25-03-20

🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
🎴🎴🎴🎴🎴
കാസർഗോഡ് ജില്ല
നമ്മുടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഇന്നലെയോടെ 536 ആയി. അതിൽ 106 പേ൪ കേരളത്തിലാണ്. കാസർഗോഡ് ജില്ലയിൽ മാത്രം 45 രോഗികൾ വീടുകളിലും ആശുപത്രിയിലുമായി 2736 പേ൪ നിരീക്ഷണത്തിൽ. ഉത്തരേന്ത്യയിലെ ക൪ഫ്യുബാധിത നഗരത്തിന്റെ ഛായയാണ് കാസർഗോഡിന്. എങ്ങും പോലീസിന്റെ ലാത്തിയടിയുടെ ഒച്ച കേൾക്കാം. പൊതുഗതാഗതം നിശ്ചലമായി. അതിർത്തികൾ അടച്ചു. ജില്ല തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ. രോഗബാധ സംശയിച്ച് 2736 പേ൪ നിരീക്ഷണത്തിൽ കഴിയുന്ന ജില്ലയിൽ എല്ലാ സർക്കാർ ആശുപത്രിയിലും കൂടെ ആകെ 1087 കിടക്കകളേയുള്ളൂ.
രണ്ടു രോഗികളുടെ തലതിരിഞ്ഞ പ്രവ൪ത്തനം കൊണ്ടാണ് ജില്ലയിൽ ഇത്രയേറെ ക൪ശന നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്.
ഏതാനും നാളുകൾ കൊണ്ട് കാസർഗോഡ് പഴയ അവസ്ഥയിൽ തിരിച്ചു വരുമെന്ന് നമുക്ക് ആശിക്കാം.
കാസ്രോടപ്യ എഫ്ബി ഗ്രൂപ്പിൽ കൊറോണക്കാല വാർത്തകളും പ്രതിരോധവുമാണ് നിറഞ്ഞു നിൽക്കുന്നത്.
അവയിൽ നിന്ന് കണ്ടെത്തിയ ഏതാനും ചില അവതരണങ്ങൾ ആണ് ഈ ലക്കത്തിൽ
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം ⛔ കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ  നിന്നും♦♦ വിജയൻ ശങ്കരമ്പടി,സുജിത് കുമാർ മൂളിയാർ, വത്സൻ പിലിക്കോട്, ഇഫ്തിക്കാ൪ അഹമ്മദ്, പ്രസാദ് തെക്കെ വീട്ടിൽ, ബംഗളം എന്നിവരുടെ കൊറോണ കുറിപ്പുകൾ ജീവൻ ആയിട്ടി, വേണുഗോപാൽ ചാത്തങ്കൈ തുടങ്ങിയവരുടെ ട്രോളുകൾ കലക്ടർ ഡോ: സതീഷ് ബാബുവിനെ ക്കുറിച്ചുള്ള കവ൪സ്റ്റോറി, ജിഷ്ണു യാദവ് തയ്യാറാക്കിയ ഒരു ഫോട്ടോ കുറിപ്പ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
*⃣*⃣*⃣
✳✳✳

♣♣♣♣♣
"ണേ" ശൈലി,,
കാസർഗോഡൻ പെണ്ണുങ്ങൾ കണ്ടുമുട്ടിയപ്പോ,,

നമ്മളെ നാട്ട്ല് പക്ഷി പനി"ണേ
അതേ "ണേ കേട്ടിറ്റ് ചങ്ക് പൊട്ട്ന്ന് 'ണേ
കോയിക്കറി കൂട്ടണ്ട "ണേ,,
എന്താ ക്ക്ന്ന് 'ണേ കാണുമ്പോ കൂട്ടിപ്പോന്ന്,
അതന്നെ നിന്റെ കോയിക്കറി പ്രാന്ത് അറിഞ്ഞിറ്റ് പറയ്ന്നേ "  നല്ലോണം ശ്രദ്ധിച്ചോ "
എന്തെല്ലാം രോഗം അല്ലണേ
അതണേ ,,, മീൻ പനി വരാതിര്ന്നാ മതി അതെങ്കിലും കൂട്ടാലൊ'ണേ
ന്ന ഞാൻ പോന്ന്'ണേ,,, ഒരു വിര്ന്ന് ണ്ട്
ശരി'ണേ.
വിജയൻ ശങ്കരമ്പടി

MLA മാരടക്കം മംഗലത്തിന് പൊന്ന് ബിരിയാണി കൈക്ന്ന്, കൊറേ സ്ഥലത് ഇപ്പോളും ഉത്സവം തെയ്യം എല്ലാം ഇണ്ട്.. കാസ്രോട്ടാർക് മാത്രം കൊറോണാ പക്ഷിപ്പനി ഒരു പേടിയും ഇല്ല.... 90% കാസ്രോട്ടാരും ഇങ്ങന്നെ. എനിക്കും എന്റെ കുടുംബത്തിനും കൊറോണ വരില്ലെന്നുള്ള തണ്ട് അത് അഹംഭാവം ആണ്. ഇനിയെങ്കിലും കൈന്നത്ര എടുക്കും പോവ്വാണ്ട്‌ സ്വന്തം ആരോഗ്യം നോക്കുക.. വരുമ്പൊ നോക്കാന്ന് വിചാരിക്കുന്ന ബോളന്മാരെ സംഗതി ഡേഞ്ചർ ആണ്
സുജിത് കുമാർ മൂളിയാ൪

കാസർഗോഡ് കൊറോണ പടരുന്നതിന് മുമ്പ്👆 ശേഷം👇

കപ്പക്കയും ചക്കപ്പൂലും

ഇന്ന് ജനതാ കർഫ്യൂ .ഭരണകൂടങ്ങൾക്കൊപ്പം. വീട്ടിൽ തന്നെ ഇരിപ്പാണ്. വീടും പരിസരവും വൃത്തിയാക്കി വീട്ടുകാരോടൊപ്പം മുഴുകി നമുക്കങ്ങനെ വീട്ടകത്തൊതുങ്ങാം. ഇനി വിഷയത്തിലേക്കു വരാം.കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ  ഇന്നലെ കടകൾ അടക്കുമെന്ന വ്യാജ പ്രചാരണം ഭാര്യയെയും സ്വാധീനിച്ചിരുന്നു. അരി വാങ്ങണം, പച്ചക്കറി വാങ്ങണം, ബിസ്ക്കറ്റ്, പാൽ... ഒരു ശരാശരി കുടുംബിനിയുടെ ആവശ്യങ്ങൾ. ചുമതലകൾ നെഞ്ചേറ്റാൻ നിയോഗപ്പെട്ടതിനാൽ ഒപ്പം നിന്നു. ആദ്യം പോയത് കാലിക്കടവിലെ സത്യന്റെ പച്ചക്കറിപ്പീടികയിൽ. കയറാൻ പറ്റിയില്ല. ഒടുക്കത്തെ തിരക്ക്. പിന്നെ വന്നതും പോയതുമായ വഴിയിലെല്ലാം തിരക്കോട് തിരക്ക്. ചിലത് കിട്ടി. പലതും കിട്ടിയില്ല. തിരികെ വരുമ്പോൾ അന്തർജനം പറഞ്ഞു." ഇന്നു മുതൽ ഉപ്പേരി ( തോരൻ ) ഇല്ല.'' ഒരു ഒഴിച്ചുകറിയും ഒരു തോരനും ശീലമായതിനാൽ വിഷമം തോന്നി.അപ്പോഴാണ് വീടിന് തൊട്ടു നിൽക്കുന്ന കപ്പക്ക ( പപ്പായ) മരം ഓർമ്മയിൽ തെളിഞ്ഞത്. വന്നു നോക്കി. പത്തിരുപത് എണ്ണം മൂത്തങ്ങനെ നിൽപ്പാണ്.ഒരു വലിയ കാര്യം കണ്ടെത്തിയ കണക്കെ വീട്ടുകാരിയോട് പറഞ്ഞു. "നോക്ക് കപ്പക്ക ". കേട്ടപാതി കേൾക്കാത്ത പാതി മറുപടി വന്നു.
എപ്പളും കപ്പക്കയോ?
ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുമ്പോഴതാ മുറ്റത്തെ പ്ലാവ് കൈ നീട്ടി വിളിക്കുന്നു. അടുത്തുചെന്ന് നോക്കിയപ്പോൾ നാൽപ്പതോളം ഇളം ചക്കകൾ. പുതിയ കണ്ടെത്തൽ ചൂണ്ടി വീണ്ടും വീട്ടുകാരിയെ സമാധാനിപ്പിച്ചു. തീർന്നില്ല തനിയെ വളർന്ന ചീര, കുലവാഴയിലെ കൂമ്പ് , നിലത്ത് വീണു കിടക്കുന്ന വാഴയിലെ കാമ്പ് , ആരും പറയാതെ മാവ് താഴേക്കിട്ട കണ്ണിമാങ്ങ....
എന്തെന്തു വിഭവങ്ങളാണ് കൈയെത്തും ദൂരത്ത്.
സത്യൻ ഒരു മാസം പീടിക അടച്ചിട്ടാലും നമ്മളെ ബാധിക്കില്ലെന്ന എന്റെ "കൊറോണ അതിജീവന സിദ്ധാന്തം" വീട്ടുകാർക്ക് മനസ്സിലായി. പിന്നെ അവർ എന്നോ മറന്ന ഒരു പാട്ടും പാടി കേൾപ്പിച്ചു.

"ചക്കേം മാങ്ങേം മുമ്മാസം
ചേനേം ചേമ്പും മുമ്മാസം
താളും തകരേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം"
പ്രിയരെ,
  നാമെന്തിനു ഭയപ്പെടണം? ചക്കയുണ്ട്, മാങ്ങയുണ്ട്, കപ്പക്കയുണ്ട്, കാമ്പുണ്ട്, കൂമ്പുണ്ട്, താളുണ്ട്, ചേമ്പുണ്ട്... അങ്ങിനെ പലതും. അരിയില്ലെങ്കിൽ ചക്ക നമുക്കാഹാരം. കറിയില്ലെങ്കിൽ കാമ്പ് നമുക്ക് പച്ചടി.
അതെ നമ്മൾ അതിജീവിക്കും.
Break the chain and prevent Corona.
വത്സൻ പിലിക്കോട്

ഒരു മനുഷ്യൻ, മരയൂളയായ ഒരേ ഒരു മനുഷ്യൻ കാരണമാണ്, ഒരു ജില്ല, സർക്കാരിന് ഇന്നലെ മുതൽ അടച്ചിടേണ്ടി വന്നത്..
പ്രവാസിയായ ഈ കാസർക്കോട്ടെ കോവിഡ് രോഗി, സ്വന്തം ജില്ലയെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവനായും ആശങ്കയിൽ വീഴ്ത്തിരിക്കുകയാണ്.
ഐസൊലേഷൻ വാർഡിൽ എത്തിക്കുന്നതിൽ അധികൃതർക്ക് താമസം സംഭവിച്ചിരുന്നുവെങ്കിൽ ഇയാൾ മൂന്നാറും ഊട്ടിയും കൊടൈക്കനാലും ഒക്കെ എത്തുമായിരുന്നു എന്ന് വേണം അനുമാനിക്കാൻ..
കാരണം, അയാൾ പോകാത്ത സ്ഥലങ്ങളില്ല, കൂടാത്ത കല്യാണങ്ങളില്ല.. കാണാത്ത ഫുട്ബാൾ ഗ്രൗണ്ടുകൾ ഇല്ല.. സന്ദർശിക്കാത്ത ക്ലബ്ബുകളില്ല..  നിരങ്ങാത്ത തിണ്ണകളില്ല.. എത്തിപ്പെടാത്ത പാർട്ടി ആപ്പീസുകളില്ല..
എന്തിനധികം പറയുന്നു? ജില്ലയിലെ രണ്ട് എംഎൽഎ മാരെ വരെ അയാൾ വെറുതെ വിട്ടിട്ടില്ല.
ഒരു നിർദ്ദേശവും പാലിക്കാത്ത, വിലമതിക്കാത്ത, ഇത്തരം സാമൂഹ്യദ്രോഹികൾ ഇനിയും നമുക്കിടയിൽ ഉണ്ട്.. എയർപോർട്ടിൽ നിന്നും നേരിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൂട്ടമായി എത്തുന്ന ഇവർ പോലീസിനെ വലയ്ക്കുന്ന വാർത്തകളും ശ്രദ്ധയിൽ പെടുന്നുണ്ട്.. കോവിഡ് 19 മായി അവർ ഇനി സമൂഹവുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്..
കൊറോണ പിടിവിട്ടു പോകുകയാണ്.. അറുപത്തി അഞ്ച് ലക്ഷം കേരളീയരെ ഇത് ബാധിക്കും എന്ന മട്ടിലുള്ള വാർത്തകൾ വായിച്ചപ്പോൾ, "വിഡ്ഢിത്തം" എന്ന് പുലമ്പുന്നവർക്ക് കാസർകോട് സംഭവം ഓരോർമപ്പെടുത്തലാണ്..
ട്രാക്കിങും ട്രെയ്സിംങും റൂട്ടുമാപ്പും മാത്രം ഉപയോഗിച്ച് നിജപ്പെടുത്താവുന്നതിനും അപ്പുറത്തേക്ക് നീളുന്ന ഭീകരതയെ കുറിച്ചുള്ള ഓർമപ്പെടുത്തൽ..
ഇറ്റലിയേക്കാൾ ഭീതിദമായ അവസ്ഥയായിരിക്കും കേരളത്തിലേത്.. അതൊഴിവാക്കാൻ ഒരേയൊരു വഴിമാത്രം..
വിദേശങ്ങളിൽ നിന്ന് വന്ന എല്ലാവരും കൃത്യമായ ക്വാറന്റൈൻ പാലിക്കുക.. അത്‌ ഉറപ്പ് വരുത്തേണ്ടത് ബന്ധുക്കളും സുഹൃത്തുക്കളും തന്നെയാണ്.. കറങ്ങി നടക്കുന്നവരെ വീട്ടുകാർ പിടിച്ച് വീട്ടിലിരുത്തണം. അല്ലെങ്കിൽ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുക..
ഇത് ഒരു സമൂഹത്തിന്റെ മുഴുവൻ ജീവൻ വെച്ചുള്ള കളിയാണ്. നമുക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാം..
Efthikar Ahamed B

 എബി കുട്ടിയാനം

കരൾ പൊട്ടി കരയുന്ന കാസർഗോഡിനെ അപമാനിക്കരുത്.കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ലകളുടെ പട്ടികയിലേക്ക് കാസർഗോഡ് എത്തുമ്പോൾ ഞങ്ങളെ കല്ലെറിയുന്നവരോട് 'വിവരക്കേടിൻ്റെ ജില്ലയല്ല കാസർഗോഡ്'. ജീവനുള്ള മാനവകുലത്തിന് സ്നേഹത്തിൻ്റെ പൂന്തോട്ടം സമ്മാനിച്ചവരാണ് ഞങ്ങൾ.കേരളം പ്രളയത്തിൽ മുങ്ങി യൊഴുകിയപ്പോൾ അത് തീണ്ടാതെ നിന്ന കേരളത്തിലെ ഒരേയൊരു ജില്ലയായിരുന്നു ഞങ്ങളുടേത്. പക്ഷെ ആരോഗ്യമുള്ള ആയിരക്കണക്കിന് കാസർഗോട്ടുകാർ ജീവനുകളെ രക്ഷിക്കാൻ മറ്റു ജില്ലകളിലേക്ക് പാഞ്ഞു പോയി. സ്നേഹത്തിൻ്റെ നാടാണ് കാസർഗോ ഡെന്ന് മറ്റു ജില്ലക്കാർ പാടി നടന്നു.സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഈ നാടിൻ്റെ ആഥിത്യ മര്യാദയിൽ കേരളം കൈയ്യടിച്ചു പണിഷ്മെൻ്റ് ട്രാൻസ്ഫർ വാങ്ങി വന്നവർ പോലും ഈ സ്നേഹ നാട്ടിൽ സ്ഥിരതാമസമാക്കി. ഇന്ന് കൈ കൊടുത്ത ജനപ്രതിനിധികളെപ്പോലും അപഹസിക്കുന്നവർ, ഒരാളുടെ പിഴയിൽ ഒരു നാടിനേയും ഒരു സമുദായത്തേയും വേദനിപ്പിക്കാൻ ശ്രമിക്കുന്നവർ ഒന്നറിയുക ഈ നാടിൻ്റെ ഇല്ലായ്മയുടെ കടുത്ത ദുഖം' .ഈ മഹാമാരിയെ തടുക്കാൻ ആവശ്യമായ ആശുപത്രികളോ ആതുരശുശ്രൂഷാ രംഗ മോ ഇല്ലാത്ത ജില്ല ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ല മറ്റൊരു സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നവർ.പ്രചരണത്തിനു പോലും നിരവധി ഭാഷകൾ ഉപയോഗിക്കേണ്ടി വരുന്നവർ. പ്രവാസ സമ്പത്തല്ലാതെ മറ്റൊന്നും അന്നാഹാരത്തിന് വഴിയില്ലാത്തവർ . രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഞങ്ങളെ അപമാനം കൊണ്ട് മൂടാതെ സ്നേഹം കൊണ്ട് ചേർത്തു പിടിക്കൂ.കേരളത്തിൻ്റെ ആരോഗ്യ മന്ത്രി വരും ദിവസങ്ങളിൽ നേരിട്ടെത്തി ഈ ജില്ലയുടെ രക്ഷാ ദൗത്യത്തിന് നേരിട്ട് നായകത്വം നൽകണം. സർക്കാർ കാസർഗോഡിനെ ഹൃദയത്തിൽ ചേർത്തു നിർത്തും അതിൽ സംശയമില്ല.... .  ഈ സ്നേഹ ഭൂമിയിലെ നന്മ മനുഷ്യരെ കല്ലെറിയല്ലേ......കടപ്പാട്
പ്രസാദ് തെക്കെ വീട്ടിൽ, ബംഗളം
 ജീവൻ ആയിട്ടി
 വേണുഗോപാൽ ചാത്തങ്കൈ

ഇത് ഒരു സോപ്പിൽ തൻ്റെ കരവിരുതിനാൽ മെനെഞ്ഞെടുത്ത ഒരു സോപ്പ് പ്രതിമയാണ്.
രാവണീശ്വരം - പൊടിപ്പളളത്തെ സിവിൽ എൻജിനീയറിംഗ്(gov.polytechnic periya) വിദ്യാർത്ഥിയായ ശിവ പ്രസാദാണ് കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പിൽ ഈ രൂപം വരച്ചെടുത്തത്.
അഭിമാനം, വിസ്മയകരം ഈ കാഴ്ച
ജിഷ്ണു യാദവ്, കാസർഗോഡ്

🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിനേഴാം ഭാഗം)  വടക്കൻ മലയാള നിഘണ്ടു (രണ്ടാം ഭാഗം)
💮💮💮💮💮💮💮
വടക്കൻ മലയാളം
വടക്കൻ മലയാള നിഘണ്ടു(രണ്ടാം ഭാഗം)


ആക്കുക-
ചെയ്യുക, സംഭോഗം ചെയ്യുക( അശ്ലീല പ്രയോഗം), മാനകമലയാളത്തിലെ ചെയ്യുക എന്ന പദത്തിനു പകരം അന്യഭാഷാപദങ്ങളുടെ കൂടെ ഈ ക്രിയാപദം ഉപയോഗിക്കാറുണ്ട്.
ഉദാ:
അഡ്ജസ്റ്റാക്കുക- അഡ്ജസ്റ്റ് ചെയ്യുക
ഫോണാക്കുക- ഫോൺ ചെയ്യുക
ആക്രാണം - അരിയുണ്ട
ആങ്കാരം  - അഹങ്കാരം
ആഗ/ആബ  - പാടില്ല
ആഗപ്പാ/ ആബപ്പാ - പാടില്ല, ചെയ്യരുത് ( കുറച്ചു കൂടി വിനയഭാവത്തിൽ)
(ആഗപ്പാ~ ഹവ്യക് കന്നഡ, ഹവ്യക് ബ്രാഹ്മണ വിഭാഗം ഉപയോഗിക്കുന്ന ഭാഷാഭേദം)
ആഗത്തില്/ ആകത്തില് - ആകപ്പാടെ
ആദീലെ - വീണ്ടും, പുതുതായി
ആദീലെ പൂദീലെ - എല്ലാം വീണ്ടും പുതുതായി
ആദ്യേ പൂദ്യേ ~ ആദ്യം മുതൽ
ആച്ച് - കാലാവസ്ഥ, സൌകര്യം
" ആച്ച് നോക്കി കുച്ച് കെ്ട്ടണം" - പഴഞ്ചൊല്ല്-
(സാഹചര്യവും സാധ്യതയും നോക്കി സൌഹൃദം സ്ഥാപിക്കണം)
ആച്ചു/ ആച്ചി/ ആച്ചിബി - ഒരു പേര് ( അറബി, 'ആ' ഇശ)
ആജി - ഹജ്ജിന് പോയ വ്യക്തി, ഹാജി (അറബി- ഹാജി)
ആട്ത്തോളം - അവിടം വരെ
ആട്ക്ക് - അവിടേക്ക് ( ഏറ്റവും വടക്കുള്ള രൂപം)
ആടെ - അവിടെ
ആട്ടപ്പന്ത് - ഓലപ്പന്ത്
ആട്ടക്കാരൻ - പക്ഷിശാസ്ത്രത്തിന്റെയും ഹസ്തരേഖാശാസ്ത്രത്തിന്റെയും മറ്റും സഹായത്തോടെ ഭാവി പറയുന്നയാൾ
(ആട്ടക്കാരത്തി - സ്ത്രീലിംഗ പദം)
ആട്ടമ്മി - ആട്ടുകല്ല്
ആണം -
1.കറി
2.ആവണം  ( ആവേണ്ടതാണ്, ആവാൻ സാധ്യതയുണ്ട്)
3.ആണ (സത്യം)
ആണിക്കെട്ട് - നെരിയാണി
ആണ്ക്കും - ആവാം, ആയിരിക്കാം
ആറ്റം - അതോ മറ്റോ, അവനോ മറ്റോ, ഇതോ മറ്റോ തുടങ്ങിയ പ്രയോഗങ്ങളിലെ ഓ മറ്റോ എന്നതിന്നു പകരമായി കാസർകോട് ജില്ലയിൽ മലയാളികൾ ഉപയോഗിക്കുന്ന പദം. അതാറ്റം, ഓനാറ്റം, ഇതാറ്റം തുടങ്ങിയ രൂപത്തിലാണ് പ്രയോഗം
ആനക്കാല്  - മന്തുകാല്, പഴയ തരത്തിലുള്ള ബെൽബോട്ടം പാന്റ്സ് ( കന്നഡ- ആനെ കാലു)
ആന്ന് - ആകുന്നു
ആം - അതെ ( ഉ൪ദു - ഹാം, ജീഹാം)
ആമ്പോൽ - ഓടാമ്പൽ
ആയല്/അയല് - ചൂടുകുരു, അയ
ആയി/ ആയിന് - ശരി, കഴിഞ്ഞു
ആയിരിക്ക്/ ആരിക്ക്/ആര്ക്ക് - ആ൪ക്ക്
ആയം - ആഴം
ആയ്ചെ/ ആയ്സെ - ആഴ്ച
ആരമ്പം  - ഓമന
ആരമ്പം ആക്കുക - ഓമനിക്കുക
ആരി - ആരാണ് (കോലത്തുനാട്ടിൽ പൊതുവേ പ്രചാരത്തിലുള്ള പദം)
ആരിപ്പാ/ആരി ്പ്പാ - ആരാണത്
ആരില്ലെ - ആരാണുള്ളത്
ആലാമിക്കളി - ഒരു അനുഷ്ഠാന കല
ആലിളകുക - ദേഷ്യപ്പെടുക
ആല് -
1. ആൽമരം
2. ആൾക്കാർ (അറബി -അഹ് ല്)
3.ആത്മീയമായ ഉന്നതാവസ്ഥ, ശാരീരികമായി അസുഖമുള്ള അവസ്ഥ, മരണമടുത്ത അവസ്ഥ (അറബി - ഹാൽ. അവസ്ഥ)
ആ൪ക്കുക - നിലവിളിക്കുക, ഉറക്കെ വിളിക്കുക ( ആ൪ക്കൽ - നാമരൂപം)
ആ൪ത്തി ്ടുക - വസ്ത്രങ്ങൾ ഉണങ്ങാനിടുക
ആവി/ ആബി - കോട്ടുവായ
ആസെ- ആശ, ആഗ്രഹം( സംസ്കൃതം, തത്ഭവം)
ആസെ കെ്ടുക - ആഗ്രഹം പൂവണിയുക
ആൾമറെ - കിണറ്റിനും മറ്റും കെട്ടുന്ന ചുറ്റുമതിൽ
ആറുക - ഉണങ്ങുക, തണുക്കുക
ആറെ/  ആറ്റെ - പച്ചരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെ വറ്റിച്ചുണ്ടാക്കുന്ന ചോറ്, "പച്ചേരി ആറെ/ ആറ്റെ ബെ്ക്കുക" എന്ന പ്രയോഗം.


ഇക്കിരിയൻ കാലം -
വളരെ പഴയ കാലം ( ഇക്കേരി രാജവംശം വടക്കൻ കേരളം വാണിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ട പ്രയോഗം)
ഇങ്ക് - മുത്താറി കുറുക്കിയത്
ഇച്ച - ജ്യേഷഠൻ, കാസർകോട് ജില്ലയിൽ മലയാളി മുസ്ലിം പുരുഷന്മാർക്ക് മൊത്തത്തിലുള്ള സംജ്ഞ (മുസ്ലിം ഭാഷാഭേദം)
( ഇക്ക; മൃദു താലവ്യ- കഠിന താലവ്യ വിനിമയം)
ഇച്ചരെ - ഇച്ചിരി
ഇച്ചാത്തരെ - ഈ വർഷം
ഇച്ചാ൦കൊടി - ഏറ്റവും മുകളിൽ
ഇച്ചാല്/ ഇഞ്ചാലെ - തൊട്ടിൽ, ഊഞ്ഞാൽ
ഇച്ചി-
1.വൃത്തികേട്
2.അപ്പിച്ചി, പൂപ്പിച്ചി, പാമ്പിച്ചി തുടങ്ങിയ വിധത്തിൽ മറ്റുള്ള നാമങ്ങളോട് ചേ൪ത്തുച്ചരിക്കുന്നത് ( ശിശുഭാഷ)
ഇച്ചിച്ചി - മോശപ്പെട്ട സാധനം
ഇച്ചിരി - കുറച്ച്
ഇച്ചീത്തുക - മൂത്രമൊഴിക്കുക ( ശിശുഭാഷ; ഇച്ചി+ ബീത്തുക)
ഇച്ചുളി/ഉച്ളി/ ഉച്ച്ളി - കക്കത്തോട്
ഇച്ചുറുക - മലവിസ൪ജ്ജനം ചെയ്യുക ( ശിശുഭാഷ)
" ഇച്ചി തൂറുക"എന്നതിന്റെ ചുരുക്കം
ഇഞ്ചാലെ/ഇഞ്ചാലം - ഊഞ്ഞാൽ
ഇഞ്ചിക്കണ്ടെ - ഒരു എതി൪വാക്ക്, തെറിവാക്ക്
(ഇഞ്ചിയുടെ കന്ദം എന്ന൪ഥം)
ഇഞ്ച്യെ/ഇഞ്ച്യേന്/എഞ്ച്യേന് - എന്ത്?
ഇഞ്ഞ - ജ്യേഷ്ഠത്തി (മുസ്ലിം ഭാഷാഭേദം)
ഇറ്റ്ങ്ങ / ഇറ്റ്ങ്ങൊ-
ഇവ, ഇവറ്റകൾ
( ജന്തുജാലങ്ങളെ സൂചിപ്പിക്കുന്ന പദം, നീചരായ മനുഷ്യരെ വിശേഷിപ്പിക്കാനും ഉപയോഗിക്കുന്നു.)

ഇറ്റാമ്പം - പോയപ്പോൾ, പോയതിനു ശേഷം, വന്നപ്പോൾ, വന്നതിനു ശേഷം തുടങ്ങിയ സമാനമായ അ൪ഥം വരുത്താനായി കാസർകോഡൻ മലയാളത്തിൽ ക്രിയക്ക് ശേഷം ചേർക്കുന്നത്.
ഉദാ:
പോയിട്ട് ( മാനക മലയാളം)
പോയിറ്റാമ്പം ( വടക്കൻ മലയാളം)
ഇത്തെരെ - ഇത്ര
ഇത്ത൪ച്ചെ - ഇത്രവീതം
ഇത്താത്ത - ജ്യേഷ്ഠത്തി ( മുസ്ലിം ഭാഷാഭേദം)
ഇപ്പം - ഇപ്പോൾ
ഇപ്പ്യ - ഇവ൪
ഇപ്യേരെക്കാളും - ഇവരെക്കാളും
ഇപ്രം/ഇപ്പറം - ഇപ്പുറം
ഇമ്പ്രാസ്സൻ - ബ്രാഹ്മണൻ
ഇമ്മപ്പ/ഉമ്മപ്പ/അമ്മാപ്പാ - അറിയില്ല എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പദം
ഇമ്മി്ട്ടം മുട്ടുക/ ഉമ്മട്ടം മുട്ടുക -  വീ൪പ്പുമുട്ടുക
ഇരിയുക - ഇഴയുക, മെല്ലെ നടക്കുക
ഇരിമുള്ള് - ഇരുവൾ
ഇല്ലായ്ത്തം - ഇല്ലായ്മ
ഇല്ലായിറ്റ്/ ഇല്ലായ്റ്റ് - ഇല്ലാഞ്ഞിട്ട്
ഇല്ലപ്പ്യൊ - ഉള്ളവ൪, സമ്പന്ന൪
ഇല്ല്യേലും - ഇല്ല പോലും
ഇശ്ക്ക് - ഇഷ്ടം (മുസ്ലിം ഭാഷാഭേദം- അറബി - ഇശ്ക്)
ഇസാറാവുക/ ഇസ൪ത്താവുക - ഉറക്കമുണരുക
ഇസാ൪ത്ത്, നാമപദം (അറബി, ഉറുദു - ഇശാരത്ത് - സൂചന, ബോധം)
ഇസ്ക്കുക - വസൂലാക്കുക, കക്കുക
ഇസ്റ്റൻ - ഇഷ്ടൻ, സുഹൃത്ത്
മറ്റുള്ള പദങ്ങളോട് ചേരുമ്പോൾ ചിലപ്പോൾ പദാദിയിലെ / ഇ/ കാരം ലോപിച്ചേക്കാം.
അല്ലസ്റ്റാ (അല്ല സുഹൃത്തേ)
എന്തിസ്റ്റാ- (എന്താ സുഹൃത്തേ)
ബാസ്റ്റാ - ( വരൂ സുഹൃത്തേ)
ഇസ്റ്റം - ഇഷ്ടം

🍀🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്. പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀