29-01-20

🍁🍁🌴🍁🍁🌴🍁🍁🌴🍁🍁
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം
പംക്തിയിലേക്ക്
സ്നേഹപൂർവം
സ്വാഗതം🙏🙏🙏
🌴🍁🍁🌴🍁🍁🌴🍁🍁🌴🍁🍁🌴
🍄🌿🌿🍄🍁🍁🍄
ഇന്നത്തെ
വടക്കൻ മലയാളത്തിൽ
ആദ്യം
🌟  കാസ്രോടപ്യ🌟
ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ നിന്ന്
1964 ലെ കടൽദുരന്തത്തിന്റെ നടുക്കുന്ന ഓ൪മയിലേക്ക്
റാഫി പള്ളിപ്പുറം
എഴുതുന്നു.
ഖാദ൪ ക്ലായിക്കോട്
എഴുതിയ
ഹോട്ടൽ വിശേഷങ്ങൾ
ലിനീഷ് കുണ്ടൂർ
എഴുതിയ കവിത...
..............
🍄🌿🌿🌿🍄🍁🍁🍁🍄

ചരിത്രം
അര നൂറ്റാണ്ട് മുമ്പ് മേൽപറമ്പ് കരഞ്ഞ ദിനം 
1964 ലെ കടൽ ദുരന്തത്തിൻറെ നടുക്കുന്ന ഓർമയിലേക്ക്....!!!
"അറബിക്കടലിന്റെ ഓളങ്ങൾ കീറി
മുമ്പോട്ട് നീങ്ങിയ നൗകകൾ,
സമുദ്രത്തിൽ രൂപംകൊണ്ട കൊടുങ്കാറ്റിൽ 
ഉലഞ്ഞപ്പോൾ മുങ്ങിയ ഉരുകളും
അനേകം ജീവനുകളും.

തേങ്ങിയ നാടും, തേങ്ങലായി കുറെ അനാഥ ജീവിതങ്ങളും."
"ഇത് 1964 ഡിസംബർ 18ന് വൈകുന്നേരം 6 മണിയോട് അടുത്ത സമയത്ത് നടന്ന ഒരു വൻ ദുരന്ത കഥയാണ്. നമ്മുടെ പ്രദേശം ഇന്നേ വരെ കാണാത്ത ഏറ്റവും വലിയൊരു ദുരന്തം. അറബിക്കടലിൽ സംഭവിച്ച ഈ വലിയ അപകടത്തിൽ കാസറഗോഡ് പ്രദേശത്ത് നിന്ന് മാത്രം അമ്പതിലധികം ജീവനുകൾ നഷ്ടപ്പെട്ടിരുന്നു."
രണ്ടായിരത്തോളം ജീവനുകൾ നഷ്ട്ടപ്പെട്ട രാമേശ്വരം ധനുഷ്‌കോടി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കടൽ ദുരന്തം  തന്നെയാണിത്. രാജ്യത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായ 1914 ൽ ബ്രിട്ടീഷുകാർ പണിത രണ്ട് കിലോമീറ്ററിലധികം നീളമുള്ള  പാമ്പൻ പാലം. പാമ്പൻ ദീപുമായി ബന്ധിപ്പിക്കുന്ന ഈ പാലം 1964 ഡിസംബർ 15 മുതൽ 24 വരെ അറബിക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ  ഒലിച്ചു പോയിരുന്നു. ഈ പാലം വഴി കടലാഴത്തിലേക്ക് ചൂളമിട്ട് ഇറങ്ങിപ്പോയ തീവണ്ടിയിലെ നൂറിലധികം യാത്രക്കാർ അടക്കം ഈ അപകടത്തിൽ മരണപ്പെട്ടിരുന്നു.  
1964 ഡിസംബർ 15ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം. ഡിസംബർ 24 വരെ കർണാടക, കേരളം, തമിഴ്നാട് പ്രദേശങ്ങളിൽ അറബിക്കടലിൽ ആഞ്ഞു വീശി. ഈ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഒരു ദുരന്ത ചരിത്രമാണിത്. 'രാമേശ്വരം ധനിഷ്‌കോടി  സൈക്ലോൺ' രേഖകളിൽ കാണുന്നു. പക്ഷെ, കർണാടക പ്രദേശത്ത് സംഭവിച്ച ഈ വൻ ദുരന്തം  ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. അത്കൊണ്ട് കൊണ്ട് തന്നെ ഈ അപകടത്തിൽ മരിച്ചവരുടെയും രക്ഷപ്പെട്ടവരുടെയും പൂർണ വിവരങ്ങൾ നമുക്ക് ലഭിക്കുന്നില്ല. ലഭ്യമായ വിവരമനുസരിച്ച് കാസറഗോഡ് പ്രദേശത്ത് നിന്ന് മാത്രം അമ്പതിലധികം ജീവനുകൾ പ്രസ്തുത അപകടത്തിൽ നഷ്ടപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാവട്ടെ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു സംഭവമായത് കൊണ്ട് അവരുടെ ഓർമ്മക്കയത്തിൽ നിന്നും എന്നേ മായ്ച്ചു കളഞ്ഞു. അന്വേഷണങ്ങൾക്കൊടുവിൽ ലഭിച്ച മറ്റൊരു സവിശേഷത ഈ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വ്യക്തി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ, ഈ അപകടം സംബന്ധമായ വിവരങ്ങൾ അദ്ദേഹത്തിനും കൂടുതലായൊന്നും ഓർമയില്ല. കുറെ അന്വേഷണങ്ങൾക്കൊടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിത്. പൂർണം എന്ന് അവകാശപ്പെടുന്നില്ല.  
1950 മുതൽ 90 കളുടെ അവസാനം വരെ കാസറഗോഡ് പ്രദേശത്ത് ഒരുപാട് ഉരു (മഞ്ചു) നിർമാണ യൂണിറ്റുകൾ  പ്രവർത്തിച്ചിരുന്നു. മരം കൊണ്ട് നിർമിക്കുന്ന ഉരുകൾ ആദ്യ കാലങ്ങളിൽ പായ ഘടിപ്പിച്ചു കാറ്റിന്റെ ദിശയ്ക്കനുസരിച്ചു പായ ക്രമീകരിച്ചാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് പായക്ക് പകരം ഉരുവിൽ എഞ്ചിൻ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യ വന്നു. ഉരുവിൻറെ സഞ്ചാരം നിയന്ത്രിക്കുന്നവരെ പറയുന്നത് "സ്രാങ്ക്" എന്നാണ്. പ്രധാനമായും ചരക്കുകളുമായാണ് ഉരുകൾ സഞ്ചരിക്കുന്നത്. ബോംബെ, ദുബായ്, പേർഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉരുവിൽ ചരക്ക് കയറ്റു മതി ചെയ്തിരുന്നു.
ചന്ദ്രഗിരി പുഴയുടെ തീരത്ത് തളങ്കരയിലും കീഴൂരുമായി ഉരു നിർമാണ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. വളപ്പട്ടണത്താണ് ഉരു നിർമാണത്തിന്റെ വലിയ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. തളങ്കര ഹക്കീമിൻറെ നിർമാണ യൂണിറ്റ് അവിടെയാണ്. പയോട്ടയിലും, ചളയങ്കോടും കല്ലട്ര അബ്ദുൽ കാദർ ഹാജി, അബ്ബാസ് ഹാജി, പിലാവടുക്കം മുഹമ്മദ് കുഞ്ഞി തുടങ്ങിയവരൊക്ക സ്വന്തമായി ഉരു നിർമിച്ചിരുന്നു. പയോട്ടയിൽ തളങ്കര ഗ്രൂപ്പിന്റെ ഉരു നിർമാണ യൂണിറ്റും പ്രവർത്തിച്ചിരുന്നു. കരയിൽ വെച്ച് നിർമിച്ച മഞ്ചുവിനെ വലിയ ഭാരം ചുമക്കുന്നതിൽ പേര്കേട്ട കോഴിക്കോട് മാപ്പിള ഖലാസിമാർ വളരെ സാഹസപ്പെട്ട് പുഴയിലിറക്കി ബോട്ടുകൾ കെട്ടി വലിച്ചു കടലിലേക്ക് എത്തിക്കും. പിന്നെ ഉരുവിൻറെ നിയന്ത്രണം സ്രാങ്കുകൾ ഏറ്റെടുക്കും. നടുക്കടലിൻറെ ശാന്തതയിലും, രൗദ്രതയിലും ആടിയുലഞ്ഞു ലക്ഷ്യ തീരത്ത് നങ്കൂരമിടാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ഉരുവിൽ സ്രാങ്ക് ഉൾപ്പെടെ കുറച്ചു ജോലിക്കാരുണ്ടാവും. നീണ്ട യാത്രാ ദിവസങ്ങളിലേക്കായി ഭക്ഷണങ്ങൾ കരുതി വെക്കും. മഞ്ചുവിൽ ജോലി ചെയ്‌താൽ നല്ല പ്രതിഫലം ലഭിക്കുമായിരുന്നെങ്കിലും മഞ്ചുവിലെ ജോലി എന്നത് വളരെ കഠിനമായിരുന്നു. അക്കാലത്തെ വറുതിയും പട്ടിണിയും കാരണമാണ് പലരും ഈ ജോലിയിൽ ഏർപ്പെട്ടിരുന്നത്. മിക്ക മാതാക്കളും മനസില്ലാ മനസ്സോടെയാണ് തങ്ങളുടെ മക്കളെ ഈ ജോലിക്ക് അയച്ചിരുന്നത് തന്നെ. ആ കാലഘട്ടത്തിൽ നാട്ടിൽ യഥേഷ്ടം ധാരാളിത്തത്തോടെ ചിലവാക്കിയിരുന്നത് മഞ്ചുവിലെ ജോലിക്കാരായിരുന്നു.
"മിൻഹത്തുൽ മന്നാൻ" കല്ലട്ര അബ്ദുൽ കാദർ ഹാജിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഉരുവിന്റെ  പേരാണ്. ഒരുപാട് പ്രത്യേകതയുള്ള ഒരു ഉരുവായിരുന്നു അത്. വലിപ്പത്തിലും നിർമാണ ഭംഗിയിലുമെല്ലാം അത് ആഡംബര യാത്രാ കപ്പലായിരുന്ന ടൈറ്റാനിക് പോലെ ആ മേഖലയിൽ അന്ന് പ്രശസ്തമായിരുന്നു. മിൻഹത്തുൽ മന്നാൻ എന്ന മഞ്ചു കൂടാതെ കല്ലട്ര ഹാജിയാർച്ചക്ക് നിരവധി ഉരുക്കൾ വേറെയുമുണ്ടായിരുന്നെങ്കിലും ഈ ഉരു ചെറിയൊരു കപ്പലിന് തുല്ല്യമായിരുന്നു. ഇത് പയോട്ടയിൽ ചന്ദ്രഗിരി റെയിൽവേ പാലത്തിന് സമീപത്ത് നിന്ന് നിർമിച്ചത്. ചന്ദ്രഗിരി റെയിൽ പാലത്തിന് സമീപം പയോട്ടയിൽ തളങ്കര ഗ്രൂപ്പ് അവസാനമായി ഉരു നിർമിച്ചത് 1996 ലായിരുന്നു. അത്പോലെ ചളയങ്കോട് നിന്ന് അവസാനാമായി ഉരു നിർമിച്ചത് കല്ലട്ര അബ്ദുൽ കാദർ ഹാജിയർച്ചാൻറെ മക്കൾ 1999 ലായിരുന്നു.  
കാസറഗോഡ് പ്രദേശത്ത് ഒരുപാട് ഉരുക്കൾ പലരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു. അന്നത്തെ വാക്ക് പ്രയോഗം "അക്കരെക്കാരുടെ മഞ്ചു ഇക്കരക്കാരുടെ മഞ്ചു" എന്നായിരുന്നു. ചന്ദ്രഗിരി പുഴക്ക് അക്കരെ തളങ്കരയും ഇക്കരെ കീഴൂർ എന്നുമാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇക്കരെ മഞ്ചു ഉണ്ടായിരുന്നത് കല്ലട്ര അബ്ദുൽ കാദർ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര അഹമദ് ഹാജി, കല്ലട്ര മുഹമ്മദ് കുഞ്ഞി പിലാവടുക്കം, കല്ലട്ര മൊയ്‌ദീൻ, കല്ലട്ര മുഹമ്മദ് കുഞ്ഞി കീഴൂർ തുടങ്ങിയവർക്കാണ്. അക്കര തളങ്കര ഭാഗത്ത് മഞ്ചു ഉണ്ടായിരുന്നത് തളങ്കര അബ്ദുല്ല ഹാജി, പൊയക്കര അബ്ദുൽ റഹ്‌മാൻ ഹാജി, ഔക്കു ഹാജി  തുടങ്ങിയവർക്ക്. (മുഴുവൻ പേരുകൾ ലഭ്യമല്ല)
1964 ഡിസംബർ 18, ഹിജ്‌റ മാസം ശഹബാൻ 14, കാലാവസ്ഥ സംബന്ധമായി പ്രത്യേകിച്ച് ഒരു അപകട മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ബോംബേ തീരം ലക്ഷ്യമാക്കി അറബിക്കടലിൻറെ ഓളങ്ങൾ കീറി മുറിച്ചു ഉരുക്കളും ചെറുതും വലുതുമായ കപ്പലുകൾ നീങ്ങുന്നു. നിറയെ ചരക്കുകളും ഓരോ ഉരുവിലും പത്തോളം വരുന്ന ജോലിക്കാരും. പ്രതീക്ഷകളുടെ ഭാരം പേറി. പതിവ് പോലെ ഭക്ഷണം പാകം ചെയ്തും കഴിച്ചും വിശേഷങ്ങൾ സംസാരിച്ചും ഓരോ മഞ്ചുവും മുമ്പോട്ട് നീങ്ങിക്കൊണ്ടിരുന്നു. സമയം വൈകുന്നേരം 6 മണി. ബറാഅത്ത് രാവാണ് വരുന്നത്. ഏറെ വിശേഷപ്പെട്ട ദിവസം. കരുതിവെച്ച ശർക്കരയും മറ്റു വിഭവങ്ങളും തയ്യാറാക്കി ചക്കരക്കഞ്ഞിയുണ്ടാക്കുന്ന തിരക്കിലാണ് മിക്ക മഞ്ചുവിലെയും പാചകക്കാരെല്ലാം. മറ്റുള്ളവർ യാസിൻ ഓതിയും പ്രാർത്ഥനയിലും മറ്റും. മംഗലാപുരം പിന്നിട്ട് സമുദ്രാതിർത്തി ഏതാണ്ട് കാർവാറിനും ഗോവയ്ക്കുമിടയിലായി സിഗ്നൽ പോസ്റ്റ് സ്ഥിതിചെയ്യുന്ന കോഡാർ എന്ന ഭാഗം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുന മർദ്ദം ഉഗ്ര വിരൂപിയായ കൊടുങ്കാറ്റായി ആഞ്ഞു വീശാൻ തുടങ്ങി. കടൽ കൂടുതൽ കൂടുതൽ പ്രക്ഷുബ്ധമായി വരുന്നു. കാറ്റ് ദിശ മാറി വീശുന്നു. കാറ്റിന്റെ വേഗത അതി ശക്തമായി വരുന്നു. ഉരുക്കളും കപ്പലുകളും നടുകടലിൽ ദിശ മാറി ഓളങ്ങളിൽ ആടിയുലയാൻ തുടങ്ങി. ഓരോ ഉരുക്കളിൽ നിന്നും സ്രാങ്ക് സഹായികൾക്ക് "കോൾ കോട്ട" വലിക്കാൻ നിർദേശം നൽകി. കാലാവസ്ഥ സൂചനയായി മൂന്നാം നമ്പർ കോട്ട വലിക്കുക എന്നും പറയും. (സാങ്കേതികമായി പറയുന്നത് Third signal - Flag hosting, നാവിക വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിഗ്നൽ. മൂന്നാം നമ്പർ പതാക പൊക്കുക എന്നും പറയും) സമുദ്രത്തിന്റെ നടുപ്പരപ്പിൽ രൂപപ്പെട്ട ഉഗ്ര വിരൂപിയായ ചുഴലിക്കാറ്റ് ആ ഭാഗത്തു കൂടി നീങ്ങിയിരുന്നു ഉരുക്കളെയും കപ്പലുകളെയും വട്ടം കറക്കി കടലിന്റെ ആവനാഴിയിലേക്ക് എന്നന്നേക്കുമായി താഴ്ത്തി.
ലഭ്യമായ വിവരമനുസരിച്ച് കാസറഗോഡ് പ്രദേശത്തു നിന്ന് മാത്രം അമ്പതിലധികം ജീവനുകളും പന്ത്രണ്ട് ഉരുക്കളും. ഇക്കര കീഴൂർ ഭാഗത്ത് നിന്നും അഞ്ചും അക്കര തളങ്കര ഭാഗത്ത് നിന്നും ഏഴും ഉരുക്കളാണ് പ്രസ്തുത അപകടത്തിൽ മുങ്ങി നശിച്ചത്. കല്ലട്ര അബ്ദുൽ കാദർ ഹാജിയുടെ രണ്ട് ഉരുക്കളാണ് അപകടത്തിൽ നശിച്ചത്. മിൻഹത്തുൽ മന്നാൻ, മുബാറക് എന്നീ പേരുകളിലുള്ളവ. പിന്നെ കല്ലട്ര മൊയ്ദീൻച്ചാന്റെ, കല്ലട്ര മുഹമ്മദ് കുഞ്ഞി പിലാവടുക്കം, കല്ലട്ര മുഹമ്മദ് കുഞ്ഞി കീഴൂർ തുടങ്ങിയവരുടെ ഓരോ ഉരുക്കൾ എന്നിവയാണ് ഇക്കരയിൽ നിന്നുള്ള അഞ്ച് ഉരുക്കൾ. അക്കരെ തളങ്കരയിൽ നിന്നുള്ള ഏഴ് മഞ്ചുകളിൽ അബാബീൽ, അജ്മീർ തുടങ്ങിയവ. (മറ്റു വിവരങ്ങൾ ലഭ്യമല്ല)
ഈ കടൽ ദുരന്തത്തിൽ കാസറഗോഡ് പ്രദേശത്ത് നിന്നുള്ള 12 മഞ്ചുവിലായി നൂറിലധികം പേര് ജോലി ചെയ്തിരുന്നു. മരണപ്പെട്ടവരുടെ കൃത്യമായ എണ്ണമോ പൂർണ വിവരങ്ങളോ ലഭ്യമല്ല. അത്ഭുതകരം എന്ന് പറയട്ടെ, കുറച്ച് പേര് അതി സാഹസികമായി നീന്തി രക്ഷപ്പെട്ടിരുന്നു.
കല്ലട്ര അബ്ബാസ് ഹാജി, കല്ലട്ര അഹമ്മദ് ഹാജി തുടങ്ങിയവരുടെ ഉരുകൾ അപകടം നടക്കുന്ന സമയത്തിന് മുമ്പ് തന്നെ ബോംബെ തീരത്ത് നങ്കൂരമിട്ടിരുന്നതിനാൽ ഈ കടൽ ദുരന്തത്തിൽ നിന്നും അവയെല്ലാം രക്ഷപ്പെട്ടിരുന്നു.
മരണപ്പെട്ട 15 പേർ:
ഈ വൻ ദുരന്തത്തിൽ മേൽപറമ്പ്, കീഴൂർ, ചെമ്പരിക്ക പ്രദേശങ്ങളിൽ നിന്നായി മുപ്പതോളം പേര് ഈ ലോകത്തോട് വിട പറഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ടവരുമുണ്ട്. ലഭ്യമായ പേര് വിവരങ്ങൾ ഇവിടെ ചേർക്കുന്നു. കല്ലട്ര അബ്ദുൽ കാദർ ഹാജിയുടെ മിൻഹത്തുൽ മന്നാൻ ഉരുവിൻറെ സ്രാങ്കായിരുന്ന 1. കീഴൂർ അന്തുമാൻച്ച (കല്ലട്ര കാസിംച്ചാന്റെ ഭാര്യ പിതാവ്), 2,3. മേൽപറമ്പ് ഉമ്മു സൽഞാൻറെ (കല്ലട്ര മുഹമ്മദ് കുഞ്ഞി പിലാവടുക്കത്തിന്റെ സഹോദരി) മക്കളായ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി, 4, ദേളി കഞ്ചിഞ്ഞാൻറെ മകൻ അബ്ദുല്ല (ടീ ആർ ഹനീഫയുടെ മൂത്ത), 5,6. ചെർക്കളത്തെ മൊയ്‌ച്ചാന്റെ (മേൽപറമ്പ് പട്ടത്തിന്റെ വളപ്പിൽ താമസിച്ചിരുന്നത്) മക്കളായ മുഹമ്മദ്, അന്തുമാൻ, 7. ഒറവങ്കര ബീരാൻച്ചാന്റെ മകൻ സാലിഹ (ഫക്രുദീൻ സുൽത്താന്റെ കാക്ക), 8. കൂവത്തൊട്ടി കേളു പെരുമലയൻറെ മകൻ ബാലൻ, 9. കല്ലട്ര മൊയ്ദീൻച്ചാന്റെ മകൻ കുഞ്ഞാമു, 10. വള്ളിയോട് മാസ്റ്റർ ആമചാന്റെ മരുമകൻ, 11. ചായകൂട്ടുന്ന ബൈന്തമ്പൂന്റെ മകൻ പക്കീരൻ കീഴൂർ, 12. നാരായണൻ കീഴൂർ, 13. ചോറ് വെക്കുന്ന മുഹമ്മദ് കീഴൂർ, 14. മൊയ്‌ദീൻ കുഞ്ഞി (ചെമ്പരിക്ക അഹമ്മദിന്റെ മകൻ), 15. സാഹുദീൻ കീഴൂർ തുടങ്ങി പതിനഞ്ച് പരേതരുടെ പേര് വിവരങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ആളുകളെ മനസ്സിലാവുന്നതിന് വേണ്ടി ചില വിളിപ്പേരുകൾ ചേർത്തിട്ടുണ്ട്. ആക്ഷേപിക്കാൻ വേണ്ടിയല്ല. ബന്ധപ്പെട്ടവർ ക്ഷമിക്കണം.
രക്ഷപ്പെട്ട 7 പേർ:
ഈ അപകടത്തിൽ നിന്നും വളരെ അത്ഭുതകരമായി അതി സാഹസികമായി രക്ഷപ്പെട്ടവർ ഇവരൊക്കെയാണ്. 1. കെട്ടുംവളപ്പ് മുഹമ്മദ് കുഞ്ഞി (അന്തിച്ചാന്റെ മമ്മര്ഞ്ഞിച്ച കല്ലംവളപ്പ് ചെമ്പരിക്ക), 2. കീഴൂർ പൊയ്യപ്പാട് മൊയിദീൻച്ചാന്റെ മകൻ മാഹിൻ, 3. മാതമംഗലം മഹമൂദ് കീഴൂർ,
4. കായിഞ്ഞി കീഴൂർ, 5. കല്ലട്ര മുഹമ്മദ് കുഞ്ഞി പിലാവടുക്കം, 6. തൈരക്കണ്ടി അന്തുമാൻച്ച, 7. കല്ലട്ര മൊയ്ദീൻച്ചാന്റെ മകൻ മാഹിൻ തുടങ്ങിയവർ. ഇതിൽ ആദ്യത്തെ നാല് പേരും മിൻഹത്തുൽ മന്നാൻ എന്ന മഞ്ചുവിലായിരുന്നു. മരക്കഷണത്തിൽ പിടിച്ച് തൂങ്ങി നീന്തി രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് അവർ കരപറ്റിയിരുന്നത്. മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ. രണ്ട് ദിവസങ്ങളിലായി നീന്തി ശാരീരികമായി ഏറെ ക്ഷീണിച്ചിരുന്ന അവരുടെ മനോധൈര്യം കൊണ്ട് തന്നെയാണ് അവർ രക്ഷപ്പെട്ടത്. ഒരു ടൈറ്റാനിക് മോഡൽ എന്ന് പറയാം. അത് സിനിമയിലാണെങ്കിൽ ഇത് ഒരു യഥാർത്ഥ സംഭവം.
അതിൽ ഒരു വ്യക്തി ഇന്നും ചെമ്പരിക്കയിൽ ജീവിച്ചിരിപ്പുണ്ട്. വാർത്താ മാധ്യമങ്ങൾ അപൂർവ്വമായ അക്കാലത്ത് രണ്ടു ദിവസം കഴിഞ്ഞാണ് ഈ ദുരന്ത വാർത്ത പുറം ലോകം അറിയുന്നത്, തന്നെ.  
രക്ഷപ്പെട്ടവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യക്തി കെട്ടുംവളപ്പ് മുഹമ്മദ് കുഞ്ഞി (അന്തിച്ചാന്റെ മമ്മര്ഞ്ഞിച്ച കല്ലംവളപ്പ് ചെമ്പരിക്ക). അദ്ദേഹത്തിൻറെ ആയുർ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. അപകട സമയത്ത് ഇദ്ദേഹം സ്രാങ്കിന്റെ സഹായിയായിരുന്നു. പിന്നീട് ഒരുപാട് തവണ മുഖ്യ സ്രാങ്കായി മഞ്ചുവിൽ പോയിരുന്നു.
ഈ ദുരന്ത ശേഷം കുറെ ദിവസങ്ങൾ നാട് ആകപ്പാടെ ശോകമൂകമായിരുന്നു. പള്ളികളിൽ പരേതർക്ക് വേണ്ടി കൂട്ട പ്രാർത്ഥനകൾ. ഇനിയൊരു ആപത്ത് മുസീബത്തുകളെ തൊട്ട് നാടിനെ കാക്കേണമേ എന്നവർ പ്രാർത്ഥിച്ചു. മരിച്ചവരുടെ ബന്ധുക്കളും, നാട്ടുകാരും ഇത്രയും ജീവനുകൾ വിട പറഞ്ഞതിന്റെ സഹിക്കാൻ പറ്റാത്ത ദുഃഖം അടക്കിപ്പിടിച്ച് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. രണ്ട് മക്കളെ നഷ്ട്ടപ്പെട്ട ഉമ്മുസൽഞ്ഞ അതിനു ശേഷം വീടിനു പുറത്തിറങ്ങിയിട്ടില്ല. കല്ലട്ര അബ്ദുൽ കാദർ ഹാജിയും മറ്റും പരേതരുടെ വീടുകൾ സന്ദർശിച്ച് കുടുംബങ്ങളെ ആശ്വസിപ്പിച്ചിരുന്നു. ചില വീടുകളിലേക്ക് കുറെ കാലം അദ്ദേഹത്തിൻറെ വക റേഷൻ നൽകിയിരുന്നു.
ഓരോ മരണങ്ങളും ജീവിച്ചിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. പെട്ടെന്നുള്ള മരണത്തിൽ നിന്നും, അപകട മരണത്തിൽ നിന്നും നമ്മെയെല്ലാം കാക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. ഈ വൻ ദുരന്തത്തിൽ വിട പറഞ്ഞ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
റാഫി പള്ളിപ്പുറം

കാഞ്ഞങ്ങാട് എത്തിറ്റാമ്പൾക്ക് പയിച്ചിറ്റ് കയ്യാഞിറ്റ് ഒരു ഓട്ടല്ല് കേറീ റ്റാമ്പം ആ ടെ നെയ്ച്ചോറും പൊറോട്ടേം ഇല്ലൂ ചോറ് തീർന്നോലും ബേറേം ഒന്ന് രണ്ടSത്ത് കേറീ റ്റാമ്പോം ഇതന്നെ പറേന്ന് ചോറ് തീർ,ന്നോലും ഇപ്പിയ എന്തപ്പാ നായ് അരിയാ ബെക്ക്ന്ന് അപ്പം ആരോ പറഞ്ഞ് കൊറച്ചങ്ങോട്ട് നല്ല കഞ്ഞിപീടിയ ഇണ്ട്ന്ന് ആടെ എത്തിറ്റാമ്പം നല്ലോണം തെരക്ക്ണ്ട് അങ്ങനെ ഒരു സീറ്റ് കിട്ടി അപ്പം എന്റെ അട് ത്തന്നെത്തന്നെ ഒരാള് കഞ്ഞി കുടിക്കുന്ന് ണ്ട്  എനക്കും കൊണ്ടെന്ന് കഞ്ഞി മീൻ പൊരിച്ചത് ബേണോന്ന് ചോയിച്ചിറ്റാംമ്പം ബേണ്ടാന്നും പറഞ്ഞു. നല്ല കഞ്ഞിയന്നെ  ഒരു ഉപ്പേരീം അച്ചാറ്റും ഇണ്ട് അപ്പം എന്റെ അടുത്തിരിന്നാള് കഞ്ഞി കുടിച്ച് കയ്ഞ്ഞ് പൈസ കൊടുക്കാൻ മേശ രെ അടുത്ത് പോയി റ്റാമ്പം കഞ്ഞി ബെളമ്പി കൊടുക്കുന്നോൻ ഇപ്പറത്ത്ന്ന് ബിളിച്ച് പറയന്ന് ആബരയൻ കുപ്പായം ഇട്ടോൻ ബെറും കഞ്ഞി (പൊരിച്ചത് മേ ങ്ങീറ്റ) ഓൻ ആകെ നാണക്കേടായി എല്ലാരും ഓനെന്നെ നോക്കുന്ന് ഓൻ ആരേം നോക്കാതെ പൈ ശേം കൊടുത്ത് പോയി അപ്പം ഞാൻ വിചാരിച്ച് പൊരിച്ചത് മേങ്ങാത്ത എന്നെയും ഇങ്ങനെ ബിളിച്ച് പറയീ ലെ അതുമല്ല എന്റെ ചോന്ന കുപ്പായം അപ്പിയക്ക് എളുപ്പത്തിൽ അറിയാനും പറ്റും എന്താ ക്കാല് കേറിപ്പോയില്ലെ ഞാൻ ബെളമ്പ് ന്നോട് പറഞ്ഞ് എനക്കും തന്ന കൂനു ഒരു പൊരിച്ചത് ( ഇല്ലെങ്കില് ഞാനും ബെറും കഞ്ഞിയാവും)
ഖാദ൪ ക്ലായിക്കോട്

ഇതെഴുതാൻ
ഇടയായ
സംഭവം...
ഞാനും
സഞ്ജലും 💛
കുഞ്ഞൂസും🧡
കണ്ണനും 💜
മോനൂസും 🖤
പുലിയന്നൂർ
കണ്ടത്തിൽ 🌱
ഫുട്ബോൾ ⚽
കളിക്കാൻ തുടങ്ങുന്നതിന്
തൊട്ട് മുൻപ്...
ലീലേട്ടിരെ
പഴയ വീട്ടിൽനിന്ന്
കണ്ടത്തിലൂടെ
കൊവ്വല്ലാളപ്പ്
കാടോത്തേക്ക്‌
പോകുന്നവഴി
കണ്ടം കടന്ന്
തോട് കഴിഞ്ഞയുടൻ
ഇടത് ചേർന്ന്
മുക്കാലും മൂടിയ
ഒരു കിണറുണ്ട്.
ഏകദേശം
രണ്ടുമീറ്ററോളും
താഴ്ച്ച.
മഴക്കാലത്ത്
അങ്ങകലെയുള്ള
തേജസ്വിനിപ്പുഴ
വന്ന് നിറയ്ക്കുന്ന
കിണർ.
വേനൽ തുടങ്ങുമ്പോഴേക്കും
വറ്റിതീരാറായ,
അല്പം കലക്കുവെള്ളം മാത്രം
അവശേഷിക്കുന്ന
കിണർ.
മോനൂസ് പറഞ്ഞു.
"ഇന്ന് രാവിലെ
ഞാൻ ഈല്
കീഞ്ഞിറ്റ്
ബോൾ എടുത്തിന്"
നീയെങ്ങനെ
ഈല് കീഞ്ഞത്.?
ഞാൻ തുള്ളിയത്.
എന്നിറ്റ് ഈ കൗങ്ങിന്റെ
കഷ്ണം പിടിച്ച്
കേറിയത്.
എടാ തുള്ളുമ്പോ
കാക്ക്‌ എന്തെങ്കിലും കേറും.
ഇല്ലപ്പാ ഞാൻ ചെരുപ്പ് ഇട്ടിറ്റിണ്ടായ്ന്.
"അയില് രണ്ട്
ഒള്ള ഇണ്ടായിന് രണ്ടെണ്ണം"
-ഓമനപ്പേരില്ലാത്ത സഞ്ജയൽ കൂട്ടിച്ചേർത്തു.
മോനൂസ് പറഞ്ഞു.
"ഒള്ളയൊന്നും ഇല്ല. ഞാൻ കണ്ടിറ്റ.
അത് രക്ഷപ്പെട്ടിട്ടുണ്ടാകും
കൊറേമീൻ അയില് ഇണ്ട്.
കൂട്ടത്തിൽ
ഏറ്റവും ചെറിയ
കുഞ്ഞൂസ്
കമുങ്ങിൽ
പിടിച്ച് കിണറിലെ
മീനിനെ
എത്തിനോക്കാനുള്ള
ശ്രമം നടത്തി...
-കുഞ്ഞൂസെ
സൗമ്യേട്ടിയോട്
ഞാൻ പറയുന്നുണ്ട്
പൊട്ടക്കെണറ്റില്
എത്തിനോക്കലാണ്
നിന്റെ പണീന്ന്...
കുഞ്ഞൂസ്
നിഷ്കളങ്കമായി
ചിരിച്ചു.
കിണറിലെ
കലക്കുവെള്ളത്തിൽ
കുറേമീനുകൾ,
ഒരാഴ്ച്ചക്കകം
വെള്ളംവറ്റി എല്ലാം
ചാവാൻ
സാധ്യതയുള്ളവ.
വലിയ ഒന്നുരണ്ടെണ്ണം
ചളിക്കുമുകളിൽ
ചത്തു മലച്ചിരിക്കുന്നു.
എടാ നമ്മക്ക്
ആ മീനിന
രക്ഷിച്ചാലോ...?
NB:
ഏത് കടും
വേനലിലും
ഒരു തുള്ളിപോലും
വറ്റാത്ത
പ്രണയത്തിന്റെ
കടൽ സൂക്ഷിക്കുന്നവരുമുണ്ട്...
🧡💚🧡
ലിനീഷ് കുണ്ടൂർ

🌻🌻🌻🌻🌻🌻
ആറുമലയാളിക്ക് നൂറു മലയാളം
ഭാഷാഭേദപംക്തിയിൽ
ഡോ: പി. എ. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
(ഒമ്പതാം ഭാഗം)
ഴ'കാര പരിണാമം തെക്കും വടക്കും
🌻🌻🌻🌻🌻🌻🌻
വടക്കൻ മലയാളം

അധ്യായം 8
' ഴ' കാര പരിണാമം തെക്കും വടക്കും
ദ്രാവിഡ കുലത്തിന്റെ സ്വന്തമെന്നു പറയാവുന്ന ഒരു സ്വനിമമാണ് / ഴ/.ദ്രാവിഡ ഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രമാണ്  'ഴ'കാരം നിലനിൽക്കുന്നത്. 'ള'  കാരമായും 'ഡ' കാരമായുമാണ് ' ഴ'കാരം പൊതുവേ മാറാറുള്ളത്. സംസ്കൃതത്തിലേക്ക് ദ്രാവിഡ പദങ്ങൾ കടന്നു ചെല്ലുമ്പോഴാണ് 'ഴ'കാരം 'ഡ'കാരമായി മാറാറുള്ളത്. 'ഴ'കാരം അടങ്ങിയ ദ്രാവിഡ പദങ്ങൾ 'ഴ'കാരം ഇല്ലാത്ത സംസ്കൃതം കടംകൊള്ളുമ്പോൾ ഉച്ചാരണസ്ഥാനമനുസരിച്ച് അതിനോടടുത്ത് നിൽക്കുന്ന മൂ൪ധന്യം ആയ - 'ഡ' കാരമായാണ് 'ഴ'കാരം പലപ്പോഴും മാറുന്നത്.

'ഴ'കാരവും തെക്കൻ മൊഴിഭേദങ്ങളും
ലോകഭാഷകളിലെ മൊത്തം സ്വനിമങ്ങളെ സാ൪വ്വലൌകികമെന്നും വംശീയമെന്നും രണ്ടായി തിരിക്കാം. ഏറെക്കുറെ എല്ലാ ഭാഷകളിലും നിലനിൽക്കുകയും ഭാഷയുടെ സുഗമമായ ഉച്ചാരണത്തിന് തടസ്സമില്ലാത്തതുമായ സ്വനിമങ്ങളാണ് സാ൪വ്വലൌകിക സ്വനിമങ്ങൾ. എല്ലാ ഭാഷകളിലും നിലനിൽക്കാത്തതും ചില ഭാഷകളുടെ വംശീയസ്വഭാവങ്ങളുമായി ബന്ധപ്പെട്ടതും ഭാഷയുടെ സുഗമമായ ഉപയോഗത്തിന് തടസ്സം നിൽക്കുന്നതുമായ സ്വനിമങ്ങളാണ് വംശീയ സ്വനിമങ്ങൾ. 'ഴ'കാരം അത്തരത്തിലുള്ള ഒന്നാണ്.
മലയാളത്തിലെ അഭ്യസ്തവിദ്യരുടെ ഉച്ചാരണത്തിൽ നിലനിൽക്കുന്ന ഒരു സ്വനിമമാണ് 'ഴ'കാരം. തമിഴ്നാട്ടിലെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലെ പോലെതന്നെ 'ള' കാരമായാണ് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നത്. കിഴവൻ എന്ന പദം "കെളവൻ' ആണ് പലയിടത്തും. അപ്പോൾ, ഇപ്പോൾ, എപ്പോൾ എന്നതും ഉദാഹരണമായി എടുക്കാം.

'ഴ'കാരവും വടക്കൻ മൊഴിഭേദങ്ങളും
മലബാറിന്റെ തെക്കൻ ജില്ലകളിൽ സംസാരഭാഷയിൽ 'ഴ'കാരം പൊതുവേ 'യ'കാരമായാണ് മാറുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 'യ'കാരത്തിനു പുറമെ 'വ'കാരം കൂടി കടന്നുവരുന്നു.
. 'മഴ'  , 'മയ'യായി മാറുന്നതിലേക്ക് നയിച്ച ഭാഷാശാസ്ത്രപരമായ കാരണങ്ങൾ പലതാണ്. അവയിലൊന്നാണ് മധ്യമങ്ങളുടെ അടുപ്പം. യ,ര,ല,വ യോടൊപ്പം മലയാളത്തിൽ 'ഴ'യും മധ്യമമാണെന്ന് കേരള പാണിനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലക്ഷണമൊത്ത വടക്കൻ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളിൽ ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ 'ഴ'കാരം  'യ'കാരമായായി മാറുന്നുള്ളൂ.

ചില പദവിശേഷങ്ങൾ
1. മഴ ~ മയ
2.വാഴ ~ ബായെ
3. വഴി ~ ബയി
4. ഉഴിയുക ~ ഉയിയുക, ഉയ്യുക
5. പുഴ~ പൊയെ
6. മുഴ ~ മൊയെ
ഴ'കാരം ശുദ്ധമായ ഓഷ്ഠ്യ 'വ'കാരമായി മാറുന്നത്

1.കഴുകുക ~ കവുക/ കവൂക/ കവ്വുക
2. മഴു ~ മവു (മൌ)
3.മെഴുക് ~ മൊവു
4. കഴുത ~ കവുത (കൌത)
5.കഴുകൻ ~ കവു (കൌ)
ഴ'കാരം പൂർണ്ണമായി ലോപിക്കുന്നത്
1. താഴ്ത്തുക ~ താത്തുക
2. വീഴ്ത്തുക ~ ബീത്തുക
3.താഴ് ~ താഅ്
/ഴ/ കാരം  'ദ' കാരമായി മാറുന്നത്
കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഇത് കണ്ടുവരുന്നത്. 'ഴ'കാരത്തിന്റെ മുമ്പിലും പിമ്പിലും  /ഉ/ കാരമുണ്ടാകുമ്പോഴാണ് ഇത് സംഭവിച്ചുകാണുന്നത്.
1. പുഴു  ~ പുദു (പുതു)
2. മുഴുവൻ ~ മുദ്മൻ
ഇതൊന്നും അല്ലാത്ത ചില മാറ്റങ്ങൾ ചില പ്രദേശങ്ങളിൽ കണ്ടുവരുന്നു. 
1. ആഴ്ച ~ ആയിച്ച/ആയ്ച
2.വാഴുക ~ ബാവുക
3.വാഴിക്കുക ~ ബായിക്കുക
ഈ പദം ഭരണാധികാരിയെ വാഴിക്കുക എന്ന അർഥത്തിലും പെൺകുട്ടികളെ കല്യാണം കഴിച്ചുവിടുക എന്ന അർഥത്തിലും കാസർകോട് മലയാളത്തിൽ ഉപയോഗിച്ചു വരുന്നു.
🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
ഡോ: പി. എം. അബൂബക്കർ
എഴുതിയ
വടക്കൻ മലയാളം
എന്ന പുസ്തകത്തെ
ആധാരമാക്കിയാണ്
മുകളിൽ നൽകിയ
കുറിപ്പുകൾ
തയ്യാറാക്കിയത്.
പുസ്തകം എഴുതിയ
ഡോക്ടർ. പി. എം അബൂബക്കർ
സാറിനോടുള്ള
കടപ്പാട്
രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏

🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥🍀🔥🔥