25-12-19

🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
ആദ്യം
കാസ്രോട്ടപ്യ
എന്ന എഫ്ബി ഗ്രൂപ്പിൽ നിന്ന്..

"അച്ചമ്മേ....
ഒര് കദ പറീ അച്ചമ്മേ....."
ഉമ്മറത്ത് മുറുക്കാനുള്ള ചേരുവകൾ ഇടിച്ച് പാകപ്പെടുത്തുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്ക് ചെന്ന്, കുരുത്തോലക്കമ്മലിട്ട തൂങ്ങിയാടുന്ന
കാതുകളിൽ തൊട്ട് തലോടിക്കൊണ്ട് കുട്ടി കെഞ്ചി....
മുറുക്കാൻ വായിലിട്ട് പല്ലുകളിലില്ലാത്ത വായയിൽ എവിടെയൊക്കെയോ അടുക്കി വച്ച് മുത്തശ്ശി പുഞ്ചിരിച്ചു...
"കദ പറയണോങ്കീ ഷഡ്ഡി ഇട്ടിറ്റ് ബാ....."
"അമ്മേ....
ന്റെ ഷഡ്ഡി ഓട്ത്തു ....? "
അടുക്കളയിൽ കഞ്ഞീം കറീം
ഉണ്ടാക്കാനുള്ള തിരക്കിലായിരുന്ന അമ്മയുടെ അരികിലേക്ക് കുട്ടി ഓടി....
" ഓരോര്ക്ക ഓരോന്ന് ഇട്ടിറ്റ് ബീത്തീറ്റ് മുക്കി ആടാടാ ചാടീറ്റ് ബെരും... നനച്ചിറ്റ് ആറീടാനും ജാഗ ഇല്ല, മയത്ത് ഒണങ്ങുന്നൂല്ല...
ഒര്ക്ക പോയേ ആട്ന്ന്.... "
അകത്ത് നിന്ന് അമ്മ കുട്ടിയെ വഴക്കു പറയുന്നു...
" അച്ചമ്മേ...."
കുട്ടി ചിണുങ്ങിക്കോണ്ട് പുറത്തേക്ക് വന്നു....
'' ബാ... സാരൂല്ലാ.....  ഈട ഇര്ക്ക്....... "
മുത്തശ്ശി അവനെ മടിയിലിരുത്തി...
"പണ്ട് പണ്ട്..... "
......
......
"മൂള്.... എന്നാലേ പറയൂ..."
"ഉം....."
"പണ്ട് പണ്ട്.... "
"ഉം............."
"പണ്ട് പണ്ട് അങ്ങ് വടക്കേ കാട്ടില്
ഒരു സിംഹ രാജാവുണ്ടായിരുന്നു.... "
"ഉം......."
"എല്ലാ മൃഗങ്ങളോടും രാജാവിന്
ഭയങ്കര സ്നേഹമായിരുന്നു.... "
"ഉം....."
"അങ്ങനെയിരിക്കുമ്പോ........
...... തെക്കേ കാട്ടീന്ന് ആട്ത്തേക്ക് ഒര് കുർക്കൻ ബന്നു..... "
കുട്ടിയുടെ മൂളലിന് ശക്തി കുറഞ്ഞു...
കണ്ണുകൾ പതിയെ അടഞ്ഞു.......
" ഈ ചെക്കൻ എപ്പളും ഇങ്ങന്നെ...
കദ പറീമ്പളേക്ക് ഒറങ്ങും..... "
മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു..
"ഏണേ കുഞ്ഞി ഒറങ്ങി.......
ആട കൊണ്ടോയ്റ്റ് കെട്ത്ത്...."
[ മുത്തശ്ശി ഇന്നും കഥ പൂർത്തിയാക്കിയിട്ടില്ല....
ബാക്കി നമ്മൾക്ക് ശ്രമിച്ചാലോ ? ]
മോഹനൻ എറോൽ

ഞാൻ കട്ലാസോണ്ട് ആക്യത്. ക്രിസ്മസെല്ലം ആകാനായ്ലെ. അപ്പൊ നല്ല പാങ്ങായ്നെങ്കില് എൻറെ ചാനല് ഒന്ന് നോക്യറ്പ്പ ന്നിറ്റ് സബ്സ്ക്രൈബ് ആക്യറ് . Link on comment box!!!!
Paper Christmas wreath

ശ്രീകല കിരൺ👆

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?
കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. മലയാളത്തില്‍ ഇത് തെറിയാണ് എന്നു പറഞ്ഞാണ് പ്രദേശത്തിന്റെ പേര് ഷേണി എന്നാക്കാനുള്ള ശ്രമം-
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.
അതിര്‍ത്തി പ്രദേശം എന്ന് പറയുമ്പോള്‍ ശരിയായ തുളുനാട് തന്നെയാണിത്. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍. ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രേഖകളിലും സംസ്ഥാന സര്‍ക്കാറിന്റെ രേഖകളിലും ഇപ്പോഴും ഈ പേര് തന്നെയാണ് ഉള്ളത്. നാട്ടുകാരും ഈ പേരു തന്നെയാണ് വിളിക്കുന്നത്.
അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ആ കീടനാശിനിയെ ഓര്‍മ്മപ്പെടുത്തിയ എഴുത്താണ് അംബികാ സുതന്റെ ‘എന്‍മകജെ’യും സന്തോഷ് പനയാലിന്റെ’ജീവശാസ്ത്ര’വും.
ഇന്നാട്ടില്‍ ഇങ്ങനെ വേറെയുമുണ്ട് വാക്കുകള്‍. സ്കൂളുകള്‍ അടച്ചുപൂട്ടി, വ്യവസായശാലകള്‍ അടച്ചുപൂട്ടി എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ കേള്‍വിക്കാര്‍ മുഖം കുനിച്ച് ചിരിക്കും. പൂട്ടി എന്നാല്‍ ഇവര്‍ക്ക് മറ്റൊരു തെറി നാമപദമാണ്. അത് മലയാളത്തിന് വിഷയമല്ലാത്തിടത്തോളം ‘മൈരെ’ എന്ന ഈ സ്ഥലപ്പേരും വിഷയമാവേണ്ടതില്ല.
എന്നാല്‍, സംഭവിച്ചത് അതല്ല.
ഈ വില്ലേജിലേക്ക് തെക്കുനിന്ന് ശിക്ഷാനടപടിയായി സ്ഥലം മാറിയെത്തിയ മാഡത്തിന് ഈ പേര് ശിക്ഷയായി. എവിടെയാണ് പുതിയ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ പറയേണ്ടത് ഈ പേരാണ്. അങ്ങനെ ആദ്യ ദിനത്തില്‍ തന്നെ പേര് മാറ്റാന്‍ മാഡം തയാറായി. കുറെ പേരുടെ ഒപ്പുവാങ്ങി തഹസില്‍ദാര്‍ക്ക് അയച്ചുകൊടുത്തു. പകരം ഒരു വാക്കും കണ്ടെത്തി-ഷേണി!
സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയാണ് തഹസില്‍ദാറും. ചിരിച്ചുകൊണ്ട് അദ്ദേഹം ഫയല്‍ കലക്ടര്‍ക്ക് കൈമാറി. പേര് മാറ്റാന്‍ തനിക്ക് അധികാരമുണ്ടോയെന്ന് അറിയാതെ അദ്ദേഹം പരാതി ചീഫ് സെക്രട്ടറിക്ക് അയച്ചു. അയാളും ചിരിച്ച് ചിരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പിന്നെയിത് മന്ത്രിസഭയില്‍ വച്ചു. നിയമോപദേശം തേടിയപ്പോള്‍ ഡെല്‍ഹിക്ക് അയക്കേണ്ടിവന്നു. തൌളവന്റെ പേര് മാറ്റാന്‍ മലയാളിക്ക് എന്തവകാശം എന്ന് പറഞ്ഞ് അതിപ്പോള്‍ തിരികെ വന്നു.
സത്യത്തില്‍ ഇതത്ര വലിയ തമാശയൊന്നുമല്ല. ഗൌരവമുള്ള അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ്.
ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?
രേഖകളില്‍ ഇപ്പോഴും പേര് അതു തന്നെ. എന്നാല്‍, മലയാളികളായ ഉദ്യോഗസ്ഥര്‍ ‘ഷേണി’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വിളിക്കുമ്പോള്‍ തൌളവര്‍ അവരുടെ മുഖത്ത് നോക്കി ‘മൈരെ’ എന്ന് തന്നെ വിളിക്കും.
1980നു ശേഷം ഇറങ്ങിയ സി.ഡി.ക്ക് തമിഴ്നാട്ടുകാര്‍ കുറുന്തകിട് എന്നാണ് പറയുന്നത്. മലയാളത്തില്‍ കമ്പ്യൂട്ടറിനു പോലും മലയാളം കണ്ടെത്താനായിട്ടില്ല.
കാസര്‍കോട് കലക്ട്രേറ്റ് എന്ന ബോര്‍ഡ് കന്നടയില്‍ എഴുതിയിട്ടുണ്ട്. ജില്ലാ ആദാലിത അധികാരി എന്ന്. മലയാളത്തിലും എഴുതിയിട്ടുണ്ട് ഡിസ്ട്രിക്ട് കലക്ട്രേറ്റ് എന്ന്. ഭാഷാവകുപ്പിന്റെ പദ നിര്‍മ്മാണത്തെ സമ്മതിക്കാതെ വയ്യ.
#കടപ്പാട് : രവീന്ദ്രന്‍ രാവണേശ്വ
🌳🌺🌺🌳🌺🌺🌳🌺🌺🌳
ആറുമലയാളിക്ക് നൂറു മലയാളം
എന്ന ഭാഷാഭേദപംക്തിയിൽ
ഡോ.പി.എ.അബൂബക്ക൪
എഴുതിയ
വടക്കൻ മലയാളം
(മൂന്നാം ഭാഗം)
വടക്കിന്റെ സ്വത്വം
🌳🌺🌺🌺🌳🌺🌺🌺🌳🌺🌺🌺🌳
വടക്കൻ മലയാളം
*അധ്യായം മൂന്ന്
വടക്കിന്റെ സ്വത്വം

കേരളത്തിലെ ഓരോ പ്രദേശത്തെ നാട്ടുമൊഴിയും ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുമൊഴികളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടെങ്കിലും വടക്കൻ കേരളത്തിലെ മാറ്റങ്ങൾ കൂടുതൽ പ്രകടമാണ്. തലശ്ശേരിക്കും വടക്കുള്ള ഭാഷ ഇന്ന് മാനകമലയാളമായി കണക്കാക്കുന്ന ഭാഷാരൂപത്തിൽ നിന്നും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ തെക്കൻ കേരളത്തിൽ ജനിച്ചവ൪ വളരെ ബുദ്ധിമുട്ടി മാത്രമേ അവ പഠിക്കാനൊക്കൂ. ചിറക്കൽ ഭാഷ എന്നൊരു നാമകരണം ഗോദവർമ്മ നൽകിയിട്ടുണ്ട്. രാജകുടുംബങ്ങൾ അധിവസിക്കുന്ന പ്രസ്തുത പ്രദേശത്തെ ഭാഷ അദ്ദേഹത്തിന് കൂടുതൽ പരിചയമായതാവാം കാരണം. തലശ്ശേരിയിലെയും ചിറയ്ക്കലിലെയും സംസാര ഭാഷ സവിശേഷമായി പരിഗണിക്കപ്പെട്ടതു കൊണ്ടു തന്നെ അവയ്ക്കും വടക്കുുള്ള നാട്ടുമൊഴികൾ കൂടുതൽ വ്യത്യാസം പുല൪ത്തുന്നുണ്ടെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല.

വടക്കൻ മലയാളം സവിശേഷവ്യക്തിത്വം പുല൪ത്തുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ടാവാം. ഭാഷയിലെ മാനകരൂപത്തെ ശുദ്ധരൂപമായും അതിൽ നിന്നുള്ള വ്യതിയാനങ്ങളെ വികൃതികളായും കണക്കാക്കുന്ന സാമ്പ്രദായിക രീതിക്ക് പകരം മാനകരൂപമടക്കം ഒരു ഭാഷയ്ക്കകത്തുള്ള എല്ലാ രൂപങ്ങളെയും തുല്യമായി പരിഗണിച്ചു കൊണ്ട് ശാസ്ത്രീയമായി പഠിക്കുകയെന്ന ആധുനിക മനശ്ശാസ്ത്രജ്ഞരുടെ രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

വടക്കൻ മലയാളത്തിന്റെ സവിശേഷവ്യക്തിത്വത്തിന് ആധാരമായ ഘടകങ്ങളെ കാലികം,ദേശീയം എന്നിങ്ങനെ രണ്ടായി തിരിക്കാം. ഭാഷോൽപ്പത്തിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പൊതുവേ പരിഗണനയ്ക്ക് വരാറുള്ളത് ദേശീയമായ ഘടകങ്ങളാണ്. എന്നാൽ ആധുനികവും ശാസ്ത്രീയവുമായ ചർച്ചകളിൽ കാലികമായ ഘടകങ്ങളും തുല്യപ്രാധാന്യത്തോടെ തന്നെ പരിഗണിക്കപ്പെടാറുണ്ട്.

ദേശീയഘടകങ്ങൾ
ഒരു ഭാഷയുടെ ആദിരൂപം നിലനിന്നിരുന്ന പ്രദേശത്ത് നിന്ന് പഠനവിധേയമാകുന്ന ഭാഷാഭേദം നിലനിൽക്കുന്ന പ്രദേശം എത്രത്തോളം അകലെയാണെന്നത് വ്യക്തിത്വത്തിന്റെ മാനദണ്ഡമായി ഇവിടെ സ്വീകരിക്കുന്നു. ഭൂമിശാസ്ത്രപരമായ അകലം കൂടുന്തോറും ഭാഷാപരമായ വേ൪തിരിവും കൂടുമെന്നാണ് വിശ്വാസം. ഭാഷയുടെ മൂലരൂപം സംസാരിച്ചിരുന്ന പ്രദേശത്തു നിന്ന് ഏറ്റവും അകലെയുള്ള ഭാഷയായിരിക്കും മൂലരൂപത്തിൽ നിന്ന് ഏറ്റവും അകന്നിരിക്കുക. തമിഴിൽ നിന്ന് വേറിട്ടു കൊണ്ട് ഒരു സ്വതന്ത്രഭാഷയായി വളരാൻ മലയാളത്തെ സഹായിച്ചത് സഹ്യാദ്രിയുടെ കിടപ്പാണെന്ന് നാം വിശ്വസിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലെ സംസാരഭാഷ തമിഴിൽ നിന്ന് വേ൪പിരിയാൻ മടികാണിക്കുമ്പോൾ തമിഴ് നാട്ടിൽ നിന്നും ഏറെ അകലെയുള്ള കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ സംസാരഭാഷ തമിഴ്ഭാവങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ അകന്നിരിക്കുന്നത് ഭാഷാവ്യക്തിത്വത്തിലെ ഭൂമിശാസ്ത്രഘടകങ്ങളുടെ സ്വാധീനം കൊണ്ടാണ്. കാസർഗോഡ് ജില്ലയാണെങ്കിൽ വളരെ മുമ്പ് തന്നെ വേർപിരിഞ്ഞ ഒരു സ്വതന്ത്രഭാഷ സംസാരിക്കുന്ന തുളുനാടുമായി അനുപ്രവേശിച്ചു കിടക്കുന്നു.

തമിഴിൽ നിന്ന് മലയാളത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളായി കേരള
പാണിനി എണ്ണിയവയിൽ സ്വരസംവരണം ഏറ്റവും കൂടുതലായുള്ളത് വടക്കൻ മലയാളത്തിലാണ്. തുളുവിലും അങ്ങനെ തന്നെ. തവ൪ഗ്ഗോപമ൪ദ്ദവും വടക്കൻ മലയാളത്തിൽ പ്രകടമാണ്. അതുപോലെ തന്നെ പുരുഷഭേദനിരാസം, അനുനാസികാതിപ്രസരം എന്നിവയും ശക്തമാണ്.

കാലികമായ ഘടകങ്ങൾ
  ഇതുവരെ നാം ചർച്ച ചെയ്ത ഭൂമിശാസ്ത്രതത്വമനുസരിച്ച് തമിഴിൽ നിന്ന് ഏറ്റവും അകലെയാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയാളം. കാസർഗോഡ് ജില്ലയിലെ സംസാരഭാഷ ഏറ്റവും അടുത്ത് നിൽക്കേണ്ടത് മലബാറുമായാണ്. ഇതിന്നു നേ൪വിപരീതമായ അവസ്ഥയും കാണുന്നുണ്ടെന്നതാണ് വാസ്തവം.
മധ്യമ പുരുഷൻ ഏകവചനം തിരുവിതാംകൂറിലെ പോലെ കാസർകോട്ടും " നീ" ആണ്. മലപ്പുറത്തും കോഴിക്കോടിന്റെ ചില ഭാഗങ്ങളിലും അത്   " ജ്ജ് " ആണ്. കാസർകോട്ടും തിരുവിതാംകൂറിലും "ഏണി" കോഴിക്കോടും മലപ്പുറത്തും
"കോണി" ആകുന്നു. വേദന എന്ന രൂപത്തിൽ തമിഴിൽ നിലനിൽക്കുന്ന "വലി" കാസർഗോഡ് "ബെലി" എന്ന രൂപത്തിൽ നിലനിലക്കുന്നു (ഉദാഹരണത്തിന് തലബെലി ~ തലവേദന)
ദേശീയമായ വിശദീകരണങ്ങളിലൊതുങ്ങാത്ത ഈ പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താനാവുക കാലികമായ വ്യതിയാനങ്ങളാണ്. ദേശീയമായ വിശദീകരണമനുസരിച്ച് മൂലരൂപം സംസാരിച്ചിരുന്ന പ്രദേശത്തു നിന്ന് ഏറ്റവും അകലെയാണ് വ്യതിയാനം ഏറ്റവും കൂടുതൽ ഉണ്ടാവേണ്ടത്. എന്നാൽ കാലികമായ വിശദീകരണമനുസരിച്ച് എല്ലായിടത്തെയും ഭാഷ മാറിക്കൊണ്ടിരിക്കുന്ന കൂട്ടത്തിൽ മൂലരൂപം സംസാരിച്ചിരുന്ന പ്രദേശവും ഉൾപ്പെടും. രണ്ടു വിദൂരപ്രദേശങ്ങളിലെ ഭാഷ സാമ്യത പുലർത്തുകയും അവയ്ക്കിടയിലുള്ള പ്രദേശത്ത് നിലനിൽക്കുന്ന ഭാഷ അവയിൽ നിന്നു വ്യത്യാസം പുലർത്തുകയും ചെയ്തേക്കാം. മധ്യഭാഗത്തുണ്ടായ മാറ്റം വിദൂര പ്രദേശത്ത് എത്താതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. മധ്യകേരളത്തിലുണ്ടായ മാറ്റത്തിന് സ്വാധീനിക്കാൻ കഴിയാത്ത തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും ഭാഷകളിൽ സമാനതകൾ കാണാം.

മലയാളഭാഷയുടെ സംസ്കൃതവൽക്കരണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വിശദീകരിക്കാനാവുന്നത് ഈ ശീർഷകത്തിനു കീഴിലാണ്. സംസ്കൃതവൽക്കരണവും മാനകഭാഷ കൂടുതൽ ഉപയോഗിക്കുന്നതും തെക്കൻ ജില്ലകളിലാണല്ലോ. അവിടങ്ങളിൽ പണ്ടു തന്നെ മരിച്ചുകഴിഞ്ഞ ഭാഷയിലെ പല അടിസ്ഥാനപദങ്ങളും വടക്കൻ ജില്ലകളിൽ കണ്ടേക്കാം.
തെക്കൻ മലയാളത്തിൽ നിന്ന് വടക്കൻ മലയാളത്തിലേക്കുള്ള പരിണാമം ക്രമാനുഗതമായി നടക്കുന്നു എന്നു നാം കണ്ടുവല്ലോ. മലയാളത്തിന്റെ തെക്കൻ നാട്ടുമൊഴികൾ തമിഴ് സ്വഭാവങ്ങൾ കൂടുതലായി പുലർത്തുമ്പോൾ വടക്കൻ
ഭേദങ്ങൾ തമിഴ് സ്വഭാവങ്ങളുടെ തിരോധാനത്തെയും കന്നഡയിലേക്കും തുളുവിലേക്കുമുള്ള പരിണാമത്തെയുമാണ് സാധാരണ ഗതിയിൽ പ്രതിനിധാനം ചെയ്യാറുള്ളത്. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ പൊതുതത്വത്തിന് അപവാദങ്ങൾ കാണാം.

വലി എന്ന വാക്ക് ദ്രാവിഡവും വേദന സംസ്കൃതവുമാണ്. "തിരിയുക" ദ്രാവിഡവും മനസ്സിലാവുക സംസ്കൃതത്തിന്റെ അംശമുള്ളതുമാണ്. വേദനയ്ക്ക് പകരം കാസർഗോഡ് ജില്ലയിൽ മലയാളി നിരക്ഷരർ "നൊമ്പലം" എന്ന പദമാണ് ഉപയോഗിക്കുന്നത്. മാനകമലയാളത്തിൽ ഉപയോഗിക്കുന്ന നൊമ്പരം എന്ന പദം തന്നെയാണ് ഇത്.
🌳🌺🌺🌺🌳🌺🌺🌺🌳🌺🌺🌺🌳
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥