26-02-20


🔵🔴🔵🔴🔵🔴🔵🔴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിലേക്ക്  സ്നേഹപൂർവം സ്വാഗതം🙏🙏🙏
🔴🔵🔵🔴🔵🔵🔵🔴
♠♠♠♠♠
വടക്കൻ മലയാളത്തിൽ ഇന്ന് ആദ്യം 🔹 കാസ്രോടപ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ 🔸നിന്ന് വിഷ്ണുദാസ്  ഷേണായി കെ എഴുതിയ പൂക്കാ൪ കഞ്ഞി അബ്ദുള്ള ദ്രോസ൪ ആറാട്ട് മിഠായിയെക്കുറിച്ച്  വേനൽക്കാലത്തെ വിശേഷങ്ങളുമായി റഹീം കല്ലയം ഖാദ൪ ക്ലായിക്കോട്
🤾‍♂നഷ്ടപ്പെടുന്നു ഗ്രാമീണ കേളികൾ
രതീഷ് ബീകെ യുടെ
ഫോട്ടോ വിശേഷം
♣♣♣♣♣
പൂക്കാ൪ കഞ്ഞി
വിഷ്ണുദാസ് ഷേണായി കെ
ഇത് പൂക്കാ൪ കഞ്ഞി. ..
പാണത്തൂ൪ മഞ്ഞടുക്കം തുളു൪വനത്ത് ( കേക്കൂലോം എന്നും അറിയപ്പെടുന്നു) നടക്കുന്ന കളിയാട്ടത്തീന് അവിടെ കെട്ടിയാടുന്ന തെയ്യങ്ങള്ക്കൂം അനുഷ്ഠാന ക൪മ്മങ്ങള്ക്കും ആവശ്യമുള്ള പൂക്കളും മറ്റും തലച്ചുമടിലേറ്റി കാൽനടയായി പടിഞ്ഞാറു നാട്ടില് നിന്ന് ഇങ്ങ് കിഴക്കു നാട്ടിലേത്തക്കെത്തിക്കുന്നു. അതിന് നിയോഗിക്കപ്പെട്ട സ്ഥാനികരാണ് കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടന്ന് വരിക..  കാഞ്ഞങ്ങാട് നിന്ന് വിട്ടാല് ഗുരുപുരം,  തട്ടുമ്മല്,  ചുള്ളിക്കര,  കള്ളാ൪, പനത്തടി (ചെറുപനത്തടി)  എന്നിവിടങ്ങളിലെ താനങ്ങളിലും തറവാട്ടു ക്ഷേത്രങ്ങളിലും ഇവരെ സ്വികരിച്ച് ക്ഷീണമകറ്റാ൯ ഭക്ഷണങ്ങളും താംബൂലങ്ങളും മറ്റും നല്കുന്നു..  കഞ്ഞിയും തോരക്കറിയുമാണ് പ്രധാനമായും..  ആ നാട്ടിലെ ആളുകളും ഇവിടെ വന്ന് കഞ്ഞിയും തോരയും കഴിക്കുന്നു.. തുട൪ന്ന് പ്രാ൪ത്ഥനയോടെ മഞ്ഞടുക്കത്തേക്ക് ആചാരക്കാരെ പറഞ്ഞയക്കുന്നു..
:::::::
വ൪ഷങ്ങായി പാലിച്ചു പോകുന്ന ആചാരം, അനുഷ്ഠാനം..
ചിത്രം. : ചെറുപനത്തടിയിലെ തുളുച്ചേരി വളപ്പിൽ ദേവസ്ഥാനത്ത് പൂക്കാ൪ കഞ്ഞി കൊടുക്കൽ..
വിഷ്ണുദാസ് ഷേണായി. കെ.



ആറാട്ട് മിഠായി  അബ്ദുള്ള ദ്രോസ൪

പതിവു തെറ്റിക്കാത്ത
 'ഭരണി മിഠായി '(ആറാട്ട് മിഠായി *)
    ആ പതിവു ഈ വർഷവും തെറ്റിയില്ല. പാലക്കുന്നു ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ഭരണി ഉത്സവമാണെങ്കിൽ ഭരണി മിഠായി നിറച്ച പാത്രങ്ങൾ, മക്കളുടെ കൗസല്യ അമ്മയും ശാന്തേച്ചിയും അമ്പിയേച്ചിയും വത്സലേട്ടിയും ഓമനേട്ടിയും 'ചക്കര' യും അപ്പുവും അധിവസിക്കുന്ന അയൽപക്ക വീടുകളിൽ നിന്നു, ഇന്നു വീട്ടിൽ എത്തിയിരിക്കും. ഒഴിഞ്ഞ പാത്രങ്ങൾ ഫോറിൻ ചോക്ലേറ്റോ ബിരിയാണിയോ നിറച്ചു മാത്രം തിരിച്ചു കൊടുക്കാൻ കണിശത പുലർത്തുന്ന, ഉത്തരേന്ത്യൻ സംസ്കാരത്തിൽ നിന്നു വന്ന, നല്ലപാതിയും ഓർമ്മിപ്പിക്കുന്നത് ആ പഴയ കാലം തന്നെ. അത്ര പഴയതല്ലാത്ത ആ നല്ല കാലം പൂർണ്ണമായും പോയ് പോയിട്ടില്ല.

      നാല്പതു വർഷം മുമ്പിലേക്ക് മാത്രം തിരിഞ്ഞു നോക്കിയാൽ മതി. അന്നത്തെ അയൽപക്കത്തിലെ കുഞ്ഞാതമ്മയും ചിരുതമ്മയും നാരായണിയേട്ടിയും 'വള്ളി' ഏട്ടിയും 'പേച്ചി' ഏട്ടിയും സാവിത്രിയും ലീലയും മറ്റും അടങ്ങുന്ന അയൽപക്കങ്ങളിൽ നിന്നു വർഷം തെറ്റാതെ ഭരണി മിഠായി വീട്ടിൽ എത്തിയിരിക്കും. അവർ അന്നത്തെ കണ്ണ്യാങ്കര (ഇന്നത്തെ ഉദുമ) ആഴ്ച ചന്തയിലെ പർച്ചേസിനു ഉമ്മയുടെ സഹയാത്രികരും ആയിരുന്നു.

     പക്ഷെ, അന്നത്തെ ആ ഒരു ആചാരം ഇന്നു വിസ്മൃതിയിലാണ്ടുപോയി എന്നു തന്നെ പറയാം. ചന്ദ്രഗിരി പുഴയ്ക്കും ചിത്താരി പുഴയ്ക്കും ഇടയിലുള്ള മുസ്ലീം കുടുംബങ്ങളിലെ കന്നി ഗർഭിണികളുടെ വീട്ടിലേക്ക് ഭർതൃ വീട്ടുകാർ ഭരണി മിഠായി കൊണ്ടു പോകുക എന്നത് അന്നത്തെ ഒരു ആചാരമായിരുന്നു. പാലക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവസമയത്ത് തെരുവോരങ്ങളിൽ വില്ക്കപ്പെടുന്ന വെള്ള നിറത്തിലും വിവിധ കളറിലുമുള്ള മിഠായി അത്രയും പ്രസിദ്ധമായിരുന്നു.

      കന്നി ഗർഭിണിയെ 'ചീരണി'(അപ്പം മംഗലം) ആചാരം കഴിച്ചു ഭർതൃവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു അയച്ചതിനു ശേഷം പ്രസവത്തിനു മുമ്പായി ഭരണി ഉത്സവം വരികയാണെങ്കിൽ, പത്ത് കിലോയിൽ കുറയാത്ത ഭരണി മിഠായി വധുവിന്റെ വീട്ടിൽ എത്തിച്ചു കൊള്ളണം. പുതുനാട്ടിയുടെ വീട്ടുകാർ അതു ബന്ധുവീടുകളിലും അയൽപക്ക വീടുകളിലും വിതരണം ചെയ്യും. പുതിയാപ്ല ഭരണി മിഠായി കൊടുത്തയച്ചു എന്നു ഗമയോട് കൂടി തന്നെയാണു പറയുക.  ഈ ബന്ധുക്കളും അയൽക്കാരുമായ സ്ത്രീകളാണു, ഇങ്ങനെയൊരു ആചാരം അറിയാത്ത ദൂരദേശത്തുള്ള വരന്റെ വീട്ടുകാർക്ക്, ഭരണി മിഠായി എത്തിക്കുന്നതിനെക്കുറിച്ചു സൂചന നല്കുന്നത്. അഥവാ ഉത്സവ പിറ്റേന്നെങ്കിലും മിഠായി എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വധുവിന്റെ വീട്ടുകാർക്ക് ഒരു കുറച്ചിലായി തോന്നുകയും കുടുംബത്തിൽ വലിയ കശപിശ ഉടലെടുക്കുകയും ചെയ്യും. പിന്നെ ഈ തെരുവുകച്ചവടക്കാരെ തേടി പിടിച്ചു മിഠായി എത്തിച്ചിരിക്കും.

     ഉത്സവ ചന്തകളിൽ ഈ മിഠായി വാങ്ങാൻ ഇന്നും മുസ്ലീംങ്ങൾ എത്താറുണ്ടെങ്കിലും ആ പഴയ ആചാരം അന്യം നിന്നു പോയി. കാഡ്ബറി, ഡയറി മിൽക്ക് തുടങ്ങിയ മൾട്ടിനാഷനൽ കമ്പനികൾ മിഠായി മാർക്കറ്റ്‌ കീഴടക്കി ഭരണി മിഠായിയെ പാവപ്പെട്ടവന്റെ ചോയിസ്സാക്കി മാറ്റിയതും, മതങ്ങൾക്കകത്ത് തീവ്ര ചിന്താഗതിക്കാർ പെരുകിയതും ഈ ആചാരത്തിന്റ തിരോധാനത്തിനു കാരണമായി.
________________

*ഭരണി ഉത്സവത്തിനു മുമ്പായി തൃക്കണ്ണാട് ക്ഷേത്രത്തിൽ നടക്കുന്ന ആറാട്ട് ഉത്സവ ചന്തയിലാണ് ഈ പ്രദേശത്ത് ഈ മിഠായി ആദ്യം എത്തുന്നത് എന്നതുകൊണ്ട് ഇതിനു 'ആറാട്ട്  മിഠായി ' എന്നും പേരുണ്ട്.
ABDULLA DROCER

റഹീം കല്ലയം
വേനൽക്കാല ചിന്തകൾ
#മനസ്സിൽ #മഞ്ഞുപെയ്ത #വേനൽകാലം
*************
ഇതാ വീണ്ടും ഒരു വേനൽകാലം കൂടി.. ഈ തിളച്ച ഗ്രീഷ്മത്തിൽ എവിടെയോ ഒരിലകൂടി ബാക്കിയുണ്ട്  കരിയാതെ, ഉണങ്ങാതെ, പാറാതെ..ഓർമ്മകൾക്കപ്പുറത്ത് കാലം കാത്തുവച്ച ഒരു നെരിപോട് , ഹൃദയതാളം നിലക്കും വരെ ഓർക്കാനായി, മനസ്സിൽ മഞ്ഞുപെയ്തായി ഒരു വേനൽകാലം...
പതുക്കെചൂടുകാലം തുടങ്ങുകയായി
മാവുകൾ പൂക്കാൻ തുടങ്ങി
കുംഭത്തിലെ മഴ ഒരു വല്ലാത്ത സുഖമാണ് ചക്ക, മാങ്ങ തുടങ്ങിയവയ്ക്ക് അതു നല്ല ഗുണം ചെയ്യും ''കുംഭത്തിൽ മഴ പെയ്താൽ കുന്നൊക്കെ ചോറ് കുപ്പേലും നെല്ല്'' എന്നൊരു ചൊല്ലുണ്ട്. പക്ഷെ കാലം ഗതിമാറിയതോടെ ഒരുതുളളിപോലും കിട്ടാക്കനിയായി മാറി. പഴയ ചൂടുകാലത്തെ ഓർമ്മകൾ വാപ്പയിൽ നിന്നാണ് കൂടുതലും അറിഞ്ഞത്..! മാർച്ച് ഏപ്രിൽ മെയ് മാസങ്ങളാണ് വെയിൽ വെട്ടി വിറക്കുന്ന കാലം പാടങ്ങൾ വിണ്ടുകീറിക്കിടക്കും..(ഇന്നാണങ്കിലൊ ജനുവരി മുതൽ ചൂടാണ് ഇപ്പോള്‍ തന്നെ വേനല്‍ച്ചൂട് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു)
ഇടക്കെവിടെയെങ്കിലുമൊക്കെ പച്ചക്കറിപ്പച്ച രാവിലെ ഒരു പത്തു മണിയാവുമ്പോഴേക്കും വെയിൽ കനക്കും നട്ടുച്ച നട്ടപ്പൊരിവെയിൽ... രണ്ടു മണി കഴിയുമ്പോഴേക്കും ഉച്ചതിരിയും മൂന്ന് നാല് മണിക്കൊക്കെ നല്ല ചൂടാണ് അഞ്ചു മണി കഴിയണം ഇത്തിരി ഇളം കാറ്റ് കിട്ടാൻ ചൂടൊന്നടങ്ങാൻ ഫാനുകളൊന്നും ഇല്ലാത്ത കാലം.. അപൂർവ്വം വീടുകളിൽ മാത്രമേ അന്ന് വൈദ്യുതിയുള്ളൂ. പാള വിശറി വെള്ളത്തിൽ മുക്കി വീശി ചൂടിനെ തണുപ്പിക്കുമായിരുന്നു പ്രായമുള്ളവർ.. ഉപ്പാപ്പയും മാമയും അയലത്തെ വീട്ടിലെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ പാള വിശറി വീശുന്നത് കാണാമായിരുന്നു. കവുങ്ങിന്റെ പാള വട്ടത്തിൽ മുറിച്ചെടുത്ത് പിടിക്കാൻ ഒരു പിടികൂടി ഉണ്ടാക്കിയുള്ളതായിരുന്നു പാള വിശറി...
ഷർട്ട് അധികമാർക്കും വേനൽക്കാലത്ത് ഉണ്ടാവാറില്ല. തോളത്ത് ഒരു തോർത്ത് മുണ്ട്... അത് വീശാനും നനച്ച് പിഴിഞ്ഞ് മുഖം തുടക്കാനും. വലിയ മൺപാത്രങ്ങളിൽ പച്ച വെള്ളം വെച്ചിരുന്നു.. മൺപാനി, കൂജ എന്നൊക്കെയാണ് പേര്.. മണ്ണിന്റെ ചുവയുള്ള ആ തണുത്ത വെള്ളത്തിനു പോലും വേനലിനെക്കുറിച്ചു പറയാൻ നൂറ് നാവ്..
ധാരാളം കശുവണ്ടിയുടെയും
മാങ്ങയുടെയും കൂടിയാണ് ചൂടുകാലം..മുറ്റത്തെ മാവിൻ ചുവട്ടിൽ  ഒരു പന്തലിട്ട തണുപ്പ്... ഇടക്കിടെ വരുന്ന കാറ്റ് മാങ്ങ തരുന്നതോടൊപ്പം വിശറിയില്ലാതെ വീശി ചൂടിനെ എങ്ങോട്ടോ കൊണ്ടു പോകും..
വിയർപ്പാണ് ചൂടുകാലത്തെ പ്രശ്നം
കിഴക്കേക്കുളം, വലിയകുളം, അമ്പലക്കുളം, പളളിക്കുളം കാലിക്കുളങ്ങൾ എല്ലായിടത്തും ഉച്ചത്തിമർപ്പിൽ മദിച്ചു കുളിച്ചു നീന്തിപ്പുളച്ചവർ. ഇതു വായിക്കുന്നവർ ഒന്നോർത്തു നോക്കൂ..
രാത്രി കഞ്ഞി കുടിച്ച് ഉമ്മറത്ത് പായ വിരിച്ച് കിടന്നിരുന്ന കാലം..പൗർണ്ണമി രാവിലെ വെളിച്ചത്തിൽ കിണറ്റിൽ നിന്ന് വെള്ളം കോരി തല വഴിയൊഴിച്ച് വെറും നിലത്തൊക്കെ കിടന്നുറങ്ങിയിരുന്ന കാലം എത്ര സുന്ദരമാണാകാലം.. മുളിപാകിയതും തട്ടിട്ട ഓടുമേഞ്ഞ വീടുകളായിരുന്നു അന്ന്.. പ്ലാവ്, തേക്ക്, മാവ് പലകകൾ വീട്ടിൽ തന്നെ ഈർന്ന് മുറിച്ച് തട്ടിട്ട് രണ്ടാം നില ഓടുമേഞ്ഞ പുരകൾ... ചിലത് മൂന്നുനിലയുള്ള (തട്ടിൻപുറം) മാളികപ്പുരകൾ.. ചൂട് ഇത്തരം വീടുകളിൽ കുറവായിരുന്നു.. നിലം സിമന്റിൽ കാവിയിട്ടവയും ചാണകം തളിച്ചതും..ഇന്നത്തെ പോലെ ടൈൽസും മാർബിളും വഴുക്കാത്തവ..!
തറവാട്ട് വീട് ഓടായിരുന്നു മേഞ്ഞത്. നക്ഷത്രത്തിൽ ഒരു രാജാവിന്റെ ചിഹ്നം വട്ടത്തിൽ കൊത്തിയ ഓട്... ഇരട്ട ഒറ്റപ്പാത്തി ഓടുകൾ മേഞ്ഞവീടുകൾ ഉച്ചച്ചൂട് കത്തിപ്പടർന്നു കൊഴിഞ്ഞാൽ തണുക്കും.. ഒരു പത്തു മണി കഴിഞ്ഞാൽ ചൂടേ ഉണ്ടാവില്ല.. ഇന്നത്തെ വാർപ്പിന്റെ വിങ്ങൽപ്പുളപ്പിൽ ഓട് കാലങ്ങൾ പഴങ്കഥ പറഞ്ഞ് ചിരിക്കുന്നുണ്ടാവാം..
കാവിലെ ഉത്സവങ്ങൾ, ഉറൂസുകൾ, നാടകങ്ങൾ, യക്ഷഗാനങ്ങൾ, സർക്കസ് തുടങ്ങിയവയൊക്കെ ഉറക്കമില്ലാക്കാലങ്ങളുടെ ഒരിക്കലും ഉറങ്ങാത്ത ഓർമ്മകൾ..ഗ്രമങ്ങളിലൊക്കെ അന്നുണ്ടായിരുന്നത് മണ്ണ് ഉരുട്ടി ചുമർ കൂട്ടി ഓലകൊണ്ട് മേഞ്ഞ് നിലത്ത് ചാണകം മെഴുകിയ ചെറു ചെറ്റ വാതിലും  ജനവാതിലുകൾ ഇല്ലാത്ത വീടുകൾ... പക്ഷേ അതിനുള്ളിലെ തണുപ്പ് ഒരു എസി റൂമുകളിലും ഇന്നുകിട്ടുകയില്ല..
കൂട് പീടികയിൽ നിന്ന് സോഡ കിട്ടുമായിരുന്നു.. വെള്ളം നിറച്ച പാത്രങ്ങങ്ങളിൽ മുക്കിയിട്ട വലിയൊരു ഗോലി ചൂണ്ടുവിരൽ കൊണ്ട് താഴ്തി തുറക്കുന്ന സോഡക്കുപ്പി ഒരു കാഴ്ച... മോരും വെള്ളവും സർബത്തും കുടിച്ച് ദാഹമാറ്റിയിരുന്ന കാലങ്ങൾ.. അഞ്ച് പൈസക്ക് കിട്ടുന്ന തണുത്ത ഐസ് വാട്ടറിന്റെ കോറിത്തണുപ്പ് തൊണ്ടയിൽ ഇന്നും അരിച്ചിറങ്ങുന്നുണ്ട്..വാപ്പ പറഞ്ഞു എന്നാലും പാളയിൽ കോരി എടുക്കുന്ന കിണറ്റിലെ പച്ചവെള്ളത്തിന്റെ ദാഹശമനം വേറൊന്നിനുമില്ല! കശുമാങ്ങയുടെ മണമായിരുന്നു വേനലിന് എങ്ങും കശുവണ്ടിത്തോട്ടങ്ങൾ ചുകപ്പും മഞ്ഞയും നിറമുളള പറങ്കിമാങ്ങകൾ കശുമാങ്ങ ഉപ്പു കൂട്ടി കഴിച്ചാലുളള സ്വാദ് ഒന്ന് വേറെ..വേനലായാൽ കശുമാവിൻ ചുവട്ടിലെ ചപ്പിലയെല്ലാം അടിച്ചുകൂട്ടി കത്തിച്ച് വെണ്ണീറാക്കും.. ആലിൻ ചുവടുകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന വാകമരചുവട്ടിൽ കൊന്നമരങ്ങളിലും വേനൽ തണുത്തു നിന്നു രാവും പകലും താപം തിളച്ചാലും ആ വേനൽ കാലങ്ങൾ പ്രകൃതിയുടെ താരാട്ടായിരുന്നു..!!!
മിനറൽ വാട്ടറിന്റെ തണുപ്പിക്കുന്ന എ സി യുടെ കൃത്തിമ കാലങ്ങൾക്കറിയില്ലല്ലോ പഴയ ആ വേനൽ ചൂടിന്റ ഇളനീർ മധുരം..!! കൊയ്ത്തു കഴിഞ നെൽപ്പാടങ്ങളിൽ തുണി കെട്ടിയ പന്തിനു പിന്നാലെ വാശിയോടെ ഓടിത്തളർന്ന വേനലവതികൾ...
എവിടേയോ ഭൂതകാലത്തിന്റെ ഓർമകളിൽ തെളിഞ്ഞ് നില്ക്കുന്നുണ്ട്...
ഇനിയൊരിക്കലും വരാത്ത അകലങ്ങളിലേക്ക് അവ പോയ്‌ മറഞ്ഞു ... എത്ര വിലപ്പട്ടതായിരുന്നു ആ കാലം എന്ന് ഇപ്പോഴാണറിയുന്നത്...
ഭാരങ്ങളില്ലാതെ,ഉത്തരവാതിത്തങ്ങളില്ലാതെ, വേദനകളില്ലാതെ, പിരിമുറുക്കങ്ങളില്ലാതെ, ഒരു തൂവൽ പോലെ ഒഴുകി നടന്ന ആ കുട്ടിക്കാലം.
ആരാണ് ഒന്ന് തിരിച്ചു തരിക...????
ഇനിയും ഈ ഭൂമിയിൽ ഒരു ജൻമം ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടിക്കാലം തിരിച്ചു കിട്ടുമോ....??
ഇല്ല! വർത്തമാന കാലത്തെ കുട്ടിത്തങ്ങളുടെ വിരലഗ്രങ്ങൾ ആഡ്രോയിട് ഫോണുകളുടെ കീ പാഡിൽ ചുര മാന്തുകയാണിപ്പോൾ!!
കമ്പ്യൂട്ടെർ ഗയിമുകളുടെ ആസുര വേഗതയിൽ ആർത്തു രസിക്കുന്ന കാലം!!!!
ആഫ്രിക്കയിൽ പോലും കൂട്ടുകാരുണ്ട് മുഖ പുസ്ത്തകത്തിന്റെ സൗഹൃദ വലയത്തിൽ,പക്ഷെ തൊട്ട അയൽ വീട്ടിലെ കാരണവരുടെ പേര് പോലും അറിയില്ല!! മുകളിൽ പറഞ്ഞ ഉരുകിയൊലിച്ച സൂര്യന്റെ മുഴുവൻ താപവും നെഞ്ചിലെറ്റിയ എത്രയെത്ര ജീവിതങ്ങളെയാണ് കാലം വിളിച്ചുകൊണ്ടുപോയത്..ഇതു വായിക്കുന്ന പലരുടെയും മുൻ തലമുറകളെ ഒന്നോർത്തു നോക്കൂ..
അവരുടെ ജീവിതം ചാരം മൂടിയ നമ്മുടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും
വേദനയോടെ നാം തിരിച്ചറിയുന്നു
ഒരു വേനൽ മഴപോലും കനിയാത്ത
ഒരു ഈറൻ കാറ്റു പോലും തലോടാത്ത വീണ്ടുമൊരു വേനൽ കൂടി നമ്മേത്തേടിയെത്തുമെന്ന്.!!!
റഹീം കല്ലയം
നഷ്ടമാവുന്ന ഗ്രാമീണ കേളികൾ
ഖാദ൪ ക്ലായിക്കോട്
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണതയ്ക്കൊപ്പം പഴയ ഒരു പാട് കളികളും നമുക്ക് നഷ്ടപ്പെട്ടു ഇനി അതൊന്നും തിരിച്ച് വരില്ലെങ്കിലും അതിൽ ചിലതൊക്കെ നമുക്കൊന്ന് ഓർത്തെടുക്കാൻ ശ്രമിച്ചാലോ?
കുട്ടിയും കോലും (ക്രിക്കറ്റിൻ്റെ ഒരു പൂർവ്വരൂപം എന്ന് പറഞ്കൂടെ )
കോട്ടയും കുത്തും
അപ്പച്ചെണ്ട്
ബല്ലി ബല്ലി (കബഡിയുടെ മറ്റൊരു പതിപ്പ്) ഇത് പെൺകുട്ടികളാണ് കളിക്കുന്നത്
സാറ്റ് ( പെൺകുട്ടികൾ) റിംഗ് എറിയൽ (പെൺകുട്ടികൾ)
കള്ളനും പോലീസും
കോഴിയുo കുറുക്കനും
ലതി (ഏഴ് ഓടിൻ കഷണങ്ങൾ അട്ടിവെച്ച് എറിഞ്ഞിടുക ) കോട്ട (പെൺകുട്ടികൾ) സാറ്റ് (പെൺകുട്ടികൾ) മുന്ന് കൂഴിയിലുള്ള കോട്ടികളി
തോറ്റാൽ കോട്ടി നഷ്ടപ്പെടുന്ന സൊണ്ണ് കളി.
അങ്ങിനെ ഓർത്തെടുത്താൽ ഒരുപാടുണ്ട്
നഷ്ടപ്പെട്ടു പോകുന്ന ഗ്രാമകേളികൾ♠ ഖാദ൪ ക്ലായിക്കോട്♠

മൈലാട്ടിക്ക് അടുത്തുള്ള ചൗക്കി ജംഗ്ഷനിൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന വലിയ തെങ്ങിൻ തോട്ടം കുറച്ച് ദിവസം മുൻപ് തീ പടർന്നു പിടിച്ച് പുല്ലും കുറ്റിച്ചെടികളും കത്തി നശിച്ചിരുന്നു. ഇന്നലെ രാവിലെ പാൽ വാങ്ങാനായി സൊസൈറ്റിയിൽ പോകുമ്പോൾ രാവിലത്തെ മഞ്ഞും സൂര്യപ്രകാശവും എല്ലാം കൂടി മനോഹരമായ കാഴ്ച്ച ആയിരുന്നു. നേരിൽ കാണുന്ന അത്രയും സൗന്ദര്യം ഒരു മൊബൈൽ ക്യാമറയ്ക്ക് ഒപ്പിയെടുക്കാൻ ആവില്ല എന്ന് ഫോട്ടോ എടുത്തപ്പോൾ മനസിലായി.   രതീഷ്.ബീ.കെ.
🔰🔰🔰🔰🔰🔰🔰
ആറുമലയാളിക്ക് നൂറു മലയാളം ഭാഷാഭേദപംക്തിയിൽ ഡോ: പി. എ.അബൂബക്കർ എഴുതിയ വടക്കൻ മലയാളം (പതിമൂന്നാം ഭാഗം)  വിഭക്തികൾ(തുടരുന്നു...)
💮💮💮💮💮💮💮

വടക്കൻ മലയാളം
അധ്യായം 11 വിഭക്തികൾ (തുട൪ച്ച)

ഉദ്ദേശിക
താലവ്യമായ സന്ദർഭങ്ങളിൽ വടക്കൻ മലയാളത്തിൽ
മൂസെ + ക്ക്  - മൂസെക്ക്
ബായെ ( വാഴ) +ക്ക് - ബായെക്ക്
പദം 'ഇ' കാരാന്തമാണെങ്കിൽ
നായി  ~നായിക്ക്
കോയി ( കോഴി) ~ കോയിക്ക്
മൂരി~ മൂരിക്ക്
നമ്പൂരി  ~ നമ്പൂരിക്ക്
പദം 'ഉ' കാരാന്തമാണെങ്കിൽ 'ഉ'കാരാന്തത്തിന്റെ ഇരട്ടിച്ച രൂപം കൈവരുന്നു.
ഗുരു ~ ഗുരൂന്
വ്യഞ്ജനത്തിലവസാനിക്കുന്ന പദങ്ങളിൽ പ്രത്യയമായി /ക്ക്/ വരുന്ന സന്ദർഭങ്ങളിൽ വടക്കൻ മലയാളത്തിൽ ഉദ്ദേശികാ വിഭക്തിപ്രത്യയം 'ക്ക്' തന്നെ. ഇത്തരം പദങ്ങൾക്ക് സംവൃതോകാരമില്ലാതെ നിലനിൽപ്പില്ല.
ഉദാ: മകൾ - മോള്
         അവൾ - ഓള്
         അയാൾ - അയാള്
ഇത്തരം പദങ്ങളിൽ ഉദ്ദേശികാ വിഭക്തിപ്രത്യയം ചേരുന്നതിന് മുമ്പ് 'ള്' ലോപിക്കുക വടക്കൻ മലയാളത്തിൽ പതിവാണ്.
മോള്  ~ മോക്ക്
ഓള്    ~ ഓക്ക്
അയാള് ~ അയാക്ക്
ഉദ്ദേശികാ വിഭക്തിപ്രത്യയമായി സംവൃതോകാരം വരുന്ന സന്ദർഭങ്ങളിൽ വടക്കൻ മലയാളത്തിൽ
ജോസ് + ഇൻ +സംവൃതോകാരം ~ ജോസ്ന് എന്ന രൂപത്തിൽ മാറുന്നു. ( തോമസ്ന്, മമ്മദ്ന്, ശങ്കറ്ന്/ ശങ്കർന്, കാദറ്ന്/കാദ൪ന് എന്നിങ്ങനെ മാറുന്നു)
മാനകമലയാളത്തിൽ ഇത്
ജോസിന്, തോമസിന്, മമ്മദിന്, ശങ്കറിന്, കാദറിന് എന്നിങ്ങനെയാണ് ചേരുന്നത്.
രാമൻ ~ രാമന്
കുട്ടപ്പൻ ~ കുട്ടപ്പന്
എന്ന രീതിയിൽ തന്നെ മാറുന്നു. എന്നാലും
ചിലയിടങ്ങളിൽ ഓന്,ഓൻക്ക്, ഓനിക്ക് ഇങ്ങനെ പറയുന്ന പ്രവണതയും നിലവിലുണ്ട്.
പ്രയോജികാ വിഭക്തി മിക്കവാറും ആവശ്യമായി വരുന്നത് ക൪മണി പ്രയോഗത്തിലാണ്. നാട്ടുമലയാളത്തിന് ക൪മണി പ്രയോഗം അന്യമാണ്. 'ആൽ' അല്ലെങ്കിൽ 'ആലെ' പ്രത്യയം ചേ൪ത്താണ് പ്രയോജികാ വിഭക്തി ഉണ്ടാക്കുന്നത്. 'തനിയെ' എന്നർഥത്തിൽ 'തന്നാലെ'
എന്നു വടക്കൻ മലയാളത്തിൽ ഉപയോഗിക്കുന്നത് ഇത്തരത്തിൽ 'ആലെ' ചേർന്നുണ്ടായതാണ്. ഇതുപോലെ വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള " കയ്യാ കൽപ്പിച്ചത് " എന്ന പ്രയോഗത്തിലെ ' കയ്യാ' എന്ന പദം 'കയ്യാൽ' എന്ന പ്രയോജികാ രൂപത്തിലെ "ൽ' ലോപിച്ചുണ്ടായതാണ്.

സംബന്ധിക
മലയാളത്തിൽ സംബന്ധികാവിഭക്തി പ്രത്യയം 'ഉടെ' ആണ്. സംവൃതോകാരം പരമായതോ ആയ / ള/ കാരത്തിൽ അവസാനിക്കുന്ന പദങ്ങളിൽ മകൾ ~ മകളുടെ എന്നായി മാറുന്നു. പദത്തിന്റെ അവസാനം സംവൃതോകാരം ഉണ്ടെങ്കിൽ അതു ലോപിക്കുന്നു. ( അവൾ ~ അവളുടെ, ആള് ~ ആളുടെ, അയാള്/ അയാൾ ~ അയാളുടെ)
താലവ്യസ്വരങ്ങളിൽ അവസാനിക്കുന്ന പദങ്ങളിൽ / യ/കാരം ആഗമമായി വരുന്നു.
സ്വരരഹിത
 'ന'കാരത്തിൽ അവസാനിക്കുന്ന പദങ്ങളിൽ
കുട്ടപ്പൻ ~ കുട്ടപ്പന്റെ
രാമൻ  ~ രാമന്റെ
ഓഷ്ഠ്യസ്വരത്തിൽ അവസാനിക്കുന്ന പദങ്ങളിൽ
മധു ~ മധുവിന്റെ
ഗുരു ~ ഗുരുവിന്റെ
കാട് ~ കാടിന്റെ
വീട്  ~ വീടിന്റെ
അനുസ്വാരത്തിൽ അല്ലെങ്കിൽ സ്വരരഹിത / മ/കാരത്തിൽ അവസാനിക്കുന്ന പദങ്ങളിൽ
പദം -പദത്തിന്റെ
വെള്ളം - വെള്ളത്തിന്റെ
തടം - തടത്തിന്റെ
മറ്റു വ്യഞ്ജനങ്ങളിൽ അവസാനിക്കുന്ന പദങ്ങളിൽ
കാദ൪ -കാദറിന്റെ
ജോസ് ~ജോസിന്റെ
ബസ്  ~ ബസിന്റെ
ഇവ വടക്കൻ മലയാളത്തിൽ
മോള് (മകൾ) ~ മോളെ ( മകളുടെ)
ഓറ് (അവർ)  ~ ഓറെ (അവരുടെ)
ആര് - ആരെ (ആരുടെ)
താലവ്യമല്ലാത്ത / അ/കാരത്തിലവസാനിക്കുന്ന കാസർകോട് ജില്ലയിലെ മുസ്ലിം ബന്ധനാമങ്ങളിൽ 'ന്റെ'  ചേരുന്നതിന് മുമ്പ് പ്രസ്തുത /അ/ കാരം ഇരട്ടിക്കുന്നതായി കാണാം.
ഉമ്മ - ഉമ്മാന്റെ
ഉപ്പ - ഉപ്പാന്റെ
ഇച്ച - ഇച്ചാന്റെ
ജമീല - ജമീലാന്റെ
ചിലയിടങ്ങളിൽ
അമ്മ - അമ്മേരെ
ബായെ - ബായേരെ
കോയി - കോയീരെ
പയി  - പയീരെ
എന്നിങ്ങനെ കാണുന്നു.
ഓഷ്ഠ്യസ്വരങ്ങളിൽ അവസാനിക്കുന്ന പദങ്ങളിൽ
മധു - മധൂന്റെ
ഗുരു - ഗുരൂന്റെ
കുഞ്ഞമ്പു - കുഞ്ഞമ്പൂന്റെ

ആധാരിക
'ഇൽ'  'കൽ' ഇവയാണ് ആധാരികാ പ്രത്യയങ്ങൾ.
'അ' കാരാന്ത പദങ്ങളിൽ വടക്കൻ മലയാളത്തിൽ ആധാരികാ വിഭക്തി ചേരുമ്പോൾ
  തലയിൽ (തല+ഇൽ) - തലേല്
പൊരയിൽ - പൊരേല്
മലയിൽ - മലേല്
'ഇ' കാരാന്തമാണെങ്കിൽ
ബയി(വഴി) +ഇൽ - ബയീല്
സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട്
കാസർകോട് - കാസർകോട്ട്
കാഞ്ഞങ്ങാട് - കാഞ്ഞങ്ങാട്ട്
സുള്ള്യ - സുള്ള്യത്ത്
മറ്റു ചില സന്ദർഭങ്ങളിൽ
വാതിൽക്കൽ - ബാഇ്ക്ക
ചേറ്റിൽ - ചേറ്റ്ല്/ ചേറ്റ്ലി്
ചോറ്റിൽ - ചോറ്റ്ല്/ ചോറ്റ്ലി്
വീട്ടിൽ - ബീ്ട്ട്ള്
കൂട്ടിൽ - കൂ്ട്ട്ള്
കാട്ടിൽ - കാ്ട്ട്ള്
നാട്ടിൽ - നാ്ട്ട്ള്

മറ്റുള്ള വിഭക്തികൾ
'ൽ നിന്ന്' എന്ന വിഭക്തി ചേരുമ്പോൾ
പൊയെ - പൊയേന്ന്
പൊരെ - പൊരേന്ന്
ചന്ത - ചന്തേന്ന്
ബാഇ്ക്ക(വാതിൽക്കൽ ) -ബാഇ്ക്കാന്ന് (വാതിൽക്കൽ നിന്ന്)
ഇതേപോലെ
ബയീന്ന്
ബായീന്ന് (വായയിൽ നിന്ന്)
മവൂന്ന് ( മഴുവിൽ നിന്ന്)

മറ്റു ചില പ്രത്യേകതകൾ
ഉദ്ദേശികാ വിഭക്തിയെ സൂചിപ്പിക്കുന്ന 'ക്ക്' പ്രത്യയം ചേരുമ്പോൾ
ഉപ്പ + ക്ക് - ഉപ്പാക്ക്
ഉമ്മ + ക്ക് - ഉമ്മാക്ക്
കാക്ക + ക്ക് - കാക്കാക്ക്
ബാപ്പ  + ക്ക് - ബാപ്പാക്ക്
കാക്ക(അമ്മാവൻ) - കാക്കാക്ക്
കാക്കെ ( പക്ഷി) - കാക്കെക്ക്
കാസർകോഡ് മുസ്ലിം പേരുകൾക്ക് പ്രത്യയം ചേരുമ്പോൾ
ജമീല - ജമീലാക്ക്
സുലൈഖ - സുലൈഖാക്ക്
എന്നും
അമുസ്ലിങ്ങൾക്കിടയിൽ
ലത - ലതെക്ക്
ആശ - ആശെക്ക്
എന്നും വരുന്നു.

🍀🔥🔥🍀🔥🔥🍀🔥
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ: പി. എം. അബൂബക്കർ എഴുതിയ വടക്കൻ മലയാളം എന്ന പുസ്തകത്തെ ആധാരമാക്കിയാണ് മുകളിൽ നൽകിയ കുറിപ്പുകൾ തയ്യാറാക്കിയത്.
പുസ്തകം എഴുതിയ ഡോക്ടർ. പി. എം അബൂബക്കർ സാറിനോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏
🍀🔥🔥🍀🔥🔥🍀🔥