്ച വാഴ അടിയിൽ വെച്ച് മുറിക്കാൻ വട്ടം കൂട്ടി.
     ഇതിനിടയിൽ പല പ്രാവശ്യം നിരുപ്പിൽപ്പോയി ഇരുന്നു. സഹായിയോട് കൈ നീട്ടാൻ പറഞ്ഞ് കൈയിൽ കത്തി കൊണ്ട് കനൽ വാരിയിട്ട് എങ്ങിനെയുണ്ടെന്ന് ചോദിച്ചു. ആൾക്കൂട്ടത്തിൽ നിന്ന്ചിലരെ പിടിച്ചു കൊണ്ടുവന്ന് കനലിൽ ഇരിക്കാൻ പറഞ്ഞു. മണിക്കൂറുകളോളം പൊട്ടൻ തമാശകൾ വിളമ്പി.
    തെയ്യം തീയിൽ വീഴുന്നത് കണ്ടു കഴിഞ്ഞപ്പോൾ തന്നെ ആൾക്കൂട്ടം പിരിഞ്ഞു പോകാൻ തുടങ്ങി.തീയിൽചാട്ടമാണ് ആളുകൾക്ക് കാണേണ്ടത്.
      പൊട്ടന്റെ ചിന്തിപ്പിക്കുന്ന തമാശകൾ കൊണ്ട് കൈമൾക്ക് സമയം പോയതറിഞ്ഞില്ല. "ഗുണം വരണം... എല്ലാ സഹായത്തിനും ഞാനുണ്ട് കൂടെ " എന്നു പറഞ്ഞ് പൊട്ടൻ എല്ലാവർക്കും മഞ്ഞക്കുറി നൽകി. കൈമളും കൊടിയിലയിൽ നൽകിയ കുറി വാങ്ങി. എള്ളെണ്ണയുടെയും മഞ്ഞക്കുറിയുടെയും കത്തുന്ന നിരുപ്പിന്റേയും മണം കലർന്ന അന്തരീക്ഷം. ഏതോ ലോകത്ത് അകപ്പെട്ടതു പോലെയൊരു തോന്നൽ.പൊട്ടൻ തെയ്യത്തിന്റെ കേളികൾ കൈമളുടെ മനസിൽ നിറഞ്ഞുനിന്നു.
(തുടരും)
നാടൻ വാക്കുകൾ :
ചൂട്ട് - കത്തിച്ചു പിടിക്കാനുള ഓലക്കെട്ട് മോന്തി - രാത്രി ,നിരുപ്പ് - വിറക് കത്തിച്ച കനൽ കൂമ്പാരം
ശശിധരൻ മങ്കത്തിൽ
കൈപ്പാട് എന്ന നോവലിൽ നിന്നും...


#പെരുമ്പട്ട_താഴത്തിടം.
വിഷ്ണുമൂർത്തി തെയ്യം
പള്ളിയിലേക്ക്
ചെല്ലുന്നു...
പഞ്ചനിസ്കാരങ്ങൾ
എല്ലാം ചെയ്യുന്നില്ലേ
എന്ന് ചോദിക്കുന്നു...
ഉണ്ട് എന്ന് പള്ളിയിൽനിന്ന്
മറുപടി പറയുന്നു...
ഈച്ചയ്ക്ക് തലയിൽവിഷം
പാമ്പിന് പല്ലിൽ വിഷം
തേളിന് പാലിൽ വിഷം
മനുഷ്യന് സർവ്വതും വിഷം.
ശത്രുവിനെ എതിർക്കാൻ
തക്കവണ്ണം നമ്മൾ
ഒറ്റക്കെട്ടായി നിൽക്കണം
എന്ന് തെയ്യം പറയുന്നു.
തെയ്യം പള്ളിക്കാർക്ക് വേണ്ടിയും
പള്ളിക്കാർ തെയ്യത്തിനു വേണ്ടിയും
പ്രാർത്ഥിക്കുന്നു...
അമ്പലവും പള്ളിയും
തെയ്യവും പള്ളിക്കാരും
ഹിന്ദുവും മുസൽമാനും
സർവ്വരും ഒന്നാണെന്നും
സർവ്വതും ഒന്നാണെന്നും
പഠിപ്പിക്കുന്നു.
തെയ്യം പരസ്യമായി
വിളിച്ചു പറഞ്ഞത്
വർത്തമാനകാലത്ത്
ശരിയേക്കാൾ വലിയ
ശരിയാണ്...
മനുഷ്യനെ മതം തിരിച്ച്
അക്രമിക്കുകയും
മാറ്റിനിർത്തുകയും
ചെയ്യുന്ന
മസ്തിഷ്‌കം നിറയേ
വർഗീയ വിഷം വിതയ്ക്കുന്ന
കെട്ട കാലത്ത്
നാം ഒന്നാണെന്നും
നാമൊന്നിച്ചു നിൽക്കണമെന്നും
ശത്രുക്കളെ ചെറുത്തു തോൽപ്പിക്കണമെന്നും
നമ്മേ ഓർമ്മപ്പെടുത്തുന്നു.
ഇത് മതസൗഹാർദതത്തിന്റെ
പട്ടികയിൽ മാത്രം
എഴുതിച്ചേർക്കരുത്
പ്രീയപ്പെട്ടവരെ
വർത്തമാനകാല
നെറികേടിനെതിരെ
നാമൊന്നിച്ചു നിന്ന്
പ്രതിരോധിക്കണം
എന്ന ആഹ്വനമായി കണ്ട്
ഹൃദയങ്ങൾ ചേർത്ത് വെച്ച്
കണ്ണുകൾ തുറന്നു വെച്ച്
ചെവികൾ കൂർപ്പിച്ച്
മുഷ്ടികളുയർത്തി
വാക്കുകകൾ കൊണ്ടെങ്കിലും
പ്രതിഷേധിക്കുക...
നാം
മനുഷ്യരാണ്
നാമൊന്നാണ്...
-ലിനീഷ് കുണ്ടൂർ-
 വിഷ്ണുമൂർത്തി തെയ്യം പള്ളിയിലേക്ക്  ലിനീഷ് കുണ്ടൂർ
 കാസർകോടിന്റെ ഹീറോ, അബ്ദുല്ലാക്ക

#അഭിമാനം കസ്രോട്ടാരൻ.
   മഹനീയമായ മത സൗഹാർദ്ദം നമ്മുടെ നാട്ടിലും .
  ഇന്ന്16-02-2020 തമിഴ്നാട് സ്വദേശിനി രാജശ്രീയുടെ വിവാഹമായിരുന്നു.സർവ്വ ചിലവുമുൾപ്പെടെ വിവാഹം നടത്തിക്കൊടുത്തത് മേൽപറമ്പ് കൈനോത്ത് സ്വദേശി അബ്ദുള്ളയും ഭാര്യ ഖദീജയും ചേർന്നാണ്.
     നന്നേ ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടമായ രാജശ്രീ അബ്ദുല്ലയുടെ വീട്ടിൽ എത്തിയിട്ട് 12 വർഷത്തോളമായി.
  കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദ്, ശ്രീ:മന്യോട്ട് ദേവാലയത്തിൽ വച്ചു രാജശ്രീക്ക് താലി ചാർത്തി.ഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ സൽക്കാരവും ഒരുക്കിയിരുന്നു. ജാതി-മത ഭേദമന്യേ നൂറുക്കണക്കിന് ആൾക്കാർ വിവാഹത്തിന് എത്തിയിരുന്നു.
       നവ ദമ്പതികൾക്ക് മംഗളാശംസകൾ,ഒപ്പം ശ്രീ അബ്‌ദുല്ലയെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ💐🌹."
മനു അരമങ്ങാനം
🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പന്ത്രണ്ടാം ഭാഗം)   വിഭക്തികൾ
💮💮💮💮💮💮💮


വടക്കൻ മലയാളം അധ്യായം പതിനൊന്ന്
വിഭക്തികൾ

മാനകമലയാളത്തിലെ വിഭക്തിപ്രത്യയങ്ങളുമായി പല കാര്യങ്ങളിലും വടക്കൻ മൊഴിഭേദങ്ങൾ ഒത്തുപോകുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ വ്യത്യാസം പുല൪ത്തുന്നുണ്ട്. പലപ്പോഴും മലയാളത്തിൽ നിന്ന് കന്നഡയിലേക്കോ തുളുവിലേക്കോ ഉള്ള ക്രമാനുഗതമായ പരിണാമവും വിഭക്തികളിൽ കാണാം.

1) നി൪ദ്ദേശിക
 ഇത് മിക്കവാറും മാനകമലയാളത്തിലേതു പോലെയാണ്. പുല്ലിംഗം, നപുംസകലിംഗങ്ങളിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ സ്ത്രീലിംഗ പ്രത്യയം ചില സന്ദർഭങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. തമിഴിനെ അനുകരിച്ചു കൊണ്ട് രാജശബ്ദത്തിന്റെ കൂടെ 'ത്തി' സ്ത്രീലിംഗ വാചിയായ 'രാജാത്തി' ശബ്ദം പ്രചാരത്തിലുണ്ട്. മറ്റൊരു പദമാണ് 'ടീച്ചർച്ചി'.അധ്യാപകനെ മാഷെന്നും അധ്യാപികയെ ടീച്ചർ എന്നും വിളിക്കുന്ന രീതി വടക്കൻ മലയാളത്തിലുണ്ട്. അതിന്നു പുറമെയാണ് ഈ പ്രയോഗം.

2) സംബോധന
  'അൻ' -ൽ അവസാനിക്കുന്ന പുല്ലിംഗപദങ്ങളുടെ അവസാനത്തെ 'ൻ' ഒഴിവാക്കി ശേഷമുള്ള 'അ'
ദീർഘിപ്പിച്ചതാണ് വടക്കൻ മലയാളത്തിലെയും രീതി.
രാമൻ ~ രാമാ
കൃഷ്ണൻ ~ കൃഷ്ണാ

വ്യഞ്ജനത്തിലവസാനിക്കുന്ന വൈദേശിക പദങ്ങളുടെ സംബോധന സാധാരണഗതിയിൽ ദീർഘമായ ' എ' ( ഏ) കാരമാണ്.
ദിലീപ്  ~ ദിലീപേ
കാദ൪ `~ കാദറേ
അബൂബക്കർ ~ അബൂബക്കറേ

മലയാളം സ്ത്രീലിംഗ ശബ്ദങ്ങൾ മിക്കവാറും  'ഇ' കാരത്തിൽ അവസാനിക്കുന്നവയാണല്ലോ.
മണവാട്ടി, കള്ളി, വേലക്കാരി, തേവിടശ്ശി ഇവ ഉദാഹരണങ്ങൾ. ഇവയുടെ സംബോധന പ്രഥമ ദീർഘമായ 'ഇ'(ഈ) കാരത്തിൽ അവസാനിക്കുന്നു.
ഉദാ: മണവാട്ടീ, കള്ളീ,വേലക്കാരീ, തേവിടശ്ശീ തുടങ്ങിയവ.

വടക്കൻ മലയാളത്തിൽ മുസ്ലിം സ്ത്രീകളുടെ പേരായി ഉപയോഗിക്കുന്ന അറബിയിൽ നിന്നുള്ള പേരുകളുടെ സംബോധന പ്രഥമ ദീർഘമായ 'ഏ' കാരത്തിനു പകരം ദീർഘമായ 'ആ' കാരത്തിലാണ് അവസാനിക്കുന്നത്.
ഉദാ: ജമീല - ജമീലാ
       സുലൈഖ- സുലൈഖാ
       ഖദീജ  - ഖദീജാ

3) പ്രതിഗ്രാഹിക
'എ' ആണല്ലോ മാനകമലയാളത്തിലെ പ്രതിഗ്രാഹിക വിഭക്തി പ്രത്യയം. ഇത് പല തരത്തിൽ വരുന്നു.
(എ) നേരിട്ട് വരുന്നത്
ഡോക്ടർ - ഡോക്ടറെ
ആശാൻ  - ആശാനെ
രാമൻ   - രാമനെ
കൃഷ്ണൻ - കൃഷ്ണനെ
മകൾ   - മകളെ
അവൾ  - അവളെ
അയാൾ - അയാളെ
(ബി) താലവ്യാഗമത്തോടു കൂടിയത്
ലത - ലതയെ
ലക്ഷ്മി - ലക്ഷ്മിയെ
(സി) ഓഷ്ഠ്യാഗമത്തോടെ
ഗുരു  - ഗുരുവെ
മഴു    - മഴുവെ
 'ഇൻ'  അംഗപ്രത്യയം കൂടി ആഗമമായി വന്നു കൊണ്ട് 'വിനെ' എന്നായി മാറാറുണ്ട്. ഉദാ: ഗുരു - ഗുരുവിനെ, മഴു - മഴുവിനെ
(ഡി). അംഗപ്രത്യയം നിത്യമായി വരുന്നത്
വ്യഞ്ജനത്തിലവസാനിക്കുന്ന വൈദേശിക പദങ്ങൾക്ക് ഭാഷയിൽ തത്ഭവമുണ്ടാകുമ്പോൾ അവസാനഭാഗത്ത് സംവൃതോകാരത്തിന്റെ ആഗമമുണ്ടാവണമെന്നാണല്ലോ നിയമം. മലയാളത്തിൽ ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ 'ഇൻ' ആണ് വരിക.
 കാട് - കാടിനെ
വീട് - വീടിനെ
തൈര് - തൈരിനെ
വൈദേശിക പദങ്ങൾ
രമേശ് - രമേശിനെ
കാദ൪ - കാദറിനെ
വൈദേശിക ഭാഷകളിൽ നിന്നും കടം കൊണ്ടതിനു ശേഷം തത്ഭവമായി മാറിയ പദങ്ങൾ പ്രതിഗ്രാഹിക വിഭക്തി നേരത്തെ സൂചിപ്പിച്ച ഭാഷാപദങ്ങളുടെ പോലെ യാണ്.
കാറ്  - കാറിനെ
ബസ്സ് -ബസ്സിനെ
വെള്ളം ~വെള്ളത്തെ
ശവം ~ ശവത്തെ
തുടങ്ങിയ രീതിയിൽ മാറ്റമുണ്ടാകുന്നു.
വടക്കൻ മലയാളത്തിൽ താലവ്യാഗമം വരേണ്ട സന്ദർഭങ്ങളിലെല്ലാം 'നെ' ആണ് ചേരുന്നത്.
ഉദാ:
മൂസ ( മൂസെ) - മൂസെനെ
അപ്പക്കുഞ്ഞി - അപ്പക്കുഞ്ഞിനെ
തുളുവിലും ദ്വിതീയാവിഭക്തി ഇതേ വിധത്തിലാണ് വരുന്നത്.
നി൪ദ്ദേശിക          
മറ (മരം)  
പ്രതിഗ്രാഹിക
 മറനെ(മരത്തെ)
എന്നാൽ  'അ'കാരത്തിൽ അവസാനിക്കുന്ന മുസ്ലിം ബന്ധനാമങ്ങളിലും മുസ്ലിം സ്ത്രീ നാമങ്ങളിലും പ്രസ്തുത  /അ/കാരം ചേരുന്നതിന് മുമ്പ് ദീർഘിക്കുന്നതായിരിക്കും.
ഉമ്മ - ഉമ്മാനെ
ഉപ്പ - ഉപ്പാനെ
ഇച്ച - ഇച്ചാനെ
ഇഞ്ഞ - ഇഞ്ഞാനെ
ജമീല - ജമീലാനെ
അകാരാന്തമല്ലാത്ത സ്ത്രീ നാമങ്ങളിൽ ദീ൪ഘം വരില്ല.
മറിയം - മറിയത്തിനെ
മറിയെ - മറിയെനെ
' വ' കാരം തൊട്ടുമുമ്പിലുള്ള 'ഉ' കാരവുമായി സവ൪ണനം ചെയ്തു കൊണ്ട് 'ഉ' കാരത്തിന്റെ ഇരട്ടിപ്പായി മാറുന്നു. അതുകൂടാതെ 'ഇൻ' - ലെ 'ഇ' കാരം ലോപിക്കുകയും ചെയ്യുന്നു.
ഉദാ: കുഞ്ഞമ്പു - കുഞ്ഞമ്പൂനെ
ഗുരു - ഗുരൂനെ
വടക്കൻ മലയാളത്തിലുൾപ്പടെ മലയാളത്തിന്റെ പ്രാദേശിക ഭേദങ്ങളിൽ മകൾ - മോള്;  അവൾ- ഓള്, എന്നീ പരിണാമം കാണാമല്ലോ. ഇവയുടെ പ്രതിഗ്രാഹിക താഴെ പറയുന്ന വിധത്തിലാണ്.
മോള് ( നി൪ദ്ദേശിക) -മോളെ ( പ്രതിഗ്രാഹിക)
ഓള് (നി൪ദ്ദേശിക) -ഓളെ (പ്രതിഗ്രാഹിക )

4)  സംയോജിക
വ്യഞ്ജനാന്തപദങ്ങൾ മലയാളം പുല്ലിംഗപ്രത്യയമായ 'അൻ' ചേ൪ന്നതായാലും അല്ലെങ്കിലും അവയുടെ വടക്കൻ മലയാളത്തിലെ സംയോജിക വിഭക്തിക്ക് മാനകമലയാളത്തിൽ നിന്നു വ്യത്യാസമില്ല.
കുഞ്ഞിക്കണ്ണൻ - കുഞ്ഞിക്കണ്ണനോട്
കാദ൪ - കാദറോട്
ബെ്ള്ളം - ബെ്ള്ളത്തോട്, ബെ്ള്ളത്തിനോട്
1)  ' യ' കാരാഗമം വരുന്നവ
മൂസ(മൂസെ) - മൂസയോട്, മൂസെനോട്
ലത - ലതയോട്, ലതെനോട്
ലക്ഷ്മി - ലക്ഷ്മിയോട്, ലക്ഷ്മീനോട്
 മൂന്നാമത്തെ ഉദാഹരണത്തിൽ പദം ഇകാരാന്തമായതിനാൽ പ്രസ്തുത ' ഇ' കാരം ദീർഘിച്ചതിനു ശേഷമാണ് ' 'ന' കാരാഗമം ഉണ്ടായത്.
'അ' കാരാന്ത പദങ്ങൾ  അവസാനത്തെ 'അ'കാരം ദീ൪ഘിക്കുക മാത്രമല്ല, 'ന' കാരാഗമം നിത്യമായിട്ട് വരികയും ചെയ്യും.
ജമീല - ജമീലാനോട്
ഉപ്പ - ഉപ്പാനോട്
എന്നാൽ 'അ' കാരാന്തമല്ലാത്ത സ്ത്രീ നാമങ്ങളിൽ ദീ൪ഘം വരില്ല.
മറിയം - മറിയത്തിനോട്
മറിയെ - മറിയെനോട്
ചില വാക്കുകൾ ഇങ്ങനെയും;
കുഞ്ഞമ്പു - കുഞ്ഞമ്പൂനോട്
മധു - മധൂനോട്.
➿➿➿➿➿
🍀🔥🔥🍀🔥🔥🍀🔥
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്. പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏

🍀🔥🔥🍀🔥🔥🍀🔥