22-04-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
🟣🔵🟣🔵
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിന്ന്
◼️ ഓ൪ക്കാൻ സമയമില്ലാത്ത കാലങ്ങൾ (സുജ കാഞ്ഞങ്ങാട്)
◼️ കുന്നിൻ മുകളിലൊരു കിണർ (റിപ്പോർട്ട്:എബി കുട്ടിയാനം)
◼️ ബിഗില് (മനു അരമങ്ങാനം)
◼️  നിലംതല്ലി (അനിൽ വി അണീഞ്ഞ)
ഖാദ൪ ടി ഐ തൈവളപ്പ്, റഹീം കല്ലായം, ഖാദ൪ ക്ലായിക്കോട്.. എന്നിവരും എഴുതുന്നു.
*⃣*⃣*⃣



ഓർക്കാൻ സമയമില്ലാത്ത കാലങ്ങൾ
ഗതകാല സ്മരണകൾ പൊടി തട്ടിയെടുത്തപ്പോഴാണ് ഒരു മൂലയിൽ ഒതുങ്ങിയിരിക്കുന്ന മഷി പേനയെ  കണ്ടത്. വില കുറഞ്ഞ ഒരു ചുവന്ന നിറത്തിലുള്ള പേന, പക്ഷെ പൊന്നിൻ വില തോന്നിയ നിമിഷം. കുറച്ച് വറ്റിയ മഷി അതിൽ ഇപ്പോഴും ബാക്കി, എന്റെ മനസ് പോലെ .
ആദ്യമായി ആ പേന കൈയ്യിൽ കിട്ടിയ നിമിഷം ഓർത്തു.
“അച്ഛൻ അമ്മയോട്  പറയുന്നത് കേട്ടു അവൾക്കു  ഒരു മഷി പേന വാങ്ങണം, അതിന് പൈസ   എന്റെ കൂട്ടുകാരൻ മമ്മദ് വരുന്നുണ്ട്
അവനോട് ഒരെണ്ണം കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്.
അവൾക്കെന്തിനാ മഷി പേന, കുട്ടിയല്ലേ  ?”
എങ്കിലും അത് കിട്ടി, ആദ്യത്തെ മഷി പേന  ഒപ്പം ബ്രില്ലിന്റെ നീല മഷി, നിറയ്ക്കുമ്പോൾ മഷി വിരലുകളെ നീലയാക്കി  മനസ്സിൽ പക്ഷെ പടർന്നത് മാരിവില്ലിന്റെ ഏഴു നിറങ്ങളാണ്
 പിന്നെ പേരെടുത്ത മഷി പേനകൾ ഓരോന്നായി വന്നു. ഹീറോ പെന്നുകളായിരുന്നു ആദ്യകാലങ്ങളിൽ കൂടുതലും. ചുവപ്പ്, പച്ച നിറങ്ങളിൽ അവ നീല വാക്കുകളെ പെറ്റിട്ടു. അവയുടെ കനം കുറഞ്ഞ മുനകൾ കുറെ കഷ്ടപ്പെടുത്തി. ഒരിക്കൽ ചേട്ടൻ നാട് വിടുമ്പോൾ ഉപയോഗിച്ചു ഇത്തിരി പഴക്കം ചെന്ന പാർക്കർ പെൻ തന്നു. മുന്തിയ ഇനം ആണ്. അത് കൊണ്ട് വല്ലപ്പോഴുമേ അത് ഉപയോഗിച്ചുള്ളൂ.  പത്താം ക്ലാസ് പാസ്സായപ്പോൾ വടക്കേലെ സുമതിയേച്ചി ഒരു ഷീഫർ പേന തന്നു. പുതിയതാണ്, പാർക്കറിനെപോലെ ഒരുവിദേശി.  സുമതിയേച്ചിക്ക്  സമ്മാനിച്ചതാണ്. എനിക്കും അതൊരു സമ്മാനമായതു കൊണ്ടാകും ഞാനും അത് ഉപയോഗിക്കാതെ കുറെ കാലം കൊണ്ട് നടന്നു. അപ്പോഴേയ്ക്കും മഷി പേനകൾ പഴയ തലമുറക്കാരായിരുന്നു. എങ്കിലും അവയുടെ മഹത്വം ഒന്ന് വേറെ തന്നെ. പിൽക്കാലത്ത് ഒരു എക്സിബിഷനിൽ വെച്ച് വജ്രങ്ങൾ പതിച്ച ലക്ഷങ്ങൾ വില മതിപ്പുള്ള മഷി പേന കണ്ടിട്ടുണ്ട്.
പിന്നീട് ബോൾ പെന്നുകളുടെ കാലം വന്നു. വില കുറഞ്ഞ നാടൻ പെന്നുകൾ കൂടാതെ റൈയ്നോൾഡ്സ് മുതലായ ഇത്തിരി ഗമ കൂടിയവരും കൂടെ കൂടി. പക്ഷെ ആർക്കും കൈയ്യക്ഷരം നന്നാക്കാൻ കഴിഞ്ഞില്ല. അത് വീണ്ടും വഷളാവുകയേ ചെയ്തുള്ളൂ. മഷി കുപ്പികൾ ആവശ്യമില്ലാതായപ്പോൾ മഷി പേനകളെയും മറന്നു. അപ്പോഴാണ് ആദ്യത്തെ മഷി പേന ഇങ്ങിനെ അവിചാരിതമായി മുന്നിൽ
പൊടി പിടിച്ച് ദയനീയമായ ഒരു നോട്ടം എന്നിലേയ്ക്ക് എറിഞ്ഞു. മൂലയിൽ ചുരുണ്ട് കൂടി കിടന്ന മഷി പേനയോട് ചോദിച്ചു :
"എന്താ ഒരു പരിഭവം പോലെ ?"
“ഹേയ്മറന്നില്ലല്ലോ  നീ എന്നെ അത് തന്നെ വലിയ കാര്യം
"ഇല്ല മറന്നതല്ല...കാലം മാറിയപ്പോൾ ഞാനും കോലം മാറാൻ പഠിച്ചു"
“ഞാനും ഒന്നും മറന്നിട്ടില്ല.....നീ എന്നെ കൊണ്ട് എഴുതി പഠിക്കാൻ കുറെ സമയമെടുത്തു. എഴുതി എഴുതി മഷി തീർക്കലും പിന്നെ മഷി നിറക്കലും ഒരുത്സവമായിരുന്നു. ഹരമായിരുന്നു നിനക്ക് എനിയ്ക്കും  എങ്ങിനെ മറക്കാൻ പറ്റും  ആ കാലം
നീയിപ്പോഴും എഴുതി പഠിച്ചില്ലാ ല്ലേ  മടിച്ചി  ... നിന്റെ കൈയ്യക്ഷരം ഇനിയും നന്നാകാനുണ്ട്. ഈ മൂലയിൽ ചുരുണ്ടുകൂടി കിടന്നും ഞാനതൊക്കെ മനസ്സ് കൊണ്ട് കാണാറുണ്ട്”. 
ഞാൻ വെറുതെ ചിരിച്ചു. ഞാനാ കാലങ്ങൾ പലപ്പോഴും ഓർക്കാൻ തന്നെ സമയമില്ലാതെ മറന്നു പോയിരുന്നെന്ന സത്യം ആ ചിരിയിൽ ഒളിപ്പിച്ചു.
സുജ കാഞ്ഞങ്ങാട്

ഒറ്റയ്ക്ക് കിണര്‍ കുഴിച്ച മനുഷ്യരുടെ കഥ
നിങ്ങള്‍ ഒരുപാട് കേട്ടിരിക്കാം
പക്ഷെ ക്യാന്‍സര്‍ രോഗിയായ
വൃദ്ധനായൊരു മനുഷ്യന്‍ കിണര്‍ നിര്‍മ്മിച്ച്
വെള്ളം കണ്ടെത്തിയിരിക്കുന്നു
അങ്ങ് ഏല്‍ക്കാനയില്‍
എബി കുട്ടിയാനം
9995416999
സ്റ്റേ അറ്റ് ഹോം എന്ന പദത്തെ നമ്മളൊക്കെ വാട്‌സ്ആപ്പിനും ടിവിക്കും മുന്നിലിരുന്ന് പാഴാക്കുമ്പോള്‍ ചിലര്‍ അതിനെ കഠിനാധ്വാനം കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുകയാണ്.
കേരള കര്‍ണാടക അതിര്‍ത്തിയായ എണ്‍മകജെ ഏല്‍ക്കാന കുതിരപ്പാടിയിലെ ഐത്തപ്പ നായക്കിന്റെ വീട്ടിലായിരുന്നു ഇന്ന് ഞങ്ങള്‍.
അറുപത്തിയഞ്ചുകാരന്‍ ഐത്തപ്പ നായക്കും ഭാര്യ സരസ്വതിയും  മകള്‍ സൗമ്യയും ചേര്‍ന്ന് വീട്ടുമുറ്റത്ത് സുന്ദരമായ കുളം നിര്‍മ്മിച്ചിരിക്കുകയാണ്. ആ കാഴ്ച കാണാനും അതിനെ ലോകത്തെ അറിയിക്കാനുള്ള വാര്‍ത്ത ചെയ്യാനുമായിരുന്നു ഞാനും ക്യാമറാമാന്‍ ഷെബി ബംബ്രാണിയും കുതിപ്പാടിയിലെ കുന്നിറങ്ങി, പിന്നൊരു കുന്നുകയറി അവിടെയെത്തിയത്. പ്രിയ സുഹൃത്ത് നൗഷാദാണ് ആ വാര്‍ത്തയെക്കുറിച്ച് പറഞ്ഞത്. എല്ലാ സഹായവും ചെയ്തു തരാന്‍ വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമൊഗറും സുഹൃത്ത് ഷെഫീഖും എസ്.സി മുന്‍ പ്രോമോട്ടറും നാട്ടുകാരനുമായ ദയാനന്ദനുമുണ്ടായിരുന്നു.
ഐത്തപ്പ നായക് ക്യാന്‍സര്‍ രോഗിയാണ്. മരുന്നുണ്ട്, പക്ഷെ പൈസയില്ലാത്തതുകാരണം നാലുമാസമായി മരുന്ന് മുടങ്ങിയിരിക്കുന്നു. പക്ഷെ ദു:ഖിച്ചിരിക്കാനൊന്നും ആ മനുഷ്യന്‍ തയാറല്ല. കൊറോണ വൈറസിന്റെ ലോക്ഡൗണ്‍ വന്നപ്പോള്‍ ഐത്തപ്പ നായക്കിന്റെയും ഭാര്യയുടേയും പണിമുടങ്ങി. വെറുതെ ഇരുന്ന് ശീലമില്ല,  അപ്പോഴാണ് മുറ്റത്ത് കിണര്‍ കുഴിച്ചാലോ എന്നാലോചിച്ചത്. പിന്നീട് മറിച്ചൊന്നും ചിന്തിച്ചില്ല, പണിയങ്ങ് തുടങ്ങി. രാവിലെ ചായ കഴിച്ച് മൂന്നുപേരും പണി തുടങ്ങും. വെയിലിന് കാഠിന്യം കൂടുമ്പോള്‍ നിര്‍ത്തും. പിന്നെ വീണ്ടും തുടങ്ങും.  ഐത്തപ്പ നായക്ക് കിണറിലിറങ്ങി മണ്ണ് കിളച്ച് നിറച്ചുകൊടുക്കുമ്പോള്‍ അമ്മയും മകളും മുകളില്‍ അത് വലിച്ചെടുക്കും.
അങ്ങനെ പത്തുപതിനഞ്ചു ദിവസം അവര്‍ കിണറുകുഴിച്ചു. കഴിഞ്ഞ ദിവസം വെള്ളത്തിന്റെ ആദ്യത്ത ഉറവ കണ്ടു. അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു.
സ്വന്തമായി കിണറുകുഴിച്ച മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് വായിക്കാറുണ്ട്. പക്ഷെ കാന്‍സര്‍ രോഗിയായ വൃദ്ധനായ മനുഷ്യന്‍ ഭാര്യയുടെയും മകളുടെയും മാത്രം സപ്പോര്‍ട്ടോടുകൂടി കിണറുകുഴിച്ച കഥ അപൂര്‍വ്വമായിരിക്കും.
എന്തായാലും ആ നിഷ്‌കളങ്കരായ മനുഷ്യരുടെ കഠിനാധ്വാനം നേരിട്ട് കാണാന്‍ കഴിഞ്ഞത് വലിയ ഊര്‍ജ്ജമാണ് മനസ്സിന് സമ്മാനിച്ചത്.
വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമില്ലാത്ത ലോകത്ത് മനുഷ്യരൊക്കെ ഇങ്ങനെയാണെന്ന് അവര്‍ പറഞ്ഞു തന്നു.




"ബിഗില്(പെട്രോമാക്‌സ്)....."
ചില ഓർമ്മകൾ അങ്ങനെയാണ്,മങ്ങാതെ, മായാതെ എന്നും നിലനിൽക്കുന്നുവ.ആ ഗണത്തിൽപ്പെട്ട ഒന്നാണ് ഇത്.
കുഞ്ഞുന്നാളിൽ കല്യാണപ്പുരകളിലും,മറ്റു വിശേഷാവസരങ്ങളിലും കണ്ടിരുന്ന.,കാലത്തിന്റെ യാന്ത്രികതയിൽ വിട്ടു പോയ ഒന്ന്.
വീടിനടുത്തുള്ള അമ്പലത്തിൽ മാസത്തിൽ രണ്ടോ മൂന്നോ തവണയുള്ള കുറിക്കു(ചിട്ടി)രാത്രികാലങ്ങളിൽ അച്ഛന്റെ കൂടെപ്പോവുമ്പോൾ അവിടെ കണ്ടിരുന്ന ബിഗിലും അതിന്റെ മാന്റിലും അത്ഭുതമായിരുന്നു,ഈ കാഴ്ച കാണാൻ വേണ്ടി മാത്രം എത്രെയോ നാളുകൾ അങ്ങനെ.........
അക്കാലങ്ങളിൽ വീട്ടിൽ ചിമ്മിനി വിളക്കായിരുന്നു ,മരുന്ന് കുപ്പിയിൽ മണ്ണെണ്ണ ഒഴിച്ച് ,തിരിയിട്ട ചിമ്മിണി.
ബിഗിലിന്റെ സൗന്ദര്യം അത്ഭുതാവഹമായ പ്രഭ ചൊരിഞ്ഞ ഒരു പാട്ട് ഇന്നും മനസ്സിലുണ്ട്, "തേന്മാവിൻ കൊമ്പത്' എന്ന സിനിമയിൽ 'മാൽഗുഡി ശുഭ മാഡം" പാടിയ പാട്ട്,താളത്തിനൊത്ത് നൃത്തം വെക്കുന്ന ബിഗിലിന്റെ കാഴ്ച എത്ര മനോഹരം.....
നിങ്ങൾക്കുമുണ്ടോ ഇതു പോലുള്ള പഴയകാല ഓർമ്മകൾ?....            
മനു അരമങ്ങാനം

നിലംതല്ലി
♾️♾️♾️♾️♾️
നിലംതല്ലി
♾️♾️♾️♾️♾️
ഇങ്ങനെ കളം തല്ലിയുറപ്പിക്കുന്നത്‌ നേരിട്ടു കണ്ടവരോ.....
ഇത്തരം ജോലികൾ ചെയ്തവരോ ആരെങ്കിലുമുണ്ടോ......?
ഞങ്ങളുടെ നാട്ടുകാർ നിലന്തല്ലിയെന്നു വിളിക്കുന്ന .....
ഇപ്പോൾ അന്യംനിന്നുപോയെങ്കിലും നമ്മുടെ നാട്ടിൽ വര്ഷങ്ങൾക്കുമുന്നേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ തൊഴിലുപകരണത്തിന്റെ നിങ്ങളുടെ നാട്ടിലെ പേരെന്താണ്.......
നമ്മുടെ നാട്ടിൽ ചാണകമെഴുകിയ മുറ്റങ്ങളുള്ള കുഞ്ഞുകുഞ്ഞു ഓടിട്ടവീടുകളും പുല്ലുമേഞ്ഞ വീടുകളും ധാരാളമായുണ്ടായിരുന്ന എന്റെയൊക്കെ കുട്ടിക്കാലത്തു പുത്തരി കൊയ്ത്തിനു മുന്നോടിയായി മുറ്റംതല്ലിയൊതുക്കുവാനാണ് നിലംതല്ലിയെന്ന ഈ പണിയായുധം  വര്ഷത്തിലാദ്യമായി തട്ടിൻ പുറത്തുനിന്നും പുറത്തിങ്ങുന്നത്.
കല്യാണവും ഗൃഹാരംഭവുമുള്ള വീടുകൾ.......
തെയ്യവും തിറയുമുള്ള ക്ഷേത്രങ്ങൾ.....
ബൊളീബോൾ ഗ്രൗണ്ടുകൾ എന്നുവേണ്ട....
അതുപോലുള്ള എല്ലായിടങ്ങളിലും നിലംതല്ലികൾകൊണ്ടു നിലം തല്ലിയൊതുക്കിക്കൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയിരുന്നത്.
"നെലം ചായ്ക്കൽ "എന്നാണ് നിലംതല്ലിയെതുക്കുന്നതിനെ ഞങ്ങളുടെ നാട്ടിൽ പറഞ്ഞിരുന്നത്.
സ്കൂളിൽ പഠിക്കുന്ന കാലത്തു അച്ഛന്റെ സഹായിയായും പിന്നെ കൂലിപ്പണിക്കിറങ്ങിയപ്പോൾ സ്വന്തമായും ഞാനും നിലംതല്ലിക്കൊണ്ടു നിലം തല്ലുന്ന ജോലി ചെയ്തിട്ടുണ്ടായിരുന്നു.
ആദ്യം ഇടവിട്ടിടവിട്ടു ഓരോ കിളകിളച്ചശേഷം നല്ലപോലെ വെള്ളമൊഴിച്ചു തല്ലിയൊതുക്കാനുള്ള സ്ഥലം നല്ലപോലെ കുതിർത്തുവയ്ക്കും അതിനുശേഷം നിലം കിളച്ചുമറിച്ചു കട്ടകളുടച്ചു കൈക്കോട്ടുകൊണ്ടു മുഴകളും കുഴികളും തട്ടിനിരപ്പാക്കി വയ്ക്കും .....
പിന്നെയാണ്  നിരനിരയായി ആദ്യം തലങ്ങനെയും പിന്നിലെ വിലങ്ങനെയും  നിലംതല്ലിക്കൊണ്ടു ശക്തിയോടെ തല്ലിയുറപ്പിച്ചിരുന്നത്.
തലങ്ങനെയും വിലങ്ങനെയും  തല്ലിയുറപ്പിച്ചശേഷം
വീണ്ടും ഒരിക്കൽ കൂടി അതേപോലെ തലങ്ങനെയും വിലങ്ങനെയും ശക്തികുറച്ചു അടിച്ചശേഷം നീട്ടിവലിക്കുന്നതിനെ മിനുസപ്പെടുത്താൽ എന്നാണ് പറഞ്ഞിരുന്നത്.
അതിനുശേഷം ചാണകം കലക്കിയൊഴിച്ചു മാച്ചി(ചൂൽ) കൊണ്ടു മെഴുകിയ ശേഷം ഒരുവട്ടംകൂടെ പതുക്കെ നിലംതല്ലിയിട്ടു വലിക്കുന്നതോടെ അവസാനവട്ടവും പൂർത്തിയായി.
കളം ചായ്ക്കുമ്പോൾ കളത്തിന്റെ തുമ്പും അരികും മൂലയുമൊക്കെ ചെറിയ കൈനിലംതല്ലികൊണ്ടു തല്ലിയൊതുക്കുന്ന ജോലി വീട്ടിലുള്ള കുട്ടികൾക്കും പെണ്ണുങ്ങൾക്കുമായിരുന്നു.
ഇപ്പോൾ  കോണ്ക്രീറ്റ് പണിക്കാവശ്യമായ സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നതുപോലെ പഴയകാലങ്ങളിൽ നിലംതല്ലികൾ വാടകയ്ക്ക് കൊടുക്കുന്ന വീടുകളും ധാരാളമായി ഉണ്ടായിന്നെന്നു പറയുമ്പോൾ അക്കാലത്തെ നിലംതല്ലികളുടെ പ്രസക്തി ശരിക്കും മനസിലാകും
അനിൽ വി അണീഞ്ഞ

#കോവിഡ്‌_19
ബദിയടുക്കയിലെ കർഷകന്റെ കുംബളം കൃഷി വകുപ്പ്‌ ശേഖരിക്കും...
ബദിയടുക്ക പഞ്ചായത്തിലെ ബൈക്കുഞ്ച ശങ്കര ഭട്ട് എന്ന കർഷകന്റെ 14000 കി ഗ്രാം കുമ്പളം. വിപണി കണ്ടെത്താൻ സാധിച്ചില്ല.  വിപണി നേരത്തെ പറഞ്ഞുറപ്പിച്ചാണ് കൃഷിയിറക്കിയത്. പക്ഷെ ലോക്ക് ഡൗൺ കാരണം അത്   സാധിച്ചില്ല.
ഈ വിവരം അറിഞ്ഞയുടൻ. കൃഷി വകുപ്പ് മന്ത്രി   V.S.. സുനിൽകുമാർ  നേരിട്ട് ഇടപെട്ട്  ഹോർട്ടികോർപ്  വഴി. ശങ്കര  നാരായണ ഭട്ടിന്റെ  അടുത്തുള്ള  മുഴുവൻ കുമ്പളങ്ങയും  സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിനി മോളിന്റെ നേതൃത്വത്തിൽ ഉന്നത കൃഷി ഉദ്യോഗസ്ഥർ ഭട്ടിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു..* ശനിയാഴ്ച ഹോർട്ടി കോർപ് കുമ്പളങ്ങ മുഴുവനായി ശേഖരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു   
ഖാദ൪ ടി ഐ തൈവളപ്പ്

കേട്ടു വാ ഇപ്പൾ ത്തെ ഈ ബെരുത്തം ഇണ്ടല്ലോപ്പാ അമ്മോ കൊറോണ യാ  അയിന് പേടിക്കിയൊന്നും ബേണ്ടാലൂ ജാഗ റതെ മതി മീട്ട് ന് തുണി കെട്ടണം കൈ ഒറ ഇടണം എടക്കെടക് കൈ കൗവ്വണം കൊറെ ആള് കൂട്ടം കൂടിറ്റ് നൊട്ടെംനൊണെം പറയാൻ നിക്കണ്ട ബീട്ടിലന്നെ ഇരിക്കണംകെട്ടു വാ
ഖാദ൪ ക്ലായിക്കോട്
🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (ഇരുപത്തിയൊന്നാം ഭാഗം)  വടക്കൻ മലയാള നിഘണ്ടു ( നാലാം ഭാഗം)
💮💮💮💮💮💮💮
വടക്കൻ മലയാളം
വടക്കൻ മലയാളനിഘണ്ടു (നാലാം ഭാഗം )


എകരം/ഏരം  - ഉയരം
എക്കച്ചല്/എക്കപ്പൽ - ബുദ്ധിമുട്ട്, വിഷമം
എക്കസെ്ക്ക് - അതാണോ ഇതാണോ എന്ന ശങ്ക
എക്ക്  - ശ്വാസം, ബലം, ത്രാണി
എക്ക് ബെലിക്കുക - അവിശ്വസനീയമായത് കേട്ടാലോ മറ്റോ ദീർഘശ്വാസം വലിക്കുക
എക്കുക  - കബഡിയിൽ കീഴടങ്ങൽ അറിയിക്കുക (എക്കി - ഭൂതകാലം)
എക്ക്ട്ട/എക്കി്ട്ട - എക്കിൾ
എഞ്ച്യേ/എഞ്ച്യേന്/ എഞ്ച്യേൻ  - എന്ത്, എന്താണ്? (  തുളു - എഞ്ച )
എ്ടക്കലം - അടുപ്പിന്റെ ഒരു ഭാഗത്ത് സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്ന കലം
എറ്റ്ന്ന് - നാറുന്നു, ദുർഗന്ധം വമിക്കുന്നു. 'ചെടിയെറ്റ്ന്ന്' എന്നാണ് സാധാരണ പ്രയോഗം
എത്തരെ/എത്തെരെ- എത്ര
എൻക്  - എനിക്ക്
എനയുക - കരയുക, ( എനയല്~ നാമം)
എന്റൊക്കെ/എന്റൊക്ക - എന്റെ കൂടെ
എപ്പം  - എപ്പോൾ
എത്രൂട്ടം  - എത്ര പ്രാവശ്യം
എത്തെരേല്/എത്രേല്- എത്രാമത്തേതിൽ (ഏതു ക്ലാസിൽ)
എദം/യെദം - സൌകര്യം, ആശ്വാസം  (ഹിതം-  സംസ്കൃതം തത്ഭവം)
എന്താക്ക്ന്ന് - എന്തു ചെയ്യുന്നു
എന്താക്കല് - എന്തു ചെയ്യാൻ?
എന്താ ചെയ്യുക?
എന്ത്യേ/എന്ത്യേൻ - എന്താണ്?
എന്ത്യേണേ - എന്താണ് പെണ്ണേ?
എന്ത്ന്ന്പ്പാ - എന്താണ്?
എന്ത്റാ - എന്താടോ?
എന്തൂല്ല  - ഒന്നുമില്ല
എപ്പം  - എപ്പോൾ
എമീ  - ഭയം സൂചിപ്പിക്കാനായി പെട്ടെന്നു ഉപയോഗിക്കുന്ന പദം
എമ്മാ/എമ്മപ്പാ/അമ്മാ/അമ്മാപ്പാ - എനിക്കൊന്നുമറിയില്ലെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം
എയ്യൻ  - മുള്ളൻപന്നി
എയിതുക/ എ്ഇ്തുക - എഴുതുക
എര/എരെ - വിര,ഇര
എരക്കുക  - യാചിക്കുക
എരടുക -  നടക്കുമ്പോൾ കാൽവിരൽ മുട്ടുക, നടക്കുമ്പോൾ എവിടെയെങ്കിലും തെന്നി വീഴുക
എരണക്കുറ്റി - കവിൾത്തടം, കരണക്കുറ്റി
എര്ത്ത്  - പിരടി
എര്ദ്  - കാള (എര്ദ്വോ ~ബഹുവചനം)
{കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളിൽ എര്ദമ്മാറ് എന്ന ബഹുവചനരൂപവും ഉപയോഗിക്കുന്നുണ്ട്}
(എത്തു~ കന്നഡ, എഴ്ത്~ പ്രാചീന കന്നഡ)
എര്ദും ബണ്ടി - കാളവണ്ടി
എരപ്പച്ചം/ എല്പച്ചം/ അല്പച്ചം - പിശുക്ക്, ക്ഷാമം, ഇരപ്പാളിത്തം
എരപ്പൻ - ഇരപ്പാളി, ഇരന്ന് തിന്നുന്നവൻ, വൃത്തികെട്ടവൻ
എരമക്കേട് - വൃത്തികേട്
എരിയൽ/ എരു  -എരിവിന്റെ നാമപദം
എരുമാട്  - കവിൾ, കർണാടകയിൽ കേരള അതിർത്തിയിൽ കിടക്കുന്ന ഒരു സ്ഥലം
എലക്കണ്ടം - ഇലക്കഷ്ണം
എലിബെസം - എലിവിഷം
എല്ലപ്പാ/അല്ലപ്പാ - അല്ല കേട്ടോ
എല്ലാ൪ത്തും - എല്ലായിടത്തും
എല്ലും കൊട്ട്/ എല്ലും കൊട്ടും - അസ്ഥികൂടം
എല്ലുംകൊട്ടൻ -വളരെ മെലിഞ്ഞവൻ
എല്ലുമ്പാണ്ട്യൻ - അസ്ഥിമാത്രശേഷൻ
എല്ലം  - എല്ലാം
എയിത്ത്/എ്വ്ത്ത്/എ്ഇ്ത്ത് - എഴുത്ത്
എശ്മാ - യജമാനൻ
എസല്  - രൂപം, രീതി, മാപ്പിളപ്പാട്ടിലെ ഇശൽ.
" പൂന് പൊ൪ദി പൂന്റെസല് കൊട്ക്കൽ" ~ ( ഉപഹാരങ്ങളും മറ്റും വേണ്ട രീതിയിൽ കൊടുക്കാൻ നി൪വ്വാഹമില്ലാത്ത അവസരത്തിൽ എങ്ങനെയെങ്കിലും ഒപ്പിച്ചു കൊടുക്കുന്നതിന് പറയുന്നത് ~ പൂവിന് പകരം പൂവിന്റെ രൂപം എന്ന൪ഥം)
എസല് തപ്പുക/ എസല് തപ്പിപ്പോകുക -ഇശൽ പിഴച്ചു പോകുക ( ആദരിക്കേണ്ടവരെ ആദരിക്കാതിരിക്കുക, പരിഗണിക്കേണ്ടവരെ പരിഗണിക്കാതിരിക്കുക ഇവ സൂചിപ്പിക്കാൻ സാധാരണ ഉപയോഗിക്കുന്നത്)


ഏക്കണക്കെ്ട് / ഏക്കണക്കേ്ട് - മോശം
ഏക്കറെ/ ഏക്കറ - ആക്രാന്തം, കൊതി
ഏക്കം - ശ്വാസതടസ്സം
ഏക്കം ബെലിക്കുക - ശ്വാസതടസ്സത്താൽ കഷ്ടപ്പെടുക, ആസ്തമ രോഗിയാകുക
ഏങ്ങുക - മോങ്ങുക (ഏങ്ങൽ - നാമം)
ഏച്ചെനെ - ഗൃഹാതുരത്വം, കൊച്ചു കുട്ടികൾ അമ്മയിൽ നിന്നും മറ്റും പിരിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വികാരം
(പൊഞ്ഞേര്, പൊഞ്ഞേ്റ്- പര്യായ പദം)
ഏറ്റ്  - കള്ള് ചെത്തൽ
ഏതു/യേതു/ഏദു/യേദു - കാരണം (ഹേതു - സംസ്കൃതം തത്ഭവം)
ഏത്തെക്കുത്തെ/ ഏത്തക്കുത്ത - നിരപ്പില്ലാത്ത
ഏത്തുക - സാധനങ്ങൾ കൈയിലേന്തുക, കൂട്ടിക്കലർത്തുക
ഏത്താംകൊട്ട/ ഏത്തോട്ടെ - പാടത്തും മറ്റും വെള്ളം തളിക്കാനായി വെള്ളം കോരാനുപയോഗിക്കുന്ന സംവിധാനം
ഏത്താംകൊട്ടെ ഇടുക (ഇ്ടീക്കുക) /ഏതോട്ടെ ഇ്ടുക (ഇ്ടീക്കുക) - ഒരു ശിക്ഷാരീതി
ഏന്തുക/ യേന്തുക -( ചായയും മറ്റും) ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് കൂടക്കൂടെ  ഒഴിച്ച് ആറ്റുക
ഏം -  ഹേ, എന്താ
ഏപ്പ്  - സന്ധി, വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർക്കൽ
ഏമം - മുഖം വീ൪പ്പിച്ചിരിക്കൽ
ഏമ്പ - മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കൂട്
ഏയ്ക്കറ്റം/ ഏക്കറ്റം - അത്യാ൪ത്തി
ഏരം - ഉയരം, ( ഏ്൪ച്ച- നാമം)
ഏരിയം  - പുരികം
ഏല് - മരക്കൊമ്പ്, ശാഖ, ചില്ല
ഏലും താലും - കുടുംബ ബന്ധങ്ങൾ, താവഴി
ഏസാകൃതി - വികൃതി, മനപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കൽ
ഏസിഗെ - പരിഹാസം, പുച്ഛം

എ്
എ്ടെ - ഇട, വിടവ്
എ്ടെ്ക്കലം - വെള്ളം നിറക്കുന്ന കലം
എ്ടക്കുക/എ്ടങ്ങുക - കാലിടറുക
എ്ടങ്കാല് - ഒരു തെറി വാക്ക് (കാലുകൾക്കിടയിലെ ഭാഗം എന്ന് വാക്ക൪ഥം)
എ്ടങ്ങായി/ എ്ടങ്ങായ് - ഇടങ്ങഴി
എ്ട്ത്ത്ങ്ങാൽ - അവിടത്തിങ്കൽ
എ്ട്ക്ക് - ഇടയിൽ
എ്ടേയട്പ്പ് - ഇടയിലുള്ള അടുപ്പ്
എ്ടക്കെ്ടക്ക് -ഇടയ്ക്കിടെ
എ്ടങ്ങേറ് - വല്ലായ്മ, ഇടങ്ങേറ്
എ്ടഞ്ചാംപി്ടി്ക്ക് - ഇടുങ്ങിയ സ്ഥലം
എ്ടന്ന൪ - ത൪ക്കുത്തരം പറയുക
എ്ടെത്തൊണ്ടെക്ക് പോവുക - അശ്രദ്ധമായി ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം അന്നനാളത്തിൽ നിന്ന് വഴിമാറിപ്പോവാൻ ഭാവിക്കുന്നത്
എ്ടാമ്പ്ട്ക്ക്/എ്ടാമ്മുടക്ക്- സൌകര്യമില്ലാത്ത സ്ഥലം
എ്ടായി - ഇടവഴി
എ്ഡ്മാഷ്/എ്ട്മാഷ് - ഹെഡ്മാസ്റ്റർ
എ്ണങ്ങൻ - അന്യ പുരുഷൻ
എ്ണങ്ങത്തി - അന്യ സ്ത്രീ, വിവാഹം ചെയ്തുകൊണ്ടു വന്ന സ്ത്രീ
എ്ണയോട് - പാത്രം ഉറപ്പിച്ചു നി൪ത്തുന്ന ഓട്ടിൻ കഷ്ണം
എ്ണറ് - ഒരു ശരീരഭാഗം, മത്സ്യങ്ങളുടെ ശരീരത്തിലെ സ്വാദിഷ്ഠമായ ഭാഗം
എ്ണിച്ചു - എണീറ്റു
എ്ണേ/എ്ണെ - എടീ
എ്ണ്ണ - എണ്ണ
എ്ളയ -പെങ്ങളുടെ ഭ൪ത്താവ്, ഇളയമ്മയുടെ ഭ൪ത്താവ്, പിതാവ് മരിക്കുകയോ വിവാഹമോചനം നടത്തുകയോ ശേഷം മാതാവിനെ വിവാഹം കഴിക്കുന്നയാൾ
എ്ളംബെക്ക/ എ്ളേക്ക - കക്ക
എ്ർച്ചി - ഇറച്ചി
എ്ളക്കുക - വിടുക, വീമ്പിളക്കുക, പിടി വിടുക, വിമോചിപ്പിക്കുക
എ്ളങ്കച്ചാട്ടം - കുതിച്ചു ചാട്ടം
എ്ളന്നീറ് - ഇളനീർ
എ്ളപ്പാൻ കായ് - കുമ്പളങ്ങ, ഇളവൻ
എ്ളേത് - ചെറുത്, ഇളയത്
എ്ളേപ്പ - ഇളയച്ഛൻ
എ്ളേമ്മ - ഇളയമ്മ
എ്ൾപ്പം - എളുപ്പം
എ്റക്കുക/ എ്ർക്കുക - ഭക്ഷണം ഇറക്കുന്നത്
എ്ർങ്ങ്യേത്/എ്റങ്ങിയത് - വളരെയധികം അമൂല്യമായത് ( പരിഹാസത്തോടെ),
ദിവ്യലോകത്തിൽ നിന്ന് ഇറങ്ങി വന്നത്
എ്റ് - ചിറക്
എ്റേപ്പറം/എക്റേപ്പർത്ത് - ഇറയത്ത്
എ്റവാരം - മേൽക്കൂരയിൽ നിന്നും മഴവെള്ളം ഒലിച്ചിറങ്ങുന്ന ഇടം
എ്റിയുക - എറിയുക
എ്ർങ്കെണി - സാമർത്ഥ്യം
എ്ർത്ത്/ എ്ർത്തീല്- പോയിടത്ത്, വന്നിടത്ത് തുടങ്ങിയവയിലെ ഇടത്ത് എന്നതിന്നു പകരം ഉപയോഗിക്കുന്ന പദം.
പോയെ൪ത്ത് / പോയ൪ത്തീല് - പോയിടത്ത്.
ബന്നർത്ത്/ ബന്ന൪ത്തീല് - വന്നിടത്ത്

🍀🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.  പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🍀